ബൈബിൾ നന്നായി ഉപയോഗപ്പെടുത്തുക
1 വയൽശുശ്രൂഷയിൽ നാം സമർപ്പിക്കാൻ ആഗ്രഹിക്കുന്ന സാഹിത്യം ഏതുതന്നെ ആയിരുന്നാലും, ശ്രദ്ധിക്കുന്നവരുമായി പങ്കുവെക്കാൻ ചിന്തോദ്ദീപകമായ ഒരു തിരുവെഴുത്ത് തിരഞ്ഞെടുക്കുന്നതു പ്രയോജനകരമാണ്. (എബ്രാ. 4:12) നിങ്ങൾ സമർപ്പിക്കുന്ന സാഹിത്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു തിരുവെഴുത്തുതന്നെ തിരഞ്ഞെടുക്കുന്നത്, ആ സാഹിത്യത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ തിരിക്കാനുള്ള നിങ്ങളുടെ അടുത്ത നീക്കത്തിനു സംഭാവന ചെയ്യും. തിരുവെഴുത്ത് ഉപയോഗിക്കുന്നതിലൂടെ നാം, ശ്രോതാവിന്റെ ഹൃദയത്തെ സ്വാധീനിക്കാൻ ദൈവവചനത്തെ അനുവദിക്കുന്നു. ക്രൈസ്തവരല്ലാത്തവരും ക്രിസ്ത്യാനികളെ ഇഷ്ടപ്പെടാത്തവരിൽ ചിലർ പോലും ബൈബിളിനോട് പൊതുവേ ആദരവ് ഉള്ളവരാണ്.
2 തുടക്കത്തിൽത്തന്നെ തിരുവെഴുത്തിലേക്കു ശ്രദ്ധ തിരിക്കുക: ചില പ്രസാധകർ, തങ്ങൾ വായിക്കാൻ പോകുന്ന തിരുവെഴുത്തു സംബന്ധിച്ച് ലളിതമായ ഒരു വീക്ഷണ ചോദ്യം ചോദിച്ചുകൊണ്ട് തങ്ങളുടെ അവതരണം ആരംഭിക്കുന്നു. പെട്ടെന്നുതന്നെ ദൈവവചനത്തിലേക്കു ശ്രദ്ധ തിരിക്കാൻ ഇതു വീട്ടുകാരനെ സഹായിക്കുന്നു. പിൻവരുന്ന അവതരണങ്ങളിൽ ചിലത് നിങ്ങളുടെ പ്രദേശത്തു ഫലപ്രദം ആയിരിക്കുമോ?
◼ “പിൻവരുന്ന മാറ്റങ്ങൾ വരുത്താനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അതു ചെയ്യുമോ?” വെളിപ്പാടു 21:4, 5 വായിക്കുക.
◼ “നാം ജീവിക്കുന്ന ഈ കാലം ഇതുപോലുള്ള പ്രശ്നങ്ങൾ നിറഞ്ഞ ദുർഘടമായ ഒന്നായിരിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” 2 തിമൊഥെയൊസ് 3:1-5 വായിക്കുക.
◼ “ഈ ബുദ്ധിയുപദേശം പിൻപറ്റുന്നപക്ഷം, നമ്മുടെ സമൂഹം കൂടുതൽ പുരോഗതി പ്രാപിക്കും എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” മത്തായി 7:12 വായിക്കുക.
◼ “നിലവിലുള്ള കുഴപ്പംപിടിച്ച അവസ്ഥകളുടെ വീക്ഷണത്തിൽ, നിങ്ങളുടെ മക്കൾക്ക് ഇത്തരം അവസ്ഥകൾ ആസ്വദിക്കാൻ കഴിയും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?” സങ്കീർത്തനം 37:10, 11 വായിക്കുക.
◼ “രോഗവും വ്യഥകളും അടിക്കടി വർധിക്കുന്ന നമ്മുടെ ലോകത്തിൽ, ഈ വാക്കുകൾ എന്നെങ്കിലും സത്യമായി ഭവിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ?” യെശയ്യാവു 33:24 വായിക്കുക.
◼ “ഗവൺമെന്റുകൾക്കു സംഭവിക്കാനിരിക്കുന്ന മാറ്റത്തെ കുറിച്ച് ഇവിടെ പരാമർശിച്ചിരിക്കുന്ന കാര്യം നിങ്ങൾ കേട്ടിട്ടുണ്ടോ?” ദാനീയേൽ 2:44 വായിക്കുക.
◼ “ദൈവത്തോട് ഈ ചോദ്യം ചോദിക്കാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” ഇയ്യോബ് 21:7 വായിക്കുക.
◼ “മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്കു വീണ്ടും കാണാൻ കഴിയുമോ?” യോഹന്നാൻ 5:28, 29 വായിക്കുക.
◼ “ജീവിച്ചിരിക്കുന്നവർ എന്തു ചെയ്യുന്നു എന്ന് മരിച്ചവർക്ക് അറിയാമോ?” സഭാപ്രസംഗി 9:5 വായിക്കുക.
3 വിശദീകരിക്കുക, ദൃഷ്ടാന്തീകരിക്കുക, ബാധകമാക്കുക: വീട്ടുകാരനു സംഭാഷണത്തിൽ താത്പര്യം ഉള്ളപ്പോൾ, ചർച്ച പെട്ടെന്ന് അവസാനിപ്പിക്കാതിരിക്കുക. നിങ്ങൾ വായിക്കുന്ന തിരുവെഴുത്ത് വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാക്കുകയും ചെയ്തുകൊണ്ട് അതു ഗ്രഹിക്കാൻ അദ്ദേഹത്തെ സഹായിക്കുക. (നെഹെ. 8:8) ദൈവവചനം പഠിപ്പിക്കുന്നത് എന്താണെന്ന് ആളുകൾ ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, അത് അവരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൈവരുത്തും.—1 തെസ്സ. 2:13.
4 മറ്റുള്ളവരിൽ താത്പര്യം നട്ടുവളർത്താൻ ശ്രമിക്കവേ, ബൈബിൾ തുടർന്നും നന്നായി ഉപയോഗപ്പെടുത്തുക. മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും നിങ്ങൾക്ക് ഈ രീതിതന്നെ അവലംബിക്കാൻ കഴിയും: (1) ഉചിതമായ ഒരു തിരുവെഴുത്ത് തിരഞ്ഞെടുക്കുക. (2) തിരുവെഴുത്ത് സംബന്ധിച്ച് ലളിതമായ ഒരു വീക്ഷണ ചോദ്യം ചോദിക്കുക, എന്നിട്ട് അതു വായിക്കുക. (3) അതു വിശദീകരിക്കുകയും ദൃഷ്ടാന്തീകരിക്കുകയും ബാധകമാക്കുകയും ചെയ്യുക. ആ വ്യക്തിയെ സന്ദർശിക്കുന്ന ഓരോ തവണയും, ദൈവവചനം സംബന്ധിച്ച് ആ വ്യക്തിക്കുള്ള പരിജ്ഞാനം വർധിപ്പിക്കാൻ ശ്രമിക്കുക. പെട്ടെന്നുതന്നെ നിങ്ങൾക്ക് അദ്ദേഹവുമായി ഒരു ബൈബിളധ്യയനം ആരംഭിക്കാൻ കഴിഞ്ഞേക്കും!
[അധ്യയന ചോദ്യങ്ങൾ]
1. വയൽശുശ്രൂഷയ്ക്കായി ഒരുങ്ങുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
2. (എ) തിരുവെഴുത്ത് ഉപയോഗിച്ച് നമുക്ക് എങ്ങനെ അവതരണം ആരംഭിക്കാം? (ബി) പ്രദേശത്തുള്ള ആളുകൾ ഏതു തിരുവെഴുത്ത് വിഷയങ്ങളിൽ തത്പരരാണ്?
3. നാം വായിക്കുന്ന ബൈബിൾ വാക്യം മനസ്സിലാക്കാൻ ആളുകളെ എപ്രകാരം സഹായിക്കാൻ കഴിയും?
4. മടക്കസന്ദർശനങ്ങളിൽ നമുക്ക് ബൈബിൾ എപ്രകാരം മെച്ചമായി ഉപയോഗപ്പെടുത്താം?