“എനിക്ക് എവിടെ സമയം കണ്ടെത്താനാകും?”
1 മിക്കവരുടെയും ഒരു പരാതിയാണത്, കാരണം പലവിധ പ്രവർത്തനങ്ങളാൽ തിരക്കേറിയതാണ് നമ്മുടെ ജീവിതം. നമ്മുടെ ആസ്തികളിൽ ഏറ്റവും മൂല്യവത്തും ക്ഷണികവുമായത് സമയമാണെന്നു പറയപ്പെട്ടിരിക്കുന്നു. ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതുപോലെ ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങൾക്കായി നമുക്ക് എവിടെ സമയം കണ്ടെത്താനാകും?—ഫിലി. 1:10, NW.
2 അതിനുള്ള താക്കോൽ, കൂടുതൽ സമയത്തിനായി അന്വേഷിക്കുന്നതല്ല, മറിച്ച് ഉള്ള സമയം നാം എങ്ങനെ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്നു തീരുമാനിക്കുന്നതാണ്. നമുക്ക് എല്ലാവർക്കും ആഴ്ചയിൽ 168 മണിക്കൂർ ഉണ്ട്. അതിൽ ഏതാണ്ട് 100 മണിക്കൂർ ഉറക്കത്തിനും ജോലിക്കുമായി വിനിയോഗിക്കുന്നു. ശേഷിച്ച സമയം നമുക്ക് എങ്ങനെ ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാനാകും? നാം ‘ബുദ്ധിഹീനരായിരിക്കാതെ ജ്ഞാനികളായി നടക്കാനും അവസരോചിത സമയം വിലയ്ക്കുവാങ്ങാനും യഹോവയുടെ ഇഷ്ടം എന്താണെന്ന് അന്വേഷിക്കാനും’ എഫെസ്യർ 5:15-17 (NW) ശുപാർശ ചെയ്യുന്നു. അതിന്റെ അർഥം അനിവാര്യമെന്ന് യഹോവ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതിനായി നാം എല്ലാ അവസരവും പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നാണ്.
3 യേശു നമ്മുടെ നാളുകളെ നോഹയുടെ നാളുകളോട് ഉപമിച്ചു. (ലൂക്കൊ. 17:26, 27) അന്നത്തെ ആളുകൾ അനുദിന ജീവിത കാര്യാദികളിൽ മുഴുകിയിരുന്നു. എന്നിരുന്നാലും, ബൃഹത്തായ ഒരു പെട്ടകം പണിയുന്നതിനും പ്രസംഗിക്കുന്നതിനും നോഹ സമയം കണ്ടെത്തി. (എബ്രാ. 11:7; 2 പത്രൊ. 2:5) എങ്ങനെ? ദൈവേഷ്ടത്തിനു പ്രഥമ സ്ഥാനം നൽകിക്കൊണ്ടും “അങ്ങനെ തന്നേ” കാര്യങ്ങൾ ചെയ്യുകവഴി ദൈവത്തെ അനുസരിച്ചുകൊണ്ടും.—ഉല്പ. 6:22.
4 എന്താണ് പ്രഥമ സ്ഥാനത്തു വരേണ്ടത്? യേശു പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (മത്താ. 4:4) ഓരോ വാരത്തിലും നമുക്ക് ‘തക്കസമയത്തെ [ആത്മീയ] ആഹാരവീതം’ ലഭിക്കുന്നു. (ലൂക്കൊ. 12:42) അതിൽനിന്നെല്ലാം പൂർണ പ്രയോജനം ലഭിക്കുന്നതിന് ക്രമമായ അടിസ്ഥാനത്തിലുള്ള വ്യക്തിപരമായ വായനയ്ക്കും പഠനത്തിനുമായി ഒരു പട്ടിക ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ആത്മീയാഹാരത്തോടുള്ള വിലമതിപ്പു നിമിത്തം, യാത്രയ്ക്കിടയിൽ പെട്ടെന്നു കഴിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് സെന്ററുകളിൽനിന്നു വാങ്ങുന്ന ആഹാരസാധനങ്ങൾ പോലെ നാം അതിനെ കണക്കാക്കുന്നില്ല. താളുകൾ ഓടിച്ചുവായിച്ചു വിടുന്നതിനു പകരം ആത്മീയ കാര്യങ്ങൾ പഠിക്കുന്നതിനും ആസ്വദിക്കുന്നതിനും സമയം എടുക്കാൻ ഉചിതമായ വിലമതിപ്പ് നമ്മെ പ്രേരിപ്പിക്കുന്നു.
5 ആത്മീയാഹാരം ഭക്ഷിക്കുന്നതിന് നമ്മെ നിത്യജീവനിലേക്കു നയിക്കാനാകും. (യോഹ. 17.3) നമ്മുടെ അനുദിന പട്ടികയിൽ അത് പ്രഥമ സ്ഥാനം അർഹിക്കുന്നു. ദൈനംദിന ബൈബിൾ വായനയ്ക്കും ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാകുന്നതിനും സമയം കണ്ടെത്താൻ നമുക്കു കഴിയുമോ? ഉവ്വ്. അപ്പോൾ, ദൈവേഷ്ടം അറിയുന്നതിൽനിന്നും ചെയ്യുന്നതിൽനിന്നും വരുന്ന “വലിയ പ്രതിഫലം” നമുക്കു ലഭിക്കും.—സങ്കീ. 19:7-11, NW.