നിങ്ങളുടെ ഭവനം ലഭ്യമാക്കാൻ നിങ്ങൾക്കു കഴിയുമോ?
1 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളിൽ പലരും സഭായോഗങ്ങൾക്കായി തങ്ങളുടെ ഭവനങ്ങൾ ലഭ്യമാക്കിയിരുന്നു. (1 കൊരി. 16:19; കൊലൊ. 4:15; ഫിലേ. 1, 2) ഇന്ന് ചില സഭകളിൽ, സഭാ പുസ്തകാധ്യയനത്തിനും വയൽസേവന യോഗങ്ങൾക്കും കൂടിവരുന്നതിന് വേണ്ടത്ര സൗകര്യങ്ങളില്ല. തന്മൂലം ചില പുസ്തകാധ്യയന കൂട്ടങ്ങളിൽ 30-ഓ അതിലധികമോ പേർ കൂടിവരേണ്ട സ്ഥിതി സംജാതമായേക്കാം—ഒരു കൂട്ടത്തിൽ ഏതാണ്ട് 15 പേർ കൂടിവരാനാണ് ശുപാർശ ചെയ്യുന്നത്.
2 ഒരു വിശിഷ്ട പദവി: സഭാ പുസ്തകാധ്യയനത്തിന് നിങ്ങളുടെ ഭവനം വിട്ടുകൊടുക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വൃത്തിയും വെളിച്ചവും വായുസഞ്ചാരവും ആവശ്യത്തിന് വലുപ്പവുമുള്ള ഒരു മുറിയാണ് അഭികാമ്യം. പുസ്തകാധ്യയനം ഒരു സഭായോഗമാണ്; തന്റെ ജനത്തെ പ്രബോധിപ്പിക്കുന്നതിനുള്ള യഹോവയുടെ ക്രമീകരണത്തിന്റെ ഭാഗമാണ് അത്. തന്നിമിത്തം നിങ്ങളുടെ ഭവനത്തിൽ ഒരു പുസ്തകാധ്യയനം നടത്തപ്പെടുന്നെങ്കിൽ അതൊരു വിശിഷ്ട പദവിതന്നെയാണ്. തങ്ങളുടെ ഭവനം ഇതിനുവേണ്ടി ലഭ്യമാക്കിയിരിക്കുന്ന അനേകർ അതുമൂലം തങ്ങൾ ആത്മീയ പ്രയോജനം അനുഭവിച്ചിരിക്കുന്നതായി വിവരിക്കുന്നു.
3 നിങ്ങളുടെ ഭവനം അനുയോജ്യമാണെന്നു നിങ്ങൾ കരുതുന്നെങ്കിൽ ദയവായി മൂപ്പന്മാരോട് അക്കാര്യം പറയുക. അവർ ഒരു സ്ഥലം അന്വേഷിക്കുകയായിരിക്കാം. നിങ്ങളുടെ ഭവനത്തിൽ ഒരു പുസ്തകാധ്യയനം ക്രമീകരിക്കുന്നതിനു പറ്റിയ സാഹചര്യങ്ങൾ ഇല്ലെങ്കിൽപ്പോലും അവിടെ വെച്ച് വയൽസേവന യോഗങ്ങൾ നടത്താൻ കഴിയുമോ? തത്കാലം ഒരു പുതിയ സ്ഥലത്തിന്റെ ആവശ്യമില്ലെങ്കിൽക്കൂടി നിങ്ങളുടെ ഭവനം ലഭ്യമാണെന്ന് അറിയുന്നത് മൂപ്പന്മാർ വിലമതിക്കും. ഭാവിയിൽ നിങ്ങൾക്ക് ആ പദവി ലഭിച്ചേക്കാം.
4 നല്ല പെരുമാറ്റ മര്യാദകൾ പാലിക്കുക: സ്വകാര്യ ഭവനങ്ങളിൽ കൂടിവരുമ്പോൾ സന്നിഹിതരാകുന്ന എല്ലാവരും ആതിഥേയന്റെ വസ്തുവകകളോട് ആദരവു കാണിക്കണം. തങ്ങളുടെ കുട്ടികൾ ഭവനത്തിലെ സ്വകാര്യ മുറികളിലും മറ്റും കയറിയിറങ്ങാതെ, അധ്യയനം നടക്കുന്ന സ്ഥലത്തുതന്നെ ഇരിക്കുന്നുവെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം. അയൽപക്കത്തുള്ളവരെ അനാവശ്യമായി അലോസരപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവരോടും നാം പരിഗണന കാണിക്കണം.—2 കൊരി. 6:3, 4; 1 പത്രൊ. 2:12.
5 “നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും [“നിങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലും,” പി.ഒ.സി. ബൈബിൾ] മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു” എന്ന് എബ്രായർ 13:16 നമ്മോടു പറയുന്നു. നിങ്ങളുടെ ഭവനം ഒരു സഭായോഗത്തിനു ലഭ്യമാക്കുന്നത്, നിങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനും നിങ്ങളുടെ ‘വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കു’ന്നതിനുമുള്ള ഒരു വിശിഷ്ട മാർഗമാണ്.—സദൃ. 3:9, NW.