സഭായോഗങ്ങൾ—പൂർണ പങ്കുണ്ടായിരിക്കാൻ കുടുംബാംഗങ്ങൾക്കു സഹകരിക്കാവുന്ന വിധം
1 സഭായോഗങ്ങളിൽ സംബന്ധിക്കാനുള്ള കൽപ്പന ക്രിസ്തീയ കുടുംബങ്ങൾ ചെവിക്കൊള്ളേണ്ടതുണ്ട്. (എബ്രാ. 10:24, 25) നല്ല സഹകരണം ഉണ്ടെങ്കിൽ യോഗങ്ങൾക്കു തയ്യാറായി ഹാജരാകുന്നതിലും പങ്കെടുക്കുന്നതിലും എല്ലാ അംഗങ്ങൾക്കും വിജയിക്കാനാകും. കുടുംബ സാഹചര്യങ്ങൾ വ്യത്യസ്തം ആയിരുന്നേക്കാം. എന്നാൽ ആത്മീയ കാര്യങ്ങളിലുള്ള കുടുംബ ഐക്യം ഉന്നമിപ്പിക്കുന്നതിനായി ഒരു ക്രിസ്തീയ ഭർത്താവിനോ ഭാര്യയ്ക്കോ അല്ലെങ്കിൽ ഒറ്റയ്ക്കുള്ള മാതാവിനോ പിതാവിനോ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്. അതിൽ, നിങ്ങൾക്ക് എത്ര കുട്ടികളുണ്ടെന്നതും അവരുടെ പ്രായവും ഒരു പ്രശ്നമല്ല.—സദൃ. 1:8.
2 തയ്യാറാകാൻ സമയമെടുക്കുക: ഓരോ കുടുംബാംഗവും സഭായോഗങ്ങൾക്കു നന്നായി തയ്യാറാകുന്നതിന് അംഗങ്ങൾക്കിടയിൽ നല്ല സഹകരണം വേണം. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പ്രതിവാര വീക്ഷാഗോപുര അധ്യയനത്തിനു തയ്യാറാകുന്ന അനേകം കുടുംബങ്ങളുണ്ട്. ചിലർ സകുടുംബം സഭാ പുസ്തക അധ്യയനത്തിനു തയ്യാറാകുകയോ പ്രതിവാര ബൈബിൾ വായനാ ഭാഗം വായിക്കുകയോ ചെയ്യുന്നു. യോഗങ്ങൾക്കു ഹാജരാകുന്നതിനു മുമ്പുതന്നെ മുഖ്യ ആശയങ്ങൾ മനസ്സിലാക്കുകയാണ് അതിന്റെ ലക്ഷ്യം. അപ്പോൾ, കേൾക്കുന്നതിൽനിന്ന് എല്ലാവരും കൂടുതൽ പ്രയോജനം നേടും, അവസരം ഉള്ളപ്പോൾ പങ്കെടുക്കുന്നതിനു സജ്ജരും ആയിരിക്കും.—1 തിമൊ. 4:15.
3 പങ്കെടുക്കാൻ ആസൂത്രണം ചെയ്യുക: യോഗങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മുമ്പാകെ തന്റെ പ്രത്യാശ പ്രഖ്യാപിക്കാൻ ഓരോ കുടുംബാംഗവും ലക്ഷ്യമിടണം. (എബ്രാ. 10:23, NW) അതിനായി കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനു സഹായമോ പ്രോത്സാഹനമോ ആവശ്യമുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങൾ തയ്യാറാകുന്നതിനു കുടുംബാംഗങ്ങൾക്ക് എന്തു സഹായം ആവശ്യമാണ്? ഭർത്താക്കന്മാർ താത്പര്യമെടുത്ത് ഭാര്യമാരുടെ പ്രസംഗത്തിന് അനുയോജ്യമായ ഒരു ദൃഷ്ടാന്തമോ രംഗസംവിധാനമോ പറഞ്ഞു കൊടുക്കുന്നത് അവർ വിലമതിക്കും. ഇളം പ്രായത്തിലുള്ള തങ്ങളുടെ കുട്ടികളുടെ നിയമന ഭാഗങ്ങൾ തങ്ങൾ തന്നെ തയ്യാറാക്കി കൊടുക്കണമെന്ന് മാതാപിതാക്കൾ കരുതരുത്. അങ്ങനെ ചെയ്യുന്നതു മുൻകൈ എടുക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ തല്ലിക്കെടുത്തിയേക്കാം. എന്നാൽ മാതാപിതാക്കൾക്കു കുട്ടികളെ സഹായിക്കുന്നതിനും അവർ ഉച്ചത്തിൽ വായിച്ചു പരിശീലിക്കുമ്പോൾ ശ്രദ്ധിക്കുന്നതിനും സാധിക്കും.—എഫെ. 6:4.
4 ഹാജരാകാൻ ക്രമീകരിക്കുക: വൃത്തിയുള്ള വസ്ത്രം ധരിച്ച് നന്നായി തയ്യാറായി കൃത്യസമയത്തുതന്നെ യോഗങ്ങൾക്കു പുറപ്പെടാൻ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കുക. യോഗങ്ങൾക്കു താമസിച്ചെത്തുന്നത് ഒഴിവാക്കാൻ വീട്ടുജോലികൾ നേരത്തേതന്നെ ചെയ്തുതീർക്കുന്നതിനു കുടുംബാംഗങ്ങൾ പരസ്പരം സഹകരിക്കണം.—കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 112-ാം പേജിലും യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ 316-17 പേജുകളിലും ഉള്ള നിർദേശങ്ങൾ കാണുക.
5 പുരാതന കാലത്തെ യോശുവയുടെ പിൻവരുന്ന വാക്കുകളെ കുറിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ധ്യാനിക്കാനാകും: “ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.” അതുകൊണ്ട് സഭായോഗങ്ങളിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുന്നതിനായി സഹകരിക്കാൻ ദൃഢനിശ്ചയം ചെയ്യുക.—യോശു. 24:15.