യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച് നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക
1 യേശു തന്റെ ശ്രോതാക്കളെ രണ്ടു വിധത്തിൽ കെട്ടിടം പണിയുന്നവരോട് ഉപമിച്ചു. ക്രിസ്തുവിനോടുള്ള അനുസരണമാകുന്ന പാറമേലാണ് ഒരു കൂട്ടർ തങ്ങളുടെ ജീവിത രീതി കെട്ടിപ്പടുത്തത്. തന്മൂലം എതിർപ്പിന്റെയും പീഡനത്തിന്റെയും കൊടുങ്കാറ്റുകളെ ചെറുത്തുനിൽക്കാൻ അവർക്കു സാധിച്ചു. അനുസരണക്കേടാകുന്ന മണലിന്മേൽ ആണു രണ്ടാമത്തെ കൂട്ടർ പണിതത്. സമ്മർദം വന്നപ്പോൾ നേരിടാൻ അവർ അപ്രാപ്തർ ആയിരുന്നു. (മത്താ. 7:24-27) വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ ജീവിക്കുന്നവർ എന്നനിലയിൽ നാം എതിർപ്പിന്റെ നിരവധി കൊടുങ്കാറ്റുകളെ നേരിടുന്നു. മഹോപദ്രവത്തിന്റെ കാർമേഘങ്ങൾ ചക്രവാളത്തിൽ അതിവേഗം ഉരുണ്ടുകൂടുകയാണ്. വിശ്വാസത്തിനു ഹാനി തട്ടാതെ നാം അന്ത്യത്തോളം സഹിച്ചു നിൽക്കുമോ? (മത്താ. 24:3, 13, 21) അതു മുഖ്യമായും ഇപ്പോൾ നാം നമ്മുടെ ജീവിതം എപ്രകാരം കെട്ടിപ്പടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നതു പ്രധാനമാണ്, ‘ദൈവത്തോടുള്ള അനുസരണപൂർവകമായ സേവനത്തെ കേന്ദ്രീകരിച്ച് ആണോ ഞാൻ എന്റെ ക്രിസ്തീയ ജീവിതം കെട്ടിപ്പടുക്കുന്നത്?’
2 നമ്മുടെ ജീവിതം യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ച് കെട്ടിപ്പടുക്കുക എന്നതിന്റെ അർഥമെന്താണ്? അതിന്റെ അർഥം യഹോവയെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കുക എന്നാണ്. നമ്മുടെ പ്രഥമ താത്പര്യം രാജ്യത്തിൽ കേന്ദ്രീകരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തെ അനുസരിക്കുന്നതിനെയും അത് അർഥമാക്കുന്നു. അത്, വ്യക്തിപരവും സഭാപരവും കുടുംബമൊത്തൊരുമിച്ചുമുള്ള ബൈബിൾ പഠനത്തിനും വയൽ ശുശ്രൂഷയ്ക്കും മുൻഗണന കൊടുത്തുകൊണ്ട് അവയിൽ പൂർണമായി പങ്കുപറ്റേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. (സഭാ. 12:13; മത്താ. 6:33) അനുസരണപൂർവകമായ അത്തരം ജീവിത രീതി, ആഞ്ഞടിച്ചേക്കാൻ സാധ്യതയുള്ള എതിർപ്പിന്റേതായ ഏതൊരു കൊടുങ്കാറ്റിന്റെയും മുമ്പിൽ തകർന്നുപോകാത്ത, പാറപോലെ ഉറച്ച വിശ്വാസത്തിൽ കലാശിക്കും.
