അനക്കൊണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴിക്കു’ന്നുവോ?
ഉണരുക! സ്റ്റാഫ് ലേഖകൻ
നിങ്ങളുടെ കാര്യത്തിൽ എങ്ങനെയാണെന്ന് അറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം, വലിയ പാമ്പുകൾ എന്നും എനിക്കൊരു കൗതുകമായിരുന്നിട്ടുണ്ട്. ഇത്രയേറെ എന്നെ ആകർഷിച്ചിട്ടുള്ള ജീവികൾ അധികമില്ലെന്നുതന്നെ പറയാം. വലിയ പാമ്പുകൾ എന്നു പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത് അനക്കൊണ്ടകളെയാണു കേട്ടോ, ബോയിഡേ എന്ന ജന്തുകുലത്തിൽപ്പെട്ടവ. അസാധാരണ വലിപ്പമുള്ള ഈ ജീവികളെ കുറിച്ച് അടുത്തകാലം വരെ അധികമൊന്നും അറിയില്ലായിരുന്നു എന്നതു വിചിത്രം തന്നെയാണ്.
1992-ൽ, ജീവശാസ്ത്രജ്ഞനായ ചേസൂസ് എ. റീബാസും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വന്യജീവി സംരക്ഷണ സൊസൈറ്റിയിലെ ഗവേഷകരും ചേർന്ന് ഈ ഭീമാകാര ജന്തുക്കളെ കുറിച്ചുള്ള പഠനം ആരംഭിച്ചു.a അനക്കൊണ്ടകളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ വെച്ച് പഠിക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. വെനെസ്വേലയിലെ ഒരു ചതുപ്പു പ്രദേശത്ത് നടത്തിയ ആറു കൊല്ലം നീണ്ടുനിന്ന ഈ പഠനം പുതിയ ചില വസ്തുതകൾ വെളിച്ചത്തു കൊണ്ടുവന്നതായി വായിച്ചപ്പോൾ അവ എന്തൊക്കെയായിരിക്കും എന്നു ഞാൻ ചിന്തിച്ചു. എന്തായാലും ഇന്നു ഞാൻ അതു കണ്ടുപിടിക്കാൻ പോകുകയാണ്.
പേരുകളും ഇനങ്ങളും
നേരം ഉച്ചകഴിഞ്ഞിരിക്കുന്നു. ബ്രുക്ലിനിലുള്ള ഓഫീസിൽനിന്ന് ഞാൻ ഇറങ്ങി. ന്യൂയോർക്ക് നഗരത്തിലുള്ള ബ്രോങ്സ് ജന്തുശാസ്ത്ര പാർക്കിലെ വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ ആസ്ഥാനമാണു ലക്ഷ്യം. അനക്കൊണ്ടയെ കുറിച്ചുള്ള ചില വസ്തുതകൾ അറിയുന്നതിനു വേണ്ടി ഞാൻ വേണ്ടുവോളം ഗവേഷണം ചെയ്തിരുന്നു.
അനക്കൊണ്ട തെക്കേ അമേരിക്കൻ സ്വദേശിയാണ്. എന്നാൽ വിചിത്രമെന്നു പറയട്ടെ, അതിന് ആ പേരു ലഭിച്ചത് സാധ്യതയനുസരിച്ച് അതിന്റെ സ്വദേശത്തു നിന്നല്ല, മറിച്ച് വളരെ അകലെയുള്ള എവിടെനിന്നോ ആണ്. “ആന” എന്നർഥമുള്ള യാനൈ, “കൊലയാളി“ എന്നർഥമുള്ള കൊൽറാ എന്നീ തമിഴ് പദങ്ങളിൽനിന്നാണ് ആ പേരിന്റെ ഉത്ഭവം എന്ന് ചിലർ പറയുന്നു. സിംഹളഭാഷയിലെ ഹെന്നകാഥയാ (ഹെന്ന എന്നു പറഞ്ഞാൽ “മിന്നൽ” എന്നും കാഥ എന്നു പറഞ്ഞാൽ “കാണ്ഡം” എന്നുമാണ് അർഥം) എന്ന പദത്തിൽനിന്നാണ് അതിന്റെ ഉത്ഭവം എന്നാണു മറ്റു ചിലരുടെ മതം. സാധ്യതയനുസരിച്ച് ആ സിംഹള പദം—ശ്രീലങ്കയിൽ ആദ്യകാലത്ത് പെരുമ്പാമ്പിനെ കുറിക്കാനാണ് അത് ഉപയോഗിച്ചിരുന്നത്—ഏഷ്യയിൽ നിന്നെത്തിയ പോർച്ചുഗീസ് വ്യാപാരികൾ തെക്കേ അമേരിക്കയ്ക്കു പരിചയപ്പെടുത്തിയതായിരിക്കാം.
അനക്കൊണ്ടയെ തെറ്റായി വർണിക്കുന്ന പേരുകളുടെ കാര്യം പറഞ്ഞുവരുമ്പോൾ അതിന്റെ ഔദ്യോഗിക നാമമായ യൂനെക്റ്റസ് മൂരിനസ് പോലും അതിനു പൂർണമായി യോജിക്കുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു. യൂനെക്റ്റസ് എന്നതിന്റെ അർഥം “നല്ലൊരു നീന്തൽക്കാരൻ” എന്നാണ്, അത് അനക്കൊണ്ടയ്ക്കു യോജിക്കുകയും ചെയ്യും. എന്നാൽ മൂരിനസ് എന്നതിന്റെ അർഥം “ചുണ്ടെലിയുടെ നിറമുള്ളത്” എന്നാണ്. തവിട്ടു-പച്ച നിറത്തിലുള്ള ത്വക്കോടുകൂടിയ ഒരു പാമ്പിന് ഈ പേര് “അത്ര യോജിക്കുമെന്നു തോന്നുന്നില്ല” എന്ന് ഒരു പരാമർശ കൃതി പറയുന്നു.
അനക്കൊണ്ടകളെ കുറിച്ചുള്ള പുസ്തകങ്ങളും മറ്റും സാധാരണഗതിയിൽ ഇവയുടെ രണ്ട് ഇനങ്ങളെ കുറിച്ചാണു പരാമർശിക്കാറ്. ഈ ലേഖനത്തിലെ കഥാപാത്രമായ പച്ച അനക്കൊണ്ട അഥവാ വാട്ടർ ബോവ ആണ് അതിലൊന്ന്. ആമസോണിലെയും ഓറിനോകോ നദീതടങ്ങളിലെയും ചതുപ്പുനിലങ്ങളിലും ഗയാനാ പ്രദേശങ്ങളിലും ആണ് ഇതിനെ മുഖ്യമായും കണ്ടുവരുന്നത്. അതിനെക്കാൾ വലിപ്പം കുറഞ്ഞ മഞ്ഞ അനക്കൊണ്ട (യൂനെക്റ്റസ് നൊട്ടായിയുസ്) ആണ് മറ്റേത്. പരാഗ്വേ, തെക്കൻ ബ്രസീൽ, വടക്കൻ അർജന്റീന എന്നിവിടങ്ങളിലാണ് അതിന്റെ വാസം.
വിദഗ്ധനായ ഒരു വഴികാട്ടി
അങ്ങനെ ഞാനിപ്പോൾ ബ്രോങ്സ് ജന്തുശാസ്ത്ര പാർക്കിൽ എത്തിയിരിക്കുകയാണ്. 265 ഏക്കർ വ്യാപിച്ചു കിടക്കുന്ന വൃക്ഷനിബിഡമായ ഈ വന്യജീവി പാർക്ക് 4,000-ത്തിലധികം ജന്തുക്കളുടെ വാസസ്ഥാനമാണ്. ഒരു ഡസനോളം വരുന്ന അനക്കൊണ്ടകളും ഈ പാർക്കിലെ അന്തേവാസികളാണ്. മൂക്കത്ത് കണ്ണടയും ചുണ്ടിൽ പുഞ്ചിരിയുമായി, കാക്കി വസ്ത്രംധരിച്ച വില്യം ഹോൽമ്സ്ട്രോം എന്നെയും കാത്ത് എന്നവണ്ണം പാർക്കിന്റെ പ്രവേശന കവാടത്തിൽത്തന്നെ നിൽപ്പുണ്ട്. അമ്പത്തൊന്നു വയസ്സുള്ള, ന്യൂയോർക്കുകാരനായ അദ്ദേഹം വന്യജീവി സംരക്ഷണ സൊസൈറ്റിയിലെ ഹെർപെറ്റോളജി (ഇഴജന്തുശാസ്ത്രം) വിഭാഗത്തിലാണു പ്രവർത്തിക്കുന്നത്. വെനെസ്വേലയിൽ വെച്ച് അനക്കൊണ്ടകളെ കുറിച്ചു നടത്തിയ ആ പഠനത്തിൽ അദ്ദേഹവും പങ്കെടുത്തിരുന്നു. അനക്കൊണ്ട കുടുംബത്തിൽ മൂന്നാമതൊരു ഇനവും (യൂനെക്റ്റസ് ഡെസ്ചൗവെൻസീയി) കൂടി ഉള്ളതായി ശാസ്ത്രജ്ഞർ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, വടക്കു കിഴക്കൻ ബ്രസീലിലും ഫ്രഞ്ച് ഗയാനയുടെ തീരദേശത്തും ആണ് അതിനെ കണ്ടുവരുന്നത്.b വിദഗ്ധനായ ശ്രീ. ഹോൽമ്സ്ട്രോം ആണ് ഇന്നത്തെ എന്റെ വഴികാട്ടി. അദ്ദേഹമാണ് ജന്തുശാസ്ത്ര പാർക്കിലെ ഇഴജന്തു-വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്.
പൂഡിൽനായയെയോ പാരക്കീറ്റിനെയോ ഒക്കെ ആളുകൾ ഇഷ്ടപ്പെടുന്നതുപോലെയാണ് എന്റെ ഗൈഡ് പാമ്പുകളെ ഇഷ്ടപ്പെടുന്നത് എന്ന് എനിക്കു പെട്ടെന്നുതന്നെ മനസ്സിലായി. താനൊരു കുട്ടിയായിരുന്നപ്പോൾ വീട്ടിൽ സലമാൻഡറുകളെയും തവളകളെയും ഒക്കെ മാതാപിതാക്കൾ വളർത്തിയിരുന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞു. “അച്ഛന് അവയെ ഇഷ്ടമായിരുന്നു. അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നെങ്കിലും എതിരൊന്നും പറഞ്ഞിരുന്നില്ല.” ശ്രീ. ഹോൽമ്സ്ട്രോമിന് അച്ഛന്റെ അതേ അഭിരുചി തന്നെയാണുള്ളത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
അമ്പരപ്പിക്കുന്ന വലിപ്പവും വലിപ്പവ്യത്യാസവും
ഇഴജന്തുക്കളെ സൂക്ഷിച്ചിരിക്കുന്ന, നൂറു വർഷം പഴക്കമുള്ള കെട്ടിടത്തിനകത്തു കയറിയ ഞങ്ങൾ ഒരു അനക്കൊണ്ടയെ ഇട്ടിരിക്കുന്ന കൂടിനു മുന്നിലായി നിലയുറപ്പിച്ചു. അനക്കൊണ്ട ഒരു ഭീമാകാര ജീവിയാണ് എന്ന് അറിയാമായിരുന്നെങ്കിലും അതിനെ നേരിൽ കണ്ടപ്പോൾ എനിക്ക് ആശ്ചര്യം അടക്കാനായില്ല. അതിന്റെ ആ വലിപ്പവും ശരീരഘടനയിലെ അസാധാരണത്വവുമൊക്കെ എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. മനുഷ്യന്റെ കൈപ്പത്തിയെക്കാൾ വലിയ അതിന്റെ പരന്ന തല ശരീരവുമായുള്ള താരതമ്യത്തിൽ ചെറുതാണ്. അത് 5 മീറ്റർ നീളവും 80 കിലോഗ്രാമോളം തൂക്കവുമുള്ള ഒരു പെൺ അനക്കൊണ്ടയാണെന്ന് ഗൈഡ് എനിക്കു പറഞ്ഞുതന്നു. അവളുടെ ശരീരത്തിന് ഏകദേശം ഒരു ടെലിഫോൺ പോസ്റ്റിന്റെ അത്രയും വണ്ണമുണ്ടെങ്കിലും ലോക റെക്കോർഡ് ഉടമയായ അനക്കൊണ്ടയുമായി തട്ടിച്ചുനോക്കുമ്പോൾ അവൾ ഒന്നുമില്ല. 1960-ൽ പിടികൂടിയ, കൊഴുത്തുരുണ്ട ഈ സുന്ദരിയുടെ തൂക്കം കേൾക്കണോ, ഏകദേശം 227 കിലോഗ്രാം!
പെൺ വർഗത്തിന്റെ അത്രയും വലിപ്പം വെക്കുന്നതിനെ കുറിച്ച് ആൺ അനക്കൊണ്ടകൾക്കു സ്വപ്നം കാണാൻ കൂടി കഴിയില്ല. ആൺ അനക്കൊണ്ടകൾക്ക് പെൺ അനക്കൊണ്ടകളെക്കാൾ വലിപ്പം കുറവാണെന്ന കാര്യം ഇഴജന്തുശാസ്ത്രജ്ഞന്മാർക്കു നേരത്തെതന്നെ അറിയാമായിരുന്നു. എങ്കിലും, പെൺ അനക്കൊണ്ടകളുടെ കൊച്ചു പതിപ്പുകളാണെന്നു തോന്നുമാറ് അത്രയ്ക്കു ചെറുതാണ് അവ എന്ന യാഥാർഥ്യം വെളിച്ചത്തു കൊണ്ടുവന്നത് വെനെസ്വേലയിൽ നടത്തിയ പഠനമാണ്. ആൺ വർഗത്തിന് സാധാരണഗതിയിൽ പെൺ വർഗത്തിന്റെ അഞ്ചിലൊന്നു വലിപ്പമേ ഉള്ളൂ എന്ന് ആ പഠനം വെളിപ്പെടുത്തി. ഇരു വർഗത്തിന്റെയും വലിപ്പത്തിലുള്ള ശ്രദ്ധേയമായ ഈ വ്യത്യാസം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ജീവശാസ്ത്രജ്ഞനായ ചേസൂസ് റീബാസ് കണ്ടെത്തി. അദ്ദേഹം ഒരു അനക്കൊണ്ട കുഞ്ഞിനെ ഓമനിച്ചു വളർത്തിയിരുന്നു. എന്നാൽ ആ ‘ഇത്തിരിക്കുഞ്ഞൻ’ തന്നെ എപ്പോഴും കടിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം അതിശയിച്ചിരുന്നു. എന്നാൽ വെനെസ്വേലയിൽ വെച്ച് നടത്തിയ പഠനത്തിന് ഇടയ്ക്കാണ് അദ്ദേഹം അതു തിരിച്ചറിഞ്ഞത്—താൻ ഇത്രയും നാൾ ഓമനിച്ചുകൊണ്ടിരുന്ന ആ ‘ഇത്തിരിക്കുഞ്ഞൻ’ വാസ്തവത്തിൽ പൂർണവളർച്ചയെത്തിയ ഒരു ആൺ അനക്കൊണ്ടയാണെന്ന്! അദ്ദേഹം തൊടുന്നത് അതിനെ അസഹ്യപ്പെടുത്തിയിരിക്കണം.
ജീവനോടെ പിടിച്ചുകൊടുത്താൽ തക്ക പ്രതിഫലം . . .
അനക്കൊണ്ടകളെ കാണുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുന്നത് അവയുടെ വണ്ണമാണെങ്കിലും, അതുപോലെതന്നെ ആരെയും അത്ഭുതപ്പെടുത്തുന്നതാണ് അവയുടെ നീളവും. ഹോളിവുഡ് സിനിമകളിൽ കാണുന്നത്ര നീളമൊന്നും അനക്കൊണ്ടകൾക്കില്ലെങ്കിലും അവയ്ക്ക് ഉള്ള നീളം മതി ആരെയും ഭയപ്പെടുത്താൻ—ഒരു ചിത്രത്തിൽ അതിനെ 12 മീറ്റർ നീളമുള്ളതായാണു ചിത്രീകരിച്ചതെങ്കിലും അങ്ങേയറ്റം പോയാൽ അവയ്ക്ക് ഏതാണ്ട് 9 മീറ്റർ നീളം ഒക്കെയേ വരാറുള്ളൂ.
അത്രയും നീളമുള്ള അനക്കൊണ്ടകൾ പക്ഷേ വിരലിൽ എണ്ണാൻ മാത്രമേയുള്ളൂ. വെനെസ്വേലയിലെ പഠനത്തിനിടയ്ക്കു പിടികൂടിയ ഏറ്റവും വലിയ അനക്കൊണ്ടകൾക്ക് ഏതാണ്ട് 5 മീറ്റർ നീളവും 90 കിലോ തൂക്കവും ആണ് ഉണ്ടായിരുന്നത്. 9 മീറ്ററിലധികം നീളമുള്ള ഒരു പാമ്പിനെ ജീവനോടെ പിടിച്ചുകൊടുക്കുന്നവർക്ക് ന്യൂയോർക്ക് ജന്തുശാസ്ത്ര സൊസൈറ്റി (വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ മുൻഗാമി) പ്രതിഫലമായി ഏതാണ്ട് 90 വർഷം മുമ്പ് 1,000 ഡോളർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇന്നുവരെ ആർക്കും അതു കൈപ്പറ്റാനായിട്ടില്ല. കാരണം അത്രയ്ക്കു ബുദ്ധിമുട്ടാണ് വലിപ്പം കൂടിയ അനക്കൊണ്ടകളെ കണ്ടെത്താൻ. “പ്രതിഫലം അവകാശപ്പെട്ടുകൊണ്ട് തെക്കേ അമേരിക്കയിൽനിന്ന് വർഷത്തിൽ രണ്ടോ മൂന്നോ ടെലിഫോൺ കോളുകൾ ഞങ്ങൾക്കു ലഭിക്കാറുണ്ട്. എന്നാൽ, ഞങ്ങൾ അവിടം വരെ പോകുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നറിയാനായി പാമ്പിനെ പിടിച്ചതിനുള്ള തെളിവ് അയച്ചു തരാൻ അവരോട് ആവശ്യപ്പെടുമ്പോൾ പിന്നെ ഒരു അനക്കവുമില്ല,” ശ്രീ. ഹോൽമ്സ്ട്രോം പറയുന്നു. എന്നാൽ ഇപ്പോൾ 9 മീറ്ററിലധികം നീളമുള്ള അനക്കൊണ്ടയെ പിടികൂടുന്നവർക്കുള്ള പ്രതിഫലം 50,000 ഡോളർ ആണു കേട്ടോ!
ക്ലോസ് അപ്പ്
ഗൈഡ് എന്നെ ഇഴജന്തുക്കളെ സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കു കൊണ്ടുപോയി. അത് ഇഴജന്തുക്കളുടെ പ്രജനന സ്ഥലം കൂടിയാണ്. ചൂടും ഈർപ്പവും ഉള്ള ഇടം. ശ്രീ. ഹോൽമ്സ്ട്രോം ഒരു കൂടിന്റെ വാതിൽ തുറന്നു. പൊണ്ണത്തടിച്ചിയായ ഒരു അനക്കൊണ്ടയായിരുന്നു അതിലെ താമസക്കാരി.
ഇപ്പോൾ ഞങ്ങൾക്കും അനക്കൊണ്ടയ്ക്കും ഇടയിലുള്ള അകലം ഏകദേശം രണ്ടു മീറ്റർ മാത്രമാണ്. അനക്കൊണ്ട മെല്ലെ തല ഒന്ന് ഉയർത്തി. അതാ, അതു ഞങ്ങൾ നിൽക്കുന്നിടത്തേക്ക് തലനീട്ടിക്കൊണ്ടു വരുകയാണ്. ഇപ്പോൾ അനക്കൊണ്ടയുടെ തലയും ഞങ്ങൾ നിൽക്കുന്നിടവും തമ്മിൽ 1 മീറ്റർ അകലമേയുള്ളൂ.
“പുറകോട്ടു മാറുന്നതാണു ബുദ്ധി. അവൾ ഇരയ്ക്കുവേണ്ടി തിരയുകയാണെന്നു തോന്നുന്നു,” ശ്രീ. ഹോൽമ്സ്ട്രോമാണതു പറയുന്നത്. അതു കേൾക്കേണ്ട താമസം ഞാൻ പിറകോട്ടു മാറി. അദ്ദേഹം കൂടിന്റെ വാതിൽ അടച്ചു. അപ്പോൾ അനക്കൊണ്ട തല വലിക്കാൻ തുടങ്ങി. പിന്നെ സാവധാനം, സ്പ്രിങ്ങു പോലെ ചുരുട്ടിവെച്ചിരിക്കുന്ന ഉടലിന്റെ ഏതാണ്ട് മധ്യ ഭാഗത്തായി തല കൊണ്ടുചെന്നു വെച്ചു.
അനക്കൊണ്ടയുടെ ക്രൗര്യം നിഴലിക്കുന്ന, ആ തുറിച്ച നോട്ടത്തെ അവഗണിച്ചുകൊണ്ട് ചെമന്ന വരകളുള്ള അതിന്റെ തലയൊന്ന് ശരിക്കു വീക്ഷിക്കുകയാണെങ്കിൽ അതിന് അത്ഭുതകരമായ ഒട്ടേറെ സവിശേഷതകൾ ഉണ്ടെന്നു നിങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, അതിന്റെ തലയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ കണ്ണുകളും നാസാരന്ധ്രങ്ങളും ആണ്. ഇതുമൂലം, അനക്കൊണ്ട വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ ചീങ്കണ്ണികളുടേതുപോലെ അതിന്റെ കണ്ണുകളും നാസാരന്ധ്രങ്ങളും മാത്രം ജലോപരിതലത്തിൽ ഉയർന്നുനിൽക്കുന്നു. അങ്ങനെ അവയ്ക്ക് ഇരയുടെ കണ്ണിൽ പെടാതെ അവയെ സമീപിക്കാൻ കഴിയുന്നു.
ഇരയെ അകത്താക്കുന്ന വിധം
അനക്കൊണ്ടയ്ക്കു വിഷമില്ല. ചുറ്റിവരിഞ്ഞാണ് അത് ഇരയെ കൊല്ലുന്നത്. അത് ഇരയെ ഞെരിച്ചു പൊടിയാക്കുന്നില്ല. എന്നാൽ ഇര ഓരോ തവണ ശ്വാസം വിടുമ്പോഴും അത് അതിന്റെ പിടി മുറുക്കുന്നു. ഇരയുടെ കാറ്റു പോകുന്നതു വരെ ഇതു തുടരുന്നു. താറാവു മുതൽ മാൻ വരെ കണ്ണിൽ കാണുന്ന എന്തിനെയും അത് അകത്താക്കും. എന്നിരുന്നാലും, അനക്കൊണ്ടകൾ മനുഷ്യരെ പിടിച്ചു വിഴുങ്ങിയതായുള്ള, ആശ്രയയോഗ്യമായ റിപ്പോർട്ടുകൾ അപൂർവമായി മാത്രമേ ലഭിച്ചിട്ടുള്ളൂ.
പാമ്പുകൾക്ക് ആഹാരം ചവയ്ക്കാനോ കടിച്ചുകീറാനോ കഴിയില്ല. അതുകൊണ്ട് ചത്ത ഇരയെ അപ്പാടെ വിഴുങ്ങുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല അനക്കൊണ്ടയ്ക്ക്, ഇര പാമ്പിനെക്കാൾ വളരെയേറെ വലുതാണെങ്കിൽപ്പോലും. അനക്കൊണ്ട ആഹാരം അകത്താക്കുന്നതുപോലെ നിങ്ങൾക്കു ചെയ്യാൻ കഴിയുമെങ്കിൽ ഒരു തേങ്ങ അപ്പാടെ വായ്ക്കുള്ളിലാക്കി, ഒരു നിലക്കടല വിഴുങ്ങുന്ന ലാഘവത്തോടെ നിങ്ങൾക്ക് അതു വിഴുങ്ങാൻ കഴിയും. അനക്കൊണ്ട ഇത് എങ്ങനെയാണു ചെയ്യുന്നത്?
“താടിയെല്ലിന്റെ ഇരുപകുതികളും മാറി മാറി ചലിപ്പിച്ചുകൊണ്ടാണ് അത് ഇരയെ അകത്താക്കുന്നത്,” ശ്രീ. ഹോൽമ്സ്ട്രോം പറയുന്നു. അനക്കൊണ്ടയുടെ താടിയെല്ലുകൾ അതിന്റെ തലയുമായി അയഞ്ഞ രീതിയിലാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. തടിച്ചുകൊഴുത്ത ഇരയുടെ ശരീരത്തിലേക്ക് പല്ലുകൾ ആഴ്ത്തുന്നതിനു മുമ്പായി അതിന്റെ കീഴ്ത്താടിയെല്ല് മേൽത്താടിയിൽനിന്ന് അകലുകയും വളരെയേറെ വികസിക്കുകയും ചെയ്യുന്നു. അതിനുശേഷം അത് കീഴ്ത്താടിയെല്ലിന്റെ ഒരു പകുതി മുന്നോട്ടു തള്ളി, അതിലെ പിന്നോട്ടു തിരിഞ്ഞിരിക്കുന്ന പല്ലുകൾ ഇരയുടെ ശരീരത്തിൽ കൊളുത്തുന്നു. എന്നിട്ട് താടിയെല്ലിന്റെ ആ പകുതികൊണ്ട് ഇരയെ ഉള്ളിലേക്കു വലിക്കുന്നു. അടുത്തതായി, കീഴ്ത്താടിയെല്ലിന്റെ മറ്റേ പകുതി ഉപയോഗിച്ച് ഇതു തന്നെ ആവർത്തിക്കുന്നു. മേൽത്താടിയെല്ലിനും ഒരളവുവരെ ഈ കൃത്യം നിർവഹിക്കാൻ കഴിയും. ഇങ്ങനെ താടിയെല്ലിന്റെ പകുതികൾ മാറി മാറി മുന്നോട്ടു ചലിക്കുന്നതു കണ്ടാൽ താടിയെല്ല് ഇരയുടെ ദേഹത്തുകൂടെ നടക്കുകയാണെന്നു തോന്നും. ഇരയെ വിഴുങ്ങിയശേഷം—ഇതിന് മണിക്കൂറുകൾ തന്നെ എടുത്തേക്കാം—പാമ്പ് ഏതാനും തവണ കോട്ടുവായിടുന്നു. അതോടെ, വഴക്കമുള്ള തലയുടെ വിവിധ ഭാഗങ്ങൾ പൂർവസ്ഥിതി പ്രാപിക്കുന്നു.
ഇരയെ വിഴുങ്ങുമ്പോൾ അനക്കൊണ്ടയ്ക്ക് ശ്വാസംമുട്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? വായുടെ താഴത്തെ പ്രതലത്തിൽ സ്ഥിതിചെയ്യുന്ന, മുൻവശത്തേക്കു നീട്ടാവുന്ന ഒരു ശ്വാസനാളി അതിനുണ്ട്. ആഹാരം വായ്ക്കുള്ളിൽ കടത്തുന്നതിനിടയ്ക്ക് അനക്കൊണ്ട ആ ശ്വാസനാളി പുറത്തേക്കു നീട്ടുന്നു. ആഹാരം കഴിക്കുന്നതിനിടയ്ക്ക് ശ്വാസോച്ഛ്വാസം ചെയ്യാൻ ഈ ശ്വാസനാളി അനക്കൊണ്ടയെ സഹായിക്കുന്നു.
അനക്കൊണ്ടകളെ തമ്മിൽ എങ്ങനെയാണു വേർതിരിച്ചറിയാൻ കഴിയുക?
എന്റെ ഗൈഡ് ഒരു കൂടിന്റെ മേൽമൂടി എടുത്തു മാറ്റി. അതാ, രണ്ട് അനക്കൊണ്ട കുഞ്ഞുങ്ങൾ. ആ കുഞ്ഞുങ്ങൾക്ക് എന്തൊരു സമാനതയായിരുന്നെന്നോ! അവയെ കണ്ടപ്പോൾ, വെനെസ്വേലയിൽ നൂറുകണക്കിന് അനക്കൊണ്ടകളെ കുറിച്ച് അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽവെച്ചു പഠനം നടത്തിയ ഗവേഷകർ എങ്ങനെ അവയെയെല്ലാം വേർതിരിച്ചറിഞ്ഞു എന്നു ഞാൻ അമ്പരന്നു.
അതിന് അവർ ഒരു മാർഗം കണ്ടെത്തിയെന്ന് ശ്രീ. ഹോൽമ്സ്ട്രോം പറയുന്നു. ചുട്ടുപഴുപ്പിച്ച് അടയാളമിടുന്നതിനു വേണ്ടി അവർ തീരെ ചെറിയ കമ്പികൾ ഉണ്ടാക്കി. പേപ്പർ ക്ലിപ്പുകളാണ് അവർ ഇതിന് ഉപയോഗിച്ചത്. എന്നിട്ട് ഈ കമ്പികൾ പഴുപ്പിച്ച് അനക്കൊണ്ടയുടെ തലയിൽ ചെറിയ നമ്പരുകൾ ഇട്ടു. പാമ്പുകൾ പടം പൊഴിക്കുന്നതു വരെ ഈ നമ്പരുകൾ നിലനിൽക്കുമായിരുന്നു. എന്നാൽ ഓരോ അനക്കൊണ്ടയ്ക്കും അതിന്റേതായ തിരിച്ചറിയിക്കൽ അടയാളം ഉണ്ടെന്ന് പിന്നീട് ഗവേഷകർക്കു മനസ്സിലായി. ഓരോ പാമ്പിനും അതിന്റെ വാലിന്റെ മഞ്ഞനിറത്തിലുള്ള അടിഭാഗത്ത് കറുത്ത പുള്ളികളുടെ ഒരു പാറ്റേൺ ഉണ്ട്. മനുഷ്യന്റെ വിരലടയാളം പോലെ ഈ പുള്ളികളുടെ പാറ്റേൺ ഓരോ പാമ്പിലും വ്യത്യസ്തമാണ്. “ഞങ്ങൾക്ക് ആകെക്കൂടി ചെയ്യേണ്ടിയിരുന്നത്, പാമ്പിന്റെ തൊലിയിൽ 15 ശൽക്കങ്ങൾ ഇരിക്കുന്ന അത്രയും നീളത്തിൽ കാണപ്പെടുന്ന പാറ്റേണിന്റെ ഡയഗ്രം വരച്ചെടുക്കുകയായിരുന്നു. ഞങ്ങൾ പഠന വിധേയമാക്കിയ 800 പാമ്പുകളെയും വേർതിരിച്ചറിയാൻ മതിയായ വ്യത്യാസങ്ങൾ പാറ്റേണുകളിൽ ഉണ്ടായിരുന്നു.”
ആരു ജയിക്കും?
ശ്രീ. ഹോൽമ്സ്ട്രോമിന്റെ ഓഫീസിൽനിന്ന് യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പ്, അദ്ദേഹം വെനെസ്വേലയിൽ വെച്ചെടുത്ത ഒരു ഫോട്ടോ എന്നെ കാണിച്ചു. പരസ്പരം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കുറെ ആൺ അനക്കൊണ്ടകളുടെ ചിത്രമായിരുന്നു അത്. വളരെ ആകർഷകമായ ഒരു ദൃശ്യം തന്നെ. ഇങ്ങനെ അനക്കൊണ്ടകളുടെ ഉടലുകൾ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതിന് ഒരു പേരുണ്ട് എന്ന് അദ്ദേഹം എന്നോടു പറഞ്ഞു: ബ്രീഡിങ് ബോൾ. (26-ാം പേജിലെ ഫോട്ടോ കാണുക.) “ഈ ബോളിന്റെ ഉള്ളിലെവിടെയോ ഒരു പെൺ അനക്കൊണ്ടയുണ്ട്. ഒരു തവണയാണെങ്കിൽ ഒരു പെൺ അനക്കൊണ്ടയുടെ ഉടലിൽ 13 ആൺ അനക്കൊണ്ടകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അതൊരു റെക്കോർഡ് തന്നെയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതെന്താ, ആൺ അനക്കൊണ്ടകൾ തമ്മിലുള്ള അടിപിടിയോ? അത് സ്ലോ മോഷനിലുള്ള ഒരു ഗുസ്തി മത്സരമാണെന്നു പറയുന്നതായിരിക്കും കുറെക്കൂടെ ഉചിതം. ഓരോ ആൺ അനക്കൊണ്ടയും മറ്റുള്ളവയെ തള്ളിപ്പുറത്താക്കിയ ശേഷം പെൺ അനക്കൊണ്ടയുമായി ഇണചേരാൻ ശ്രമിക്കുന്നു. ഈ മത്സരം രണ്ടുമുതൽ നാലുവരെ ആഴ്ച നീണ്ടുനിന്നേക്കാം. ആരാണ് ഈ മത്സരത്തിൽ ജയിക്കുക? ഏറ്റവും ആദ്യം വരുന്നവനോ? ഏറ്റവും കൂടുതൽ ബീജം ഉത്പാദിപ്പിക്കുന്നവനോ? അതോ ഗുസ്തി മത്സരത്തിൽ ജയിക്കുന്നവനോ? താമസിയാതെ അതിന് ഉത്തരം കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
വൈകുന്നേരമായതോടെ, ഒന്നാന്തരമൊരു ടൂർ കിട്ടിയതിന്റെ സന്തോഷത്തിൽ എന്റെ ഗൈഡിനോടു നന്ദി പറഞ്ഞ് ഞാൻ അവിടെനിന്നിറങ്ങി. ഓഫീസിലേക്കുള്ള മടക്കയാത്രയിൽ, ഞാൻ പുതുതായി അറിയാനിടയായ കാര്യങ്ങളെ കുറിച്ചു ചിന്തിച്ചു. “അനക്കൊണ്ടകൾ നല്ല ഒരു നേരമ്പോക്കാണ്” എന്ന ചേസൂസിന്റെ അഭിപ്രായത്തോട് എനിക്കു പൂർണമായി യോജിക്കാനാവുന്നില്ലെങ്കിലും അനക്കൊണ്ടകൾ ശരിക്കും എന്റെ ശ്രദ്ധ പിടിച്ചുപറ്റി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. അനക്കൊണ്ടകളെ തേടി അവയുടെ സ്വാഭാവിക പാർപ്പിടത്തിലേക്കു ഗവേഷകർ ചെല്ലുമ്പോൾ അവ ഇനിയും രസകരമായ ചില രഹസ്യങ്ങൾ ‘പൊഴിക്കി’ല്ലെന്ന് ആരുകണ്ടു!
[അടിക്കുറിപ്പുകൾ]
a വെനെസ്വേലയിലെ വന്യജീവി വിഭാഗവും വംശനാശ ഭീഷണി നേരിടുന്ന വന്യ ജീവിവർഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച കരാറിലെ കക്ഷികളും ഈ പഠനത്തിനാവശ്യമായ ധനസഹായം നൽകുന്നതിൽ സഹായിച്ചു.
b ഉഭയജീവികളെയും ഉരഗങ്ങളെയും കുറിച്ചു പഠനം നടത്തുന്ന സൊസൈറ്റി പ്രസിദ്ധീകരിച്ച ജേർണൽ ഓഫ് ഹെർപെറ്റോളജി, നമ്പ. 4, 1997, 607-9 പേജുകൾ.
[24-ാം പേജിലെ ചിത്രം]
വെനെസ്വേലയിലെ ചതുപ്പു പ്രദേശത്ത് അനക്കൊണ്ടയെ കുറിച്ചു പഠനം നടത്തുന്നവർ
[25-ാം പേജിലെ ചിത്രം]
വില്യം ഹോൽമ്സ്ട്രോം
[26-ാം പേജിലെ ചിത്രം]
അനക്കൊണ്ട ബ്രീഡിങ് ബോൾ]