പുതിയ ലഘുപത്രിക സമർപ്പിക്കാം!
1. നവംബറിൽ നാം എന്തു സമർപ്പിക്കും? ഈ ലഘുപത്രികയുടെ ഉദ്ദേശ്യമെന്ത്?
1 2009-ലെ “സദാ ജാഗരൂകരായിരിക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ബൈബിൾ നൽകുന്ന സന്ദേശം എന്ന പുതിയൊരു ലഘുപത്രിക പ്രകാശനംചെയ്യപ്പെട്ടു. നവംബറിൽ, ലോകമെമ്പാടുമുള്ള സഭകൾ അത് ആദ്യമായി വയലിൽ സമർപ്പിക്കും. നമ്മുടെ പ്രദേശത്തുള്ളവർക്ക് ഈ പ്രസിദ്ധീകരണം എങ്ങനെയായിരിക്കും പ്രയോജനം ചെയ്യുക? മിക്ക ആളുകൾക്കും, പ്രത്യേകിച്ചും ക്രിസ്തീയേതര മതങ്ങളിൽ ഉള്ളവർക്ക്, ബൈബിളിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. അതുകൊണ്ട് ഈ പത്രിക തയ്യാറാക്കിയിരിക്കുന്നത്, ഇതിന്റെ 3-ാം പേജിൽ പറഞ്ഞിരിക്കുന്നതുപോലെ “ബൈബിളിനെപ്പറ്റി ഒരു ആകമാനവീക്ഷണം” നൽകുക എന്ന ഉദ്ദേശ്യത്തിലാണ്.
2. ഈ ലഘുപത്രിക നമുക്ക് എങ്ങനെ സമർപ്പിക്കാം?
2 എങ്ങനെ സമർപ്പിക്കാം? ക്രൈസ്തവരായ വീട്ടുകാരോട് നമുക്ക് ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്: “ഈ തിരുവെഴുത്തിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. [2 തിമൊഥെയൊസ് 3:16 വായിക്കുക.] ഞങ്ങൾ കണ്ടുമുട്ടുന്ന പലരും ഈ വാക്കുകളോട് യോജിക്കാറുണ്ട്; എന്നാൽ വേറെ ചിലരാകട്ടെ, ബൈബിൾ കേവലം ഒരു നല്ല പുസ്തകം മാത്രമാണെന്ന പക്ഷക്കാരാണ്. ആകട്ടെ, നിങ്ങൾ എങ്ങനെയാണ് ബൈബിളിനെ വീക്ഷിക്കുന്നത്? [മറുപടി ശ്രദ്ധിക്കുക.] നമ്മുടെ മതവിശ്വാസങ്ങൾ എന്തുതന്നെ ആയിരുന്നാലും നാം വ്യക്തിപരമായി ബൈബിൾ പരിശോധിച്ചു നോക്കുന്നത് എന്തുകൊണ്ടും പ്രയോജനപ്രദമാണ്. [3-ാം പേജിൽ മുകളിലായി കൊടുത്തിരിക്കുന്ന ആമുഖ ഖണ്ഡിക വായിക്കുക.] ബൈബിളിന്റെ ഉള്ളടക്കം ചുരുക്കമായി പ്രതിപാദിച്ചിരിക്കുന്ന ഈ ലഘുപത്രിക വായിക്കവെ അത്യന്തം ശ്രദ്ധേയമായ ഒരു വസ്തുത നിങ്ങൾ മനസ്സിലാക്കും: ബൈബിളിന് ആകമാനം ഒരു ഇതിവൃത്തവും സന്ദേശവുമാണുള്ളത്.”
3. ക്രൈസ്തവരല്ലാത്തവർക്ക് ഈ ലഘുപത്രിക സമർപ്പിക്കാൻ ഏത് അവതരണം ഉപയോഗിക്കാനായേക്കും?
3 ഇനി, ബൈബിളിനോട് ആദരവുണ്ടായിരിക്കാൻ സാധ്യതയുള്ള, ക്രൈസ്തവരല്ലാത്തവരോടു സാക്ഷീകരിക്കുമ്പോൾ പിൻവരുന്ന അവതരണം ഉപയോഗിക്കാനായേക്കും: “പലപ്പോഴും അടിച്ചമർത്തലിനും അനീതിക്കും ഇരയാകുന്നത് നല്ലവരായ ആളുകളാണ്. ദൈവത്തിന് അവരെക്കുറിച്ചു ചിന്തയുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [മറുപടി ശ്രദ്ധിക്കുക.] ദൈവം അവർക്കു നൽകുന്ന ആശ്വാസകരമായ ഒരു വാഗ്ദാനത്തെക്കുറിച്ച് ഞാൻ ബൈബിളിൽനിന്നു വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 37:11 വായിക്കുക.] ഈ പ്രവചനം നിവൃത്തിയേറുമ്പോൾ ഭൂമിയിലെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? [മറുപടി ശ്രദ്ധിക്കുക.] എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും പെട്ട ആളുകൾക്ക് ആശ്വാസവും പ്രത്യാശയും പകരാൻ ബൈബിളിനു കഴിയുമെന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.” 3-ാം പേജിൽ മുകളിലായി കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ചശേഷം ലഘുപത്രിക സമർപ്പിക്കുക.
4. ഈ ലഘുപത്രിക ഉപയോഗിച്ച് എങ്ങനെ ഒരു അധ്യയനം ആരംഭിക്കാം?
4 ബൈബിളധ്യയനം ആരംഭിക്കുക: നാം മടങ്ങിച്ചെല്ലുമ്പോൾ മുമ്പ് സംസാരിച്ച കാര്യങ്ങൾ വീട്ടുകാരന്റെ മനസ്സിലേക്കു കൊണ്ടുവരാനാകും. ചർച്ചചെയ്ത വിഷയത്തോടു ബന്ധപ്പെട്ട ഒന്നോ രണ്ടോ ഖണ്ഡികകൾ ലഘുപത്രികയിൽനിന്നു പരിചിന്തിക്കാവുന്നതാണ്. ഓരോ ഭാഗത്തും ഒടുവിലായി കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഇതിനായി ഉപയോഗിക്കാനാകും. ഇനി, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതാണ് ഉചിതമെന്നു തോന്നുന്നെങ്കിൽ, ലഘുപത്രികയുടെ 32-ാം പേജിൽ കൊടുത്തിരിക്കുന്ന ഖണ്ഡികകൾ വായിച്ചുകേൾപ്പിച്ചശേഷം വീട്ടുകാരന് പുസ്തകം നൽകുക. പുസ്കത്തിന്റെ ഉള്ളടക്കപ്പട്ടിക കാണിച്ചശേഷം അതിൽ ഏതു വിഷയത്തെക്കുറിച്ച് അറിയാനാണ് താത്പര്യം എന്നു ചോദിക്കുക. അദ്ദേഹം തിരഞ്ഞെടുക്കുന്ന അധ്യായത്തിൽനിന്ന് ഒന്നോ രണ്ടോ ഖണ്ഡികകൾ ചർച്ച ചെയ്യുക. നവംബർമാസത്തിൽ ഈ ലഘുപത്രിക ആളുകളുടെ പക്കൽ എത്തിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യാം!