യഹോവ അത്യന്തം സ്തുത്യനാകുന്നു
കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്മാരകം ഏപ്രിൽ 16-ന് ആചരിക്കും
1 രണ്ടായിരത്തിമൂന്ന് ഏപ്രിൽ 16 അടുത്തുവരവേ നാം കൂടുതൽ ആകാംക്ഷാഭരിതരാകുകയാണ്. അന്നു രാത്രി, യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്നതിൽ ലോകവ്യാപകമായുള്ള ദശലക്ഷക്കണക്കിനു സഹാരാധകരോടൊപ്പം ചേർന്നുകൊണ്ട് നാം യേശുവിന്റെ മരണത്തെ അനുസ്മരിക്കും. അതിമഹത്തായ മറുവിലക്രമീകരണം ചെയ്ത യഹോവ നമ്മുടെ സകല സ്തുതിക്കും അർഹനാണ്. മറുവില അനുസരണമുള്ള മനുഷ്യവർഗത്തിന് ദൈവത്തിൽനിന്നുള്ള അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. അതുകൊണ്ട് സങ്കീർത്തനക്കാരനോടൊത്തു നാം മുഴുഹൃദയത്തോടെ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.”—സങ്കീ. 145:3.
2 ദൈവത്തിന്റെ നന്മയെയും “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ച”തിന് നാം യഹോവയോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നതിനെയും കുറിച്ചു ധ്യാനിക്കാനുള്ള ഒരു സമയമാണ് ഇത്. (1 യോഹ. 4:9, 10) അനുസരണയോടെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ സ്മാരകം ആചരിക്കുന്നത്, ‘യഹോവ കൃപയും കരുണയും മഹാദയയും ഉള്ളവൻ’ ആണെന്ന വസ്തുത നമ്മുടെ മനസ്സിൽ പതിയാൻ ഇടയാക്കുന്നു. (സങ്കീ. 145:8) യഥാർഥത്തിൽ, മുഴു മനുഷ്യവർഗത്തോടുമുള്ള യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനമാണ് മറുവില. (യോഹ. 3:16) ദൈവസ്നേഹത്തെയും യേശു പിൻപറ്റിയ ദൃഢവിശ്വസ്തതയുടെ ഗതിയെയും കുറിച്ചു സ്മരിക്കുന്നത് യഹോവയെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നമുക്കു നിത്യജീവൻ സാധ്യമാക്കിയതിലൂടെ ദൈവം പ്രകടമാക്കിയ നിസ്സീമമായ സ്നേഹത്തെപ്രതി നിത്യതയിൽ ഉടനീളം നാം അവനെ സ്തുതിക്കും.—സങ്കീ. 145:1, 2.
3 യഹോവയെ സ്തുതിക്കാൻ മറ്റുള്ളവരെ സഹായിക്കുക: ദൈവം പ്രദാനം ചെയ്ത മറുവിലയെന്ന അതിശ്രേഷ്ഠ ദാനത്തോടുള്ള വിലമതിപ്പ് യഹോവയെ സ്തുതിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നു. നിശ്വസ്തതയിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.” (സങ്കീ. 145:7) പ്രസംഗവേലയിൽ യഹോവയുടെ സാക്ഷികൾ കഴിഞ്ഞ വർഷം മാത്രം നൂറു കോടിയിലധികം മണിക്കൂർ ചെലവഴിച്ചു. അവരുടെ ശ്രമങ്ങളുടെ ഫലം എന്തായിരുന്നു? വാരന്തോറും ശരാശരി 5,100-ലധികം പേർ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചു സ്നാപനമേറ്റു. മൊത്തം 1,55,97,746 പേർ സ്മാരകത്തിനു ഹാജരായി. അവരിൽ 90 ലക്ഷത്തിലധികം പേർ സുവാർത്തയുടെ പ്രസാധകരെന്ന നിലയിൽ യഹോവയെ സ്തുതിക്കാൻ തുടങ്ങിയിട്ടില്ലാത്തവരാണ്. ഇത് ഇനിയും വലിയ വർധനയ്ക്കു സാധ്യത ഉണ്ടെന്നു കാണിക്കുന്നു! രാജ്യ ഘോഷകർ എന്ന നിലയിൽ സുവാർത്ത പ്രഖ്യാപിക്കുന്നതിനും മറ്റുള്ളവരുടെ ഹൃദയങ്ങളെ യഹോവയിലേക്കും അവന്റെ പുത്രനിലേക്കും രാജ്യത്തിലേക്കും തിരിക്കുന്നതിനുമുള്ള പദവിയെ നാം അമൂല്യമായി കരുതുന്നു.
