വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ഒക്‌ടോബർ പേ. 3-7
  • നല്ല മാതൃകകളെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല മാതൃകകളെ കണ്ണാടിപോലെ പ്രതിഫലിപ്പിക്കുന്നു
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കുട്ടി​ക്കാ​ലത്തെ നല്ല മാതൃ​ക​കൾ
  • വീണ്ടും മാറി​ത്താ​മ​സി​ക്കു​ന്നു
  • ആവേശം​കൊ​ള്ളിച്ച ക്ഷണങ്ങൾ
  • ഒരു പുതിയ നിയമനം
  • മാറ്റങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നു
  • ആവേശ​ക​ര​മായ മറ്റൊരു ക്ഷണം
  • യഹോവ കാണിച്ച വഴിയേ പോകാൻ ഞാൻ തീരു​മാ​നി​ച്ചു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ഞാൻ ഇന്നും പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • യഹൂദന്റെ വസ്‌ത്രാഗ്രം പിടിച്ച്‌ എഴുപതു വർഷം
    2012 വീക്ഷാഗോപുരം
  • ‘ചെയ്യേണ്ടതേ ഞങ്ങൾ ചെയ്‌തിട്ടുള്ളൂ’
    വീക്ഷാഗോപുരം—1998
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ഒക്‌ടോബർ പേ. 3-7

ജീവി​ത​കഥ

നല്ല മാതൃ​ക​കളെ കണ്ണാടി​പോ​ലെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു

തോമസ്‌ മക്‌ലെയ്‌ൻ പറഞ്ഞ​പ്ര​കാ​രം

“എനിക്ക്‌ എത്ര വയസ്സാ​യെന്ന്‌ അറിഞ്ഞി​ട്ടു​ത​ന്നെ​യാ​ണോ?” ഞാൻ ചോദി​ച്ചു. “അതൊക്കെ എനിക്ക്‌ കൃത്യ​മാ​യി അറിയാം,” ഐസക്‌ മറേ മറുപടി പറഞ്ഞു. കൊള​റാ​ഡോ​യി​ലാ​യി​രുന്ന എന്നെ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണിൽനിന്ന്‌ ഫോൺ ചെയ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. എന്താണ്‌ ആ സംഭാ​ഷ​ണ​ത്തി​ലേക്കു നയിച്ചത്‌? ഞാൻ പറയാം.

തോമസ്‌ മക്‌ലെയ്‌നും ബെഥേൽ മക്‌ലെയ്‌നും

ഐക്യ​നാ​ടു​ക​ളി​ലുള്ള കാൻസ​സി​ലെ വിച​റ്റോ​യി​ലാ​ണു ഞാൻ ജനിച്ചത്‌, 1936 ഡിസംബർ 10-ന്‌. നാലു മക്കളിൽ മൂത്തയാ​ളാ​യി​രു​ന്നു ഞാൻ. ദൈവ​സേ​വ​ന​ത്തിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാ​യി​രു​ന്നു എന്റെ പപ്പ വില്യ​മും അമ്മ ജീനും. പപ്പ കമ്പനി​ദാ​സ​നാ​യി​രു​ന്നു. സഭയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​രനെ അക്കാല​ങ്ങ​ളിൽ വിളി​ച്ചി​രു​ന്നത്‌ അങ്ങനെ​യാണ്‌. അമ്മയെ സത്യം പഠിപ്പി​ച്ചത്‌ അമ്മയുടെ അമ്മയാ​യി​രു​ന്നു. എമ്മാ വാഗ്‌നർ എന്നായി​രു​ന്നു വല്യമ്മ​യു​ടെ പേര്‌. വല്യമ്മ മറ്റു പലരെ​യും സത്യം പഠിപ്പി​ച്ചി​ട്ടുണ്ട്‌. അതിൽ ഒരാളാ​യി​രു​ന്നു പോർട്ടോ റീക്കോ​യിൽ വർഷങ്ങ​ളോ​ളം മിഷന​റി​യാ​യി സേവിച്ച ഗെർട്രൂഡ്‌ സ്റ്റീൽ.a അങ്ങനെ പല വ്യക്തി​ക​ളു​ടെ​യും മാതൃ​കകൾ കണ്ടാണു ഞാൻ വളർന്നു​വ​ന്നത്‌.

