ആശ്വാസം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുക
1 മിക്കയാളുകളും ദുരന്തങ്ങൾ, യുദ്ധങ്ങൾ, കുറ്റകൃത്യം, വേദന എന്നിവയെക്കുറിച്ചു കേട്ടുകേട്ടു മടുത്തിരിക്കുന്നു. ആശ്വാസം, ഇന്നത്തെ വാർത്താ റിപ്പോർട്ടുകളിൽനിന്നു ശ്രദ്ധേയമാംവിധം അപ്രത്യക്ഷമായിരിക്കുകയാണെങ്കിലും, മാനവജാതിക്ക് വാസ്തവമായും ആവശ്യമായ ഒന്നാണ്. ആശ്വസിപ്പിക്കുക എന്നതിന്റെ അർഥം “ശക്തിയും പ്രത്യാശയും പകരുക” എന്നും മറ്റൊരാളുടെ “ദുഃഖമോ പ്രയാസങ്ങളോ ഇല്ലാതാക്കുക” എന്നുമാണ്. യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം ഈ വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ സജ്ജരാണ്. (2 കൊരി. 1:3, 4) നാം ജൂലൈയിലും ആഗസ്റ്റിലും സമർപ്പിക്കുന്ന ബൈബിളധിഷ്ഠിത ലഘുപത്രികകളിൽ സത്യത്തിന്റെ ആശ്വാസദായക സന്ദേശങ്ങളുണ്ട്. (റോമ. 15:4) വ്യത്യസ്ത സാഹചര്യങ്ങളിൽ അവ അവതരിപ്പിക്കാനുള്ള ചില നിർദേശങ്ങളിതാ:
2 ഒരു ദുരന്തത്തെക്കുറിച്ചുള്ള വാർത്ത മറ്റുള്ളവരോടു സാക്ഷീകരിക്കാനും അവർക്ക് ആശ്വാസം പകരാനും അവസരം പ്രദാനം ചെയ്തേക്കാം. ഒരുപക്ഷേ, നിങ്ങൾക്ക് ഇങ്ങനെയെന്തെങ്കിലും പറയാവുന്നതാണ്:
◼ “ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ, ദൈവം മനുഷ്യരെ അൽപ്പമെങ്കിലും കരുതുന്നുണ്ടോ എന്നു ചിലർ വിചാരിക്കുന്നുണ്ടാകും. നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമിയെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നുവെന്നു ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക.” യെശയ്യാവു 45:18 വായിക്കുക. എന്നിട്ട് ഇങ്ങനെ തുടരുക: “ഭൂമി നിവസിക്കപ്പെടണമെന്ന് അവന് ആഗ്രഹമുണ്ടെങ്കിൽ, അതിൽ മനുഷ്യർക്കു സമാധാനത്തോടെ വസിക്കുക സാധ്യമാകുമെന്ന് ഉറപ്പു വരുത്തുന്നതിന് അവനെന്തെങ്കിലും ചെയ്യുമെന്നു വിശ്വസിക്കുന്നതു ന്യായമല്ലേ? നിങ്ങൾ ആശ്വാസം കണ്ടെത്തുമെന്ന് എനിക്കുറപ്പുള്ള ഒരു ലഘുപത്രിക എന്റെ പക്കലുണ്ട്. അതിന്റെ പേര് ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്നാണ്. [പുറംചട്ടയിലുള്ള ചോദ്യങ്ങൾ വായിക്കുക.] നാം അഭിമുഖീകരിക്കുന്ന അനീതി നിറഞ്ഞ അവസ്ഥകൾക്കു ദൈവം പെട്ടെന്നുതന്നെ അറുതി വരുത്തുമെന്നതു സംബന്ധിച്ച ബോധ്യം വരുത്തുന്ന തെളിവുകൾ ഇതിലുണ്ട്. ഇതു വായിക്കാൻ നിങ്ങൾക്കു താത്പര്യമുണ്ടോ?” ലഘുപത്രിക സമർപ്പിച്ചിട്ട് മടക്കസന്ദർശനത്തിനു ക്രമീകരണം ചെയ്യുക.