4 യഹോവയെ മഹത്ത്വപ്പെടുത്താൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു നല്ല വിധം സ്മാരകാചരണത്തിൽ നമ്മോടു ചേരാൻ അവരെ ക്ഷണിക്കുക എന്നതാണ്. സ്മാരകത്തിനു നിങ്ങൾ ക്ഷണിക്കാൻ ഉദ്ദേശിക്കുന്നവരുടെയും അതുപോലെതന്നെ ദിവസവും സമയവും ഓർമിപ്പിക്കേണ്ടി വന്നേക്കാവുന്ന മറ്റുള്ളവരുടെയും ഒരു ലിസ്റ്റ് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ലിസ്റ്റിൽ ഉള്ള എല്ലാവരെയും നിങ്ങൾ ക്ഷണിച്ചോ? ഇല്ലെങ്കിൽ, ശേഷിക്കുന്ന സമയത്ത് അത് ഉത്സാഹത്തോടെ ചെയ്യുക. ഈ ആചരണത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ അവരെ സഹായിക്കുക. ആചരണത്തിനായി കൂടിവരുമ്പോൾ സന്ദർശകരെ അഭിവാദനം ചെയ്യാൻ ഒരുങ്ങിയിരിക്കുക. തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നതായി അവർക്കു തോന്നുന്നുവെന്ന് ഉറപ്പു വരുത്തുക, അവരെ മറ്റുള്ളവർക്കു പരിചയപ്പെടുത്തിക്കൊടുക്കുക, സന്നിഹിതരായതിന് അവരെ അഭിനന്ദിക്കുക.
5 സ്മാരകത്തിനു ഹാജരാകുന്നത് ആത്മീയ പുരോഗതി വരുത്താനുള്ള പ്രോത്സാഹനം പുതിയവർക്കു നൽകും. മാനസികാഘാതാനന്തര സമ്മർദ ക്രമക്കേടു (Post-traumatic stress disorder) നിമിത്തം പൊതുസ്ഥലങ്ങളിൽ പോകുക വളരെ ബുദ്ധിമുട്ടായിരിക്കുന്ന ഒരു ബൈബിൾ വിദ്യാർഥി സ്മാരകത്തിനു വന്നു. യോഗത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “അതു പരിപാവനമായ ഒരു രാത്രിയായിരുന്നു, എനിക്ക് അവിടെ സന്നിഹിതനാകാൻ കഴിഞ്ഞു.” അന്നു മുതൽ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
6 സ്മാരകത്തിനു ശേഷം: യഹോവയുടെ സ്തുതിപാഠകരായിത്തീരാൻ ഈ പുതിയവരെ സഹായിക്കുന്നതിനായി എന്തു ചെയ്യാനാകും? സ്മാരകത്തിനു ഹാജരാകുന്ന പുതിയവർക്ക് മൂപ്പന്മാർ ശ്രദ്ധ നൽകും. അതിനുശേഷം എത്രയും പെട്ടെന്നുതന്നെ പുതിയവരെ സന്ദർശിച്ച് അവർ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്ത നവോന്മേഷപ്രദമായ കാര്യങ്ങൾ അവരുമായി പുനരവലോകനം ചെയ്യാൻ യോഗ്യരായ പ്രസാധകരെ മൂപ്പന്മാർ ക്രമീകരിക്കും. ചിലർ ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിച്ചേക്കാം. അവരെ വാരംതോറുമുള്ള എല്ലാ സഭായോഗങ്ങൾക്കും ക്ഷണിക്കുക. കാരണം, ക്രമമായ യോഗഹാജർ ബൈബിൾ പരിജ്ഞാനം വർധിപ്പിക്കാൻ ഉതകും.
7 നിഷ്ക്രിയരും ക്രമമില്ലാത്തവരുമായ എല്ലാവരെയും യോഗങ്ങൾക്കു മുടക്കം കൂടാതെ ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നുണ്ട്. നിഷ്ക്രിയനായിത്തീർന്ന ഒരാളെ വീണ്ടും വയൽസേവനത്തിൽ ഏർപ്പെടുന്നതിനു സഹായിക്കാൻ മൂപ്പന്മാർ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ അതിനോടു സഹകരിക്കുക. സഹോദരങ്ങളോട് അത്തരം സ്നേഹപുരസ്സരമായ താത്പര്യം കാണിക്കുന്നത് അപ്പൊസ്തലനായ പൗലൊസിന്റെ പിൻവരുന്ന ഉദ്ബോധനത്തിനു ചേർച്ചയിലാണ്: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.”—ഗലാ. 6:10.
8 ഏപ്രിൽ 16-ാം തീയതി സ്മാരകത്തിനു ഹാജരാകാൻ നമുക്കേവർക്കും ഒരു പ്രത്യേക ശ്രമം ചെയ്യാം. യഹോവയെ സ്തുതിക്കാനുള്ള ഏറെ പവിത്രമായ ഈ അവസരം നഷ്ടപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല. അതേ, യഹോവ ചെയ്തിരിക്കുന്ന മഹാപ്രവൃത്തികൾ നിമിത്തം നമുക്ക് ഇപ്പോഴും എന്നേക്കും അവനു സ്തുതി കരേറ്റാം!—സങ്കീ. 145:21.