സുവാർത്താ ലഘുപത്രിക ഉപയോഗിച്ചു പഠിപ്പിക്കുക
1. സുവാർത്താ ലഘുപത്രിക എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത്?
1 ജൂലൈയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ ചർച്ചചെയ്തതുപോലെ ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക നമ്മുടെ പഠിപ്പിക്കൽ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. തിരുവെഴുത്തുകൾ പരാമർശിക്കുകമാത്രം ചെയ്തിരിക്കുന്നതിനാൽ ബൈബിളിൽനിന്ന് അത് നേരിട്ട് പഠിക്കുന്നത് വീട്ടുകാർക്ക് പ്രയോജനം ചെയ്യും. നമ്മുടെ പല പ്രസിദ്ധീകരണങ്ങളും വായനക്കാരന് സ്വന്തമായി പഠിക്കാനാകുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്, എന്നാൽ ഇത് തയ്യാറാക്കിയിരിക്കുന്നത് ഒരു അധ്യാപകന്റെ സഹായത്തോടെ പഠിക്കാനാണ്. അതിനാൽ, നമ്മൾ ഇത് കൊടുക്കുമ്പോൾ വീട്ടുകാരനെ ഒരു അധ്യയനം അവതരിപ്പിച്ചു കാണിക്കണം. അങ്ങനെ അദ്ദേഹം ബൈബിളിൽനിന്ന് സുവാർത്ത പഠിക്കുന്നത് എത്ര പുളകപ്രദമാണെന്ന് കണ്ടെത്തും.—മത്താ. 13:44.
2. ആദ്യസന്ദർശനത്തിൽ സുവാർത്താ ലഘുപത്രിക നമുക്ക് എങ്ങനെ ഉപയോഗിക്കാം?
2 ആദ്യസന്ദർശനത്തിൽ: നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് പല ആളുകളും വ്യാകുലപ്പെടുന്നതിനാലാണ് ഞാൻ ഇവിടെ വന്നത്. കാര്യങ്ങൾ എന്നെങ്കിലും മെച്ചപ്പെടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? (മറുപടി ശ്രദ്ധിക്കുക.) പ്രത്യാശ പകരുന്ന സുവാർത്ത നമ്മുടെ സൃഷ്ടാവിൽനിന്നു മാത്രമെ വരികയുള്ളൂ. താഴെ പറയുന്ന ചില ചോദ്യങ്ങൾക്ക് ആശ്രയയോഗ്യമായ ഉത്തരങ്ങൾ നിങ്ങൾക്കു കണ്ടെത്താം.” ലഘുപത്രിക വീട്ടുകാരന്റെ കൈയിൽ കൊടുത്തിട്ട് പുറംചട്ടയിലെ ചോദ്യങ്ങളിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുക. ആ പാഠത്തിലെ ആദ്യ ഖണ്ഡിക ചർച്ച ചെയ്തുകൊണ്ട് ഒരു അധ്യയനം അവതരിപ്പിക്കുക. ലഘുപത്രികയിലെ നിങ്ങൾ തിരഞ്ഞെടുത്ത ഒരു പാഠത്തിൽനിന്ന് വീട്ടുകാരനോട് ചിന്തോദ്ദീപകമായ ഒരു ചോദ്യം ചോദിക്കുന്നതാണ് മറ്റൊരു രീതി. ലഘുപത്രിക, ഈ ചോദ്യത്തിന് ദൈവവചനം നൽകുന്ന ഉത്തരം കണ്ടെത്താൻ സഹായിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു കൊടുക്കുക. ഈ പാഠത്തിന് ഇണങ്ങുന്ന വീഡിയോ jw.org-യിൽ ഉണ്ടെങ്കിൽ ചില പ്രചാരകർ അവതരണത്തിൽ അതും കാണിക്കാറുണ്ട്.
3. സുവാർത്താ ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം നടത്തുന്നത് എങ്ങനെയെന്ന് വിവരിക്കുക.
3 അധ്യയനം എങ്ങനെ നടത്താം: (1) തടിച്ച അക്ഷരത്തിൽ അക്കം ഇട്ടു കൊടുത്തിട്ടുള്ള ചോദ്യങ്ങൾ വായിച്ചുകൊണ്ട് പ്രധാന വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വീട്ടുകാരനെ സഹായിക്കുക. (2) തുടർന്നു വരുന്ന ഖണ്ഡിക വായിക്കുക. (3) ചെരിച്ചെഴുതിയിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുക, അക്കമിട്ട് കൊടുത്തിരിക്കുന്ന ചോദ്യത്തിന് തിരുവെഴുത്തുകൾ ഉത്തരം നൽകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ നയപൂർവം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വീട്ടുകാരനെ സഹായിക്കുക. (4) ചോദ്യത്തിനുകീഴെ മറ്റൊരു ഖണ്ഡിക ഉണ്ടെങ്കിൽ 2-ഉം 3-ഉം പടികൾ ആവർത്തിക്കുക. ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു വീഡിയോ ഉണ്ടെങ്കിൽ ചർച്ചയ്ക്കിടെ ഏതെങ്കിലും സമയത്ത് അതു കാണിക്കുക. (5) അവസാനം, വീട്ടുകാരന് കാര്യം മനസ്സിലായോ എന്നറിയാനായി അക്കമിട്ടു കൊടുത്തിരിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ആരായുക.
4. വിലപ്പെട്ട ഈ ഉപകരണം വൈദഗ്ധ്യത്തോടെ ഉപയോഗിക്കാൻ നമ്മെ എന്തു സഹായിക്കും?
4 വിലപ്പെട്ട ഈ ഉപകരണവുമായി പരിചയപ്പെടുക. ഉചിതമായ അവസരങ്ങളിലെല്ലാം അത് ഉപയോഗിക്കുക. ഓരോ അധ്യയനത്തിനുമുമ്പും, വിദ്യാർഥിയെപ്പറ്റിയും പാഠത്തിലെ തിരുവെഴുത്തുകൾ ഉപയോഗിച്ച് ഏറ്റവും മെച്ചമായി അദ്ദേഹത്തോടു ന്യായവാദം ചെയ്യുന്നതിനെപ്പറ്റിയും ചിന്തിക്കുക. (സദൃ. 15:28; പ്രവൃ. 17:2, 3) അനുഭവവും വൈദഗ്ധ്യവും നേടവേ ഈ ലഘുപത്രിക ആയിരിക്കും ആളുകളെ സത്യം പഠിപ്പിക്കാനുള്ള നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഉപകരണം!