പ്രായോഗികമായി ബാധകമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു സ്കൂൾ
1 രണ്ടായിരത്തിയാറിലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടികയിലെ വിവരങ്ങൾ പരിചിന്തിക്കവേ തിരുവെഴുത്തു പഠിപ്പിക്കലുകൾ നമ്മുടെ വിശുദ്ധ സേവനത്തിലും അനുദിന ജീവിതത്തിലും ബാധകമാക്കിക്കൊണ്ട് അതിൽനിന്നു പ്രയോജനം നേടാൻ നാം ശ്രമിക്കുന്നു. പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനു നാം ദൃഢനിശ്ചയം ചെയ്യുന്നു.—യോഹ. 13:17; ഫിലി. 4:9.
2 അഭിപ്രായം പറയൽ: ഈ വർഷത്തെ പട്ടികപ്രകാരം ബൈബിൾ വിശേഷാശയങ്ങളിൽ സദസ്യ പങ്കുപറ്റലിന് കൂടുതലായി ഒരു മിനിട്ടുകൂടി അനുവദിച്ചിട്ടുണ്ട്. അതിന്റെ അർഥം വിശേഷാശയങ്ങൾ കൈകാര്യം ചെയ്യാൻ നിയമിതനായിരിക്കുന്ന സഹോദരൻ ആറു മിനിട്ടിനു പകരം അഞ്ചു മിനിട്ടുകൊണ്ട് തന്റെ ഭാഗം പൂർത്തിയാക്കാൻ ശ്രദ്ധിക്കണം എന്നാണ്. സദസ്സിൽനിന്ന് അഭിപ്രായം പറയുന്നവരും സമയത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. അഭിപ്രായം പറയുന്നവർ ശ്രദ്ധാപൂർവം മുൻകൂട്ടി ചിന്തിക്കുന്നെങ്കിൽ 30 സെക്കൻഡോ അതിൽ കുറവോ സമയംകൊണ്ട് സഹായകമായ വിവരങ്ങൾ അവതരിപ്പിക്കാൻ കഴിയും. സദസ്യ പങ്കുപറ്റലിനുള്ള അഞ്ചു മിനിട്ടു സമയംകൊണ്ട് ഏകദേശം പത്തു പേർക്ക് അർഥവത്തായ അഭിപ്രായങ്ങൾ പറയാനാകും.
3 പഠിപ്പിക്കുന്ന പ്രസംഗങ്ങൾ: ബൈബിൾ വിശേഷാശയങ്ങളും പ്രബോധന പ്രസംഗവും നടത്തുമ്പോൾ വിവരങ്ങൾ നമ്മുടെ ശുശ്രൂഷയിലും നമ്മുടെ അനുദിന ജീവിതത്തിന്റെ മറ്റു വശങ്ങളിലും ബാധകമാക്കിക്കൊണ്ട് അവയുടെ മൂല്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ഒരു പ്രസംഗകൻ ശ്രോതാക്കളിൽ പ്രവർത്തനത്തിനുള്ള ആഗ്രഹമുണർത്തിയാൽ മാത്രം പോരാ, എന്താണു ചെയ്യേണ്ടതെന്നു വ്യക്തമാക്കുകയും അത് എപ്രകാരം ചെയ്യാമെന്നു കാണിക്കുകയും അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും വേണം. “ഈ തിരുവെഴുത്തു നമുക്കു നൽകുന്ന മാർഗനിർദേശം ഇതാണ്” എന്നോ “ഈ തിരുവെഴുത്തു നമുക്ക് ഇപ്രകാരം ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നതാണ്” എന്നോ പറയാവുന്നതാണ്. പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചു നന്നായി അറിയാവുന്ന മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും വിവരങ്ങൾ പ്രായോഗികമായി എങ്ങനെ ബാധകമാക്കാമെന്ന് സാധിക്കുന്നത്ര വിശദമാക്കാൻ ശ്രമിക്കേണ്ടതാണ്.
4 ബൈബിൾ ദൃഷ്ടാന്തങ്ങൾ പരാമർശിക്കുന്നത് വിവരങ്ങൾ പ്രായോഗികമായി ബാധകമാക്കുന്നതിൽ വിശേഷാൽ ഫലപ്രദമാണ്. ഒരു തിരുവെഴുത്തു ദൃഷ്ടാന്തം പരാമർശിച്ചിട്ട് ഒരു പ്രസംഗകന് ഇങ്ങനെ പറയാവുന്നതാണ്, “നിങ്ങളുടെ സാഹചര്യവും ഇതിനോടു സമാനമായിരിക്കാം.” ബൈബിൾ ദൃഷ്ടാന്തങ്ങളുടെ ഏതൊരു ബാധകമാക്കലും സാഹചര്യത്തിനും മുഴു ബൈബിളിനും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾക്കും ചേർച്ചയിലാണെന്ന് അദ്ദേഹം ഉറപ്പാക്കണം.—മത്താ. 24:45, NW.
5 അറിവും ഗ്രാഹ്യവും വിജയകരമായി ഉപയോഗിക്കുന്നതിനുള്ള കഴിവാണ് ജ്ഞാനം. “ജ്ഞാനംതന്നേ പ്രധാനം.” (സദൃ. 4:7) ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നമ്മുടെ പഠനത്തിലൂടെ പ്രായോഗിക ജ്ഞാനം സമ്പാദിക്കുന്നതിൽ തുടരുന്നതോടൊപ്പം അത് മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്ന കലയിലും നമുക്കു കൂടുതൽ വൈദഗ്ധ്യം നേടാം.