കൂടുതലായ സാക്ഷ്യം ലഭിക്കാൻ അവരെ സഹായിക്കുക
1 സുവാർത്ത പങ്കുവെക്കവേ പലപ്പോഴും നാം നമ്മുടെ പ്രദേശത്തിനു വെളിയിൽ പാർക്കുന്ന അല്ലെങ്കിൽ മറ്റൊരു ഭാഷ—ഇതിൽ ആംഗ്യഭാഷയും ഉൾപ്പെടും—സംസാരിക്കുന്ന ആളുകളെ കണ്ടുമുട്ടാറുണ്ട്. നാം നല്ല ബൈബിൾ ചർച്ചകൾ നടത്തിയിട്ടുള്ള ചിലർ നമ്മുടെ പ്രദേശത്തുനിന്നു മറ്റെവിടേക്കെങ്കിലും താമസം മാറ്റിയേക്കാം. അത്തരക്കാർക്ക് കൂടുതലായ സാക്ഷ്യം ലഭിക്കാനുള്ള ക്രമീകരണം നമുക്ക് എങ്ങനെ ചെയ്യാനാകും? ദയവായി ബന്ധപ്പെടുക (Please Follow Up) (S-43) ഫാറം ഉപയോഗിക്കുന്നതിലൂടെ.
2 മാതൃഭാഷയിൽ സുവാർത്ത കേൾക്കുമ്പോൾ പലപ്പോഴും ആളുകൾ ഏറെ നന്നായി ശ്രദ്ധിക്കുന്നു. (പ്രവൃ. 22:1, 2) അതുകൊണ്ട്, മറ്റൊരു ഭാഷ സംസാരിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്ന മിക്ക സന്ദർഭങ്ങളിലും നാം ആ ഫാറം പൂരിപ്പിക്കേണ്ടതാണ്. വ്യക്തി രാജ്യസന്ദേശത്തിൽ താത്പര്യം കാണിക്കുന്നില്ലെങ്കിലും നാം ഇതു ചെയ്യണം. എന്നാൽ, സ്വന്തം ഭാഷയിൽ ക്രമമായി സാക്ഷ്യം ലഭിക്കുന്ന സാമാന്യം വലിയ ഒരു വിദേശഭാഷാ കൂട്ടം ഉള്ളയിടങ്ങളിൽ താത്പര്യം കാണിക്കുന്നിടത്തു മാത്രം ഫാറം പൂരിപ്പിച്ചാൽ മതിയാകും.
3 ഫാറം പൂരിപ്പിക്കൽ: വ്യക്തിയുടെ പേര്, മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവ നയപൂർവം ചോദിച്ചു വാങ്ങുക. വ്യക്തി എത്രത്തോളം താത്പര്യം കാണിച്ചു, അദ്ദേഹത്തെ കാണാൻ കഴിയുന്ന സമയം, സമർപ്പിച്ച അല്ലെങ്കിൽ ആവശ്യപ്പെട്ട സാഹിത്യം, അദ്ദേഹത്തിന് ഏറ്റവും നന്നായി മനസ്സിലാകുന്ന ഭാഷ ഇവ രേഖപ്പെടുത്തുക. ഫാറം പൂരിപ്പിച്ചശേഷം അത് ഉടനടി സഭാ സെക്രട്ടറിയെ ഏൽപ്പിക്കുക. അദ്ദേഹം അത് അനുയോജ്യമായ സഭയ്ക്കോ കൂട്ടത്തിനോ അയച്ചുകൊടുക്കുന്നതായിരിക്കും.
4 ഫാറം അയച്ചുകൊടുക്കൽ: ഏതു സഭയ്ക്ക് അല്ലെങ്കിൽ കൂട്ടത്തിനാണ് ഫാറം അയയ്ക്കേണ്ടതെന്ന് സെക്രട്ടറിക്ക് അറിയാൻ പാടില്ലാതെ വരികയോ അദ്ദേഹത്തിന്റെ പക്കൽ മേൽവിലാസം ഇല്ലാതിരിക്കുകയോ ചെയ്താൽ അദ്ദേഹത്തിന് ബ്രാഞ്ച് ഓഫീസിലെ ടെറിട്ടറി ഡെസ്കിൽ ഫോൺ ചെയ്ത് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്. ഫാറം അയച്ചുകൊടുക്കുമ്പോൾ ഇനിമുതൽ നഗര മേൽവിചാരകനെ ഉൾപ്പെടുത്തേണ്ടതില്ല.
5 ഒരു സഭയ്ക്കോ കൂട്ടത്തിനോ പൂരിപ്പിച്ച ഒരു S-43 ഫാറം ലഭിക്കുന്ന എല്ലാ സന്ദർഭങ്ങളിലും സത്വരം ആ വ്യക്തിയെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. നാം നമ്മുടെ ഭാഗം ശുഷ്കാന്തിയോടെ നിറവേറ്റുമ്പോൾ യഹോവ “നിത്യജീവനു ചേർന്ന പ്രകൃതമുള്ള”വരുടെ ഹൃദയങ്ങളെ തുറക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—പ്രവൃ. 13:48, NW.