മാസികാറൂട്ട് ഉപയോഗിച്ചു താത്പര്യം നട്ടുവളർത്തുക
1 ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന ധാരാളം ആളുകൾ നമ്മെ സ്വാഗതം ചെയ്യുകയും സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്യാറുണ്ട്. പക്ഷേ, ക്രമമായ ഒരു ബൈബിളധ്യയനം സ്വീകരിക്കാൻ അവർ മടികാണിക്കുന്നു. അവരിൽ താത്പര്യം നട്ടുവളർത്താനുള്ള ഒരു മാർഗം മാസികാറൂട്ട് ആണ്. നിങ്ങൾ മാസികകൾ സമർപ്പിക്കുമ്പോൾ വ്യക്തിയുടെ പേര്, വിലാസം, സന്ദർശിച്ച തീയതി, അവർ സ്വീകരിച്ച മാസികയുടെ ലക്കങ്ങൾ, ചർച്ച ചെയ്ത തിരുവെഴുത്ത് എന്നിവയോടൊപ്പം ആ വ്യക്തിയുടെ താത്പര്യം സൂചിപ്പിക്കുന്നതായി നിങ്ങൾക്കു തോന്നുന്ന എന്തും കുറിച്ചുവെക്കുക. ഓരോ പുതിയ ലക്കവും വരുമ്പോൾ നിങ്ങളുടെ മാസികാറൂട്ടിൽ ഉള്ളവർക്കു താത്പര്യജനകമായ എന്തെങ്കിലും ആശയങ്ങളുണ്ടോയെന്നു നോക്കുക. എന്നിട്ട് അവരെ സന്ദർശിക്കുമ്പോൾ അതു ശ്രദ്ധയിൽപ്പെടുത്തുക. (1 കൊരി. 9:19-23) കാലാന്തരത്തിൽ, നമ്മുടെ മാസികകളിൽ അവർ വായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അവരിൽ താത്പര്യം ജനിപ്പിക്കുകയും കൂടുതൽ പഠിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം.
2 മാസികകൾ വായിക്കുന്നതിലൂടെ മാത്രം മിക്കവരും യഹോവയുടെ ദാസന്മാർ ആയിത്തീരുകയില്ലെന്നു നമുക്കറിയാം. എന്നാൽ, ആളുകൾ ഇപ്പോൾ യഹോവയെ അന്വേഷിക്കേണ്ടത് അടിയന്തിരമായതിനാൽ അവരെ സഹായിക്കാൻ നമുക്കു കൂടുതലായി എന്തു ചെയ്യാനാകും? (സെഫ. 2:2, 3; വെളി. 14:6, 7) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ഒരു തിരുവെഴുത്ത് മാസികകൾ നൽകാൻ ചെല്ലുന്ന ഓരോ തവണയും അവരെ വായിച്ചു കേൾപ്പിക്കുക. ഇങ്ങനെ നമുക്ക് അവരുടെ താത്പര്യത്തെ ഉണർത്താൻ കഴിയും.
3 ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള ചർച്ച: നിങ്ങളുടെ മാസികാറൂട്ടിലുള്ളവരെ മനസ്സിൽ കാണുക. എന്നിട്ട് ഓരോരുത്തരുടെയും പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള ചർച്ചകൾ തയ്യാറാകുക. (ഫിലി. 2:4) ഉദാഹരണത്തിന്, വീട്ടുകാരനു പ്രിയപ്പെട്ട ആരെങ്കിലും അടുത്തകാലത്തു മരിച്ചുപോയിട്ടുണ്ടെങ്കിൽ മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാനത്തെയും കുറിച്ച് ബൈബിൾ പറയുന്നതു ചർച്ചചെയ്യാൻ മടക്കസന്ദർശനങ്ങൾ ക്രമീകരിക്കാവുന്നതാണ്. ഒറ്റ വാക്യം ഉപയോഗിച്ചുള്ള ഇത്തരം ചർച്ചകൾ തയ്യാറാകാൻ ന്യായവാദം പുസ്തകത്തിലെ, “മരണം,” “പുനരുത്ഥാനം” എന്നീ മുഖ്യ തലക്കെട്ടുകളിൻകീഴിലുള്ള വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും. രോഗം, വാർധക്യം, മരണം എന്നിവ പരിപൂർണമായി ഇല്ലാതാകുന്നത് എങ്ങനെയെന്നു തുടർന്നു ചർച്ചചെയ്യാവുന്നതാണ്. വ്യക്തിക്കു താത്പര്യജനകമായ ഒരു വിഷയം കണ്ടുപിടിച്ച് അതിനെക്കുറിച്ചു ബൈബിൾ പറയുന്നതെന്താണെന്നു പടിപടിയായി കാണിച്ചുകൊടുക്കുക എന്നതാണു മുഖ്യസംഗതി.
4 മനസ്സിലാക്കിക്കൊടുക്കുക: സാധാരണഗതിയിൽ ഇത്തരം ചർച്ചകൾ ലളിതവും ഹ്രസ്വവും ആയിരിക്കാൻ ശ്രദ്ധിക്കണമെങ്കിലും തിരഞ്ഞെടുത്ത തിരുവെഴുത്ത് വെറുതെ വായിച്ചുകേൾപ്പിക്കുന്നതിലും അധികം ആവശ്യമാണ്. സുവാർത്തയുടെ നേർക്ക് സാത്താൻ ആളുകളുടെ മനസ്സു കൊട്ടിയടച്ചിരിക്കുകയാണ്. (2 കൊരി. 4:3, 4) അതിനാൽ ബൈബിളുമായി സുപരിചിതരായ ആളുകൾക്കുപോലും അതു മനസ്സിലാക്കാൻ സഹായം ആവശ്യമാണ്. (പ്രവൃ. 8:30, 31) അതുകൊണ്ട്, വാക്യം വിശദീകരിക്കാനും ദൃഷ്ടാന്തീകരിക്കാനും സമയമെടുക്കുക, അതായത് നിങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ പ്രസംഗ നിയമനത്തിൽ ചെയ്യുന്നതുപോലെ. (പ്രവൃ. 17:3) തന്റെ ജീവിതത്തിൽ ദൈവവചനത്തിന്റെ പ്രായോഗിക മൂല്യം ആ വ്യക്തിക്കു ദൃശ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
5 പഠിക്കുന്ന കാര്യങ്ങൾ ആ വ്യക്തിക്ക് ഇഷ്ടപ്പെടുന്നെങ്കിൽ ക്രമേണ ഓരോ സന്ദർശനത്തിലെ ചർച്ചകളിലും രണ്ടോ മൂന്നോ തിരുവെഴുത്തുകൾ ഉൾപ്പെടുത്താം. ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ പരിചയപ്പെടുത്താനുള്ള അവസരങ്ങൾ തേടുക. ഈ വിധങ്ങളിൽ, ഒരു മാസികാറൂട്ട് ക്രമേണ ഒരു ബൈബിളധ്യയനമായി പരിണമിച്ചേക്കാം.
[അധ്യയന ചോദ്യങ്ങൾ]
1. ആളുകളിൽ താത്പര്യം ജനിപ്പിക്കാൻ നമുക്ക് മാസികാറൂട്ട് ഉപയോഗിക്കാൻ കഴിയുന്നത് എങ്ങനെ?
2. ആളുകൾ ഇപ്പോൾ യഹോവയെ അന്വേഷിക്കേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? അവരെ സഹായിക്കാൻ നമുക്കു കൂടുതലായി എന്തു ചെയ്യാനാകും?
3. (എ) ഒരു തിരുവെഴുത്തു മാത്രം ഉപയോഗിച്ചുള്ള കുറെയധികം ചർച്ചകൾ നമുക്ക് എങ്ങനെ തയ്യാറാകാം? (ബി) നിങ്ങളുടെ പ്രദേശത്ത് ആളുകൾക്ക് ഏറ്റവും താത്പര്യമുള്ള വിഷയങ്ങൾ ഏവയാണ്?
4. തിരുവെഴുത്തുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അത് എങ്ങനെ ചെയ്യാം?
5. ഒരു മാസികാറൂട്ട് ബൈബിളധ്യയനമായി പരിണമിക്കാവുന്നത് എങ്ങനെ?