3 യേശുവിനെപ്പോലെ, ദശലക്ഷക്കണക്കിന് ആളുകൾ വിശ്വാസത്തോടെ തങ്ങളുടെ ജീവിതവും ഭാവി പ്രതീക്ഷകളും ദൈവ സേവനത്തിൽ കേന്ദ്രീകരിക്കുന്നതു കാണുന്നത് സന്തോഷകരമാണ്. (യോഹ. 4:34) അവർ ദിവ്യാധിപത്യ പ്രവർത്തനങ്ങളുടെ സ്ഥിരമായ ഒരു പട്ടികയോടു പറ്റിനിൽക്കുകയും തത്ഫലമായി സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. തങ്ങളുടെ രണ്ടു പുത്രന്മാരും യഹോവയെ സേവിക്കാൻ തീരുമാനം എടുക്കത്തക്കവിധം താനും ഭർത്താവും അവരെ വിജയകരമായി വളർത്തിക്കൊണ്ടുവന്നത് എപ്രകാരമെന്ന് ഒരു മാതാവു വിശദീകരിച്ചു: “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെ സത്യംകൊണ്ടു നിറച്ചു, എല്ലാ കൺവെൻഷനുകൾക്കും ഹാജരായിക്കൊണ്ടും യോഗങ്ങൾക്കു തയ്യാറാകുകയും അതിൽ പങ്കുപറ്റുകയും ചെയ്തുകൊണ്ടും ക്രമമായ വയൽ സേവനത്തെ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിക്കൊണ്ടുമാണ് ഞങ്ങൾ അതു ചെയ്തത്.” അവരുടെ ഭർത്താവ് കൂട്ടിച്ചേർത്തു: “സത്യം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല, പിന്നെയോ അതു ഞങ്ങളുടെ ജീവിതമാണ്. മറ്റെല്ലാ കാര്യങ്ങളും അതിനെ ചുറ്റിപ്പറ്റിയാണ്.” നിങ്ങളുടെ കുടുംബത്തിലും ഇതേ വിധത്തിൽ യഹോവയുടെ സേവനത്തിന് മുൻഗണന കൊടുത്തിരിക്കുന്നുവോ?
4 പിൻപറ്റാവുന്ന ഒരു പ്രതിവാര പട്ടിക ഉണ്ടാക്കുക: വാരത്തിൽ അഞ്ചു യോഗങ്ങൾ ക്രമീകരിച്ചുകൊണ്ട്, ഒരു ഉത്തമ ആത്മീയ ദിനചര്യ പിൻപറ്റാൻ യഹോവയുടെ സംഘടന നമ്മെ സഹായിക്കുന്നു. യഹോവയുടെ ആരാധനയിൽ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്ന ക്രിസ്ത്യാനികൾ, പ്രാധാന്യമേറിയ ഈ യോഗങ്ങൾക്കെല്ലാം ഹാജരാകാൻ പാകത്തിന് തങ്ങളുടെ ലൗകിക, കുടുംബ കാര്യാദികൾ ക്രമീകരിക്കുന്നു. യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതിൽ തടസ്സം സൃഷ്ടിക്കാൻ അവർ പ്രാധാന്യം കുറഞ്ഞ സംഗതികളെ അനുവദിക്കുന്നില്ല.—ഫിലി. 1:10; എബ്രാ. 10:24, 25.
5 ഓരോ ദിവസവും നിശ്ചിത സമയങ്ങളിൽ ക്രമമായി ഭക്ഷണം കഴിക്കുന്നതു പ്രധാനം ആയിരിക്കുന്നതുപോലെ, യോഗങ്ങൾക്കു തയ്യാറാകുന്നത് ഉൾപ്പെടെ വ്യക്തിപരവും കുടുംബപരവും ആയ പഠനത്തിന് ഒരു നിശ്ചിത പട്ടിക ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് പക്വമതികളായ ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. (മത്താ. 4:4) വ്യക്തിപരമായ പഠനത്തിനായി ഓരോ ദിവസവും 15-ഓ 20-ഓ മിനിറ്റ് എങ്കിലും മാറ്റിവെക്കാൻ നിങ്ങൾക്കു കഴിയുമോ? പഠനത്തിനായി മാറ്റിവെച്ചിരിക്കുന്ന സമയം അപഹരിക്കാൻ മറ്റു സംഗതികളെ അനുവദിക്കാതിരിക്കുക എന്നതാണ് മുഖ്യ സംഗതി. അതു പ്രയോജനപ്രദമായ ഒരു ശീലമാക്കുക. അതിനു ചിലപ്പോൾ, ഇപ്പോൾ എഴുന്നേൽക്കുന്നതിനെക്കാൾ നേരത്തെ എഴുന്നേൽക്കേണ്ടി വന്നേക്കാം. ലോക വ്യാപക ബെഥേൽ കുടുംബത്തിലെ 17,000 അംഗങ്ങൾ, ദിനവാക്യ ചർച്ചയിൽ പങ്കുപറ്റാനായി അതിരാവിലെ ഉറക്കമുണരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കാൻ, രാത്രിയിൽ അൽപ്പം നേരത്തേ കിടക്കേണ്ടതുണ്ടായിരിക്കാം. അപ്പോൾ വേണ്ടത്ര വിശ്രമിച്ച ശേഷം, പുതിയ ഒരു ദിവസം ഉന്മേഷത്തോടെ തുടങ്ങുന്നതിനു സാധിക്കും.
