പഠനലേഖനം 41
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
ഭൂമിയിലെ യേശുവിന്റെ അവസാനത്തെ 40 ദിവസങ്ങളിൽനിന്നുള്ള പാഠങ്ങൾ
“യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്തു.”—പ്രവൃ. 1:3.
ഉദ്ദേശ്യം
ഭൂമിയിലെ അവസാനത്തെ 40 ദിവസം യേശു ചെയ്ത ചില കാര്യങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാം?
1-2. യേശുവിന്റെ രണ്ടു ശിഷ്യന്മാർ എമ്മാവൂസിലേക്കു നടന്നുപോകുമ്പോൾ എന്താണു സംഭവിച്ചത്?
തീയതി, എ.ഡി. 33 നീസാൻ 16. യേശുവിന്റെ ശിഷ്യന്മാർ ആകെ പേടിച്ചും സങ്കടപ്പെട്ടും തളർന്നിരിക്കുകയാണ്. അവരിൽ രണ്ടുപേർ ഇപ്പോൾ യരുശലേമിൽനിന്ന് എമ്മാവൂസ് എന്ന ഗ്രാമത്തിലേക്കു പോകുന്നു. ഏതാണ്ട് 11 കിലോമീറ്ററുണ്ട് ആ ഗ്രാമത്തിലേക്ക്. അവർ വളരെ നിരാശയോടെയാണ് നടന്നുനീങ്ങുന്നത്. കാരണം അവരുടെ നായകനായ യേശു വധിക്കപ്പെട്ടു. പ്രതീക്ഷകളെല്ലാം അതോടെ അസ്തമിച്ചു. മിശിഹ തങ്ങൾക്കുവേണ്ടി ചെയ്യുമെന്ന് അവർ വിചാരിച്ചതൊന്നും സംഭവിച്ചില്ല. പക്ഷേ അവരുടെ ദുഃഖം സന്തോഷത്തിനു വഴിമാറാൻ പോകുകയായിരുന്നു.
2 നടന്നുപോകുന്ന വഴിക്ക് ഒരു അപരിചിതൻ അവരോടൊപ്പം ചേർന്നു. യേശുവിനു സംഭവിച്ച കാര്യങ്ങൾ ആ ശിഷ്യന്മാർ സങ്കടത്തോടെ അദ്ദേഹത്തോടു വിവരിച്ചു. അവർ അതു പറഞ്ഞ് കഴിഞ്ഞപ്പോൾ അപരിചിതനായ ആ മനുഷ്യൻ ശിഷ്യന്മാരോടു ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻതുടങ്ങി. അത് അവർ ഒരിക്കലും മറക്കില്ലായിരുന്നു. “മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും” പറഞ്ഞ കാര്യങ്ങൾ ഉപയോഗിച്ച് മിശിഹ കഷ്ടത സഹിച്ച് മരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ മൂന്നു പുരുഷന്മാരും എമ്മാവൂസിൽ എത്തിക്കഴിഞ്ഞപ്പോൾ ആ അപരിചിതൻ ശരിക്കും താൻ ആരാണെന്ന് അവർക്കു വെളിപ്പെടുത്തിക്കൊടുത്തു. പുനരുത്ഥാനപ്പെട്ട യേശു ആയിരുന്നു അത്. തങ്ങളുടെ മിശിഹ ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ആ ശിഷ്യന്മാർക്കുണ്ടായ സന്തോഷം നമുക്ക് ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും!—ലൂക്കോ. 24:13-35.
3-4. (എ) യേശുവിന്റെ ശിഷ്യന്മാരിൽ എന്തു മാറ്റമാണുണ്ടായത്? (പ്രവൃത്തികൾ 1:3) (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഭൂമിയിലെ തന്റെ അവസാനത്തെ 40 ദിവസങ്ങളിൽ യേശു പല തവണ ശിഷ്യന്മാർക്കു പ്രത്യക്ഷനായി.a (പ്രവൃത്തികൾ 1:3 വായിക്കുക.) സങ്കടപ്പെട്ട് പേടിച്ചിരുന്ന യേശുവിന്റെ ശിഷ്യന്മാർ ആ സമയംകൊണ്ട് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നവരും പഠിപ്പിക്കുന്നവരും ആയിത്തീർന്നു.
