ഏപ്രിൽ—സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കാനുള്ള സമയം!
1 ഒരു ചുഴലിക്കാറ്റ് ആൾപ്പാർപ്പുള്ള ഒരു പ്രദേശത്തോട് അടുക്കവെ ജനങ്ങൾക്കു മുന്നറിയിപ്പു നൽകേണ്ടത് അടിയന്തിരമായിത്തീരുന്നു. അത് അടുത്തടുത്തു വരുന്തോറും മുന്നറിയിപ്പു കൂടുതൽ തീവ്രമാക്കേണ്ടതുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആളുകളുടെ ജീവൻ അപകടത്തിലാണ്! നേരത്തേ നൽകപ്പെട്ട മുന്നറിയിപ്പുകൾ പലരും കേട്ടിട്ടുണ്ടാവില്ല. ഇനി കേട്ടിട്ടുണ്ടെങ്കിൽത്തന്നെ നടപടി സ്വീകരിക്കാൻ മിനക്കെടാഞ്ഞ വ്യക്തികളും ഉണ്ടായിരിക്കാം. ഈ ദുഷ്ടലോകത്തിന്റെ അവസാന കണികയെയും തുടച്ചുനീക്കുന്ന ദൈവത്തിന്റെ നീതിപൂർവകമായ കോപത്തിൻ “ചുഴലിക്കാറ്റു” ആഞ്ഞുവീശുന്നതിനു മുമ്പ് നാം മുഴക്കേണ്ട ദിവ്യ മുന്നറിയിപ്പിന്റെ കാര്യത്തിലും ഇതു സത്യമാണ്. (സദൃ. 10:25) ശതകോടികളുടെ നിത്യജീവൻ തുലാസ്സിൽ തൂങ്ങുകയാണ്! അതുകൊണ്ട് മുന്നറിയിപ്പു മുഴക്കിക്കൊണ്ട് നാം “സൽപ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരായിരിക്കണം.—തീത്തൊ. 2:11-14.
2 പതിറ്റാണ്ടുകളായി, സ്മാരക കാലത്ത് ശുശ്രൂഷയിൽ പ്രത്യേക ശുഷ്കാന്തി കാണിക്കാൻ യഹോവയുടെ ജനം പ്രചോദിതരായിരുന്നിട്ടുണ്ട്. 1939-ലെ വസന്തത്തിൽ ഇൻഫോർമന്റ്—നമ്മുടെ രാജ്യ ശുശ്രൂഷ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—ഈ പ്രോത്സാഹനം നൽകുകയുണ്ടായി: “വസന്തം വരവായി, ഒപ്പം നല്ല കാലാവസ്ഥയും. അതുകൊണ്ട് സഭാപ്രസാധകരുടെ വയൽസേവന മണിക്കൂറുകൾ ഇരട്ടിക്കുമെന്നും പയനിയർമാരുടെ മണിക്കൂറുകളിൽ വലിയ വർധനവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ അഞ്ച് വാരാന്തങ്ങളുണ്ട്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും . . . പ്രത്യേക സാക്ഷീകരണത്തിനുള്ള അവസരങ്ങളാക്കുക.” 60 വർഷം മുമ്പ് സഹോദരങ്ങളുടെ മുമ്പിൽ വെച്ച ഈ ലക്ഷ്യം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു! ഈ വർഷവും 1939-ലെ പോലെതന്നെ ഏപ്രിലിൽ അഞ്ച് ശനിയാഴ്ചകളും ഞായറാഴ്ചകളും ഉണ്ട്. ഈ മാസത്തേക്കു നിങ്ങൾ എന്തൊക്കെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്? ഏപ്രിൽ മാസത്തിൽ ചെയ്യുന്നതിനായി നിങ്ങൾ കലണ്ടറിൽ എന്തൊക്കെയാണു കുറിച്ചിട്ടിരിക്കുന്നത്? വർധിച്ച ആത്മീയ പ്രവർത്തനത്തിനായുള്ള ഈ പ്രത്യേക മാസം, യഹോവയുടെ മുഴു ജനത്തോടുമൊപ്പം സത്പ്രവൃത്തികളിൽ അർഥവത്തായ ഒരു വിധത്തിൽ പങ്കുപറ്റാൻ ആസൂത്രണം ചെയ്യുക.
