നാം വീണ്ടും വീണ്ടും സന്ദർശിക്കണം
1 സുവാർത്ത കേട്ട ആദ്യ അവസരത്തിൽ തന്നെ നിങ്ങൾ അതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നോ? ഇല്ലെങ്കിൽ, ഒടുവിൽ നിങ്ങൾ ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചതുവരെ യഹോവയുടെ സാക്ഷികൾ നിങ്ങളെ വീണ്ടും വീണ്ടും സന്ദർശിച്ചതിൽ നിങ്ങൾ നന്ദിയുള്ളവർ ആയിരിക്കും. നിങ്ങളുടെ നിയമിത പ്രദേശം വീണ്ടും വീണ്ടും പ്രവർത്തിക്കുമ്പോൾ ഇതു മനസ്സിൽ പിടിക്കുന്നതു നല്ലതാണ്.
2 ആളുകളുടെ ജീവിതത്തിനു മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ പ്രശ്നങ്ങൾ, പുതിയ പുതിയ സാഹചര്യങ്ങൾ, സമൂഹത്തിലും ലോകത്തിലും പൊന്തിവരുന്ന അലോസരപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ, സാമ്പത്തിക തകർച്ച, കുടുംബാംഗങ്ങളുടെ രോഗമോ മരണമോ പോലുള്ള സാഹചര്യങ്ങൾ എന്നിങ്ങനെ പലതും അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. അത്തരം ദുരിതങ്ങൾ അവയുടെ കാരണം അറിയാനുള്ള ആഗ്രഹം അവരിൽ അങ്കുരിപ്പിച്ചേക്കാം. ആളുകളുടെ മനസ്സിനെ ഉലച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി, ആശ്വാസപ്രദമായ സന്ദേശം പ്രദാനം ചെയ്തുകൊണ്ടു നാം പ്രവർത്തിക്കണം.
3 ഇതൊരു രക്ഷാപ്രവർത്തനം ആണ്: ഒരു ദുരന്ത സ്ഥലത്തു പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരെ കുറിച്ചു ചിന്തിക്കുക. ചിലർ തങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥലത്തു വളരെ കുറച്ച് അതിജീവകരെ മാത്രമേ കണ്ടെത്തുന്നുള്ളൂ എന്നിരിക്കട്ടെ. സഹപ്രവർത്തകർ മറ്റിടങ്ങളിൽ കൂടുതൽ അതിജീവകരെ കണ്ടെത്തുന്നുണ്ട് എന്ന കാരണത്താൽ തങ്ങളുടെ പ്രവർത്തനം അവർ മന്ദീഭവിപ്പിക്കുന്നില്ല, അത് ഉപേക്ഷിക്കുന്നതുമില്ല. നമ്മുടെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. “മഹാകഷ്ട”ത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ നാം ഓരോ വർഷവും കണ്ടെത്തുന്നു.—വെളി. 7:9, 14.
4 ‘“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.”’ (റോമ. 10:13-15) ഈ വാക്കുകൾ, പ്രസംഗ വേലയിൽ തുടരേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് നമ്മെ ഓരോരുത്തരെയും ബോധവാന്മാർ ആക്കണം. നമ്മുടെ പ്രദേശത്ത് പ്രവർത്തനം തുടങ്ങിയ സമയത്ത് കുട്ടികൾ ആയിരുന്നവർ, ഇപ്പോൾ തങ്ങളുടെ ഭാവിയും ജീവിത ഉദ്ദേശ്യങ്ങളും മറ്റും ഗൗരവത്തോടെ ചിന്തിക്കാൻ തക്ക പ്രായം ഉള്ളവരാണ്. ഒടുവിൽ ആരൊക്കെ ചെവികൊടുക്കും എന്ന് അറിയാൻ നമുക്കു യാതൊരു വഴിയുമില്ല. (സഭാ. 11:6) മുമ്പു വിരോധികൾ ആയിരുന്ന പലരും പിന്നീടു സത്യം സ്വീകരിച്ചിട്ടുണ്ട്. ആളുകളെ വിധിക്കുക എന്നതല്ല, പിന്നെയോ സത്യം സ്വീകരിച്ച് ഈ പഴയ ലോകത്തിൽനിന്നു രക്ഷപ്പെടാനുള്ള അവസരം തുടർന്നും അവർക്കു പ്രദാനം ചെയ്യുക എന്നതാണ് നമ്മുടെ നിയോഗം. യേശുവിന്റെ ആദ്യകാല ശിഷ്യന്മാർ ചെയ്തതുപോലെ, രാജ്യസന്ദേശത്തിൽ ആളുകളുടെ താത്പര്യം ഉണർത്താനായി നാം അവരുടെ അടുക്കൽ “തുടർച്ചയായി ചെല്ല”ണം.—മത്താ. 10:6, 7, NW.
5 പ്രസംഗിക്കാനുള്ള അവസരം ഇപ്പോഴും ഉള്ളത് യഹോവയുടെ കരുണയുടെ പ്രകടനമാണ്. (2 പത്രൊ. 3:9) സന്ദേശം വീണ്ടും വീണ്ടും കേൾക്കാൻ മറ്റുള്ളവർക്ക് അവസരം പ്രദാനം ചെയ്യുമ്പോൾ, നാം ദൈവത്തിന്റെ സ്നേഹത്തെ മഹത്ത്വീകരിക്കുകയും ആ വിധത്തിൽ അവനെ സ്തുതിക്കുകയുമാണ് ചെയ്യുന്നത്.