4 യേശുവിന്റെ ജീവിതത്തിലെ ആവേശകരമായ ഈ സമയത്തെക്കുറിച്ച് പഠിക്കുന്നതു നമുക്കും പ്രയോജനം ചെയ്യും. ഈ ലേഖനത്തിൽ, അവസാനത്തെ 40 ദിവസം യേശു എങ്ങനെയാണ് തന്റെ ശിഷ്യന്മാരെ (1) പ്രോത്സാഹിപ്പിച്ചതെന്നും (2) തിരുവെഴുത്തുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചതെന്നും (3) കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പരിശീലിപ്പിച്ചതെന്നും നമ്മൾ കാണും. കൂടാതെ, യേശു ചെയ്ത ഈ ഓരോ കാര്യവും നമുക്ക് എങ്ങനെ അനുകരിക്കാമെന്നും നമ്മൾ പഠിക്കും.
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക
5. യേശുവിന്റെ ശിഷ്യന്മാർക്കു പ്രോത്സാഹനം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ശിഷ്യന്മാർക്കു പ്രോത്സാഹനം ആവശ്യമായിരുന്നു. എന്തുകൊണ്ട്? അവരിൽ ചിലർ യേശുവിനെ മുഴുസമയം അനുഗമിക്കുന്നതിനുവേണ്ടി തങ്ങളുടെ വീടും കുടുംബവും ബിസിനെസ്സും എല്ലാം ഉപേക്ഷിച്ച് വന്നവരാണ്. (മത്താ. 19:27) ഇനി മറ്റു ചിലരെ, യേശുവിന്റെ ശിഷ്യന്മാരായതിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. (യോഹ. 9:22) വരാനിരുന്ന മിശിഹ യേശു ആണെന്നു വിശ്വസിച്ചതുകൊണ്ടാണ് അവർ ഈ ത്യാഗങ്ങൾ എല്ലാം ചെയ്യാൻ തയ്യാറായത്. (മത്താ. 16:16) പക്ഷേ, യേശു വധിക്കപ്പെട്ടപ്പോൾ അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു; അവർ ആകെ നിരാശയിലായി.
6. പുനരുത്ഥാനപ്പെട്ടശേഷം യേശു എന്താണു ചെയ്തത്?
6 ശിഷ്യന്മാർ ദുഃഖിച്ചതു വിശ്വാസമില്ലാത്തതുകൊണ്ടല്ല എന്നു യേശു മനസ്സിലാക്കി. പെട്ടെന്ന് ഒരു നഷ്ടം ഉണ്ടാകുമ്പോൾ ആർക്കും തോന്നാവുന്ന സ്വാഭാവികമായ ഒരു പ്രതികരണം മാത്രമായിരുന്നു അതെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് പുനരുത്ഥാനപ്പെട്ട ആ ദിവസംതന്നെ യേശു തന്റെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. യേശു ആർക്കൊക്കെ പ്രത്യക്ഷനായി? തന്റെ കല്ലറയുടെ അടുത്ത് കരഞ്ഞുകൊണ്ടിരുന്ന മഗ്ദലക്കാരി മറിയയ്ക്കു യേശു പ്രത്യക്ഷപ്പെട്ടു. (യോഹ. 20:11, 16) ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ആ രണ്ടു ശിഷ്യന്മാരുടെ അടുത്ത് യേശു പ്രത്യക്ഷനായി. അതുപോലെ അപ്പോസ്തലനായ പത്രോസിന്റെ അടുത്തും യേശു വന്നു. (ലൂക്കോ. 24:34) യേശുവിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? അതു മനസ്സിലാക്കാൻ, യേശു ആദ്യം പ്രത്യക്ഷപ്പെട്ടപ്പോഴുണ്ടായ സംഭവം നോക്കാം.
7. മറിയ എന്തു ചെയ്യുന്നതാണ് യേശു കണ്ടത്, എന്തു ചെയ്യാൻ അതു യേശുവിനെ പ്രേരിപ്പിച്ചു? (യോഹന്നാൻ 20:11-16) (ചിത്രവും കാണുക.)
