അന്ത്യം അടുത്തുവരവേ സുബോധമുള്ളവർ ആയിരിക്കുക
1 യഹോവയുടെ ദിവസം വരുന്നത് ഒരു “കള്ളനെപ്പോലെ,” പെട്ടെന്നും അപ്രതീക്ഷിതമായും ആയിരിക്കുമെന്ന് ദൈവവചനം ആവർത്തിച്ചു വ്യക്തമാക്കുന്നു. (1 തെസ്സ. 5:2; മത്താ. 24:43; 2 പത്രൊ. 3:10; വെളി. 3:3; 16:15) “അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ” എന്ന് യേശു പറഞ്ഞു. (മത്താ. 24:44) അന്ത്യം അടുത്തുവരവേ ആത്മീയമായി ഒരുങ്ങിയിരിക്കുന്നതിൽ തുടരാൻ നമുക്ക് എങ്ങനെ സാധിക്കും? ‘സുബോധമുള്ളവർ ആയിരിപ്പിൻ’ എന്ന നിശ്വസ്ത ബുദ്ധിയുപദേശത്തിൽ അതിനുള്ള ഉത്തരം അടങ്ങിയിട്ടുണ്ട്.—1 പത്രൊ. 4:7.
2 സുബോധമുള്ളവർ ആയിരിക്കുന്നതിൽ യഹോവയുടെ കാഴ്ചപ്പാടിൽ നിന്ന് കാര്യങ്ങളെ വീക്ഷിക്കുന്നത് ഉൾപ്പെടുന്നു. (എഫെ. 5:17) ഈ വ്യവസ്ഥിതിയിൽ ‘പ്രവാസികളും പരദേശികളുമായി’ നമ്മെത്തന്നെ കാണാൻ ഇതു നമ്മെ സഹായിക്കുന്നു. (1 പത്രൊ. 2:11) കൂടാതെ യഥാർഥ പ്രാധാന്യമുള്ള കാര്യങ്ങൾ തിരിച്ചറിയാനും മുൻഗണനകൾ വെക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ഇതു നമ്മെ പ്രാപ്തരാക്കുന്നു.—ഫിലി. 1:10, NW.
3 ആത്മീയ ലാക്കുകൾ വെക്കുക: ആത്മീയ ലാക്കുകൾ വെക്കുന്നതും അവയിൽ എത്തിച്ചേരുന്നതും സുബോധമുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കുന്നു. എത്തിച്ചേരാനായി നിങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ലാക്കുകൾ ഉണ്ടോ? ദിവസവും ബൈബിൾ വായിക്കുന്നതിനും ക്രിസ്തീയ യോഗങ്ങൾക്കെല്ലാം ഹാജരാകുന്നതിനും വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ എല്ലാ ലക്കങ്ങളും വായിക്കുന്നതിനും അതുപോലെ ശുശ്രൂഷയിലെ പങ്കു വർധിപ്പിക്കുന്നതിനും നിങ്ങൾ കഠിനശ്രമം ചെയ്യുന്നുണ്ടോ? ഉചിതമായ ലാക്കുകൾ വെക്കുകയും അവയിൽ എത്തിച്ചേരാൻ ദൃഢനിശ്ചയത്തോടെ യത്നിക്കുകയും നിങ്ങളുടെ ശ്രമങ്ങളുടെ മേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ അതു കൈവരുത്തുന്ന സത്ഫലങ്ങൾ നിങ്ങളെ അതിശയിപ്പിച്ചേക്കാം.
4 ഒരിക്കൽ ഒരു യുവദമ്പതികളോട് അവരുടെ ആത്മീയ ലാക്കുകളെപ്പറ്റി ഒരു മൂപ്പൻ അന്വേഷിച്ചു. ജീവിതം ലളിതമാക്കുകയും കടബാധ്യത ഒഴിവാക്കുകയും ചെയ്താൽ തങ്ങൾക്കു പയനിയറിങ് ചെയ്യാനാകും എന്നു തിരിച്ചറിയാൻ ആ ചോദ്യം അവരെ സഹായിച്ചു. ആ ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ അവർ ശുഷ്കാന്തിയോടെ കടം മുഴുവൻ വീട്ടുകയും തങ്ങളുടെ സമയവും ഊർജവും കവർന്നെടുത്തിരുന്ന അനാവശ്യ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ നടപടി കൈക്കൊള്ളുകയും ചെയ്തു. കൃത്യം ഒരു വർഷംകൊണ്ട് അവർ തങ്ങളുടെ ലക്ഷ്യത്തിൽ എത്തിച്ചേർന്നു. അതിന്റെ ഫലം എന്തായിരുന്നു? ആ കുടുംബനാഥൻ ഇപ്രകാരം പറയുന്നു: “ലാക്കുകൾ വെച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേരുമായിരുന്നില്ല. ഇപ്പോൾ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. മെച്ചപ്പെട്ട, കൂടുതൽ പ്രശാന്തമായ ഒരു ജീവിതം ഞങ്ങൾ ആസ്വദിക്കുന്നു. ജീവിതത്തിന് യഥാർഥ അർഥവും ഉദ്ദേശ്യവും കൈവന്നിരിക്കുന്നു.”
5 യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, ദൈവേഷ്ടം ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച് സുബോധമുള്ളവരായി ജീവിതം നയിച്ചുകൊണ്ട് ആത്മീയമായി ഒരുങ്ങിയിരിക്കുന്നതിൽ നമുക്കു തുടരാം.—തീത്തൊ. 2:11-13.