നല്ലതു പ്രവർത്തിക്കുക, പുകഴ്ച നേടുക!
1 “മറ്റുള്ളവരിൽ കണ്ടിട്ടില്ലാത്ത ഒരു ശാന്തഭാവം അവരിൽ ദർശിക്കാൻ കഴിയും.” “ഇവർ വരുന്നത് സന്തോഷകരമാണ്.” കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനെ തുടർന്ന് നിരീക്ഷകരിൽനിന്നു ലഭിച്ച പ്രോത്സാഹജനകമായ അഭിപ്രായ പ്രകടനങ്ങളിൽ ചിലതാണിത്. ഒരു സംഘടന എന്ന നിലയിൽ നമുക്കുള്ള സത്പേരിന് അടിവരയിടുന്നവയാണ് ഇതൊക്കെ. (സദൃ. 27:2; 1 കൊരി. 4:9) ആത്യന്തികമായി ഇത്തരം പുകഴ്ച യഹോവയ്ക്ക് ലഭിക്കുന്നു. (മത്താ. 5:16) ദൈവത്തെ സ്തുതിക്കുന്നതിനുള്ള മറ്റൊരു ഉത്തമ അവസരമാണ് ഈ വർഷത്തെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ നമ്മുടെ മുമ്പാകെ ഉള്ളത്.
2 കൺവെൻഷൻ സമയത്തെ ഉചിതമായ നടത്ത സംബന്ധിച്ച് ദയാപുരസ്സരമായ ഓർമിപ്പിക്കലുകൾ ഓരോ വർഷവും നമുക്കു ലഭിക്കുന്നു. എന്തുകൊണ്ട്? ലോകത്തിന്റെ മനോഭാവവും വസ്ത്രധാരണവും സ്വഭാവരീതിയും അധഃപതിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് അവയെ അനുകരിക്കാൻ നാം വിസമ്മതിക്കുന്നതിനാൽ. നമ്മുടെ സത്പേരിനു കളങ്കം ഏൽക്കാൻ നാം ആഗ്രഹിക്കുന്നില്ല. (എഫെ. 2:2; 4:17) പിൻവരുന്ന മുന്നറിയിപ്പുകൾ നമുക്കു മനസ്സിൽ പിടിക്കാം.
3 നല്ലതു പ്രവർത്തിക്കുക—ഹോട്ടലുകളിൽ: നാം സത്യസന്ധതയ്ക്കു പേരുകേട്ടവരാണ്. (എബ്രാ. 13:18) അതുകൊണ്ട് ഹോട്ടൽ മുറിയിൽ എത്രപേർ താമസിക്കുന്നു എന്നതു സംബന്ധിച്ച് നാം സത്യസന്ധരായിരിക്കണം. അനുവാദം ഇല്ലാത്തപക്ഷം മുറിയിൽ പാചകം ചെയ്യരുത്. യഹോവയുടെ സാക്ഷികൾക്ക് കുറഞ്ഞ വാടകയ്ക്ക് മുറി നൽകാൻ കഴിയുന്നതായി ഒരു മാനേജർ അഭിപ്രായപ്പെട്ടു, കാരണം ടവലുകളൊന്നും മോഷണം പോകുന്നില്ല. മാത്രമല്ല അവർ പരിസരം വൃത്തിയായി സൂക്ഷിക്കും എന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. തീർച്ചയായും ഹോട്ടലിൽ താമസിച്ചതിന്റെ “സ്മാരകമായി” നാം അവിടെനിന്ന് ഒന്നും എടുത്തുകൊണ്ടു പോകാറില്ല. പകരം, ലഭിച്ച സേവനത്തിനുള്ള നന്ദി സൂചകമായി ടിപ്പ് കൊടുക്കുന്ന രീതിയുള്ളിടത്ത് നാം അതു നൽകുന്നു. കൂടാതെ ഹോട്ടൽ ജീവനക്കാരുമായുള്ള ഇടപെടലുകളിൽ നാം എല്ലായ്പോഴും മര്യാദയും ക്ഷമയും പ്രകടമാക്കുന്നു.
