പൂർണ ഹൃദയത്തോടെ യഹോവയെ സേവിക്കുക
1 ആയുരാരോഗ്യത്തിനുവേണ്ടി നമ്മുടെ ഹൃദയത്തെ നല്ല അവസ്ഥയിൽ സൂക്ഷിക്കുന്നതു സംബന്ധിച്ച് ധാരാളം വിവരങ്ങൾ ഇക്കാലത്ത് ലഭ്യമാണ്. അതിനെക്കാളേറെ പ്രധാനപ്പെട്ടതാണ് നമ്മുടെ ആലങ്കാരിക ഹൃദയത്തിന്റെ അവസ്ഥ. അതിനാൽ, സേവനവർഷം 2004-ൽ നാം ആസ്വദിച്ച പ്രത്യേക സമ്മേളന ദിന പരിപാടിയുടെ പ്രതിപാദ്യ വിഷയം എത്ര ഉചിതമായിരുന്നു! “പൂർണഹൃദയത്തോടെ യഹോവയെ സേവിക്കൽ” എന്നതായിരുന്നു അത്. (1 ദിന. 28:9) ആ പരിപാടിയിൽനിന്ന് നാം എന്താണു പഠിച്ചത്?
2 “സന്തോഷത്തോടെ യഹോവയെ സേവിക്കാൻ മറ്റുള്ളവരെ സഹായിക്കൽ” എന്ന പരിപാടി സർക്കിട്ട് മേൽവിചാരകൻ നിർവഹിക്കുകയുണ്ടായി. കണ്ടെത്തിയ താത്പര്യം വളർത്തിയെടുക്കുകയും യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നവരുമായി ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്യുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷം അഭിമുഖങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ പഠനത്തിലൂടെ യഹോവയോട് ഏറെ അടുത്തു ചെല്ലാൻ ചിലർ സഹായിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഭവവും അതാണോ? സന്ദർശക പ്രസംഗകൻ നടത്തിയ, “പ്രക്ഷുബ്ധമായ ഒരു ലോകത്തിൽ നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കൽ” എന്ന പ്രസംഗം സന്നിഹിതരായിരുന്ന എല്ലാവർക്കും ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തു എന്നതിൽ സംശയമില്ല. സ്നാപന പ്രസംഗത്തോടെ രാവിലത്തെ സെഷൻ അവസാനിച്ചു.
3 ഉച്ചകഴിഞ്ഞു നടന്ന “സഹായഹസ്തം നീട്ടിക്കൊടുക്കൽ” എന്ന പരിപാടി, ശുശ്രൂഷയിൽ പുതിയവരെയും ബലഹീനരെയും നിഷ്ക്രിയരെയും നമുക്ക് എങ്ങനെ സഹായിക്കാം എന്നു കാണിച്ചുതന്നു. മോശമായ സ്വാധീനങ്ങളിൽനിന്നു മക്കളെ സംരക്ഷിക്കാനും യഹോവയോട് അടുത്തു ചെല്ലാൻ അവരെ സഹായിക്കാനുമായി മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? “യഹോവയിൽ സന്തോഷിക്കാൻ നിങ്ങളുടെ മക്കളെ സഹായിക്കൽ” എന്ന പരിപാടി, ഇതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ നൽകുകയും അതു ചെയ്യേണ്ട വിധം പ്രകടിപ്പിച്ചുകാണിക്കുകയും ചെയ്തു.
4 നമ്മുടെ ആലങ്കാരിക ഹൃദയത്തെ ആരോഗ്യവും ബലവുമുള്ളതാക്കി നിറുത്താൻ യഹോവ ലഭ്യമാക്കുന്ന ഓരോ കരുതലിനെയും നാം പ്രയോജനപ്പെടുത്തുന്നുണ്ടോ? സന്ദർശക പ്രസംഗകൻ നിർവഹിച്ച, “പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക” എന്ന അവസാന പ്രസംഗം നമ്മുടെ ആത്മീയത നിലനിറുത്താൻ ഉതകുന്ന നാലു സുപ്രധാന വശങ്ങൾക്ക് ഊന്നൽ നൽകി. നിങ്ങൾ അവ ഓർക്കുന്നുണ്ടോ? ആത്മാർഥമായ പ്രാർഥനയ്ക്കും ദൈവവചനത്തിന്റെ പഠനത്തിനും തീക്ഷ്ണ രാജ്യഘോഷണത്തിനും മറ്റു ക്രിസ്ത്യാനികളുമായി സഹവസിക്കാനും നാം എത്രത്തോളം സമയവും ശ്രമവും ചെലവിടുന്നുണ്ട്? ഈ മേഖലകളിൽ ഏതിലെങ്കിലും നാം പുരോഗമിക്കേണ്ടതുണ്ടോ?
5 “നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക” എന്ന ക്ഷണം യഹോവ നമുക്കു വെച്ചുനീട്ടുന്നു. (സദൃ. 23:12) സമ്മേളനത്തിൽ പഠിച്ച ഉത്കൃഷ്ട വിവരങ്ങളുടെ ബാധകമാക്കൽ, പൂർണ ഹൃദയത്തോടും സന്തോഷത്തോടുംകൂടെ യഹോവയെ തുടർന്നും സേവിക്കാൻ നിങ്ങളെ ശക്തീകരിക്കും.