ശുശ്രൂഷയ്ക്ക് മുൻഗണന നൽകുക
1. തനിക്കു പരമപ്രധാനം ശുശ്രൂഷയാണെന്ന് യേശു തെളിയിച്ചത് എങ്ങനെ?
1 യേശുവിന്റെ ജീവിതത്തിൽ ശുശ്രൂഷയ്ക്കായിരുന്നു പ്രഥമസ്ഥാനം. അവൻ തന്റെ ജീവിതംതന്നെ അതിനായി ഉഴിഞ്ഞുവെച്ചു. കഴിയുന്നത്ര ആളുകളോട് സുവിശേഷം ഘോഷിക്കുന്നതിനായി പാലസ്തീനിലുടനീളം നൂറുകണക്കിനു കിലോമീറ്റർ അവൻ കാൽനടയായി സഞ്ചരിച്ചു. ശുശ്രൂഷയ്ക്ക് കൂടുതൽ സമയവും ശ്രദ്ധയും നൽകാൻ കഴിയേണ്ടതിന് അവൻ ജീവിതം ലളിതമാക്കിനിറുത്തി. (മത്താ. 8:20) തുടർന്നും രോഗികളെ സൗഖ്യമാക്കുന്നതിനുവേണ്ടി അവൻ തങ്ങളോടൊപ്പംതന്നെ ആയിരിക്കണമെന്ന് ആഗ്രഹിച്ച ജനത്തിന് അവൻ കൊടുത്ത മറുപടി ഇതായിരുന്നു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.”—ലൂക്കോ. 4:43.
2. യേശു ശുശ്രൂഷയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയത് എന്തുകൊണ്ടാണ്?
2 യേശു ശുശ്രൂഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകിയത് എന്തുകൊണ്ടായിരുന്നു? യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണമായിരുന്നു അവന്റെ മുഖ്യലക്ഷ്യം. (മത്താ. 6:9) സ്വർഗീയപിതാവിനെ സ്നേഹിച്ചിരുന്നതുകൊണ്ട് അവന്റെ ഇഷ്ടം നിവർത്തിക്കാനും അവന്റെ സകല കൽപ്പനകളും പാലിക്കാനും യേശു ആഗ്രഹിച്ചു. (യോഹ. 14:31) കൂടാതെ, അവന് ആളുകളോട് പരിഗണനയും അവരെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹവും ഉണ്ടായിരുന്നു.—മത്താ. 9:36, 37.
3. ശുശ്രൂഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
3 യേശുവിനെ അനുകരിക്കുക: യേശുവിനെപ്പോലെ ശുശ്രൂഷയ്ക്ക് പ്രഥമസ്ഥാനം നൽകുക എന്നത് ഇന്ന് ഒരു വെല്ലുവിളിയാണ്. കാരണം നമ്മുടെ സമയം കവർന്നെടുക്കാനും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനും ഉദ്ദേശിച്ചുള്ള പലതും ലോകം വെച്ചുനീട്ടുന്നു. (മത്താ. 24:37-39; ലൂക്കോ. 21:34) അതുകൊണ്ട് പ്രസംഗവേലയ്ക്കായി തയ്യാറാകാനും ക്രമമായി അതിൽ ഏർപ്പെടാനും സമയം നീക്കിവെച്ചുകൊണ്ട് പ്രാധാന്യമേറിയ കാര്യങ്ങൾ അവഗണിക്കപ്പെടുന്നില്ലെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. (ഫിലി. 1:10) ലളിതമായ ജീവിതം നയിക്കാനും ലോകത്തെ മുഴുവനായി ഉപയോഗിക്കാതിരിക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം.—1 കൊരി. 7:31.
4. ഇപ്പോൾത്തന്നെ ശരിയായ മുൻഗണനവെച്ചു പ്രവർത്തിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 സമയം പരിമിതമായിരിക്കുമ്പോൾ, ഏറ്റവും പ്രാധാന്യമുള്ള കാര്യം ആദ്യം ചെയ്യാൻ ജ്ഞാനിയായ ഒരു വ്യക്തി ശ്രമിക്കും. ഉദാഹരണത്തിന്, വിനാശകമായ ഒരു കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ പോകുകയാണ് എന്ന് കേൾക്കുന്നെങ്കിൽ, അദ്ദേഹം എന്തായിരിക്കും ചെയ്യുക? തന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിലും അയൽക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിലുമായിരിക്കും അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ. തന്റെ സമയവും ഊർജവുമെല്ലാം അദ്ദേഹം അതിനായി ഉപയോഗിക്കും. അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾ പിന്നീടു ചെയ്യാമെന്നുവെക്കും. അർമഗെദോൻ ആകുന്ന കൊടുങ്കാറ്റ് ആഞ്ഞടിക്കാൻ ഇനി അധികസമയം ശേഷിക്കുന്നില്ല. (സെഫ. 1:14-16; 1 കൊരി. 7:29) നമ്മെത്തന്നെയും നമ്മുടെ വാക്കു കേൾക്കുന്നവരെയും രക്ഷിക്കാൻ കഴിയേണ്ടതിന് നാം നമുക്കുതന്നെയും നമ്മുടെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ നൽകേണ്ടതുണ്ട്, സഭയിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും. (1 തിമൊ. 4:16) അതെ, നമ്മുടെ രക്ഷ ശുശ്രൂഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്!