6 നിങ്ങൾ ഒരു കുടുംബത്തലവൻ ആണെങ്കിൽ, കുടുംബത്തിന്റെ ദിവ്യാധിപത്യ പ്രവർത്തന പട്ടിക ആസൂത്രണം ചെയ്യുന്നതിനും അതിന് അനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കുന്നതിനും മുൻകൈ എടുക്കുക. ചില കുടുംബങ്ങൾ, അത്താഴ ശേഷം വിശ്രമിക്കുമ്പോൾ ബൈബിളോ വാർഷികപുസ്തകമോ മറ്റേതെങ്കിലും പ്രസിദ്ധീകരണമോ ഒന്നിച്ചു വായിക്കുന്നു. ഒത്തൊരുമിച്ച്, ആത്മീയമായി പുഷ്ടിപ്പെടുത്തും വിധം സമയം ചെലവഴിക്കുന്നതിനായി വാരത്തിൽ ഒരു സായാഹ്നം വീതം മാറ്റിവെക്കുക എന്ന തങ്ങളുടെ പതിവാണ് വിജയത്തിനു സംഭാവന ചെയ്ത ഒരു ഘടകം എന്ന് മക്കൾ ആത്മീയമായി കരുത്തുറ്റ ക്രിസ്ത്യാനികൾ ആയിത്തീരുന്നതിനു സാക്ഷ്യംവഹിച്ച അനേകം മാതാപിതാക്കൾ അഭിപ്രായപ്പെടുന്നു. അവരിൽ ഒരു പിതാവു പറഞ്ഞു: “ബുധനാഴ്ച രാത്രിയിൽ ക്രമമായി നടത്തിയിരുന്ന കുടുംബ അധ്യയനം ആയിരുന്നു ഞങ്ങളുടെ മക്കളുടെ ആത്മീയ വളർച്ചയ്ക്കു കാരണം എന്നാണ് എനിക്കു തോന്നുന്നത്. ഏതാണ്ട് 30 വർഷം മുമ്പ് തുടങ്ങിവെച്ച ഒരു പതിവായിരുന്നു അത്.” ഇളംപ്രായത്തിൽ തന്നെ സ്നാപനമേറ്റ അദ്ദേഹത്തിന്റെ മൂന്നു മക്കളും മുഴു സമയ ശൂശ്രൂഷയിൽ പ്രവേശിച്ചു. കുടുംബ അധ്യയനത്തിനു പുറമേ, യോഗ നിയമനങ്ങളോ വയൽ സേവന അവതരണങ്ങളോ റിഹേഴ്സ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ആരോഗ്യാവഹമായ മറ്റു പ്രവർത്തനങ്ങൾ ഒന്നിച്ച് ആസ്വദിക്കാവുന്നതാണ്.
