പ്രതിമാസ വിഷയം: “വചനം പ്രസംഗിക്കുക; അടിയന്തിരതയോടെ.” —2 തിമൊ. 4:2.
ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കാനുള്ള അവസരങ്ങളെല്ലാം നിങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടോ?
1. ദാവീദിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാം?
1 സാഹചര്യങ്ങൾ തന്നെ തളർത്തിക്കളയാൻ ദാവീദ് രാജാവ് അനുവദിച്ചില്ല. ഉദാഹരണത്തിന്, ദാവീദ് യഹോവയ്ക്ക് ഒരു ആലയം പണിയാൻ ആഗ്രഹിച്ചു. അതിനു തടസ്സം വന്നപ്പോൾ തന്റെ ലക്ഷ്യം സാധ്യമാക്കാൻ, ആലയം പണിയാൻ വേണ്ട സഹായങ്ങൾ ശലോമോന് ഒരുക്കിക്കൊടുത്തു. (1 രാജാ. 8:17-19; 1 ദിന. 29:3-9) ചെയ്യാൻ കഴിയാത്തതിൽ ആകുലപ്പെടുന്നതിനു പകരം തനിക്കു സാധിക്കുന്നതിൽ ദാവീദ് ശ്രദ്ധ വെച്ചു. വ്യത്യസ്തവിധങ്ങളിൽ ദൈവരാജ്യസന്ദേശം വ്യാപിപ്പിക്കുന്ന കാര്യത്തിൽ ദാവീദിനെ എങ്ങനെ അനുകരിക്കാം?
2. നാം എന്ത് ആത്മപരിശോധന നടത്തണം?
2 നിങ്ങൾക്ക് ചെയ്യാനാകുന്നതു ചെയ്യുക: സഹായ പയനിയറോ സാധാരണ പയനിയറോ ആകാൻ അനേകരും ജീവിതം ലളിതമാക്കിയിരിക്കുന്നു. (മത്താ. 6:22, അടിക്കുറിപ്പ്) നിങ്ങൾക്ക് അതു സാധിക്കുമോ? സ്വന്തം സാഹചര്യങ്ങൾ പ്രാർഥനാപൂർവം വിലയിരുത്തുകയാണെങ്കിൽ “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” തുറന്നുകിട്ടിയിരിക്കുന്നു എന്നു മനസ്സിലാക്കാനാകും. അങ്ങനെയെങ്കിൽ ആ അവസരം ഉപയോഗിക്കരുതോ?—1 കൊരി. 16:8, 9.
3. പയനിയറിങ് ചെയ്യാൻ സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽപ്പോലും ഏതൊക്കെ അവസരങ്ങൾ പ്രയോജനപ്പെടുത്താം?
3 പയനിയറിങ് ചെയ്യാൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ എന്ത്? നിങ്ങൾക്കുള്ള അവസരങ്ങൾ കണ്ടില്ല എന്നു വെക്കരുത്. ഉദാഹരണത്തിന്, അവിശ്വാസികളോടൊപ്പമാണു ജോലി ചെയ്യുന്നതെങ്കിൽ അവസരം കിട്ടുമ്പോഴെല്ലാം അവരോടു സാക്ഷീകരിച്ചുകൂടേ? അല്ലെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് അസുഖമാണെങ്കിൽ ചികിത്സിക്കുന്നവരോടു സാക്ഷീകരിക്കാൻ ശ്രമിച്ചുകൂടേ? പ്രായാധിക്യമോ ഗുരുതരമായ രോഗമോ നിമിത്തം സേവനത്തിനു പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് മാസത്തിൽ കുറഞ്ഞത് 15 മിനിട്ടു പോലും റിപ്പോർട്ടു ചെയ്യാമെന്ന് ഓർക്കുക. വയൽസേവന റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അനൗപചാരിക സാക്ഷീകരണം നടത്തിയതിന്റെ സമയവും സ്മാരകത്തിന്റെയോ കൺവെൻഷന്റെയോ ക്ഷണക്കത്തുൾപ്പെടെ എല്ലാ ലഘുലേഖകളും സാഹിത്യങ്ങളും കൊടുത്തതിന്റെ എണ്ണവും ഉൾപ്പെടുത്തുക. ഇങ്ങനെയുള്ള ചെറിയചെറിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ആകെ കിട്ടുന്ന സമയം നിങ്ങളെ അതിശയിപ്പിച്ചേക്കാം!
4. എന്താണ് നിങ്ങളുടെ തീരുമാനം?
4 സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും സുവാർത്ത വ്യാപിപ്പിക്കുന്നതിൽ എല്ലാ അവസരങ്ങളും നമുക്ക് ഉപയോഗപ്പെടുത്താം. അതുവഴി ദൈവരാജ്യത്തിനുവേണ്ടി ആകുന്നതെല്ലാം ചെയ്തതിന്റെ സംതൃപ്തി നമ്മുടേതായിത്തീരും.—മർക്കോ. 14:8; ലൂക്കോ. 21:2-4.