4 നമ്മുടെ ചെറുപ്പക്കാരുടെ മര്യാദയോടും അനുസരണയോടും കൂടിയ പെരുമാറ്റം നിരീക്ഷകരിൽ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. (എഫെ. 6:1, 2) മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ നീന്തൽക്കുളം ഉപയോഗിക്കുമ്പോഴോ മറ്റു വിനോദ പരിപാടികളിൽ ഏർപ്പെടുമ്പോഴോ മറ്റുള്ളവർക്കു ശല്യമാകാതിരിക്കാൻ അവരുടെമേൽ ഒരു കണ്ണുണ്ടായിരിക്കണം. കതകുകൾ വലിച്ചടയ്ക്കാതിരിക്കാനും ഒച്ചപ്പാടുണ്ടാക്കാതിരിക്കാനും—വിശേഷിച്ചും രാത്രിയിൽ വളരെ വൈകിയ ശേഷം—എല്ലാവരും ശ്രദ്ധിക്കണം.
5 ഹോട്ടലിൽ താമസിക്കുന്ന സാക്ഷികളല്ലാത്ത ആളുകളോടു പരിഗണന കാണിച്ചുകൊണ്ടും നമുക്കു നല്ലതു പ്രവർത്തിക്കാൻ കഴിയും. കൺവെൻഷൻ പ്രതിനിധികൾ തങ്ങളുടെ ആവശ്യത്തിനായി ഐസ് മെഷീനിലെ മുഴുവൻ ഐസും എടുത്തുകൊണ്ടു പോയതായി ചില ഹോട്ടലുകാർ പരാതിപ്പെട്ടിരിക്കുന്നു. അതുപോലെ, താമസക്കാർക്ക് ഹോട്ടലിൽ ആയിരിക്കെ കഴിക്കുന്നതിന് ഉപചാരാർഥം (compliment) നൽകപ്പെടുന്ന ആഹാര സാധനങ്ങളും കാപ്പിയും മറ്റും പിന്നീട് കഴിക്കുന്നതിനായി എടുത്തുകൊണ്ടു പോകുന്നത് ഉചിതമായിരിക്കില്ല. ഹോട്ടലിലെ പെരുമാറ്റ ചട്ടങ്ങൾ നമുക്കു ബാധകമല്ല എന്ന് ഒരിക്കലും വിചാരിക്കരുത്.
6 നല്ലതു പ്രവർത്തിക്കുക—കൺവെൻഷൻ സ്ഥലത്ത്: ചിലർ സേവകന്മാരോട് ക്രിസ്തീയമല്ലാത്ത വിധത്തിൽ സംസാരിക്കുക പോലും ചെയ്തുകൊണ്ട് അവരുമായി സഹകരിക്കാൻ വിസമ്മതിച്ചിരിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. സഹോദരന്മാരുടെ നിർദേശം ചെവിക്കൊള്ളാതെ നിയമപരമായി പാർക്കുചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് കാർ പാർക്കു ചെയ്തതിന്റെ ഫലമായി ചിലരുടെ കാറുകൾ പോലീസ് പിടിച്ചുകൊണ്ടു പോയിട്ടുണ്ട്. തീർച്ചയായും ഞാൻ-മുമ്പേ മനോഭാവം ഒരുവനെ നന്മ ചെയ്യുന്നവനായി തിരിച്ചറിയിക്കില്ല, അത് യഹോവയ്ക്കു സ്തുതി കരേറ്റുകയുമില്ല. അതുകൊണ്ട് നമുക്ക് സ്നേഹവും ക്ഷമയും സഹകരണവും പ്രകടമാക്കുന്നവരായിരിക്കാം.—ഗലാ. 5:22, 23, 25.
7 രാവിലെ 8 മണിക്ക് കൺവെൻഷൻ ഹാൾ തുറക്കുമ്പോൾ “ഏറ്റവും നല്ല” ഇരിപ്പിടം ലഭിക്കുന്നതിനായി ചില സഹോദരീസഹോദരന്മാർ മറ്റുള്ളവരെ ഉന്തിത്തള്ളി ഓടുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം പെരുമാറ്റം മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഉച്ചയ്ക്കു കഴിക്കുന്നതിന് ലഘുഭക്ഷണം കൊണ്ടുവരാൻ നിർദേശിച്ചിട്ടുള്ള സ്ഥിതിക്ക് വിപുലമായ ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നത് ഉചിതമായിരിക്കില്ല. വളരെയധികം ആളുകൾ കൂട്ടംകൂടി അപ്രകാരം ചെയ്യുന്നത് ഒരു പാർട്ടിയുടെയോ പിക്നിക്കിന്റെയോ പ്രതീതി ഉളവാക്കും.
8 നല്ലതു പ്രവർത്തിക്കുക—നമ്മുടെ വസ്ത്രധാരണത്തിലൂടെയും ചമയത്തിലൂടെയും: കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനെ തുടർന്ന് ഒരു വലിയ നഗരത്തിലെ വർത്തമാനപ്പത്രത്തിന്റെ പത്രാധിപർ ഇപ്രകാരം എഴുതി: “എല്ലാറ്റിലും ഉപരി സാക്ഷികളുടെ പെരുമാറ്റമാണ് ഏറ്റവും ശ്രദ്ധേയമായിരുന്നത്. ഇത്ര വലിയ ഒരു കൂട്ടം ആളുകൾ മാന്യതയോടും ആദരവോടും കൂടെ നീങ്ങുന്ന കാഴ്ച എത്ര നവോന്മേഷദായകമായിരുന്നു. എല്ലാ വർഗ-വംശ പശ്ചാത്തലങ്ങളിൽനിന്നും ഉള്ള നൂറുകണക്കിനു കുടുംബങ്ങൾ ഏറ്റവും നന്നായി വസ്ത്രധാരണം ചെയ്ത് ശാന്തരായി കൺവെൻഷൻ സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. അവിടെ സാധാരണ കൂടിവരാറുള്ള ആളുകളുടെ പെരുമാറ്റരീതിയും ഇവരുടേതും തമ്മിൽ രാപകൽ വ്യത്യാസമുണ്ടായിരുന്നു. പൊതുവെ പറഞ്ഞാൽ, മിക്ക ആളുകളിൽനിന്നും സാക്ഷികൾ വളരെ വ്യത്യസ്തരാണ്. ആളുകൾക്കിടയിൽ പരുഷമായ പെരുമാറ്റം ഇന്ന് സർവസാധാരണം ആയിത്തീർന്നിരിക്കുന്നു. . . . തീർച്ചയായും, സാക്ഷികളുടെ കൂട്ടത്തെ കാണുന്നത് വളരെ നവോന്മേഷദായകമാണ്.” നമ്മുടെ വസ്ത്രധാരണത്തിലൂടെയോ ചമയത്തിലൂടെയോ അല്ലെങ്കിൽ നമ്മുടെ നടത്തയിലൂടെയോ കൺവെൻഷന്റെ ആത്മീയ അന്തരീക്ഷത്തിനു യാതൊരു വിധത്തിലും കോട്ടം തട്ടാതിരിക്കാൻ നമുക്കു ശ്രദ്ധയുള്ളവരായിരിക്കാം.—ഫിലി. 1:10, NW; 1 തിമൊ. 2:9, 10.
9 നല്ലതു പ്രവർത്തിക്കുക—സ്നാപന സമയത്ത്: സ്നാപനാർഥികൾ സ്നാപന വേളയെ ഏറ്റവും മാന്യതയോടെ കണക്കാക്കാൻ ആഗ്രഹിക്കും. മാന്യമായ സ്നാന വസ്ത്രം ധരിക്കുന്നത് ആ അവസരത്തിന്റെ പരിശുദ്ധിയോടുള്ള വിലമതിപ്പു പ്രകടമാക്കും. അധ്യയനം നടത്തുന്നവർ കൺവെൻഷനു ഹാജരാകുന്നതിനു മുമ്പ് തങ്ങളുടെ ബൈബിൾ അധ്യേതാക്കളുമായി 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗം ചർച്ച ചെയ്യുന്നത് ഏറ്റവും പ്രയോജനകരമായിരിക്കും.
10 നമ്മുടെ ചമയവും ദൈവിക നടത്തയും നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം നൽകുന്നു. കൂടാതെ അത് ആത്മാർഥ ഹൃദയരായ ആളുകൾക്ക് സത്യം തിരിച്ചറിയുന്നത് എളുപ്പമാക്കിത്തീർക്കുന്നു. അതുകൊണ്ട് “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുമ്പോൾ നമുക്ക് ‘നല്ലതു പ്രവർത്തിക്കുന്നതിൽ’ തുടരുകയും പുകഴ്ച നേടുകയും ചെയ്യാം.—റോമ. 13:3, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.