3 നാം ചെയ്യാൻ ഉദ്ദേശിക്കുന്നത്: 2000-ാം ആണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഏപ്രിൽ 19 ആണ്. അതേ, യേശുവിന്റെ മരണത്തിന്റെ സ്മാരക ദിനം. കഴിയുന്നത്ര ആളുകളെ സ്മാരകത്തിനു ക്ഷണിക്കുക എന്ന ലക്ഷ്യത്തിൽ നാം പ്രവർത്തിക്കണം. കഴിഞ്ഞ മാസം നിർദേശിച്ചിരുന്നതു പോലെ, സ്മാരകത്തിനു ഹാജരാകാൻ സാധ്യതയുള്ള എല്ലാ വ്യക്തികളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. അവരെ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. നിഷ്ക്രിയർ, ബൈബിൾ വിദ്യാർഥികൾ, മടക്കസന്ദർശനങ്ങളിലുള്ളവർ, മുൻ ബൈബിൾ വിദ്യാർഥികൾ, സഹജോലിക്കാർ, സഹപാഠികൾ, അയൽക്കാർ, ബന്ധുക്കൾ തുടങ്ങിയവരെയും മറ്റു പരിചയക്കാരെയും ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. സ്വന്തം വാഹനങ്ങൾ ഉള്ളവർക്ക്, യാത്രയുടെ കാര്യത്തിൽ സഹായം ആവശ്യമുള്ളവരെ സ്നേഹപൂർവം സഹായിക്കാൻ കഴിഞ്ഞേക്കും. സ്മാരകത്തിനു ഹാജരാകുന്നവരെയെല്ലാം ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിനുള്ള പദവി നമുക്ക് ഓരോരുത്തർക്കും ഉണ്ട്. സ്മാരകത്തിനു ശേഷം ഈ താത്പര്യക്കാർക്ക് കൂടുതലായ ആത്മീയ സഹായം നമുക്കു തുടർന്നും കൊടുക്കാം.
4 യഹോവ നമുക്കു ചെയ്തുതന്നിരിക്കുന്ന എല്ലാ സംഗതികളെയും നമ്മൾ യഥാർഥത്തിൽ വിലമതിക്കുന്നു എന്ന് പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഉത്തമ മാർഗമാണ് സ്മാരകത്തിനു മുമ്പും പിമ്പുമുള്ള ദിവസങ്ങളിൽ “സൽപ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവർ ആയിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ പകൽ സമയം കൂടുതലായതിനാൽ നമ്മിൽ മിക്കവർക്കും സുവിശേഷ വേലയിലെ നമ്മുടെ പങ്കു വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും. നിങ്ങൾ സഹായ പയനിയറിങ് ചെയ്യുകയാണെങ്കിൽ, ശുശ്രൂഷയിൽ 50 മണിക്കൂറോ അതിൽ കൂടുതലോ പ്രവർത്തിക്കാൻ നിങ്ങൾ നിങ്ങളുടെ പരമാവധി ശ്രമിക്കും. (മത്താ. 5:37) മാസാരംഭത്തിൽ നിങ്ങൾ തയ്യാറാക്കിയ പട്ടികയോട് അടുത്തു പറ്റിനിൽക്കുക. (സഭാ. 3:1; 1 കൊരി. 14:40) പ്രോത്സാഹന വാക്കുകൾ പറഞ്ഞുകൊണ്ടോ വയലിൽ ഒപ്പം പ്രവർത്തിച്ചുകൊണ്ടോ ശേഷമുള്ള നമുക്കെല്ലാവർക്കും ആകുന്ന വിധത്തിൽ പയനിയർമാരെ പിന്തുണയ്ക്കാം. (2 രാജാ. 10:15, 16 താരതമ്യം ചെയ്യുക.) ഏപ്രിൽ മാസത്തിൽ നാം ശുഷ്കാന്തിയോടെ വിതയ്ക്കുന്നെങ്കിൽ വർധിച്ച സന്തോഷവും യഹോവയിൽ നിന്നുള്ള സമൃദ്ധമായ അനുഗ്രഹവും നമുക്കു തീർച്ചയായും പ്രതീക്ഷിക്കാൻ കഴിയും. (മലാ. 3:10) ചിലപ്പോൾ അത് നിരന്തരമായ സഹായ പയനിയറിങ്ങിലേക്കോ സാധാരണ പയനിയർ സേവനത്തിലേക്കോ ഉള്ള ഒരു ചവിട്ടുപടിയായി ഉതകിയേക്കാം. ക്രമമുള്ള രാജ്യഘോഷകരെന്ന നിലയിൽ തുടരവെ ഏപ്രിലിൽ നാം നേടിയെടുക്കുന്ന ആത്മീയ ഊർജസ്വലത തുടർന്നുള്ള മാസങ്ങളിലും നമുക്കു പ്രകടിപ്പിക്കാം.
5 യഹോവയുടെ ജനത്തിലെ ആയിരക്കണക്കിനു പേർക്ക് ഈ മാസം കൂടുതൽ ഭവന ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും എന്നതിൽ സംശയമില്ല. നിങ്ങൾ ഒരു അധ്യയനം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഒരു അധ്യയനം ലഭിക്കുന്നതിനായി യഹോവയോടു പ്രത്യേകം പ്രാർഥിക്കുകയും പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക. ആത്മാർഥ ഹൃദയമുള്ള ഒരു വിദ്യാർഥിയെ കണ്ടെത്താനുള്ള നിങ്ങളുടെ എളിയ അപേക്ഷ യഹോവ വിലമതിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക.—1 യോഹ. 3:22.
6 വയലിൽ സംഭാഷണം ആരംഭിക്കുന്നതിൽ വിജയപ്രദമെന്നു കണ്ടെത്തിയ ഒരു സമീപനം ഇതാ: ഇങ്ങനെ പറഞ്ഞുകൊണ്ടു നിങ്ങൾക്കു തുടങ്ങാൻ കഴിയും, “ഈയടുത്ത കാലത്തായി ചില യുവജനങ്ങൾ കാട്ടിക്കൂട്ടുന്ന അക്രമപ്രവർത്തനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഭൂതസ്വാധീനത്തിന്റെ ഫലമായിരിക്കുമോ? അതോ അത് മാതാപിതാക്കൾ ശരിയായ മാർഗനിർദേശങ്ങൾ നൽകാത്തതു കൊണ്ടായിരിക്കുമോ? നിങ്ങൾക്കെന്തു തോന്നുന്നു?” പ്രതികരണത്തിനു സമയം അനുവദിക്കുക. “ഭൂതസ്വാധീനം” എന്നാണു വ്യക്തി പറയുന്നതെങ്കിൽ വെളിപ്പാടു 12:9, 12 വാക്യങ്ങൾ വായിച്ചിട്ട് ലോകത്തിന്റെ അവസ്ഥ ഇത്ര വഷളായിരിക്കുന്നതിൽ പിശാചിനുള്ള പങ്ക് എടുത്തു കാണിക്കുക. എന്നിട്ട് ആവശ്യം ലഘുപത്രികയുടെ 4-ാമത്തെ പാഠം തുറന്ന് പിശാച് എവിടെനിന്നു വന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു വ്യക്തിയോടു ചോദിക്കുക. ആദ്യത്തെ രണ്ടു ഖണ്ഡികകൾ വായിച്ചു ചർച്ചചെയ്യുക. “മാതാപിതാക്കൾ ശരിയായ മാർഗനിർദേശങ്ങൾ നൽകാത്തത്” ആണ് സ്കൂളുകളിലെ അക്രമങ്ങൾക്കുള്ള കാരണം എന്നു വ്യക്തി പറയുന്നെങ്കിൽ 2 തിമൊഥെയൊസ് 3:1-3 വായിക്കുകയും ഈ സ്ഥിതിവിശേഷത്തിലേക്കു നയിച്ചിരിക്കുന്ന സ്വഭാവസവിശേഷതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക. പിന്നെ ആവശ്യം ലഘുപത്രികയുടെ 8-ാം അധ്യായം തുറന്ന് 5-ാം ഖണ്ഡിക വായിച്ചുകൊണ്ടു ചർച്ച തുടരുക. മടങ്ങിച്ചെല്ലുന്നതിന് ഒരു സമയം ക്രമീകരിക്കാൻ കഴിയുന്നെങ്കിൽ ആ വ്യക്തിയുമായി ക്രമമായ ഒരു ബൈബിൾ അധ്യയനം ആരംഭിക്കാനുള്ള വഴി നിങ്ങൾ തുറക്കുകയായിരിക്കാം. തുടർന്നുള്ള ഏതെങ്കിലും ഒരു സന്ദർശനത്തിൽ, ഇങ്ങനെയുള്ള കാര്യങ്ങൾ പഠിക്കാൻ താത്പര്യമുള്ള മറ്റാരെയെങ്കിലും അറിയാമോ എന്ന് ആ വ്യക്തിയോടു ചോദിക്കുക.
