മുന്നമേ ആസൂത്രണം ചെയ്യുക!
1 നമ്മുടെ ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദിവ്യാധിപത്യ പ്രവർത്തനപരിപാടി യഹോവയുടെ സംഘടന ക്രമീകരിക്കുന്നു. സഞ്ചാര മേൽവിചാരകന്റെ സന്ദർശനം, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, പ്രാദേശികമായി ക്രമീകരിക്കുന്ന മറ്റു പ്രത്യേക പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള എല്ലാറ്റിൽ നിന്നും പൂർണ പ്രയോജനം നേടാൻ വിലമതിപ്പു നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 5:3) എന്നിരുന്നാലും, നാനാവിധ കാരണങ്ങളാൽ ഈ ആത്മീയ കരുതലുകളിൽ പലതിൽ നിന്നും പ്രയോജനം നേടാൻ ചിലർക്കു കഴിയുന്നില്ല. ഇത് എങ്ങനെ പരിഹരിക്കാം? “ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങ”ളെ ദിവ്യാധിപത്യപരമല്ലാത്ത പ്രവർത്തനങ്ങൾ മൂടിക്കളയുന്നില്ലെന്നു നമുക്ക് എങ്ങനെ ഉറപ്പു വരുത്താൻ കഴിയും?—ഫിലി. 1:10, NW.
2 ജ്ഞാനപൂർവകമായ ആസൂത്രണം പ്രധാനം: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ [“പ്രയോജനപ്രദം”, NW] ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു” എന്ന് സദൃശവാക്യങ്ങൾ 21:5 ബുദ്ധിയുപദേശിക്കുന്നു. ആത്മീയ ‘പ്രയോജനം’ നേടുന്നതിന്, ക്രമീകരിച്ചിരിക്കുന്ന ദിവ്യാധിപത്യ പ്രവർത്തനങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ടു നാം ജ്ഞാനപൂർവം മുന്നമേ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ആത്മീയ പ്രവർത്തനങ്ങൾക്കു തടസ്സമാകാത്ത ഒരു സമയത്തു നമ്മുടെ വ്യക്തിഗത പ്രവർത്തനങ്ങൾ ചെയ്യാനായിരിക്കണം നാം ആസൂത്രണം ചെയ്യേണ്ടത്. വരുംനാളുകളിലെ ദിവ്യാധിപത്യ പരിപാടികൾ കണക്കിലെടുക്കാതെ വ്യക്തിപരമായി നാമാഗ്രഹിക്കുന്നതു ചെയ്യാൻ ധൃതിപിടിച്ച് ആസൂത്രണം ചെയ്താൽ, നാം ആത്മീയമായി ‘ബുദ്ധിമുട്ട്’ അനുഭവിക്കാനാണു സാധ്യത.
3 നഷ്ടപ്പെടുത്തരുത്! നാമെല്ലാം ഭാവിക്കുവേണ്ടി ആസൂത്രണം ചെയ്യാറുണ്ട്— അവധിക്കാലം ചെലവഴിക്കൽ, ബിസിനസ് യാത്രകൾ നടത്തൽ, ബന്ധുക്കളെ സന്ദർശിക്കൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. അവയെ കുറിച്ചു നിങ്ങൾ ആസൂത്രണം ചെയ്യുന്നതിനോ അന്തിമ തീരുമാനം എടുക്കുന്നതിനോ മുമ്പ്, ഭാവി ആത്മീയ പ്രവർത്തനങ്ങളുടെ പട്ടിക പരിശോധിക്കുക. നിങ്ങൾ സ്ഥലത്ത് ഇല്ലാത്ത ഒരു സമയത്താണു സർക്കിട്ട് മേൽവിചാരകൻ സന്ദർശിക്കുന്നതെന്നോ സമ്മേളനം നടക്കുന്നതെന്നോ അറിയുന്നെങ്കിൽ, അതിൽ പങ്കെടുക്കാൻ കഴിയേണ്ടതിനു നിങ്ങളുടെ കാര്യാദികൾ അഴിച്ചുപണിയാൻ ആത്മാർഥ ശ്രമം നടത്തുക. ഭാവിയിലേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചു നമുക്കു നേരത്തെതന്നെ വിവരങ്ങൾ ലഭിക്കുന്നു. പ്രാദേശികമായി ആസൂത്രണം ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സഭയിലെ മൂപ്പന്മാർക്കു നിങ്ങളോടു പറയാൻ കഴിയും.
4 ഏറെ പ്രധാനമായ കാര്യങ്ങൾക്കായി മുന്നമേയുള്ള ആസൂത്രണവും ദീർഘവീക്ഷണവും ഉണ്ടായിരിക്കുക വഴി, നാം “ദൈവത്തിന്റെ മഹത്വത്തിനും പുകഴ്ചെക്കുമായിട്ടു . . . നീതിഫലം നിറഞ്ഞ”വരായിത്തീരും.—ഫിലി. 1:11.