7 യോഹന്നാൻ 20:11-16 വായിക്കുക. നീസാൻ 16-ാം തീയതി അതിരാവിലെ വിശ്വസ്തരായ കുറച്ച് സ്ത്രീകൾ യേശുവിനെ അടക്കിയിരുന്ന സ്ഥലത്തേക്കു പോയി. (ലൂക്കോ. 24:1, 10) അവരിൽ ഒരാളായിരുന്നു മഗ്ദലക്കാരി മറിയ. കല്ലറയുടെ അടുത്ത് ചെന്നപ്പോൾ അതു ശൂന്യമായി കിടക്കുന്നതു കണ്ട മറിയ പെട്ടെന്നു പോയി പത്രോസിനെയും യോഹന്നാനെയും വിവരം അറിയിച്ചു. അതു കേട്ടയുടനെ അവർ കല്ലറയുടെ അടുത്തേക്ക് ഓടി. ഒപ്പം മറിയയും ചെന്നു. കല്ലറയിൽ യേശുവിന്റെ ശരീരം ഇല്ലെന്നു ബോധ്യമായപ്പോൾ അവർ തിരിച്ചുപോയി. പക്ഷേ മറിയ കരഞ്ഞുകൊണ്ട് അവിടെത്തന്നെ നിന്നു. ശരിക്കും യേശു അവിടെ ഉണ്ടായിരുന്നെങ്കിലും മറിയ അത് അറിഞ്ഞില്ല. വിശ്വസ്തയായ ഈ സ്ത്രീ കരയുന്നതു യേശു നിരീക്ഷിച്ചു; അവളെ ആശ്വസിപ്പിക്കാൻ ആഗ്രഹിച്ചു. യേശു മറിയയ്ക്കു പ്രത്യക്ഷനായി. തുടർന്ന് യേശു ചെയ്തതു ചെറിയൊരു കാര്യമായിരുന്നെങ്കിലും അത് അവളെ വളരെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. യേശു മറിയയോടു സംസാരിച്ചു; അവൾക്കു പ്രധാനപ്പെട്ട ഒരു നിയമനം കൊടുക്കുകയും ചെയ്തു. താൻ പുനരുത്ഥാനപ്പെട്ടു എന്ന സന്തോഷവാർത്ത തന്റെ സഹോദരന്മാരെ അറിയിക്കുക എന്നതായിരുന്നു അത്.—യോഹ. 20:17, 18.
നന്നായി നിരീക്ഷിക്കുകയും വിഷമിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് നമുക്കു യേശുവിനെ അനുകരിക്കാം (7-ാം ഖണ്ഡിക കാണുക)
8. നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
8 നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? യേശുവിനെപ്പോലെ നമുക്കും, മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവർക്ക് എന്താണ് തോന്നുന്നതെന്നു തിരിച്ചറിയാനും ആശ്വസിപ്പിക്കുന്ന രീതിയിൽ അവരോടു സംസാരിക്കാനും ഒക്കെ ശ്രമിക്കാം. അങ്ങനെ ദൈവസേവനത്തിൽ തുടരാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മൾ യേശുവിനെ അനുകരിക്കുകയാണ്. ജോസ്ലിൻ എന്ന ഒരു സഹോദരിയുടെ അനുഭവം നോക്കാം. ഒരു അപകടത്തിൽ ജോസ്ലിന്റെ അനിയത്തി മരിച്ചുപോയി. അവൾ പറയുന്നു: “മാസങ്ങളോളം ഞാൻ കടുത്ത ദുഃഖത്തിലാണ്ടുപോയി.” അതു മനസ്സിലാക്കിയ ഒരു സഹോദരനും ഭാര്യയും ജോസ്ലിനെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുകയും അവൾ പറഞ്ഞതു ശ്രദ്ധയോടെ കേൾക്കുകയും ചെയ്തു. എന്നിട്ട് ദൈവത്തിന്റെ കണ്ണിൽ അവൾ എത്ര വിലപ്പെട്ടവളാണെന്ന് അവളെ ഓർമിപ്പിച്ചു. ജോസ്ലിൻ പറയുന്നു: “ആർത്തിരമ്പുന്ന ഒരു കടലിൽ മുങ്ങിത്താണുകൊണ്ടിരുന്ന എന്നെ ഒരു ലൈഫ്ബോട്ടിലേക്കു വലിച്ചുകയറ്റാൻ യഹോവ അവരെ ഉപയോഗിച്ചതുപോലെ എനിക്കു തോന്നി. യഹോവയെ സേവിക്കാനുള്ള ആഗ്രഹം വീണ്ടെടുക്കാൻ അവർ എന്നെ സഹായിച്ചു.” നമുക്കും ഇതുപോലെ, മറ്റുള്ളവർ ഹൃദയം തുറക്കുമ്പോൾ അതു ശ്രദ്ധിച്ച് കേട്ടുകൊണ്ടും അവരോടു ദയയോടെ സംസാരിച്ചുകൊണ്ടും അവരെ പ്രോത്സാഹിപ്പിക്കാം. അങ്ങനെ അവർക്കു ദൈവസേവനത്തിൽ തുടരാൻ വേണ്ട ഊർജം പകരാം.—റോമ. 12:15.
തിരുവെഴുത്തുകൾ മനസ്സിലാക്കാൻ സഹായിക്കുക
9. ശിഷ്യന്മാർക്ക് ഏതു കാര്യത്തിൽ ബുദ്ധിമുട്ടു തോന്നി, യേശു അവരെ എങ്ങനെയാണു സഹായിച്ചത്?
9 യേശുവിന്റെ ശിഷ്യന്മാർ ദൈവവചനം വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. (യോഹ. 17:6) പക്ഷേ ദണ്ഡനസ്തംഭത്തിൽ കിടന്ന് ഒരു കുറ്റവാളിയെപ്പോലെ യേശു മരിച്ചത് എന്തുകൊണ്ടാണെന്ന് അവർക്കു മനസ്സിലായില്ല. അവരുടെ ഉള്ളിൽ സംശയങ്ങളുണ്ടായത് അവർക്കു വിശ്വാസമോ യഹോവയോടു സ്നേഹമോ ഇല്ലാഞ്ഞിട്ടല്ല, പകരം തിരുവെഴുത്തുകൾ ശരിക്കും മനസ്സിലാകാഞ്ഞിട്ടാണ് എന്നു യേശു തിരിച്ചറിഞ്ഞു. (ലൂക്കോ. 9:44, 45; യോഹ. 20:9) അതുകൊണ്ട്, തിരുവെഴുത്തുകളിൽനിന്ന് വായിച്ച കാര്യങ്ങളുടെ അർഥം ശരിക്കും മനസ്സിലാക്കാൻ യേശു അവരെ സഹായിച്ചു. എമ്മാവൂസിലേക്കു പോയിക്കൊണ്ടിരുന്ന രണ്ടു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ യേശു അത് എങ്ങനെയാണ് ചെയ്തതെന്നു നമുക്കു നോക്കാം.
10. താൻ ശരിക്കും മിശിഹതന്നെയാണെന്നു മനസ്സിലാക്കാൻ യേശു ശിഷ്യന്മാരെ സഹായിച്ചത് എങ്ങനെയാണ്? (ലൂക്കോസ് 24:18-27)
10 ലൂക്കോസ് 24:18-27 വായിക്കുക. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ? താൻ ആരാണെന്നു യേശു പെട്ടെന്നുതന്നെ അവരോടു പറഞ്ഞില്ല. പകരം അവരോടു ചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ്? അവർ അവരുടെ ഉള്ളിലുള്ളതു തുറന്നുപറയാൻ യേശു ആഗ്രഹിച്ചിരിക്കാം. ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവർ അതുതന്നെ ചെയ്തു. യേശു റോമാക്കാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ വിടുവിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നതായി അവർ പറഞ്ഞു. അവർ ഉള്ളിലുള്ളതെല്ലാം തുറന്നുപറഞ്ഞ് കഴിഞ്ഞപ്പോൾ യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് പ്രവചനങ്ങൾ നിറവേറിയത് എങ്ങനെയാണെന്നു മനസ്സിലാക്കാൻ അവരെ സഹായിച്ചു.b ആ വൈകുന്നേരംതന്നെ യേശു മറ്റു ശിഷ്യന്മാർക്കും പ്രത്യക്ഷനായി; ഇതേ സത്യങ്ങൾ അവരോടും പറഞ്ഞു. (ലൂക്കോ. 24:33-48) ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11-12. (എ) യേശു ബൈബിൾസത്യങ്ങൾ പഠിപ്പിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ചിത്രങ്ങളും കാണുക.) (ബി) ബൈബിൾ പഠിപ്പിച്ച ആൾ നോർട്ടെയെ സഹായിച്ചത് എങ്ങനെയാണ്?
11 നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? ആദ്യം, ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ അവരുടെ ഉള്ളിലുള്ളതു മനസ്സിലാക്കാൻ ഉചിതമായ ചോദ്യങ്ങൾ ചോദിക്കുക. (സുഭാ. 20:5) അവരുടെ പ്രശ്നം മനസ്സിലായാൽ ആ സാഹചര്യത്തിനു പറ്റുന്ന തിരുവെഴുത്തുകൾ എങ്ങനെ കണ്ടുപിടിക്കാമെന്നു കാണിച്ചുകൊടുക്കുക. അടുത്തതായി ഈ വാക്യങ്ങളനുസരിച്ച് എന്തു ചെയ്യണമെന്നു പറഞ്ഞുകൊടുക്കാൻ ആയിരിക്കും നമുക്കു തോന്നുന്നത്. പക്ഷേ അങ്ങനെ ചെയ്യുന്നതിനു പകരം, ആ വാക്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുക. വായിച്ച ഭാഗത്തെ ആശയം എന്താണെന്നും അതിനു ചേർച്ചയിൽ എങ്ങനെ തീരുമാനമെടുക്കാമെന്നും ചിന്തിക്കാൻ അവരെ സഹായിക്കുക. നമുക്ക് ഇപ്പോൾ ഘാനയിലുള്ള നോർട്ടെ സഹോദരന്റെ അനുഭവം നോക്കാം.
12 പതിനാറു വയസ്സുള്ളപ്പോഴാണു നോർട്ടെ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. പെട്ടെന്നുതന്നെ കുടുംബാംഗങ്ങൾ അതിനെ എതിർത്തു. എന്നാൽ ബൈബിൾപഠനം തുടരാൻ നോർട്ടെയെ എന്താണു സഹായിച്ചത്? അവനെ ബൈബിൾ പഠിപ്പിച്ചിരുന്ന സഹോദരൻ മത്തായി 10-ാം അധ്യായം ഉപയോഗിച്ച് സത്യക്രിസ്ത്യാനികൾക്ക് ഉപദ്രവം നേരിടേണ്ടിവരുമെന്ന് വിശദീകരിച്ചുകൊടുത്തിട്ടുണ്ടായിരുന്നു. “അതുകൊണ്ട് എതിർപ്പുകൾ ഉണ്ടായപ്പോൾ ഞാൻ കണ്ടെത്തിയതു സത്യംതന്നെയാണെന്ന് എനിക്കു ബോധ്യപ്പെട്ടു” എന്നു നോർട്ടെ പറയുന്നു. അതുപോലെ വിശ്വാസങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോൾ ജാഗ്രതയും അതേസമയം ആദരവും കാണിക്കേണ്ടതിനെക്കുറിച്ച് മത്തായി 10:16 എന്താണു പറയുന്നതെന്നു ചിന്തിക്കാൻ അദ്ദേഹം നോർട്ടെയെ സഹായിച്ചു. സ്നാനപ്പെട്ട് കഴിഞ്ഞ് മുൻനിരസേവനം ചെയ്യാൻ നോർട്ടെ ആഗ്രഹിച്ചു. പക്ഷേ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കാനാണ് അപ്പൻ അവനോടു പറഞ്ഞത്. ആ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു പറഞ്ഞുകൊടുക്കുന്നതിനു പകരം ബൈബിൾവാക്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും അവനെ സഹായിക്കുന്ന ചില ചോദ്യങ്ങൾ ബൈബിൾ അധ്യാപകൻ ചോദിച്ചു. എന്തായിരുന്നു ഫലം? മുഴുസമയസേവനം തിരഞ്ഞെടുക്കാൻ നോർട്ടെ തീരുമാനിച്ചു. പക്ഷേ അപ്പൻ അവനെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. തന്റെ ജീവിതത്തിലുണ്ടായ ഈ സംഭവങ്ങളെക്കുറിച്ച് നോർട്ടെയ്ക്ക് എന്താണു തോന്നുന്നത്? നോർട്ടെ പറയുന്നു: “ശരിയായ തീരുമാനമാണ് ഞാൻ എടുത്തതെന്ന് എനിക്ക് ഉറപ്പുണ്ട്.” തിരുവെഴുത്തുകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനു നമ്മളും സമയമെടുക്കുന്നെങ്കിൽ അവരുടെ വിശ്വാസവും ദൈവസേവനത്തിൽ തുടരാനുള്ള ആഗ്രഹവും ശക്തമാക്കാൻ നമുക്കു കഴിയും.—എഫെ. 3:16-19.
തിരുവെഴുത്തുകളെക്കുറിച്ച് നന്നായി ചിന്തിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് യേശുവിനെ അനുകരിക്കാം (11-ാം ഖണ്ഡിക കാണുക)e
‘മനുഷ്യരാകുന്ന സമ്മാനങ്ങളായിത്തീരാൻ’ സഹോദരന്മാരെ പരിശീലിപ്പിക്കുക
13. പ്രസംഗപ്രവർത്തനം തുടർന്നും നടക്കുമെന്ന് ഉറപ്പുവരുത്താൻ യേശു എന്താണു ചെയ്തത്? (എഫെസ്യർ 4:8)
13 ഭൂമിയിലായിരിക്കെ പിതാവ് തന്നെ ഏൽപ്പിച്ച ജോലി യേശു ഏറ്റവും നന്നായി ചെയ്തു. (യോഹ. 17:4) എന്നാൽ, ‘കാര്യങ്ങൾ ശരിയായി ചെയ്യണമെങ്കിൽ താൻതന്നെ അതു ചെയ്യണം’ എന്ന ചിന്ത യേശുവിന് ഉണ്ടായിരുന്നില്ല. മൂന്നര വർഷക്കാലത്തെ ശുശ്രൂഷയുടെ സമയത്ത് യേശു മറ്റുള്ളവരെ പരിശീലിപ്പിച്ചു. സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് തന്റെ ശിഷ്യന്മാരെ പ്രധാനപ്പെട്ട ചില ഉത്തരവാദിത്വങ്ങളും യേശു ഏൽപ്പിച്ചു. യഹോവയുടെ വിലപ്പെട്ട ആടുകളെ പരിപാലിക്കാനും പ്രസംഗപഠിപ്പിക്കൽ പ്രവർത്തനത്തിൽ നേതൃത്വം എടുക്കാനും ആയിരുന്നു അത്. യേശു ഇത്രയും വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചവരുടെ കൂട്ടത്തിൽ 20-കളിലായിരുന്നവർപോലും ഉണ്ടായിരുന്നിരിക്കണം. (എഫെസ്യർ 4:8 വായിക്കുക.) ഭൂമിയിലെ തന്റെ അവസാനത്തെ 40 ദിവസം, വിശ്വസ്തരും കഠിനാധ്വാനികളും ആയ ഈ പുരുഷന്മാരെ ‘മനുഷ്യരാകുന്ന സമ്മാനങ്ങളായിത്തീരാൻ’ യേശു പരിശീലിപ്പിച്ചത് എങ്ങനെയാണ്?
14. ഭൂമിയിലെ അവസാനത്തെ 40 ദിവസം യേശു തന്റെ ശിഷ്യന്മാരെ എന്താണു പഠിപ്പിച്ചത്? (ചിത്രവും കാണുക.)
14 യേശു തന്റെ ശിഷ്യന്മാരെ സഹായിക്കുന്നതിന് അവർക്കു സ്നേഹത്തോടെ ഉപദേശങ്ങൾ കൊടുത്തു. ഉദാഹരണത്തിന്, ചില ശിഷ്യന്മാർക്കു സംശയിക്കാനുള്ള പ്രവണതയുള്ളതായി കണ്ടപ്പോൾ യേശു അവരെ തിരുത്തി. (ലൂക്കോ. 24:25-27; യോഹ. 20:27) ജോലിയെക്കാളും വളരെ പ്രധാനപ്പെട്ടതാണ് യഹോവയുടെ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വമെന്നു യേശു അവരെ ഓർമിപ്പിച്ചു. (യോഹ. 21:15) യഹോവയുടെ സേവനത്തിൽ മറ്റുള്ളവർക്കു കിട്ടുന്ന ഉത്തരവാദിത്വങ്ങൾ കണ്ട് നമ്മൾ അസ്വസ്ഥരാകരുതെന്നും യേശു അവരോടു പറഞ്ഞു. (യോഹ. 21:20-22) അതുപോലെ ദൈവരാജ്യത്തെക്കുറിച്ച് അവർക്കുണ്ടായിരുന്ന തെറ്റായ ചില ചിന്തകൾ യേശു തിരുത്തുകയും സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ ശ്രദ്ധിക്കാൻ അവരെ സഹായിക്കുകയും ചെയ്തു. (പ്രവൃ. 1:6-8) യേശുവിൽനിന്ന് മൂപ്പന്മാർക്ക് എന്തു പഠിക്കാം?
കൂടുതൽ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യത നേടാൻ സഹോദരന്മാരെ സഹായിച്ചുകൊണ്ട് യേശുവിനെ അനുകരിക്കാം (14-ാം ഖണ്ഡിക കാണുക)
15-16. (എ) മൂപ്പന്മാർക്ക് ഏതെല്ലാം വിധങ്ങളിൽ യേശുവിനെ അനുകരിക്കാം? (ബി) ഒരു മൂപ്പനിൽനിന്ന് കിട്ടിയ ബുദ്ധിയുപദേശം പാട്രിക്കിന് എങ്ങനെയാണു പ്രയോജനം ചെയ്തത്?
15 മൂപ്പന്മാർക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവർ സഹോദരന്മാരെ പരിശീലിപ്പിക്കുകയും സഹായിക്കുകയും വേണം. അതിൽ ചെറുപ്പക്കാരും ഉൾപ്പെടും.c തങ്ങൾ പരിശീലനം കൊടുക്കുന്നവർക്ക് ഒരു തെറ്റും പറ്റില്ലെന്നു മൂപ്പന്മാർ ചിന്തിക്കരുത്. ചിലപ്പോൾ ചെറുപ്പക്കാരായ സഹോദരന്മാർക്കു ചില ഉപദേശങ്ങൾ കൊടുക്കേണ്ടിവന്നേക്കാം. അങ്ങനെയാകുമ്പോൾ അനുഭവപരിചയം നേടാനും, താഴ്മയും വിശ്വസ്തതയും മറ്റുള്ളവരെ സേവിക്കാനുള്ള മനസ്സൊരുക്കവും ഒക്കെ വളർത്തിയെടുക്കാനും അവർക്കു കഴിയും.—1 തിമൊ. 3:1; 2 തിമൊ. 2:2; 1 പത്രോ. 5:5.
16 ഇത്തരത്തിൽ ഒരു ബുദ്ധിയുപദേശം കിട്ടിയ പാട്രിക് സഹോദരന്റെ അനുഭവം നോക്കാം. സഹോദരിമാരോടുപോലും പരുഷമായി സംസാരിക്കുകയും ദയയില്ലാതെ ഇടപെടുകയും ചെയ്യുന്ന ഒരു രീതി സഹോദരനുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ പക്വതയുള്ള ഒരു മൂപ്പൻ പാട്രിക്കിനു ദയയോടെയും എന്നാൽ വ്യക്തമായും തിരുത്തൽ കൊടുത്തു. പാട്രിക് പറയുന്നു: “സഹോദരൻ അതു പറഞ്ഞുതന്നതിൽ എനിക്ക് ഒരുപാടു നന്ദിയുണ്ട്. ദൈവസേവനത്തിൽ ഞാൻ ആഗ്രഹിച്ച എന്തെങ്കിലും നിയമനങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ മറ്റുള്ളവർക്കു കിട്ടുന്നതു കാണുമ്പോൾ എനിക്കു സങ്കടം തോന്നുമായിരുന്നു. എന്നാൽ എന്തെങ്കിലും നിയമനങ്ങളിലല്ല പകരം സഹോദരങ്ങളെ താഴ്മയോടെ സേവിക്കുന്നതിലാണു ശ്രദ്ധിക്കേണ്ടതെന്നു മനസ്സിലാക്കാൻ സഹോദരൻ തന്ന ഉപദേശം എന്നെ സഹായിച്ചു.” കിട്ടിയ ഉപദേശം അനുസരിച്ചതുകൊണ്ട് 23 വയസ്സുള്ളപ്പോൾത്തന്നെ പാട്രിക് ഒരു മൂപ്പനായിത്തീർന്നു.—സുഭാ. 27:9.
17. തന്റെ ശിഷ്യന്മാരിൽ വിശ്വാസമുണ്ടെന്നു യേശു എങ്ങനെയാണ് കാണിച്ചത്?
17 യേശു ശിഷ്യന്മാർക്കു പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള ഉത്തരവാദിത്വം കൊടുത്തു. (മത്തായി 28:20-ലെ “അവരെ പഠിപ്പിക്കുക” എന്ന പഠനക്കുറിപ്പു കാണുക.) ഈ വലിയ ഉത്തരവാദിത്വം ചെയ്യാനുള്ള പ്രാപ്തിയൊന്നും തങ്ങൾക്കില്ലെന്നു ശിഷ്യന്മാർക്കു തോന്നിക്കാണും. പക്ഷേ യേശുവിന് അക്കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. അവർക്ക് അതിനു കഴിയുമെന്നു യേശു അവരോടു പറയുകയും ചെയ്തു. “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” എന്നു യേശു പറഞ്ഞു.—യോഹ. 20:21.
18. മൂപ്പന്മാർക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
18 മൂപ്പന്മാർക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം? അനുഭവപരിചയമുള്ള മൂപ്പന്മാർ ചില ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ചുകൊണ്ട് അവരെ പരിശീലിപ്പിക്കും. (ഫിലി. 2:19-22) ഉദാഹരണത്തിന്, രാജ്യഹാളിന്റെ ക്ലീനിങ്ങിലും അറ്റകുറ്റപ്പണികളിലും ഒക്കെ ചെറുപ്പക്കാരെ ഉൾപ്പെടുത്താൻ മൂപ്പന്മാർക്കാകും. ഒരു സഹോദരനെ ഒരു ജോലി ഏൽപ്പിച്ച് കഴിഞ്ഞാൽ അദ്ദേഹത്തിനു വേണ്ട പരിശീലനം കൊടുക്കാനും എന്നിട്ട് അദ്ദേഹം അതു നന്നായി ചെയ്യുമെന്നു വിശ്വസിക്കാനും അവർക്കു കഴിയും. പുതിയ മൂപ്പനായ മാത്യു സഹോദരന് അനുഭവപരിചയമുള്ള മൂപ്പന്മാർ പല കാര്യങ്ങളിലും പരിശീലനം കൊടുത്തു. അദ്ദേഹത്തിന് അതെല്ലാം ചെയ്യാൻ പറ്റുമെന്ന് അവർ വിശ്വസിക്കുകയും ചെയ്തു. അതിനെ വിലമതിച്ചുകൊണ്ട് മാത്യു സഹോദരൻ പറയുന്നു: “ഞാൻ പല തെറ്റുകളും വരുത്തി. പക്ഷേ ഒരാൾ കാര്യങ്ങൾ പഠിച്ചെടുക്കുമ്പോൾ തെറ്റുകൾ സ്വാഭാവികമാണെന്ന് മറ്റു മൂപ്പന്മാർ മനസ്സിലാക്കി. ആ തെറ്റുകളിൽനിന്ന് പഠിക്കാനും മെച്ചപ്പെടാനും അവർ എന്നെ സഹായിച്ചു.”d
19. നമുക്ക് എന്തു ചെയ്യാൻ ശ്രമിക്കാം?