7 പ്രതിവാര പട്ടികയിൽ, രാജ്യ പ്രസംഗത്തിനായി നിങ്ങൾ ‘സമയം വിലയ്ക്കു വാങ്ങി’യിട്ടുണ്ടോ? (കൊലൊ. 4:5, NW) കുടുംബപരവും സഭാപരവുമായ ഉത്തരവാദിത്വങ്ങൾക്കായി കരുതേണ്ടതുള്ള നമ്മിൽ മിക്കവരുടെയും ജീവിതം വളരെ തിരക്കേറിയതാണ്. ഓരോ ആഴ്ചയും പ്രസംഗ, പഠിപ്പിക്കൽ വേലയിൽ പങ്കുപറ്റാനായി നാം ആസൂത്രിത ക്രമീകരണങ്ങൾ നടത്തുന്നില്ലെങ്കിൽ, മറ്റു കാര്യാദികൾ ഈ മർമപ്രധാന പ്രവർത്തനത്തിനുള്ള സമയം അപഹരിച്ചേക്കാം. ഒരു വലിയ കന്നുകാലി വളർത്തുകേന്ദ്രത്തിന്റെ ഉടമസ്ഥനായ ഒരു സഹോദരൻ പറഞ്ഞു: “എനിക്കു സേവനത്തിൽ ഏർപ്പെടാനുള്ള ഒരേയൊരു മാർഗം അതിനായി ഒരു നിശ്ചിത ദിവസം പട്ടികപ്പെടുത്തുക ആണെന്ന് ഏതാണ്ട് 1944-ഓടേ ഞാൻ തിരിച്ചറിഞ്ഞു. ഇന്നുവരെ, സേവനത്തിൽ ഏർപ്പെടാനായി ഞാൻ വാരത്തിൽ ഒരു ദിവസം വീതം ജോലിയിൽനിന്ന് ഒഴിഞ്ഞ് നിന്നിരിക്കുന്നു.” സാക്ഷീകരണത്തിൽ ഏർപ്പെടുന്നതിന് ഒരു നിശ്ചിത പട്ടിക ഉള്ളത് ഓരോ മാസവും പ്രസംഗവേലയിൽ ശരാശരി 15 മണിക്കൂർ ചെലവഴിക്കാൻ തന്നെ പ്രാപ്തനാക്കുന്നു എന്ന് ഒരു ക്രിസ്തീയ മൂപ്പൻ കണ്ടെത്തുന്നു. ശനിയാഴ്ച അദ്ദേഹത്തിന് എന്തെങ്കിലും ലൗകിക കാര്യാദികൾ ചെയ്യേണ്ടതുണ്ടെങ്കിൽ, അദ്ദേഹം അത് രാവിലത്തെ വയൽ സേവനത്തിനു ശേഷം ചെയ്യുന്നു. വയൽ സേവനത്തെ നിങ്ങളുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമാക്കിക്കൊണ്ട്, ആഴ്ചയിൽ ഒരു ദിവസം എങ്കിലും അതിൽ പങ്കുപറ്റാൻ നിങ്ങൾക്കും കുടുംബത്തിനും സാധിക്കുമോ?—ഫിലി. 3:16, NW.
8 നിങ്ങളുടെ ജീവിതചര്യ പരിശോധിക്കുക: നമ്മുടെ ജീവിതം യഹോവയുടെ സേവനത്തിൽ കെട്ടിപ്പടുക്കുന്നതിനെ പ്രതിരോധിക്കുന്ന സംഗതികളുണ്ട്. പഠനം, യോഗങ്ങൾ, സേവനം എന്നിവയ്ക്കായി നാം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത പട്ടികയ്ക്ക് അവിചാരിത സാഹചര്യങ്ങൾ വിലങ്ങുതടി ആയേക്കാം. നമ്മുടെ എതിരാളിയായ സാത്താൻ നമ്മെ ‘തടുക്കാ’നും നമ്മുടെ പദ്ധതികളെ വെള്ളത്തിലാക്കാനും തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. (1 തെസ്സ. 2:18; എഫെ. 6:12, 13) തളർന്നു പോകാൻ ഇടയാക്കും വിധം നിങ്ങളെ നിരുത്സാഹപ്പെടുത്താൻ ഈ പ്രതികൂല സാഹചര്യങ്ങളെ അനുവദിക്കരുത്. നിങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്ന ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നിവർത്തിക്കാൻ ആവശ്യമായ ഏതൊരു പൊരുത്തപ്പെടുത്തലും വരുത്തുക. മൂല്യവത്തായ കാര്യങ്ങൾ ചെയ്യാൻ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ആവശ്യമാണ്.
