പുതിയ പ്രത്യേക സമ്മേളനദിന പരിപാടി
“ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം” എന്നതാണ് 2009-ലെ പ്രത്യേക സമ്മേളന പരിപാടിയുടെ വിഷയം. കൊലൊസ്സ്യർ 4:17-നെ ആസ്പദമാക്കിയുള്ളതാണ് ഇത്. ക്രിസ്ത്യാനികളായ നാം ആ ഉദ്ബോധനം വളരെ ഗൗരവമായെടുക്കുന്നു. യേശുവിനെപ്പോലെ വിശ്വസ്തതയോടെ ശുശ്രൂഷ നിർവഹിക്കുകയാണ് നമ്മുടെ ലക്ഷ്യം. (യോഹ. 17:4) അപ്പൊസ്തലനായ പൗലൊസും ഇക്കാര്യത്തിൽ നല്ലൊരു മാതൃക വെച്ചു. ശുശ്രൂഷ നിവർത്തിക്കാൻ അവൻ ദൃഢചിത്തനായിരുന്നു.—പ്രവൃ. 20:24.
പല പ്രസാധകരും ശുശ്രൂഷയിലെ വെല്ലുവിളികൾ തരണംചെയ്യുന്നത് എങ്ങനെയെന്ന് സഞ്ചാര മേൽവിചാരകൻ വ്യക്തമാക്കും. തുടർന്നുള്ള, “നട്ടതു വളർത്തിക്കൊണ്ടുവരിക” എന്ന പ്രസംഗത്തിലൂടെ ‘നിത്യജീവന്നായി നിയമിക്കപ്പെട്ടവരെ’ എങ്ങനെ സഹായിക്കാനാകുമെന്ന് നാം മനസ്സിലാക്കുന്നതായിരിക്കും. (പ്രവൃ. 13:48) “നാം ശുശ്രൂഷകരാണെന്നു തെളിയിക്കുന്ന വിധം” എന്ന പ്രസംഗത്തിൽ സന്ദർശക പ്രസംഗകൻ ആദ്യംതന്നെ 2 കൊരിന്ത്യർ 6:1-10 വാക്യാനുവാക്യം വിശദീകരിക്കും. ഉച്ചയ്ക്കുശേഷം അദ്ദേഹം “നിങ്ങളുടെ ശുശ്രൂഷയെ അമൂല്യമായി കരുതുക” എന്ന പ്രസംഗം അവതരിപ്പിക്കും. “യുവാക്കളും പ്രായമായവരും ഒരുപോലെ ശുശ്രൂഷ ആസ്വദിക്കുന്നു,” “ശുശ്രൂഷ നിവർത്തിക്കുന്ന യുവജനങ്ങൾ” എന്നീ പരിപാടികളും പ്രോത്സാഹജനകമായിരിക്കും. നടക്കാനിരിക്കുന്ന ഏതെങ്കിലുമൊരു സമ്മേളനത്തിൽ സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അധ്യക്ഷ മേൽവിചാരകനെ വിവരം അറിയിക്കുക. നമ്മുടെ സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും ഒരു മുഖ്യഭാഗമാണല്ലോ വീക്ഷാഗോപുര പരിചിന്തനം. അതുകൊണ്ട് പ്രത്യേക സമ്മേളനദിനം നടക്കുന്ന വാരത്തിൽ പഠിക്കേണ്ട മാസിക കൊണ്ടുവരിക.
യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വേലയ്ക്കുവേണ്ടിയുള്ള സമയം മറ്റു കാര്യങ്ങൾക്കായി നാം ഒരിക്കലും വിനിയോഗിക്കരുത്. ഈ പ്രത്യേക സമ്മേളനദിന പരിപാടിയിലൂടെ ലഭിക്കുന്ന തിരുവെഴുത്തു പ്രോത്സാഹനങ്ങൾ, ശരിയായ കാര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിച്ചുനിറുത്താൻ നമ്മെ സഹായിക്കും. അതോടൊപ്പം, നമ്മുടെ ശുശ്രൂഷയെ വിലയിരുത്താനും അങ്ങനെ അത് പൂർണമായി നിവർത്തിക്കാനും അതു നമ്മെ പ്രാപ്തരാക്കും.