3 മടക്കസന്ദർശനത്തിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക തന്നിട്ടുപോയ അവസരത്തിൽ ദൈവം കരുതുന്നു എന്നതിനുള്ള തെളിവുകളെക്കുറിച്ചായിരുന്നു നാം സംസാരിച്ചത്. ഒരുപക്ഷേ 7-ാം പേജിൽ കൊടുത്തിരിക്കുന്ന ഈ ആശയം നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. [ചിത്രം കാണിച്ചിട്ട് 15-ാം ഖണ്ഡിക ചുരുക്കിപ്പറയുക.] മനുഷ്യവർഗത്തിന്റെ സൃഷ്ടിപ്പിന്റെ സമയത്തു ദൈവം പ്രകടമാക്കിയ കരുതലിനുള്ള ഒരു ഉദാഹരണം മാത്രമാണിത്. [9-ാം പേജിലെ 27-ാം ഖണ്ഡിക വായിക്കുക.] ജീവിതത്തിലെ ദൈനംദിന പ്രശ്നങ്ങളെ തരണം ചെയ്യാൻ എന്നെ സഹായിച്ചത് ബൈബിളിന്റെ വ്യക്തിപരമായ പഠനമാണ്. കാരണം, അതിൽ കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം അടങ്ങിയിട്ടുണ്ട്.” അധ്യയനം നടത്തുന്നതെങ്ങനെയെന്നു പ്രകടിപ്പിച്ചു കാണിക്കാമെന്നു പറയുക.
4 “ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?” എന്ന ലഘുപത്രിക ഉപയോഗിച്ച് ഒരു ഹ്രസ്വമായ സാക്ഷ്യം നൽകാവുന്നതാണ്. സ്വയം പരിചയപ്പെടുത്തിയിട്ട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “ഞാൻ നിങ്ങളെയും നിങ്ങളുടെ അയൽക്കാരെയും ഒരു സുപ്രധാന സന്ദേശം അറിയിക്കാനാണു സന്ദർശിക്കുന്നത്.” ലഘുപത്രികയുടെ 4-ാം പേജിലെ ആദ്യത്തെ ഖണ്ഡിക വായിച്ചിട്ട് അതിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നു വീട്ടുകാരനോടു ചോദിക്കുക. പ്രതികരിക്കാൻ അനുവദിക്കുക. യെശയ്യാവു 45:18-ലേക്കു നിങ്ങളുടെ ബൈബിൾ തുറക്കുക. വാക്യം വായിച്ചിട്ട് ഇങ്ങനെ പറയുക: “നമ്മെ മനസ്സിൽ കണ്ടുകൊണ്ടാണു ദൈവം ഭൂമിയെ സൃഷ്ടിച്ചതെന്ന് ഈ വാക്യം കാണിക്കുന്നു. പക്ഷേ നാം ഇവിടെ എന്തു ചെയ്യണമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം? നമ്മുടെ ഭാവി എന്താണ്?” ലഘുപത്രികയുടെ ഉദ്ദേശ്യം വിശദീകരിച്ചിട്ട് അതു സമർപ്പിക്കുക. മടക്കസന്ദർശനം നടത്താൻ പ്രത്യേക ക്രമീകരണം ചെയ്യുക.
5 മടങ്ങിച്ചെല്ലുമ്പോൾ, ഒരു അധ്യയനം ആരംഭിക്കാൻ നിങ്ങൾക്ക് ഈ സമീപനം പരീക്ഷിച്ചുനോക്കാവുന്നതാണ്:
◼ “കഴിഞ്ഞ പ്രാവശ്യത്തെ നമ്മുടെ സംഭാഷണത്തിന്റെ തുടർച്ചയായി, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നമ്മോടു പറയാൻ ആർക്കാണു കഴിയുക എന്നതു സംബന്ധിച്ച് ഒരു ഉദാഹരണം നിങ്ങളോടു പറയാൻ ഞാനാഗ്രഹിക്കുന്നു. [ജീവിതത്തിന്റെ ഉദ്ദേശ്യം ലഘുപത്രികയുടെ 6-ാം പേജിലെ 1, 2 ഖണ്ഡികകളുടെ ആശയം ചുരുക്കിപ്പറയുക.] യഹോവയാണു നമ്മുടെ സ്രഷ്ടാവ് എന്നു വെളിപ്പാടു 4:11 വ്യക്തമാക്കുന്നു. [വായിക്കുക.] ഒരു ഉദ്ദേശ്യത്തോടെയായിരിക്കണം അവൻ നമ്മെ സൃഷ്ടിച്ചത്. അതെന്താണെന്ന് അറിയാനാഗ്രഹിച്ച ആളുകൾ ദൈവത്തിന്റെ ലിഖിത വചനമായ ബൈബിൾ പഠിച്ചിരിക്കുന്നു. അതിനുള്ള അവസരം നിങ്ങൾക്കും തരാൻ ഞാനാഗ്രഹിക്കുന്നു.” നമ്മൾ സൗജന്യ ബൈബിളധ്യയന പരിപാടി നടത്തുന്നതെങ്ങനെയെന്നു വിശദീകരിച്ച് അധ്യയനം ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക.
6 പ്രിയപ്പെട്ട ആരെങ്കിലും മരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ളവർക്ക് ക്രിയാത്മകമായ ഈ സമീപനം ആശ്വാസം കൈവരുത്തിയേക്കാം:
◼ “പ്രിയപ്പെട്ട ആരെങ്കിലും മരണത്തിൽ നഷ്ടപ്പെട്ടിട്ടുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഒരു പൊതുജനസേവനത്തിലേർപ്പെട്ടിരിക്കുകയാണ്. നമ്മിലാർക്കായാലും അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ളതിലേക്കും പ്രയാസകരമായ ഒരു സംഗതിയായിരിക്കും ഇത് എന്നതിനാലാണ് നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ഈ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്. അതു ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ പ്രചോദനാത്മകമായ ഒരു വാഗ്ദാനത്തെപ്പറ്റി അതു പറയുന്നതു നിങ്ങൾക്കു കാണിച്ചുതരാൻ ഞാനാഗ്രഹിക്കുന്നു. [യോഹന്നാൻ 5:21, 28, 29 ഉൾപ്പെടെ 26-ാം പേജിലെ അഞ്ചാം ഖണ്ഡിക വായിക്കുക.] യേശു ലാസറിനെ യഥാർഥത്തിൽ ഉയിർപ്പിക്കുന്നതു ചിത്രീകരിക്കുന്ന 29-ാം പേജിലെ ചിത്രം ശ്രദ്ധിക്കുക. ഈ സാന്ത്വനദായകമായ ലഘുപത്രിക എടുത്തുവെക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മടങ്ങിവന്ന് നിങ്ങളുമായി ഇതു ചർച്ചചെയ്യുന്നതിൽ എനിക്കു സന്തോഷമുണ്ട്.”
7 മടങ്ങിച്ചെല്ലുമ്പോൾ, “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” ലഘുപത്രികയുടെ 29-ാം പേജിലെ ചിത്രം വീണ്ടും കാണിച്ചിട്ട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “യേശു ലാസറിനെ ഉയിർപ്പിച്ചതിനെക്കുറിച്ചു നാം നടത്തിയ ചർച്ചയെക്കുറിച്ച് ഓർത്തുനോക്കൂ. [28-ാം പേജിലെ ചിത്രക്കുറിപ്പു വായിക്കുക. അതിനുശേഷം “അത് വാസ്തവമായും സംഭവിച്ചുവോ?” എന്ന ഉപതലക്കെട്ടിനു കീഴിലെ വിവരങ്ങൾ വായിക്കുക.] മരിച്ചുപോയ പ്രിയപ്പെട്ട ഒരാളെ വീണ്ടും കാണാൻ കഴിയുമെന്നു വിശ്വസിക്കാൻ നിങ്ങളുടെ ഹൃദയം വാഞ്ഛിക്കുന്നെങ്കിൽ പുനരുത്ഥാന പ്രത്യാശയിൽ വിശ്വസിക്കുന്നതിനു ഞാൻ നിങ്ങളെ സഹായിക്കാം.” ഒരു ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക.
8 വരുംമാസങ്ങളിൽ “ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പി”ക്കുന്നതിലൂടെ യേശുവിനെ അനുകരിക്കാൻ നമുക്കു നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാം.—യെശ. 61:2.