പുതിയ സർക്കിട്ട് സമ്മേളന പരിപാടി
ഇടപെടാൻ പ്രയാസമായ ഈ ‘ദുർഘടനാളുകളിൽ’ യഹോവയുടെ അംഗീകാരം നേടാനും നിലനിറുത്താനും നമുക്ക് ദൈവിക ജ്ഞാനം ആവശ്യമാണ്. (2 തിമൊ. 3:1) സേവനവർഷം 2005-ലെ സർക്കിട്ട് സമ്മേളന പരിപാടി ഇക്കാര്യത്തിൽ നമുക്ക് പ്രായോഗിക ബുദ്ധിയുപദേശങ്ങളും പ്രോത്സാഹനവും പ്രദാനം ചെയ്യും. പിൻവരുന്നതാണ് അതിന്റെ പ്രതിപാദ്യ വിഷയം: “‘ഉയരത്തിൽനിന്നുള്ള ജ്ഞാന’ത്താൽ നയിക്കപ്പെടുക.”—യാക്കോ. 3:17.
“നമ്മുടെ ജീവിതത്തിൽ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ പ്രകടിപ്പിക്കൽ” എന്ന ആദ്യത്തെ സിമ്പോസിയം, നിർമലരും സമാധാനപ്രിയരും ന്യായയുക്തതയുള്ളവരും അനുസരണമുള്ളവരും ആയിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു കാണാൻ നമ്മെ സഹായിക്കും. തുടർന്ന്, സ്വർഗീയ ജ്ഞാനത്തിന്റെ മറ്റു മൂന്നു സവിശേഷതകളിലേക്കു സർക്കിട്ട് മേൽവിചാരകൻ നമ്മുടെ ശ്രദ്ധ തിരിക്കും. “പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ” എന്ന നിലയിൽ ചിലർ വീക്ഷിക്കുന്ന ക്രിസ്തീയ ശുശ്രൂഷകർ, ദൈവിക ജ്ഞാനം പ്രസിദ്ധമാക്കാൻ എപ്രകാരം പ്രാപ്തരാക്കപ്പെട്ടിരിക്കുന്നെന്നു പ്രകടമാക്കിക്കൊണ്ട് ഡിസ്ട്രിക്റ്റ് മേൽവിചാരകൻ ഒന്നാം ദിവസത്തെ പരിപാടികൾ ഉപസംഹരിക്കും.—പ്രവൃ. 4:13.
“ആത്മികവർധന വരുത്തുന്ന കാര്യങ്ങൾ പിൻപറ്റുക” എന്ന വിഷയത്തിൽ രണ്ടാം ദിവസം നടക്കുന്ന സിമ്പോസിയം, ആത്മീയമായി ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ തിരിച്ചറിയാനും ഒഴിവാക്കാനും നമ്മെ സഹായിക്കും. സഭായോഗങ്ങളിലും ശുശ്രൂഷയിലും കുടുംബ വൃത്തത്തിലും നമുക്ക് എപ്രകാരം ആത്മീയമായി കെട്ടുപണി ചെയ്യാൻ കഴിയുമെന്നും അതു വ്യക്തമാക്കും. “ദൈവിക ജ്ഞാനം നമുക്കു പ്രയോജനം ചെയ്യുന്ന വിധം” എന്നതാണ് പരസ്യപ്രസംഗത്തിന്റെ വിഷയം. ജീവിതത്തിൽ ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങളെപ്രതിയുള്ള നമ്മുടെ വിലമതിപ്പിനെ അതു വർധിപ്പിക്കും. “ദിവ്യ ജ്ഞാനമനുസരിച്ചു പ്രവർത്തിക്കുന്നത് നമ്മെ സംരക്ഷിക്കുന്നു” എന്ന ഉപസംഹാര പ്രസംഗം, ഈ അന്ത്യനാളുകളിൽ യഥാർഥ ജ്ഞാനത്തിനായി യഹോവയിലേക്കു നോക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലപ്പെടുത്തും.
എല്ലാ സമ്മേളനങ്ങളുടെയുംപോലെതന്നെ ഈ സമ്മേളനത്തിന്റെയും ഒരു സവിശേഷതയാണ് പുതിയ ശിഷ്യരുടെ സ്നാപനം. ആ വാരത്തെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും വീക്ഷാഗോപുര അധ്യയനവും സമ്മേളന പരിപാടിയിൽ ഉണ്ടായിരിക്കും. ദൈവിക ജ്ഞാനത്തിൽനിന്നു നമ്മൾ എല്ലാവരും പ്രയോജനം അനുഭവിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മെ ആത്മീയമായി സമ്പന്നരാക്കാൻപോന്ന ബുദ്ധിയുപദേശങ്ങളും പ്രോത്സാഹനവും ആണ് സർക്കിട്ട് സമ്മേളനത്തിൽ നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്.—സദൃ. 3:13-18.