പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
പുതിയ സേവനവർഷത്തിലെ പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയത്തിന് ഒരു തിരുവെഴുത്ത് അടിസ്ഥാനമുണ്ട്: “ദൈവത്തിനു കീഴടങ്ങുക—പിശാചിനോട് എതിർത്തുനിൽക്കുക.” (യാക്കോ. 4:7) വെല്ലുവിളി നിറഞ്ഞ ഇക്കാലത്ത് ആവശ്യമായ ഉത്തമ മാർഗനിർദേശമാണിത്! നാം ദൈവകൽപ്പനകൾ അനുസരിക്കുന്നത് നമ്മെ സാത്താനുമായി നേരിട്ടുള്ള പോരാട്ടത്തിൽ ആക്കിവെക്കുന്നു. പിശാച് കൊണ്ടുവരുന്ന വിശ്വാസത്തെ തകർക്കുന്നതരം ദുഷ്ടപദ്ധതികൾക്ക് എതിരെ ഉറച്ചുനിൽക്കേണ്ടത് എങ്ങനെയെന്ന് ഈ പരിപാടി നമ്മെ പഠിപ്പിക്കും. ഈ സമ്മേളനത്തിലൂടെ ലഭിക്കുന്ന ചില ആത്മീയ നിധികൾ ഏവയാണ്?
‘ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന നിലയിൽ ദൈവിക കീഴ്പെടൽ പ്രകടമാക്കുന്നത്’ ലോകത്തിന്റെ സമ്മർദങ്ങളെ ചെറുത്തു നിൽക്കാൻ കുടുംബങ്ങളെ എങ്ങനെ ശക്തീകരിക്കും എന്ന് സർക്കിട്ട് മേൽവിചാരകൻ വ്യക്തമാക്കും. “പിശാചിനോട് എതിർത്തുനിൽക്കുക എന്നതിന്റെ അർഥമെന്ത്?” എന്ന സന്ദർശക പ്രസംഗകന്റെ ആദ്യ പ്രസംഗം, നമ്മുടെ ആത്മീയതയെ തകർക്കാനുള്ള സാത്താന്റെ ഉദ്ദേശ്യത്തെ ചെറുത്തു നിൽക്കുന്നതിന് നാം എന്തുകൊണ്ട്, എങ്ങനെ ഉറച്ച നടപടികൾ സ്വീകരിക്കണം എന്നു വിശദീകരിക്കും. രണ്ടു പരിപാടികൾ വിശേഷാൽ യുവജനങ്ങൾക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്, കാരണം പിശാചിന്റെ തന്ത്രങ്ങൾ സംബന്ധിച്ച് അവരും ജാഗരൂകരായിരിക്കണമല്ലോ. ഇപ്പോൾ മുതിർന്നവരായിരിക്കുന്ന അനേകം ക്രിസ്ത്യാനികളും തങ്ങളുടെ ചെറുപ്പകാലത്ത് ലോകത്തിന്റെ മോഹങ്ങൾക്കു കീഴ്പെടാൻ വിസമ്മതിച്ചു. അവരുടെ അനുഭവങ്ങൾ കേൾക്കുന്നത് നാം തീർച്ചയായും ആസ്വദിക്കും.
മനുഷ്യ സമൂഹത്തിലെ എല്ലാവരും അധികാരത്തോടു കീഴ്പെടൽ പ്രകടമാക്കുന്നത് ആവശ്യമാണ്. നാം ദൈവിക കീഴ്പെടൽ പ്രകടമാക്കേണ്ട നാലു മണ്ഡലങ്ങൾ സന്ദർശക പ്രസംഗകന്റെ ഉപസംഹാര പ്രസംഗം വിശേഷവത്കരിക്കും: (1) ഗവൺമെന്റുകളോട് (2) സഭയിൽ (3) ലൗകിക തൊഴിലിൽ (4) കുടുംബവൃത്തത്തിൽ. എത്ര പ്രായോഗികമായ പരിപാടി!
ഈ പ്രത്യേക സമ്മേളനദിനത്തിൽ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്നുതന്നെ അധ്യക്ഷമേൽവിചാരകനെ വിവരം അറിയിക്കണം. എല്ലാവരും ഈ സമ്മേളനത്തിന്റെ തീയതി കലണ്ടറിൽ കുറിച്ചിടുകയും മുഴു പരിപാടിക്കും ഹാജരാകാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയും വേണം. നാം യഹോവയ്ക്കു നിത്യമായി കീഴ്പെടുമളവിൽ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളും നിത്യമായിരിക്കും.