ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറ പാകിക്കൊണ്ട്
എന്തുകൊണ്ട് പ്രധാനം:
നടുന്ന സത്യത്തിന്റെ വിത്തിനു വെള്ളം ഒഴിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (1 കൊരി. 3:6) താത്പര്യക്കാരനുമായി സംഭാഷണം നടത്തിയ ശേഷം അദ്ദേഹത്തെ കാണാൻ മടങ്ങിച്ചെല്ലുമ്പോൾ ചർച്ച തുടരാൻ സഹായിക്കുന്ന ഒരു ചോദ്യം ചോദിച്ചിട്ടു പോരുക. ഇത്, അദ്ദേഹത്തിന്റെ ആകാംക്ഷ വർധിപ്പിക്കുകയും മടക്കസന്ദർശനത്തിനു തയാറാകുന്നത് എളുപ്പമാക്കുകയും ചെയ്യും. മടങ്ങിച്ചെല്ലുമ്പോൾ, കഴിഞ്ഞ പ്രാവശ്യം ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാനാണ് വന്നതെന്ന് പറയാം.
ഇത് എങ്ങനെ ചെയ്യാം:
വീടുതോറുമുള്ള അവതരണം തയാറാകുമ്പോൾ അടുത്ത സന്ദർശനത്തിലേക്കു വഴിതുറക്കുന്ന ഒരു ചോദ്യംകൂടെ തയാറാകുക. അത്, നിങ്ങൾ കൊടുക്കുന്ന പ്രസിദ്ധീകരണത്തിൽ ഉത്തരം ലഭിക്കുന്ന ചോദ്യമാകാം. അല്ലെങ്കിൽ, നിങ്ങൾ പിന്നീട് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഏതെങ്കിലും പഠന പ്രസിദ്ധീകരണത്തിലുള്ള ചോദ്യവുമാകാം.
താത്പര്യമുള്ള ഒരാളുമായി ചർച്ച അവസാനിപ്പിക്കുമ്പോൾ വീണ്ടും അദ്ദേഹത്തോട് സംസാരിക്കാൻ താത്പര്യമുണ്ടെന്ന് പറയുക. അടുത്ത സന്ദർശനത്തിനായി തയാറാക്കിയ ചോദ്യം ചോദിച്ചിട്ട് പോരുക. സാധ്യമെങ്കിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ശേഖരിക്കുക.
ഒരു പ്രത്യേകസമയത്ത് ചെല്ലാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വാക്കുപാലിക്കുക.—മത്താ. 5:37.