9 സമയവും ശ്രദ്ധയും അപഹരിച്ചേക്കാവുന്ന ജഡിക പ്രവർത്തനങ്ങളിലേക്കു നയിക്കാൻ ലൗകിക സ്വാധീനങ്ങളെയും അപൂർണ ജഡാഭിലാഷങ്ങളെയും അനുവദിക്കരുത്. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ ഉപയോഗിച്ച് ആത്മ പരിശോധന നടത്തുന്നത് പ്രധാനമാണ്: ‘പതുക്കെപ്പതുക്കെ എന്റെ ജീവിത രീതി സമനില ഇല്ലാത്തത് ആയിരിക്കുന്നുവോ? അതു ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചിരിക്കുന്നുവോ? നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ കാര്യാദികളെ കേന്ദ്രീകരിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഞാൻ ആരംഭിച്ചിരിക്കുന്നുവോ? (1 യോഹ. 2:15-17) വ്യക്തിപരമായ അനുധാവനങ്ങൾക്കും ഉല്ലാസ യാത്രകൾ, കായിക പ്രവർത്തനങ്ങൾ, ടെലിവിഷൻ കാണൽ, ഇന്റർനെറ്റിൽ സർഫിങ് നടത്തൽ തുടങ്ങിയ വിനോദങ്ങൾക്കും ആത്മീയ കാര്യങ്ങളോടുള്ള താരതമ്യത്തിൽ ഞാൻ എത്രമാത്രം സമയം ചെലവഴിക്കുന്നുണ്ട്?’
10 നിങ്ങളുടെ ജീവിതം അപ്രധാന കാര്യങ്ങളിൽ അമിതമായി ഉൾപ്പെട്ടിരിക്കുന്നെന്നു കാണുന്നെങ്കിൽ എന്തു ചെയ്യണം? തന്റെ സഹോദരങ്ങളുടെ “യഥാസ്ഥാനത്വത്തിന്നായി” അഥവാ അവരെ ‘ശരിയായ സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനായി’ പ്രാർഥിച്ച പൗലൊസിനെ പോലെ, വീണ്ടും അവന്റെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കരുതോ? (2 കൊരി. 13:9, 11) തുടർന്ന് നിങ്ങളുടെ തീരുമാനത്തിനു ചേർച്ചയിൽ ജീവിക്കാനും ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താനും ദൃഢനിശ്ചയം ചെയ്യുക. (1 കൊരി. 9:26, 27) യഹോവയെ അനുസരണപൂർവം സേവിക്കുന്നതിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കുന്നത് ഒഴിവാക്കാൻ അവൻ നിങ്ങളെ സഹായിക്കും.—യെശയ്യാവു 30:20, 21 താരതമ്യം ചെയ്യുക.
11 സന്തോഷകരമായ ദൈവസേവനത്തിൽ തിരക്കുള്ളവർ ആയിരിക്കുക: ദശലക്ഷക്കണക്കിന് ആളുകൾ മേലുകീഴു നോക്കാതെ സന്തുഷ്ടിക്കു പിന്നാലെ പരക്കം പായുകയാണ്. ജീവിത സായാഹ്നത്തിൽ, തങ്ങൾ എന്തിനു പിന്നാലെ പാഞ്ഞിരുന്നുവോ ആ ഭൗതിക വസ്തുവകകൾ നിലനിൽക്കുന്ന സന്തുഷ്ടി പ്രദാനം ചെയ്തില്ല എന്ന പരമാർഥം അവർ മനസ്സിലാക്കുന്നു. അതു “വൃഥാപ്രയത്ന”മെന്നു തെളിഞ്ഞിരിക്കുന്നു. (സഭാ. 2:11) നേരെമറിച്ച്, ‘യഹോവയെ എപ്പോഴും നമ്മുടെ മുമ്പിൽ വെച്ചു’കൊണ്ട് നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, നാം ആഴമായ സംതൃപ്തി അനുഭവിക്കുന്നു. (സങ്കീ. 16:8, 11) നാം അസ്തിത്വത്തിൽ വരാൻ ഇടയാക്കിയത് യഹോവയാണ് എന്നതാണ് അതിനു കാരണം. (വെളി. 4:11) വലിയ ഉദ്ദേഷ്ടാവായ അവനെ കൂടാതെയുള്ള ജീവിതത്തിന് യാതൊരു അർഥവുമില്ല. യഹോവയെ സേവിക്കുന്നത് നമുക്കും മറ്റുള്ളവർക്കും സ്ഥായിയായി—അതേ, സദാകാലവും—പ്രയോജകീഭവിക്കുന്ന മൂല്യവത്തും ഉദ്ദേശ്യപൂർണവുമായ പ്രവൃത്തികളാൽ നമ്മുടെ ജീവിതത്തെ വർണശബളമാക്കുന്നു.