7 ഏപ്രിലിൽ “സൽപ്രവൃത്തികളിൽ ശുഷ്കാന്തി” പ്രകടിപ്പിക്കാൻ കഴിയുന്ന മറ്റൊരു വിധം പ്രസംഗ പ്രവർത്തനത്തിന്റെ വിവിധ വശങ്ങളിൽ ഏർപ്പെടുക എന്നതാണ്. ഒരു പാർക്കിലോ വാഹനങ്ങൾ പാർക്കു ചെയ്യുന്നിടത്തോ ബസ് സ്റ്റോപ്പിലോ റെയിൽവേ സ്റ്റേഷനിലോ സാക്ഷീകരിക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ടെലിഫോൺ സാക്ഷീകരണവും തെരുവിലും ബിസിനസ് പ്രദേശത്തുമുള്ള സാക്ഷീകരണവും പരീക്ഷിച്ചു നോക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവയൊക്കെ ചെയ്യാൻ ഈ മാസം തന്നെ തിരഞ്ഞെടുത്തുകൂടേ? ആവശ്യമായ ധൈര്യം സംഭരിക്കാൻ യഹോവ നിങ്ങളെ സഹായിക്കും. (പ്രവൃ. 4:31; 1 തെസ്സ. 2:2ബി) ശുശ്രൂഷയുടെ ഈ വശങ്ങളിൽ പരിചയമുള്ള ഒരു പയനിയറോടോ പ്രസാധകനോടോ ഒപ്പം പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ഒരുപക്ഷേ കഴിഞ്ഞേക്കും.
8 ശുശ്രൂഷയിലെ തങ്ങളുടെ പങ്കു വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കും. പലപ്പോഴും അതു ചെയ്യുന്നതിന് ഒരു വ്യക്തിയുമായി സൗഹൃദ സംഭാഷണം ആരംഭിക്കുകയേ വേണ്ടൂ. പൊതുതാത്പര്യം ഉണർത്തുന്ന ഒരു വിഷയം എടുത്തിടുക. ഒരുപക്ഷേ 6-ാം ഖണ്ഡികയിൽ നൽകിയിരിക്കുന്ന സമീപനം നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. വെറുതെ പാഴായിപ്പോയേക്കാവുന്ന സമയം, അത് ഏതാനും മിനിട്ടുകൾ ആണെങ്കിൽക്കൂടി നന്നായി ഉപയോഗപ്പെടുത്തുക. പതിനഞ്ചു മിനിട്ടോ പത്തു മിനിട്ടോ, എന്തിന് വെറും അഞ്ചു മിനിട്ടാണെങ്കിൽക്കൂടി അത് അനൗപചാരിക സാക്ഷീകരണത്തിനായി ഫലപ്രദമായി ഉപയോഗിക്കരുതോ?
