പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
1 മാധ്യമങ്ങളും ലോകത്തിലെ വിദ്യാഭ്യാസ വിചക്ഷണരും ഭൗതിക ധനത്തെ പ്രകീർത്തിക്കുമ്പോൾ, ‘സത്പ്രവൃത്തികളിൽ സമ്പന്നരായിരിക്കുക’ എന്ന് ദൈവവചനം ആഹ്വാനം ചെയ്യുന്നു. (1 തിമൊ. 6:18) അതാണ് 2003 ഏപ്രിലിൽ ആരംഭിക്കുന്ന പ്രത്യേക സമ്മേളനദിന പരിപാടിയുടെ പ്രതിപാദ്യവിഷയം. ഈ സമ്മേളനത്തിൽനിന്നും നമുക്ക് എന്തു പ്രോത്സാഹനം ലഭിക്കും?
2 “ദൈവദൃഷ്ടിയിൽ സമ്പന്നരായിരിക്കുക” എന്നതിന്റെ അർഥം സംബന്ധിച്ച് സർക്കിട്ട് മേൽവിചാരകൻ ചർച്ചചെയ്യും. തുടർന്ന് ആത്മീയ ധനം സമ്പാദിക്കുന്നതിനായി പ്രയത്നിക്കുന്ന ചിലരുമായി അദ്ദേഹം അഭിമുഖം നടത്തും. ദൈവജനം “ഈ കൊയ്ത്തുകാലത്ത് സത്പ്രവൃത്തികൾ” ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് തന്റെ ആദ്യപ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ വിവരിക്കും. ഇന്നു നിറവേറ്റപ്പെടുന്ന ദിവ്യനിയമിത കൊയ്ത്തുവേലയിൽ കൂടുതൽ തികവോടെ എങ്ങനെ ഏർപ്പെടാം എന്നു പരിചിന്തിക്കാൻ നാം ഓരോരുത്തരും പ്രോത്സാഹിപ്പിക്കപ്പെടും.
3 ക്രിസ്തീയ യുവജനങ്ങൾ ആത്മീയ ധനസമ്പാദനത്തിനായി പ്രവർത്തിക്കുന്നത് കാണുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! ഇതു യഹോവയെ മഹത്ത്വപ്പെടുത്തുകയും ഭാവിയിലെ കൂടുതലായ സേവന പദവികൾക്കായി ഒരു നല്ല അടിസ്ഥാനം ഇടാൻ യുവജനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ക്രിസ്തീയ യുവജനങ്ങൾ പ്രാദേശികമായി ചെയ്തുവരുന്ന സത്പ്രവൃത്തികളെ വിശേഷവത്കരിക്കുന്നതായിരിക്കും “യഹോവയെ സ്തുതിക്കുന്നതിലെ സത്പ്രവൃത്തികൾക്ക് യുവജനങ്ങളെ അഭിനന്ദിക്കൽ” എന്ന ഭാഗം.
4 സത്പ്രവൃത്തികളിൽ തുടരുന്നതിന്റെ ഫലങ്ങൾ എന്തൊക്കെയാണ്? ഇതിനുള്ള ഉത്തരം “സത്പ്രവൃത്തികളിൽ തുടരുക, യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ കൊയ്യുക” എന്ന തന്റെ സമാപന പ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ വിശദീകരിക്കും. നാം സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യുന്ന നാലു മണ്ഡലങ്ങൾ അദ്ദേഹം വിവരിക്കും: (1) വ്യക്തിപരമായി (2) കുടുംബമെന്ന നിലയിൽ (3) സഭയെന്ന നിലയിൽ (4) ലോകവ്യാപക സംഘടനയെന്ന നിലയിൽ.
5 പുതുതായി യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നവർക്കു സ്നാപനമേൽക്കാനുള്ള അവസരം ഉണ്ടായിരിക്കും. ആ പടി സ്വീകരിക്കാൻ നിങ്ങൾ തയ്യാറായിരിക്കുന്നെങ്കിൽ ഉടനെതന്നെ സഭയിലെ അധ്യക്ഷ മേൽവിചാരകനെ അത് അറിയിക്കുക.
6 നിങ്ങളുടെ പ്രദേശത്തു ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന്റെ തീയതി അറിഞ്ഞാലുടൻ, ഹാജരാകാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുചേരാൻ തക്കവണ്ണം നേരത്തേ എത്തിച്ചേരാൻ ശ്രമിക്കുക. പ്രത്യേക സമ്മേളന ദിനത്തിലെ മുഴു പരിപാടിക്കും സന്നിഹിതരായിരുന്നുകൊണ്ട് അതിന് അടുത്തശ്രദ്ധ നൽകുന്നത് നമ്മുടെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നമ്മെ യഥാർഥത്തിൽ സമ്പന്നരാക്കുന്ന ഒരു ജീവിതം നയിക്കുന്നതിൽ തുടരുന്നതിന് നമ്മെ ശക്തരാക്കും.