പുതിയ സർക്കിട്ട് സമ്മേളന പരിപാടി
സത്യാരാധനയെ ശക്തിയുക്തം എതിർക്കുന്നവർക്കെതിരെ ഉറച്ച നിലപാട് കൈക്കൊള്ളാൻ നമുക്കെങ്ങനെ കഴിയും? അഭക്ത ലോകത്തിലേക്ക് നമ്മെ വലിച്ചിഴച്ചുകൊണ്ടുപോകാൻ നിരന്തരം ശ്രമിക്കുന്ന ശക്തികളെ നമുക്കെങ്ങനെ ചെറുത്തു തോൽപ്പിക്കാം? സേവനവർഷം 2009-ലെ സർക്കിട്ട് സമ്മേളന പരിപാടി സുപ്രധാനമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. “നന്മയാൽ തിന്മയെ ജയിക്കുക” എന്നതാണ് അതിന്റെ വിഷയം. (റോമ. 12:21) പ്രസംഗങ്ങളെക്കുറിച്ച് നമുക്ക് അൽപ്പമായി ചിന്തിക്കാം.
“നന്മയാൽ തിന്മയെ ജയിക്കാൻ ശക്തരാക്കപ്പെട്ടവർ,” “അമിത ആത്മവിശ്വാസത്തിനെതിരെ ജാഗ്രത പാലിക്കുക,” “സകല തിന്മകളുടെയും അന്ത്യം സമീപം!,” “വിശ്വാസം ശക്തമാക്കുക, ലോകത്തെ ജയിച്ചടക്കുക” എന്നീ പ്രസംഗങ്ങൾ ഡിസ്ട്രിക്റ്റ് മേൽവിചാരകൻ നടത്തുന്നതായിരിക്കും. റോമർ 13:11-13-നെ ആസ്പദമാക്കിയുള്ള “ഉണരുവാൻ നാഴിക വന്നിരിക്കുന്നു!,” സദൃശവാക്യങ്ങൾ 24:10-നെ ആധാരമാക്കിയുള്ള “കഷ്ടകാലത്ത് കുഴഞ്ഞുപോകരുത്” എന്നീ പ്രസംഗങ്ങൾ നിർവഹിക്കുന്നത് സർക്കിട്ട് മേൽവിചാരകനായിരിക്കും. “സർക്കിട്ടിന്റെ ആവശ്യങ്ങൾക്ക് ശ്രദ്ധകൊടുക്കുക” എന്ന ഭാഗവും അദ്ദേഹത്തിൽനിന്ന് നാം ശ്രദ്ധിക്കുന്നതായിരിക്കും. “പയനിയർ ശുശ്രൂഷ ഏറ്റെടുക്കാൻ നിങ്ങൾക്കാകുമോ?” എന്ന ആവേശജനകമായ മറ്റൊരു പ്രസംഗവും ഉണ്ടായിരിക്കും. രണ്ടു സിമ്പോസിയങ്ങളിൽ ആദ്യത്തേത് “സാത്താന്റെ കുതന്ത്രങ്ങൾക്കെതിരെ ഉറച്ചുനിൽക്കുക” എന്നതാണ്. സാങ്കേതികവിദ്യ, വിനോദം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പിശാച് കൗശലപൂർവം വെച്ചിരിക്കുന്ന തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ ഇതു നമ്മെ സഹായിക്കും. എഫെസ്യർ 6:10-18-ലെ ബുദ്ധിയുപദേശം മെച്ചമായി എങ്ങനെ ബാധകമാക്കാൻ കഴിയുമെന്ന് “ദുർദ്ദിവസത്തിൽ എതിർത്തുനിൽക്കാൻ ശക്തിയാർജിക്കുക” എന്ന സിമ്പോസിയം വ്യക്തമാക്കിത്തരും.
രാജ്യസന്ദേശം പ്രസംഗിക്കുന്നത് തിന്മയെ പാടേ പരാജയപ്പെടുത്തുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. (വെളി. 12:17) സാത്താൻ യഹോവയുടെ സാക്ഷികളെ ആക്രമിച്ചുകൊണ്ടിരിക്കുന്നതിൽ അതിശയമില്ല. (യെശ. 43:10, 12) ‘നന്മയാൽ തിന്മയെ ജയിക്കാൻ’ നാം തീരുമാനിച്ചുറച്ചിരിക്കുന്നതിനാൽ സാത്താൻ ദയനീയമായി പരാജയപ്പെടും. ഈ സർക്കിട്ട് സമ്മേളനത്തിന്റെ നാലു സെഷനുകളിൽനിന്നും പൂർണപ്രയോജനം നേടാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യുക.