പുതിയ സർക്കിട്ട് സമ്മേളന പരിപാടി
ഈ ദുഷിച്ച ലോകത്തിന്റെ അന്തിമ നാളുകളിൽ, നാം നമ്മുടെ ആത്മീയ അങ്കി ധരിച്ചവരായി തുടരുന്നതും ക്രിസ്ത്യാനിയായി തിരിച്ചറിയപ്പെടുന്നതിനുള്ള നമ്മുടെ പദവി കാത്തുസൂക്ഷിക്കുന്നതും മർമപ്രധാനമാണ്. (വെളി. 16:15) അതുകൊണ്ട്, സേവനവർഷം 2006-ലെ സർക്കിട്ട് സമ്മേളന പരിപാടിയുടെ പ്രതിപാദ്യവിഷയം “പുതിയ വ്യക്തിത്വം ധരിക്കുക” എന്നായിരിക്കുന്നതു സമുചിതമാണ്.—കൊലൊ. 3:10, NW.
ഒന്നാം ദിവസം: “പുതിയ വ്യക്തിത്വത്തിന്റെ വ്യത്യസ്ത വശങ്ങൾ പ്രകടമാക്കൽ” എന്ന ആദ്യ സിമ്പോസിയം, പുതിയ വ്യക്തിത്വം നട്ടുവളർത്തുന്നത് നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു വിശേഷവത്കരിക്കും. എങ്ങനെയാണു നാം പുതിയ വ്യക്തിത്വം നട്ടുവളർത്തുന്നത്? “ഉചിതമാംവിധം ധ്യാനിക്കുന്നതിനു നിങ്ങളെത്തന്നെ പരിശീലിപ്പിക്കുക,” “പുതിയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസം” എന്നീ വിഷയങ്ങളിലുള്ള ഒന്നാം ദിവസത്തെ അവസാന രണ്ടു പ്രസംഗങ്ങൾ അവ പരിചിന്തിക്കുന്നതായിരിക്കും.
രണ്ടാം ദിവസം: “ജ്ഞാനികളുടെ നാവ് വളർത്തിയെടുക്കൽ” എന്ന രണ്ടാമത്തെ സിമ്പോസിയം, നമ്മുടെ നാവിന്റെ ഉപയോഗത്തെ പുതിയ വ്യക്തിത്വം സ്വാധീനിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കും. “നിങ്ങൾ ദുഷ്ടന്റെമേൽ ജയം നേടുന്നുവോ?” എന്നതാണ് പരസ്യ പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം. സാത്താന്റെ തന്ത്രങ്ങൾ സംബന്ധിച്ചു നാം ജാഗരൂകർ ആയിരിക്കേണ്ടതിന്റെ ആവശ്യത്തിന് അത് ഊന്നൽ നൽകും. “ലോകത്തിൽനിന്നുള്ള കളങ്കം പറ്റാതെ നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുക,” “നമ്മുടെ ആന്തരിക മനുഷ്യനെ അനുദിനം പുതുക്കൽ” എന്നീ അവസാന പ്രസംഗങ്ങൾ, ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികൾക്കു വിരുദ്ധമായ മനോഭാവങ്ങളും നടത്തയും ഒഴിവാക്കാനും യഹോവയെ ആരാധിക്കുന്നതിൽ അചഞ്ചലരായി നിലകൊള്ളാനും നമ്മെ സഹായിക്കും.
പുതിയ വ്യക്തിത്വം ധരിക്കാനും നിലനിറുത്താനും നമ്മെ സഹായിക്കുന്ന ഈ പ്രോത്സാഹനത്തിനായി നാം എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നു!