12 ഉദാസീനർ ആകാതിരിക്കുന്നതും സാത്താന്യ ലോകത്തിന്റെ ശീഘ്രം സമീപിച്ചുകൊണ്ടിരിക്കുന്ന അന്ത്യത്തെപ്പറ്റിയുള്ള അടിയന്തിരതാ ബോധം നഷ്ടപ്പെടാതിരിക്കുന്നതും പ്രധാനമാണ്. നമ്മുടെ അനുദിന ജീവിതം ഭാവി സംബന്ധിച്ചുള്ള നമ്മുടെ വീക്ഷണത്താൽ സ്വാധീനിക്കപ്പെടുന്നു. ഒരു ആഗോള പ്രളയം വരുമെന്ന് വിശ്വസിക്കാതിരുന്ന നോഹയുടെ നാളിലെ ആളുകൾ പ്രളയം “എല്ലാവരെയും നീക്കിക്കളയുവോളം” തീറ്റി, കുടി, വിവാഹം എന്നിങ്ങനെയുള്ള ദൈനംദിന വ്യക്തിഗത കാര്യാദികളിൽ തങ്ങളുടെ ജീവിതം കേന്ദ്രീകരിച്ചുകൊണ്ട് മുന്നറിയിപ്പുകൾക്കു ‘യാതൊരു ശ്രദ്ധയും കൊടുത്തില്ല.’ (മത്താ. 24:37-39, NW) ഇന്ന്, തങ്ങളുടെ ജീവിതം ഈ ലോക കാര്യാദികളിൽ കേന്ദ്രീകരിക്കുന്നവർ, മനുഷ്യർ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വിനാശത്തിൽ, അതായത് “യഹോവയുടെ ദിവസ”ത്തിൽ ഭാവി സംബന്ധിച്ചുള്ള തങ്ങളുടെ പ്രതീക്ഷകൾ തകർന്നടിയുന്നതു കാണും.—2 പത്രൊ. 3:10-12, NW.
13 ആയതിനാൽ, ജീവനുള്ള ദൈവമായ യഹോവയെ കേന്ദ്രീകരിച്ച് ജീവിതം കെട്ടിപ്പടുക്കുന്നതിലും അവന്റെ ഇഷ്ടം ചെയ്യുന്നതിലും തുടരുക. യഹോവയാം ദൈവത്തിന്റെ ആശ്രയയോഗ്യമായ പിന്തുണപോലെ, ഈ ജീവിതത്തിൽ നിങ്ങൾക്കു സ്വരുക്കൂട്ടാൻ കഴിയുന്ന മറ്റു യാതൊരു നിക്ഷേപങ്ങളും ഇല്ല. അവനു ഭോഷ്കു പറയാൻ കഴിയില്ല, അതേ തന്റെ വാഗ്ദാനങ്ങളോട് അവൻ തികഞ്ഞ വിശ്വസ്തത പുലർത്തും. (തീത്തൊ. 1:2) അവനു മരിക്കാൻ കഴിയില്ല, അതുകൊണ്ടു യഹോവയിൽ ഭരമേൽപ്പിക്കുന്ന യാതൊന്നും നഷ്ടപ്പെടുകയില്ല. (ഹബ. 1:12, NW; 2 തിമൊ. 1:12) നാം ഇപ്പോൾ കെട്ടിപ്പടുക്കുന്ന അനുസരണത്തിന്റേതും വിശ്വാസത്തിന്റേതുമായ ജീവിതം സന്തുഷ്ട ദൈവമായ യഹോവയുടെ സന്തോഷകരമായ സേവനത്തിൽ സദാകാലം നിലനിൽക്കുന്ന ഒരു ജീവിതത്തിന്റെ തുടക്കം മാത്രമാണ്!—1 തിമൊ. 1:11, NW; 6:19.
[3-ാം പേജിലെ ആകർഷകവാക്യം]
“സത്യം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമല്ല, പിന്നെയോ അതു ഞങ്ങളുടെ ജീവിതമാണ്.
മറ്റെല്ലാ കാര്യങ്ങളും അതിനെ ചുറ്റിപ്പറ്റിയാണ്.”