മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം മാർച്ച് 15
“യേശുക്രിസ്തുവിന്റെ വരവിനെക്കുറിച്ച് ആളുകൾ മിക്കപ്പോഴും സംസാരിക്കാറുണ്ട്. നിങ്ങൾക്ക് എന്തു തോന്നുന്നു? ഇത് ആകാംക്ഷാപൂർവം നോക്കിയിരിക്കേണ്ട ഒരു സംഭവമാണോ അതോ ഭയമുളവാക്കുന്ന ഒന്നാണോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളെഴുത്തുകാരനായ യോഹന്നാന് ഇതു സംബന്ധിച്ച് എന്താണു തോന്നിയതെന്നു ശ്രദ്ധിക്കുക. [വെളിപ്പാടു 22:20 വായിക്കുക.] ക്രിസ്തുവിന്റെ വരവിന്റെ ഫലമെന്തായിരിക്കുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! മാർച്ച്
“പല ലോകനേതാക്കളും അഹങ്കാരികളായി കാണപ്പെടുന്നു. ഈ മനോഭാവം ലോകത്ത് ഐക്യവും സമാധാനവും ഊട്ടിവളർത്തുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അഹങ്കാരത്തെക്കുറിച്ചു ബൈബിൾ പറയുന്നത് ഇതാണ്. [സദൃശവാക്യങ്ങൾ 16:18 വായിക്കുക.] താഴ്മയുള്ളവർ ആയിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് ഈ ലേഖനം പറയുന്നു.” 20-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.
വീക്ഷാഗോപുരം ഏപ്രി. 1
“ആരോഗ്യം, കുടുംബം, ജോലി എന്നിവയോടു ബന്ധപ്പെട്ട പ്രശ്നങ്ങളെ നാം മിക്കപ്പോഴുംതന്നെ അഭിമുഖീകരിക്കാറുണ്ട്. ആശ്രയയോഗ്യവും പ്രായോഗികവും ആയ മാർഗനിർദേശങ്ങൾ എവിടെ കണ്ടെത്താനാകുമെന്നാണു നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] 2 തിമൊഥെയൊസ് 3:16-ൽ ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക. [വായിക്കുക.] പ്രായോഗികമായ പല വിധങ്ങളിലും ബൈബിളിനു നമ്മെ എങ്ങനെ സഹായിക്കാനാകുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ഏപ്രി.
“ലോകത്തിൽ മിക്കയിടങ്ങളിലും ധാർമിക നിലവാരങ്ങൾ അധഃപതിക്കുന്നവെന്ന അഭിപ്രായക്കാരാണ് പലരും. താങ്കൾക്ക് എന്ത് തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] നാം ഇന്നു കാണുന്ന അവസ്ഥകൾ ഒരു ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണ്. [2 തിമൊഥെയൊസ് 3:2-4 വായിക്കുക.] ധാർമിക അധഃപതനത്തിന്റെ അർഥമെന്തെന്നും അതു മനുഷ്യവർഗത്തെ എവിടെ കൊണ്ടെത്തിക്കുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”