9 ധ്യാനിക്കുന്നതിനുള്ള സമയം: 1999-2000 “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ നാടകം വിശേഷവത്കരിച്ച ചില ആശയങ്ങൾ മനസ്സിലേക്കു കൊണ്ടുവരിക. നമ്മുടെ ആത്മീയ പൈതൃകത്തെ വിലമതിക്കൽ എന്ന നാടകം യാക്കോബും ഏശാവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധാപൂർവം അവലോകനം ചെയ്യാൻ നമ്മെ പ്രേരിപ്പിച്ചു. യാക്കോബിനെ പോലെ തനിക്കും ആത്മീയ കാര്യങ്ങളിൽ താത്പര്യം ഉണ്ടെന്ന് ഏശാവ് പറഞ്ഞു, എന്നാൽ അവന്റെ പ്രവൃത്തികളിൽ അതു പ്രകടമായിരുന്നില്ല. (ഉല്പ. 25:29-34) നമുക്കുള്ള എത്ര ശക്തമായ ഒരു മുന്നറിയിപ്പ്! യാക്കോബിനെ പോലെ യഹോവയുടെ അനുഗ്രഹത്തിനായി പോരാടാൻ, അതിനായി മല്ലുപിടിക്കാൻ, നാം ഒരുക്കമുള്ളവർ ആയിരിക്കണം. (ഉല്പ. 32:24-29) നമ്മുടെ മഹത്തായ ആത്മീയ പൈതൃകത്തെ ഒരിക്കലും നിസ്സാരമായി വീക്ഷിക്കാതെ ഏപ്രിലിലും തുടർന്നു വരുന്ന മാസങ്ങളിലും നമ്മുടെ തീക്ഷ്ണതയെ നമുക്കു പുതുക്കാം.
10 “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫ. 1:14) അതുകൊണ്ട് രാജ്യസുവാർത്ത അറിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആളുകളുടെ ജീവൻ അപകടത്തിലാണ്! നാം “സൽപ്രവൃത്തികളിൽ ശുഷ്കാന്തി” ഉള്ളവരാണെന്ന് ഐക്യത്തിൽ പ്രകടമാക്കവെ യഹോവയുടെ മുഴു ജനത്തിനും ഇത് ഒരു അനുഗൃഹീത മാസമായിരിക്കട്ടെ.
[4-ാം പേജിലെ ചതുരം]
സ്മാരക ഓർമിപ്പിക്കലുകൾ
ഈ വർഷത്തെ സ്മാരകാചരണം ഏപ്രിൽ 19 ബുധനാഴ്ചയാണ്. മൂപ്പന്മാർ പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
◼ യോഗസമയം നിശ്ചയിക്കുമ്പോൾ സൂര്യാസ്തമയത്തിനു ശേഷം മാത്രമേ ചിഹ്നങ്ങൾ വിതരണം ചെയ്യപ്പെടുകയുള്ളു എന്ന് ഉറപ്പുവരുത്തുക.
◼ പ്രസംഗകൻ ഉൾപ്പെടെയുള്ള എല്ലാവരെയും സ്മാരകാചരണത്തിന്റെ കൃത്യ സമയവും സ്ഥലവും അറിയിച്ചിരിക്കണം.
◼ ഉചിതമായ തരത്തിലുള്ള അപ്പവും വീഞ്ഞും തയ്യാറാക്കി വെച്ചിരിക്കണം.—1985 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജ് കാണുക.
◼ പ്ലെയിറ്റുകൾ, ഗ്ലാസുകൾ, അനുയോജ്യമായ മേശ, മേശവിരി എന്നിവ നേരത്തേതന്നെ ഹാളിൽ ഉചിതമായ സ്ഥലത്തു ക്രമീകരിച്ചിരിക്കണം.
◼ കൂടിവരുന്നതു രാജ്യഹാളിലായാലും മറ്റേതെങ്കിലും സ്ഥലത്തായാലും നേരത്തേതന്നെ അവിടം നന്നായി വൃത്തിയാക്കിയിരിക്കണം.
◼ സേവകന്മാരെയും വിതരണം ചെയ്യുന്നവരെയും മുന്നമേതന്നെ തിരഞ്ഞെടുത്ത് അവരുടെ കർത്തവ്യങ്ങളും ഉചിതമായ നടപടിക്രമങ്ങളും സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകണം.
◼ രോഗിയും ഹാജരാകാൻ അപ്രാപ്തനുമായ ഏതൊരു അഭിഷിക്തനും അപ്പവും വീഞ്ഞും നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണം.
◼ ഒന്നിലധികം സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ പ്രവേശന കവാടം, രാജ്യഹാളിനു വെളിയിലെ പാത, പാർക്കിങ് സ്ഥലം എന്നിവിടങ്ങളിൽ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനു സഭകൾ തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം.