ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ച കഥ
ലാസ് വെസ്റ്റർഗാറും യൂഡിത്ത് വെസ്റ്റർഗാറും പറഞ്ഞപ്രകാരം
ഡെന്മാർക്കിലെ പ്രശാന്തസുന്ദരമായ ഒരു ഗ്രാമം. അവിടെ, മനോഹരമായ പൂന്തോട്ടത്തോടുകൂടിയ സൗകര്യപ്രദമായ ഒരു വീട്. വീട്ടിനകത്ത്, പുഞ്ചിരി തൂകുന്ന, ആരോഗ്യം തുളുമ്പുന്ന അവിടത്തെ കുട്ടികളുടെ വലിയൊരു ചിത്രം ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. ഒരു സന്തുഷ്ട കുടുംബമാണ് അവിടെ താമസിക്കുന്നതെന്ന് ഒറ്റ നോട്ടത്തിലേ അറിയാം.
പിതാവ്, ലാസ് യഹോവയുടെ സാക്ഷികളുടെ ഒരു സഭയിലെ മൂപ്പനാണ്. ഭാര്യ യൂഡിത്ത് ഒരു പയനിയറും (ഒരു മുഴു സമയ സുവിശേഷക). അവർ ഇപ്പോൾ തികച്ചും സന്തുഷ്ടരായ ദമ്പതികളാണ് എങ്കിലും എന്നും അങ്ങനെയായിരുന്നില്ല. ദാമ്പത്യ ജീവിതത്തിന്റെ കാറ്റിലും കോളിലും പെട്ട് തകർന്നുതരിപ്പണമായൊരു ജീവിതമായിരുന്നു ഒരിക്കൽ അവരുടേത്. വിവാഹമോചനം നേടി പിരിഞ്ഞെങ്കിലും, അവരുടെ കുടുംബം വീണ്ടും ഒന്നിച്ചു. എങ്ങനെ? സംഭവിച്ചതെന്താണെന്ന് അവർ തന്നെ പറയട്ടെ.
തങ്ങളുടെ ദാമ്പത്യജീവിതത്തിലെ താളപ്പിഴകളെയും പിന്നീട് തങ്ങൾ ഒന്നിച്ചതിനെയും കുറിച്ച് തുറന്നു സംസാരിക്കാൻ ലാസിനും യൂഡിത്തിനും മടിയൊന്നുമില്ല. കാരണം, തങ്ങളുടെ അനുഭവത്തിൽനിന്നു മറ്റുള്ളവർക്കും പലതും പഠിക്കാൻ കഴിഞ്ഞേക്കുമെന്ന് അവർ വിചാരിക്കുന്നു.
തുടക്കം ശുഭം
ലാസ്: 1973 ഏപ്രിലിലായിരുന്നു ഞങ്ങളുടെ വിവാഹം. സന്തോഷം തിരതല്ലിയിരുന്ന ആദ്യനാളുകളിൽ തികച്ചും ശോഭനമായ ഒരു ഭാവിയാണു മുന്നിലുള്ളതെന്നു തോന്നിച്ചിരുന്നു. അന്ന് ഞങ്ങൾക്കു ബൈബിളിനെയോ യഹോവയുടെ സാക്ഷികളെയോ കുറിച്ച് യാതൊന്നും അറിഞ്ഞുകൂടായിരുന്നു. എന്നാലും, എല്ലാവരും കഠിനമായി ശ്രമിക്കുന്ന പക്ഷം ഈ ലോകത്തിലെ അവസ്ഥകൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിയുമെന്നു ഞങ്ങൾ അടിയുറച്ചു വിശ്വസിച്ചിരുന്നു. അതിനുവേണ്ടി, ഞങ്ങളിരുവരും പല രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള മൂന്ന് ആൺകുട്ടികൾ—മാർട്ടിൻ, തോമസ്, യോനാസ്—ജനിച്ചതോടെ ഞങ്ങളുടെ സന്തോഷം പതിന്മടങ്ങു വർധിച്ചു.
യൂഡിത്ത്: സിവിൽ സർവീസിൽ എക്സിക്യൂട്ടീവ് തസ്തികയിൽ ഉള്ള ജോലിയായിരുന്നു എനിക്കുണ്ടായിരുന്നത്. ജോലിയോടൊപ്പംതന്നെ രാഷ്ട്രീയത്തിലും തൊഴിലാളി യൂണിയന്റെ പ്രവർത്തനങ്ങളിലും ഞാൻ ഏർപ്പെട്ടിരുന്നു. ക്രമേണ, അവിടെയൊക്കെ എനിക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചു.
ലാസ്: വലിയ ഒരു തൊഴിലാളി യൂണിയനിൽ ആയിരുന്നു എനിക്കു ജോലി. അവിടെ ഒരു പ്രധാന സ്ഥാനത്തേക്ക് ഉയരാൻ എനിക്കു കഴിഞ്ഞു. തൊഴിൽരംഗങ്ങളിൽ ഞങ്ങളിരുവരും മുന്നേറുകയായിരുന്നു. ഭാവി തികച്ചും ഭാസുരമാണെന്നു തോന്നിച്ച നാളുകൾ.
അകൽച്ച
ലാസ്: എന്നാൽ, ഞങ്ങൾ ഞങ്ങളുടേതായ വ്യതിരിക്ത പ്രവർത്തനങ്ങളിൽ കൂടുതൽ കൂടുതൽ മുഴുകാൻ തുടങ്ങിയതോടെ ഭാര്യാഭർത്താക്കന്മാരെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ചു ചെലവഴിക്കുന്ന സമയം കുറഞ്ഞുതുടങ്ങി. ഒരേ രാഷ്ട്രീയ പാർട്ടിക്കുവേണ്ടി ആയിരുന്നു ഞങ്ങൾ ഇരുവരും പ്രവർത്തിച്ചിരുന്നത്, എന്നാൽ അതിന്റെ വ്യത്യസ്ത മണ്ഡലങ്ങളിൽ ആയിരുന്നു എന്നു മാത്രം. കുട്ടികളെ നോക്കാൻ ഞങ്ങൾക്കു നേരമില്ലായിരുന്നു. മറ്റു വ്യക്തികളെയോ ഡേ-കെയറുകളെയൊ ഒക്കെയായിരുന്നു ഞങ്ങൾ ആ ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നത്. ഞങ്ങൾ അവരവരുടേതായ ലോകത്തിൽ മുഴുകിയപ്പോൾ, കുടുംബജീവിതം താറുമാറാകുകയായിരുന്നു. വീട്ടിൽ ഞങ്ങൾ ഒരുമിച്ചുണ്ടാകുന്ന ദിവസങ്ങളിൽ ഉച്ചത്തിലുള്ള വാഗ്വാദങ്ങൾ ഒരു പതിവായി. മനഃസമാധാനത്തിനു വേണ്ടി ഒടുവിൽ ഞാൻ മദ്യത്തിൽ അഭയം തേടി.
യൂഡിത്ത്: ഞങ്ങൾക്ക് അപ്പോഴും പരസ്പരം സ്നേഹമുണ്ടായിരുന്നു. കുട്ടികളെയും ഞങ്ങൾക്കു ജീവനായിരുന്നു. എന്നാൽ, ഞങ്ങൾക്കിടയിലെ സ്നേഹം ശരിയായ രീതിയിൽ നട്ടുവളർത്തപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് ആ സ്നേഹത്തിന് മങ്ങലേൽക്കുന്നതായി തോന്നി. പതിയെപ്പതിയെ ഞങ്ങളുടെ ജീവിതം പൊരുത്തക്കേടുകളുടെ ഒരു പരമ്പരയായി മാറി. ഒന്നിലും ഒരു യോജിപ്പിലെത്താൻ ഞങ്ങൾക്കു കഴിയാതായി. അതിന്റെ തിക്തഫലങ്ങളെല്ലാം അനുഭവിച്ചതോ ഞങ്ങളുടെ കുട്ടികളും.
ലാസ്: കുടുംബജീവിതത്തിന്റെ താളം തെറ്റുകയാണെന്നു മനസ്സിലായപ്പോൾ എങ്ങനെയും അതു നേരെയാക്കിയെടുക്കാനുള്ള ശ്രമത്തിൽ ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ, 1985-ൽ ഞങ്ങൾ നഗരത്തിൽനിന്ന് ഈ ഗ്രാമത്തിലേക്കു താമസം മാറ്റി. കുറച്ചുകാലത്തേക്ക് കാര്യങ്ങളെല്ലാം മെച്ചപ്പെടുന്നതുപോലെ തോന്നി. എന്നാൽ, ഞങ്ങൾ പഴയതുപോലെതന്നെ സ്വന്തംകാര്യം മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള ജീവിതം തുടർന്നു. ഒടുവിൽ, 16 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുകൊണ്ട് 1989 ഫെബ്രുവരിയിൽ ഞങ്ങളിരുവരും വിവാഹമോചനം നേടി. ഞങ്ങളുടെ കുടുംബം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.
യൂഡിത്ത്: കൺമുന്നിൽവെച്ച് കുടുംബം പിളർന്നതിന്റെ വേദന ഒരുവശത്ത്, കുട്ടികൾ അനുഭവിക്കുന്ന മാനസിക വ്യഥ കാണുന്നതിന്റെ ദുഃഖം മറുവശത്ത്. എന്നാൽ, അപ്പോഴേക്കും ഞങ്ങൾ മാനസികമായി രണ്ടു ധ്രുവങ്ങളിൽ ആയിക്കഴിഞ്ഞിരുന്നതുകൊണ്ട്, കുട്ടികളുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽപ്പോലും ഒരു യോജിപ്പിലെത്താൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതുകൊണ്ട്, കുട്ടികൾ മൂന്നുപേരെയും എനിക്കു വിട്ടുതന്നു.
ലാസ്: തകർന്നുകൊണ്ടിരുന്ന ഞങ്ങളുടെ കുടുംബത്തെ ഏതുവിധേനയും രക്ഷിക്കാൻ ഞാനും യൂഡിത്തും കുറെ ശ്രമങ്ങളൊക്കെ നടത്തിനോക്കിയിരുന്നു. സഹായത്തിനായി ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുകപോലും ചെയ്തു. പക്ഷേ, ദൈവത്തെക്കുറിച്ച് അന്നു ഞങ്ങൾക്കു കാര്യമായി ഒന്നും അറിയില്ലായിരുന്നു.
യൂഡിത്ത്: പ്രാർഥന ഫലിക്കാഞ്ഞപ്പോൾ ഞങ്ങൾ കരുതി ദൈവം അതു ശ്രദ്ധിച്ചില്ലായിരിക്കും എന്ന്. എന്നാൽ ദൈവം യഥാർഥത്തിൽ പ്രാർഥന കേൾക്കുന്നവനാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഇപ്പോൾ എത്ര നന്ദിയുള്ളവരാണെന്നോ!
ലാസ്: വാസ്തവത്തിൽ, വിവാഹബന്ധം തകരാതിരിക്കാൻ ഞങ്ങൾതന്നെ ശ്രമം ചെയ്ത് മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു എന്ന കാര്യം അന്നു ഞങ്ങൾക്കറിയില്ലായിരുന്നു. അതുകൊണ്ട്, വിവാഹമോചനമല്ലാതെ മുന്നിൽ മറ്റൊരു വഴിയുമില്ലെന്നു ഞങ്ങൾക്കു തോന്നി.
ലാസിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്
ലാസ്: ഒറ്റയ്ക്ക് താമസിക്കവെ എന്റെ ജീവിതം അപ്രതീക്ഷിതമായി മാറിമറിഞ്ഞു. ഒരു ദിവസം, ഞാൻ യഹോവയുടെ സാക്ഷികളുടെ പക്കൽനിന്ന് രണ്ടു മാസികകൾ സ്വീകരിച്ചു. മുമ്പൊരിക്കലും സാക്ഷികളെ ശ്രദ്ധിക്കാൻ ഞാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, ഈ മാസികകളിലൂടെ കണ്ണോടിച്ചപ്പോൾ എനിക്കൊന്നു മനസ്സിലായി, യഹോവയുടെ സാക്ഷികൾ യഥാർഥത്തിൽ ദൈവത്തിലും യേശുക്രിസ്തുവിലും വിശ്വസിക്കുന്നവരാണെന്ന്. എനിക്കു ശരിക്കും അത്ഭുതം തോന്നി. അവർ ക്രിസ്ത്യാനികളാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
ഏതാണ്ട് ഈ സമയത്തുതന്നെ, ഞാൻ വേറൊരു സ്ത്രീയോടൊപ്പം ജീവിക്കാൻ തുടങ്ങി. അവൾ ഒരിക്കൽ യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു എന്ന് പിന്നീട് എനിക്കു മനസ്സിലായി. ഞാൻ യഹോവയെക്കുറിച്ച് അവളോടു ചോദിച്ചപ്പോൾ, യഹോവയെന്നുള്ളത് ദൈവത്തിന്റെ പേരാണ് എന്ന് ബൈബിളിൽ നിന്ന് അവൾ എനിക്കു കാണിച്ചുതന്നു. അപ്പോൾ ഞാനോർത്തു: “യഹോവയുടെ സാക്ഷികൾ” എന്നുവെച്ചാൽ “ദൈവത്തിന്റെ സാക്ഷികൾ” എന്നാണല്ലോ അർഥം!
യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളന ഹാളിൽ വെച്ച് ഒരു പരസ്യപ്രസംഗം കേൾക്കാൻ വേണ്ട ക്രമീകരണങ്ങൾ അവൾ എനിക്കു ചെയ്തുതന്നു. അവിടെ കണ്ട കാര്യങ്ങൾ എന്റെ താത്പര്യത്തെ തൊട്ടുണർത്തി. കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ഞാൻ പ്രാദേശിക രാജ്യഹാൾ സന്ദർശിച്ചു. അങ്ങനെ, ഒരു ബൈബിളധ്യയനവും ആരംഭിച്ചു. തികച്ചും തെറ്റായ ഒരു ജീവിതമാണ് ഞാൻ നയിക്കുന്നത് എന്നു തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല. അതുകൊണ്ട്, ആ സ്ത്രീയെ വിട്ട്, തനിയെ ജീവിക്കുന്നതിന് ഞാൻ എന്റെ പട്ടണത്തിലേക്കു മടങ്ങിപ്പോയി. അവിടെയുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ആദ്യം കുറച്ചു മടിച്ചെങ്കിലും പിന്നീട് ഞാൻ എന്റെ ബൈബിൾ പഠനം തുടർന്നു.
എന്നാലും എന്റെ മനസ്സിൽ ചില സംശയങ്ങൾ ബാക്കികിടപ്പുണ്ടായിരുന്നു. യഹോവയുടെ സാക്ഷികൾ ശരിക്കും ദൈവത്തിന്റെ ജനം തന്നെയാണോ? അങ്ങനെയെങ്കിൽ, കുട്ടിയായിരിക്കെ ഞാൻ പഠിച്ച കാര്യങ്ങളോ? ഒരു സെവന്ത്-ഡേ അഡ്വെന്റിസ്റ്റായിട്ടായിരുന്നു എന്നെ വളർത്തിക്കൊണ്ടുവന്നത്. അതുകൊണ്ട് ഞാൻ ഒരു അഡ്വെൻറ്റിസ്റ്റ് മിനിസ്റ്ററുമായി ബന്ധപ്പെട്ടു. എല്ലാ ബുധനാഴ്ചയും എനിക്കു കാര്യങ്ങൾ പഠിപ്പിച്ചു തരാമെന്ന് അദ്ദേഹം സമ്മതിച്ചു. യഹോവയുടെ സാക്ഷികൾ തിങ്കളാഴ്ചതോറുമാണ് എന്നെ പഠിപ്പിക്കാൻ എത്തിയിരുന്നത്. ഇരുകൂട്ടരിൽ നിന്നും പ്രത്യേകിച്ചും നാലു കാര്യങ്ങളെക്കുറിച്ച് എനിക്കു വ്യക്തമായ ഉത്തരം ലഭിക്കണമായിരുന്നു: ക്രിസ്തുവിന്റെ മടങ്ങിവരവ്, പുനരുത്ഥാനം, ത്രിത്വോപദേശം, പിന്നെ, സഭ സംഘടിപ്പിക്കപ്പെടേണ്ട വിധം. ഏതാനും മാസങ്ങൾകൊണ്ട് എന്റെ സകല സംശയങ്ങളും തീർന്നു. ഈ നാലു കാര്യങ്ങളിൽ മാത്രമല്ല, എല്ലാ കാര്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ മാത്രമാണ് മുഴുവനായും തിരുവെഴുത്തധിഷ്ഠിതമായിരുന്നത്. അതു തിരിച്ചറിഞ്ഞതോടെ, ഞാൻ സഭാപരമായ എല്ലാ പ്രവർത്തനങ്ങളിലും സന്തോഷപൂർവം പങ്കെടുക്കാൻ തുടങ്ങി. താമസിയാതെ, എന്റെ ജീവിതം ഞാൻ യഹോവയ്ക്കു സമർപ്പിച്ചു. 1990 മേയിൽ ഞാൻ സ്നാപനമേൽക്കുകയും ചെയ്തു.
യൂഡിത്തിന്റെ കാര്യമോ?
യൂഡിത്ത്: ഞങ്ങളുടെ വിവാഹബന്ധം തകർന്നതിനു ശേഷം ഞാൻ വീണ്ടും പള്ളിയിൽ പോകാൻ തുടങ്ങിയിരുന്നു. ലാസ് ഒരു യഹോവയുടെ സാക്ഷിയായെന്നു കേട്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം തോന്നി. ഞങ്ങളുടെ ഏറ്റവും ഇളയ മകൻ യോനാസ്—അന്നവന് പത്തു വയസ്സായിരുന്നു—ചിലപ്പോഴൊക്കെ അവന്റെ ഡാഡിയുടെ കൂടെ താമസിക്കാൻ പോകുമായിരുന്നു. എന്നാൽ, അവനെ സാക്ഷികളുടെ ഒരു യോഗങ്ങൾക്കും കൊണ്ടുപോകാൻ പാടില്ലെന്നു ഞാൻ ലാസിനെ വിലക്കി. അതു സംബന്ധിച്ച് ലാസ് അധികൃതർക്കു പരാതി നൽകിയെങ്കിലും തീരുമാനം എനിക്ക് അനുകൂലമായിട്ടായിരുന്നു.
ഇതേ സമയം, ഞാൻ മറ്റൊരാളെ കണ്ടുമുട്ടിയിരുന്നു. മാത്രമല്ല, രാഷ്ട്രീയ-സാമുദായിക പ്രവർത്തനങ്ങളുടെ എല്ലാ മണ്ഡലങ്ങളിലും കൂടുതലായി പങ്കെടുക്കാനും തുടങ്ങി. അപ്പോഴൊക്കെ ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിക്കുന്ന കാര്യം തികച്ചും അസംഭവ്യമായി തോന്നുമായിരുന്നു.
യഹോവയുടെ സാക്ഷികൾക്കെതിരെ ആയുധമാക്കാൻ പറ്റിയ തരത്തിലുള്ള എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ഞാൻ ആ ഇടവകയിലെ വൈദികനെ ചെന്നുകണ്ടു. എന്നാൽ, യഹോവയുടെ സാക്ഷികളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞ് അദ്ദേഹം കൈമലർത്തി. അവരെക്കുറിച്ചുള്ള യാതൊരു പ്രസിദ്ധീകരണങ്ങളും തന്റെ പക്കലില്ലെന്നും അദ്ദേഹം പറഞ്ഞു. അവരിൽനിന്ന് അകന്നു നിൽക്കുന്നതാണ് നല്ലതെന്നു മാത്രമേ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നുള്ളൂ. തീർച്ചയായും, അത് സാക്ഷികളോടുള്ള എന്റെ വിദ്വേഷം തെല്ലും കുറച്ചില്ല. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത ഒരു വിധത്തിൽ എനിക്കവരെ കണ്ടുമുട്ടേണ്ടിവന്നു.
സ്വീഡനിൽ താമസിക്കുന്ന എന്റെ സഹോദരൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരുന്നു, മാത്രമല്ല, ഒരു രാജ്യഹാളിൽ വെച്ച് നടത്തപ്പെടുന്ന അവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിക്കുകയും ചെയ്തു! ആ അനുഭവം സാക്ഷികളെക്കുറിച്ചുള്ള എന്റെ എല്ലാ വീക്ഷണങ്ങളും മാറ്റിമറിച്ചു. ഞാൻ വിചാരിച്ചതുപോലെ വിരസരായ ആളുകളായിരുന്നില്ല അവർ എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. മറിച്ച് ദയയുള്ളവരും സന്തുഷ്ടരും നല്ല നർമബോധം ഉള്ളവരും ആണ് അവരെന്നു ഞാൻ കണ്ടെത്തി.
ഇതിനോടകം, എന്റെ മുൻഭർത്താവ് ലാസ് തികച്ചും പുതിയൊരു മനുഷ്യനായിത്തീർന്നിരുന്നു. അദ്ദേഹം കൂടുതൽ ഉത്തരവാദിത്വബോധമുള്ളവനായി മാറി. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയ അദ്ദേഹം ദയാലുവും സംഭാഷണത്തിൽ നിയന്ത്രണം പാലിക്കുന്നവനും ആയിത്തീർന്നിരുന്നു. പഴയപോലെ ലക്കുകെട്ടുള്ള മദ്യപാനവുമില്ല. തികച്ചും ആകർഷകമായൊരു വ്യക്തിത്വം! അദ്ദേഹം ഇങ്ങനെയുള്ള ഒരാളായിത്തീരണമെന്നാണ് ഞാൻ എന്നും മനസ്സിൽ ആഗ്രഹിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ ഇത്രയും നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹം എന്റെ സ്വന്തമല്ലല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി, എന്നെങ്കിലുമൊരിക്കൽ മറ്റൊരു സ്ത്രീ അദ്ദേഹത്തെ വിവാഹം കഴിച്ചേക്കുമെന്നു കൂടെ ഓർത്തപ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു!
അങ്ങനെയിരിക്കെ, അദ്ദേഹത്തെ തന്ത്രപരമായി ഒന്ന് “ആക്രമിക്കാൻ” ഞാൻ തീരുമാനിച്ചു. ഒരിക്കൽ യോനാസ് അദ്ദേഹത്തോടൊപ്പം താമസിക്കാൻ പോയ സമയത്ത്, എന്റെ രണ്ടു സഹോദരിമാരെയും കൂട്ടി ഞാൻ അവരെ രണ്ടുപേരെയും സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു, യോനാസിന്റെ രണ്ട് ആന്റിമാർക്കും അവരുടെ അനന്തരവനെ ഒന്നു കാണാനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്ന ഭാവേന. ഞങ്ങൾ ഒരു അമ്യൂസ്മെന്റ് പാർക്കിൽ കണ്ടുമുട്ടി. ആന്റിമാർ രണ്ടുപേരും കൂടെ യോനാസിനെ നോക്കുന്ന സമയത്ത്, ഞാനും ലാസും കൂടെ ഒരു ബഞ്ചിൽ ഇരുന്നു.
ഭാവി ജീവിതത്തെ സംബന്ധിച്ച് ഞാൻ സംസാരിക്കാൻ തുടങ്ങിയ ഉടനെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പോക്കറ്റിൽനിന്ന് ഒരു പുസ്തകം പുറത്തെടുത്തു. നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകമായിരുന്നു അത്.a അത് എന്റെ കൈയിൽ തന്നിട്ട്, കുടുംബത്തിൽ ഭർത്താവിന്റെയും ഭാര്യയുടെയും ധർമം എന്താണെന്നു വിവരിക്കുന്ന അധ്യായങ്ങൾ ഞാൻ വായിച്ചുനോക്കണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കണമെന്ന് പ്രത്യേകം പറയാനും അദ്ദേഹം മറന്നില്ല.
പിന്നീട്, പോകാൻനേരം ഞങ്ങളിരുവരും ബഞ്ചിൽനിന്ന് എഴുന്നേറ്റപ്പോൾ എനിക്ക് അദ്ദേഹത്തിന്റെ കരം ഗ്രഹിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദയാപൂർവം അത് നിരസിച്ചു. അദ്ദേഹത്തിന്റെ പുതിയ വിശ്വാസത്തെക്കുറിച്ചുള്ള എന്റെ നിലപാട് എന്താണെന്ന് അറിയാതെ ഞാനുമായി പുതിയ ഒരു ബന്ധം തുടങ്ങാൻ അദ്ദേഹത്തിന് യാതൊരു താത്പര്യവുമില്ലായിരുന്നു. ലാസ് അങ്ങനെ ചെയ്തപ്പോൾ എനിക്കു വല്ലായ്മ തോന്നി. എങ്കിലും, അദ്ദേഹം ചെയ്തത് തികച്ചും ന്യായമാണെന്ന് എനിക്കു മനസ്സിലായി. അദ്ദേഹം വീണ്ടും എന്നെ വിവാഹം ചെയ്യുകയാണെങ്കിൽ, ഈ മനോഭാവം കൊണ്ട് എനിക്കു ഗുണമേ ഉണ്ടാകൂ എന്നു ഞാൻ തിരിച്ചറിഞ്ഞു.
ഇതും കൂടിയായപ്പോൾ, യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിഞ്ഞേ തീരൂ എന്നായി ഞാൻ. പിറ്റേ ദിവസംതന്നെ, സാക്ഷിയാണെന്ന് എനിക്കറിയാവുന്ന ഒരു സ്ത്രീയുമായി ഞാൻ ബന്ധപ്പെട്ടു. അവരും ഭർത്താവും ചേർന്ന് അവരുടെ മതത്തെക്കുറിച്ച് എനിക്കറിയേണ്ടിയിരുന്ന കാര്യങ്ങൾ പറഞ്ഞുതരാമെന്നു സമ്മതിച്ചു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ബൈബിളിൽനിന്ന് അവർ മറുപടി നൽകി. യഹോവയുടെ സാക്ഷികളുടെ എല്ലാ പഠിപ്പിക്കലുകളും പൂർണമായും ബൈബിളിൽ അടിസ്ഥാനപ്പെട്ടവയാണെന്ന് എനിക്കു മനസ്സിലായി. ഒന്നൊന്നായി എനിക്ക് എല്ലാം അംഗീകരിച്ചുകൊടുക്കേണ്ടി വന്നു.
ആ കാലയളവിൽ ഞാൻ ഇവാഞ്ചലിക്കൽ ലുഥറൻ സഭയിൽ നിന്നു രാജിവെച്ചു. എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളോടും ഞാൻ വിടപറഞ്ഞു. പുകവലി പോലും ഞാൻ ഉപേക്ഷിച്ചു. അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുപിടിച്ച സംഗതി. 1990 ആഗസ്റ്റിൽ എനിക്ക് ബൈബിളധ്യയനം ആരംഭിച്ചു. 1991 ഏപ്രിലിൽ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്നാപനമേൽക്കുകയും ചെയ്തു.
അവരുടെ രണ്ടാം വിവാഹം
യൂഡിത്ത്: അങ്ങനെ ഞങ്ങൾ രണ്ടുപേരും സ്നാപനമേറ്റ സാക്ഷികളായി. രണ്ടു വഴികളിലായി പിരിഞ്ഞെങ്കിലും ഞങ്ങളിരുവരും ബൈബിൾ പഠിച്ചു. അതിലെ മികച്ച ബുദ്ധിയുപദേശങ്ങളുടെ സഹായത്താൽ പഴയ സ്വഭാവം മാറ്റിയെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളുടെ ഉള്ളിൽ അപ്പോഴും പരസ്പരം സ്നേഹമുണ്ടായിരുന്നു, ഒരുപക്ഷേ മുമ്പത്തെക്കാളേറെ. അതുകൊണ്ട്, വീണ്ടും വിവാഹിതരാകുന്നതിന് ഞങ്ങളുടെ മുന്നിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ വിവാഹിതരായി. രണ്ടാമതൊരു തവണ കൂടെ ഞങ്ങൾ വിവാഹ പ്രതിജ്ഞകൾ ഏറ്റുചൊല്ലി, ഇത്തവണ പക്ഷേ അതു യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിൽ വെച്ച് ആയിരുന്നെന്നു മാത്രം.
ലാസ്: ഒരിക്കലും, ഒരിക്കലും സംഭവിക്കുകയില്ലെന്നു കരുതിയ ആ സംഗതി ഒടുവിൽ സംഭവിക്കുകതന്നെ ചെയ്തു. അതേ, ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ചു! ഞങ്ങൾക്കപ്പോൾ തോന്നിയ സന്തോഷവും ആനന്ദവും പറഞ്ഞറിയിക്കാനാകില്ല!
യൂഡിത്ത്: വിവാഹത്തിന് ദൃക്സാക്ഷികളായി ഞങ്ങളുടെ മക്കളും ഉണ്ടായിരുന്നു. പിന്നെ അനവധി ബന്ധുക്കളും പഴയതും പുതിയതുമായ നിരവധി സുഹൃത്തുക്കളും. അത് ഒരു അവർണനീയമായ അനുഭവമായിരുന്നു. അതിഥികളിൽ ചിലർക്ക് ഞങ്ങൾ ആദ്യം വിവാഹിതരായ സമയം മുതൽക്കേ ഞങ്ങളെ അറിയാമായിരുന്നു. അതുകൊണ്ട്, ഞങ്ങൾ വീണ്ടും ഒന്നിച്ചതു കണ്ടപ്പോൾ അവർക്ക് വളരെയേറെ സന്തോഷം തോന്നി. ഒപ്പം, യഹോവയുടെ സാക്ഷികളുടെ ഇടയിലെ യഥാർഥ സന്തോഷം കാണാൻ കഴിഞ്ഞതിൽ അത്ഭുതവും.
കുട്ടികൾ
ലാസ്: ഞങ്ങൾ സ്നാപനമേറ്റ ശേഷം, മക്കളിൽ രണ്ടുപേർ തങ്ങളുടെ ജീവിതം യഹോവയ്ക്ക് സമർപ്പിക്കാൻ തീരുമാനമെടുത്തതിന്റെ ആനന്ദം ഞങ്ങൾ അനുഭവിച്ചു.
യൂഡിത്ത്: കുട്ടിയായിരിക്കെ, പിതാവിനോടൊപ്പം താമസിക്കാൻ പോയ സമയത്താണ് യോനാസ് ബൈബിൾ സത്യവുമായി പരിചയത്തിലായത്. അന്നുമുതൽ അവന് അതിനോടു വിലമതിപ്പുണ്ടായിരുന്നു. ഡാഡിയോടൊപ്പം താൻ താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെറും പത്തുവയസ്സുള്ളപ്പോൾ തന്നെ അവൻ എന്നോടു പറഞ്ഞു. അതിന്റെ കാരണമായി അവൻ പറഞ്ഞത് “ഡാഡി ബൈബിളിൽ പറയുന്നതുപോലെയാണ് ജീവിക്കുന്നത്” എന്നാണ്. 14-ാം വയസ്സിൽ യോനാസ് സ്നാപനമേറ്റു. വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൻ ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുകയാണ്.
ലാസ്: ഞങ്ങളുടെ മൂത്ത മകൻ മാർട്ടിന് ഇപ്പോൾ 27 വയസ്സുണ്ട്. ഞങ്ങൾ രണ്ടു പേരും വരുത്തിയ മാറ്റങ്ങൾ അവനെ ഇരുത്തിചിന്തിപ്പിച്ചു എന്നു വേണം പറയാൻ. വീട്ടിൽനിന്നു ദൂരെയുള്ള ഒരു സ്ഥലത്തേക്കു താമസം മാറ്റിയ അവൻ രണ്ടു വർഷങ്ങൾക്കു മുമ്പ് അവിടെയുള്ള യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. വെറും അഞ്ചു മാസങ്ങൾകൊണ്ട് അവൻ സ്നാപനമേൽക്കാനുള്ള യോഗ്യത നേടി. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ തുടർന്നും ജീവിതം നയിക്കാനുള്ള മികച്ച ലക്ഷ്യങ്ങളുമായി അവൻ മുന്നോട്ടുപോകുന്നു.
ഞങ്ങളുടെ നടുവിലത്തെ മകൻ തോമസ് യഹോവയുടെ സാക്ഷികളിൽ ഒരാളല്ല. എങ്കിലും, ഞങ്ങൾക്ക് ഇപ്പോഴും അവനോട് ആഴമായ സ്നേഹമുണ്ട്. മാത്രമല്ല, അവനുമായി നല്ലൊരു ബന്ധവും ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ വന്ന മാറ്റങ്ങളിൽ അവൻ അതീവ സന്തുഷ്ടനാണ്. ബൈബിളിൽനിന്ന് മാതാപിതാക്കളായ ഞങ്ങൾ പഠിച്ച തത്ത്വങ്ങളാണ് ഞങ്ങളുടെ കുടുംബത്തെ വീണ്ടും ഒന്നിക്കാൻ സഹായിച്ചത് എന്ന കാര്യത്തിൽ ഞങ്ങൾക്കെല്ലാം ഒരേ അഭിപ്രായമാണ്. മൂന്നു കുട്ടികളും പിന്നെ, ഞങ്ങൾ മാതാപിതാക്കളും ചേർന്ന് ഒരൊറ്റ കുടുംബമെന്ന നിലയിൽ ഇപ്പോൾ ഒരേ മേശയ്ക്കു ചുറ്റും ഇരിക്കാൻ കഴിയുന്നത് എത്രയോ അനുഗൃഹീതമായ ഒരു സംഗതിയാണ്!
ഞങ്ങളുടെ ജീവിതം ഇന്ന്
ലാസ്: ഞങ്ങൾ എല്ലാം തികഞ്ഞവർ ആയിത്തീർന്നു എന്നല്ല ഇതിന്റെയർഥം. പക്ഷേ, ഒരു കാര്യം ഞങ്ങൾക്കു മനസ്സിലായി—ഒരു വിവാഹബന്ധത്തെ വിജയിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ സ്നേഹവും പരസ്പര ബഹുമാനവും ആണെന്ന്. മുമ്പത്തേതിൽനിന്നു തികച്ചും വ്യത്യസ്തമായ കാര്യങ്ങളിൽ പടുത്തുയർത്തിയതാണ് ഇപ്പോഴത്തെ ഞങ്ങളുടെ വിവാഹം. ഇപ്പോൾ ഞങ്ങളിരുവരും ഞങ്ങളെക്കാൾ ഉയർന്ന ഒരു അധികാരത്തെ അംഗീകരിക്കുന്നു, കാരണം ഞങ്ങൾ രണ്ടുപേരും യഹോവയ്ക്കു വേണ്ടിയാണ് ജീവിക്കുന്നതെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം. ഇപ്പോഴാണ് യഥാർഥത്തിൽ ഒന്നിച്ചതെന്ന് എനിക്കും യൂഡിത്തിനും തോന്നുന്നു. ഭാവിയിലേക്ക് നോക്കുമ്പോൾ ഞങ്ങൾക്കു തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ട്.
യൂഡിത്ത്: ദാമ്പത്യബന്ധത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ ഏറ്റവും നല്ല ഉപദേഷ്ടാവ് യഹോവയാണ് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് ഞങ്ങൾ എന്നെനിക്കു തോന്നുന്നു.
[അടിക്കുറിപ്പ്]
a 1978-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്; ഇപ്പോൾ അച്ചടിക്കുന്നില്ല.
[20-ാം പേജിലെ ചിത്രം]
ലാസും യൂഡിത്തും അവർ ആദ്യം വിവാഹിതരായ സമയത്ത്, 1973-ൽ
[21-ാം പേജിലെ ചിത്രം]
മൂന്നു കുട്ടികൾക്ക് അവരുടെ ഏകീകൃത കുടുംബം നഷ്ടമായെങ്കിലും പിന്നീട് അതു തിരികെ ലഭിച്ചു
[23-ാം പേജിലെ ചിത്രം]
ബൈബിൾ തത്ത്വങ്ങളുടെ സഹായത്താൽ വീണ്ടും ഒന്നിച്ച ലാസും യൂഡിത്തും, ഇന്ന്