മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ജൂൺ 15
“നമ്മിൽ മിക്കവരും ജീവിതത്തിന്റെ ഏറിയ പങ്കും ജോലിചെയ്യാനാണു ചെലവഴിക്കുന്നത്. ചിലർ അതിനെ ഒരു അനുഗ്രഹമായി കാണുമ്പോൾ മറ്റു ചിലർ അതിനെ ഒരു ശാപമായി വീക്ഷിക്കുന്നു. താങ്കൾക്ക് എന്താണു തോന്നുന്നത്? [പ്രതികരിക്കാൻ അനുവദിച്ചശേഷം സഭാപ്രസംഗി 2:24 വായിക്കുക.] ജോലിയുടെ കാര്യത്തിൽ ഒരു സന്തുലിത വീക്ഷണം ഉണ്ടായിരിക്കാൻ ബൈബിളിന് എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ മാസിക കാണിച്ചുതരുന്നു. ജോലിസംബന്ധമായ സമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അതു വിവരിക്കുന്നു.”
ഉണരുക! ജൂൺ 8
“ഇന്നത്തെ സിനിമകളിൽ ചിത്രീകരിക്കപ്പെടുന്ന തരംതാഴ്ന്ന ധാർമിക നിലവാരങ്ങളെക്കുറിച്ചു പലർക്കും ഉത്കണ്ഠയുണ്ട്. ശരിയായ തിരഞ്ഞെടുപ്പു നടത്താൻ നമ്മെ എന്തു സഹായിക്കും എന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിച്ചശേഷം സങ്കീർത്തനം 97:10-ലെ തത്ത്വം വിശദീകരിക്കുക.] സിനിമകൾ നിർമിക്കുന്നത് എങ്ങനെയാണെന്ന് ഈ മാസിക വിവരിക്കുന്നു. കൂടാതെ, വിനോദങ്ങൾ ജ്ഞാനപൂർവം തിരഞ്ഞെടുക്കാൻ നമ്മെ സഹായിക്കുന്ന ചില നിർദേശങ്ങളും അതു നൽകുന്നു.”
വീക്ഷാഗോപുരം ജൂലൈ 1
“ജീവിതത്തിൽ എല്ലാം നേടിയിട്ടും എന്തിന്റെയോ കുറവ് അനുഭവപ്പെടുന്നതായി പറയുന്ന ആളുകളെ നമുക്കെല്ലാം അറിയാം. അവർ അന്വേഷിക്കുന്നത് എന്താണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് മത്തായി 5:3 വായിക്കുക.] മനശ്ശാന്തി നേടാൻ അനിവാര്യമായിരിക്കുന്ന ഒരു സുപ്രധാന സംഗതിയെക്കുറിച്ച്, നമ്മുടെ ആത്മീയ ആവശ്യം തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ 8
“എല്ലാവരും ഈ വാക്കുകൾക്കു ചേർച്ചയിൽ ജീവിച്ചാൽ നമ്മുടെ സമൂഹം മെച്ചപ്പെട്ട ഒന്നായിരിക്കുമെന്നു താങ്കൾ കരുതുന്നില്ലേ? [എഫെസ്യർ 4:28 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] കടകളിൽനിന്നു സാധനങ്ങൾ മോഷണംപോകുന്നതു മൂലം നാം ഓരോരുത്തരും ഒടുക്കേണ്ടിവരുന്ന വിലയെന്താണെന്ന് ഈ മാസിക വിവരിക്കുന്നു. ഇതുൾപ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങളും പെട്ടെന്നുതന്നെ അവസാനിക്കുമെന്നും അതു കാണിച്ചുതരുന്നു.”