19 ഭൂമിയിലെ തന്റെ അവസാനത്തെ 40 ദിവസം യേശു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. നമുക്കും യേശു ചെയ്തതുപോലെതന്നെ ചെയ്യാൻ ശ്രമിക്കാം. (1 പത്രോ. 2:21) അതിന് യേശു ഉറപ്പായും നമ്മളെ സഹായിക്കും. കാരണം “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്” എന്ന് യേശു നമുക്കു വാക്കു തന്നിട്ടുണ്ട്.—മത്താ. 28:20.
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
a പുനരുത്ഥാനപ്പെട്ട യേശു പല തവണ മറ്റുള്ളവർക്കു പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് സുവിശേഷവിവരണങ്ങളും മറ്റു ബൈബിൾപുസ്തകങ്ങളും പറയുന്നുണ്ട്. ചില സന്ദർഭങ്ങൾ ഇതൊക്കെയാണ്: മഗ്ദലക്കാരി മറിയയ്ക്ക് (യോഹ. 20:11-18); മറ്റു സ്ത്രീകൾക്ക് (മത്താ. 28:8-10; ലൂക്കോ. 24:8-11); രണ്ട് ശിഷ്യന്മാർക്ക് (ലൂക്കോ. 24:13-15); പത്രോസിന് (ലൂക്കോ. 24:34); തോമസ് ഒഴികെയുള്ള അപ്പോസ്തലന്മാർക്ക് (യോഹ. 20:19-24); തോമസ് ഉൾപ്പെടെയുള്ള അപ്പോസ്തലന്മാർക്ക് (യോഹ. 20:26); ഏഴു ശിഷ്യന്മാർക്ക് (യോഹ. 21:1, 2); 500-ലധികം ശിഷ്യർക്ക് (മത്താ. 28:16; 1 കൊരി. 15:6); യേശുവിന്റെ സഹോദരനായ യാക്കോബിന് (1 കൊരി. 15:7); എല്ലാ അപ്പോസ്തലന്മാർക്കും (പ്രവൃ. 1:4); ബഥാന്യക്ക് അടുത്തുവെച്ച് അപ്പോസ്തലന്മാർക്ക് (ലൂക്കോ. 24:50-52). ബൈബിളിൽ രേഖപ്പെടുത്താത്ത മറ്റു സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടാകും.—യോഹ. 21:25.
b മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ ഏതൊക്കെയാണെന്ന് അറിയാൻ jw.org-ലെ “മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശു മിശിഹയായിരുന്നു എന്ന് തെളിയിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.
c 25-നും 30-നും ഇടയിൽ പ്രായമേ ഉള്ളൂ എങ്കിൽപ്പോലും യോഗ്യതയുള്ള ചില ചെറുപ്പക്കാരെ സർക്കിട്ട് മേൽവിചാരകന്മാരായി നിയമിച്ചേക്കാം. എന്നാൽ അതിന് ആ സഹോദരൻ ഒരു മൂപ്പൻ എന്ന നിലയിൽ അനുഭവപരിചയം നേടിയിട്ടുണ്ടാകണം.
d കൂടുതൽ ഉത്തരവാദിത്വങ്ങൾക്കായി യോഗ്യത നേടാൻ ചെറുപ്പക്കാരായ സഹോദരന്മാരെ എങ്ങനെ സഹായിക്കണം എന്നറിയാൻ 2018 ആഗസ്റ്റ് ലക്കം വീക്ഷാഗോപുരം പേ. 11-12, ഖ. 15-17 വരെയും 2015 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരം പേ. 3-13 വരെയും കാണുക.
e ചിത്രത്തിന്റെ വിവരണം: തിരുവെഴുത്തുകൾ നന്നായി മനസ്സിലാക്കാൻ സഹായം കിട്ടിയതിനു ശേഷം ഒരു ബൈബിൾവിദ്യാർഥി ക്രിസ്തുമസ്സ് ദിവസത്തിനായുള്ള അലങ്കാരവസ്തുക്കൾ കളയാൻ തീരുമാനിക്കുന്നു.