കുട്ടി​ക്കാ​ലത്തെ നല്ല മാതൃ​ക​കൾ

തോമസ്‌ മക്‌ലെയ്‌നിന്റെ പപ്പ തെരുവിൽ വഴിയാത്രക്കാർക്കു മാസികകൾ കൊടുക്കുന്നു

വഴിയാത്രക്കാർക്കു മാസി​കകൾ കൊടു​ത്തു​കൊണ്ട്‌ തെരു​വിൽ നിൽക്കുന്ന എന്റെ പപ്പ

എനിക്ക്‌ അഞ്ചു വയസ്സു​ള്ള​പ്പോൾ, ഒരു ശനിയാഴ്‌ച വൈകു​ന്നേരം തെരു​വിൽ നിന്നു​കൊണ്ട്‌ പപ്പയും ഞാനും ആളുകൾക്കു വീക്ഷാ​ഗോ​പു​രം മാസി​ക​യും ആശ്വാസം (ഇപ്പോൾ ഉണരുക!) മാസി​ക​യും കൊടു​ക്കു​ക​യാ​യി​രു​ന്നു. രാജ്യം രണ്ടാം ലോക​യു​ദ്ധ​ത്തിൽ ഏർപ്പെ​ട്ടി​രുന്ന സമയം. മദ്യപിച്ച്‌ ലക്കു​കെട്ട്‌ അതുവഴി വന്ന ഒരു ഡോക്‌ടർ പപ്പ ക്രിസ്‌തീ​യ​നി​ഷ്‌പക്ഷത പാലി​ക്കു​ന്ന​തി​നെ കളിയാ​ക്കാ​നും അധി​ക്ഷേ​പി​ക്കാ​നും തുടങ്ങി. പപ്പ ഒരു ഭീരു​വാ​ണെ​ന്നും സൈന്യ​ത്തിൽച്ചേ​രാ​തെ മുങ്ങി​ന​ട​ക്കു​ക​യാ​ണെ​ന്നും അയാൾ പറഞ്ഞു. അയാൾ പപ്പയുടെ അടു​ത്തേ​ക്കു​വന്ന്‌ തുറി​ച്ചു​നോ​ക്കി​ക്കൊണ്ട്‌ പറഞ്ഞു: “ചുണയു​ണ്ടെ​ങ്കിൽ എന്നെ​യൊന്ന്‌ അടിക്ക്‌, പേടി​ത്തൊ​ണ്ടാ!” ഞാൻ ശരിക്കും പേടി​ച്ചു​പോ​യി. പക്ഷേ പപ്പയോട്‌ എനിക്ക്‌ അങ്ങേയറ്റം ആദരവ്‌ തോന്നി. കാരണം, തടിച്ചു​കൂ​ടിയ ജനക്കൂ​ട്ട​ത്തി​നു പപ്പ അപ്പോ​ഴും മാസിക കൊടു​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ അതുവഴി ഒരു പട്ടാള​ക്കാ​രൻ നടന്നു​വന്നു. ഡോക്‌ടർ ആ പട്ടാള​ക്കാ​ര​നോട്‌ ഇങ്ങനെ അലറി: “ഇയാളെ കൊണ്ടു​പോ​യി എന്തെങ്കി​ലും ചെയ്യാ​മോ?” ഡോക്‌ടർ മദ്യപി​ച്ചി​ട്ടാ​ണു സംസാ​രി​ക്കു​ന്ന​തെന്നു പട്ടാള​ക്കാ​രനു മനസ്സി​ലാ​യി. അതു​കൊണ്ട്‌ പട്ടാള​ക്കാ​രൻ അയാ​ളോ​ടു പറഞ്ഞു: “വീട്ടിൽ പോ, വെളിവ്‌ വരട്ടെ?” ഡോക്‌ടർ അങ്ങനെ അവി​ടെ​നിന്ന്‌ പോയി, പട്ടാള​ക്കാ​ര​നും അവിടെ നിന്നില്ല. യഹോവ പപ്പയ്‌ക്കു ധൈര്യം കൊടു​ത്ത​തി​നെ​ക്കു​റിച്ച്‌ ഞാൻ നന്ദി​യോ​ടെ ഓർക്കു​ന്നു. വിച​റ്റോ​യിൽ പപ്പയ്‌ക്കു രണ്ടു ബാർബർഷോ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. ഡോക്‌ട​റാ​കട്ടെ പപ്പയുടെ ബാർബർഷോ​പ്പിൽ സ്ഥിരമാ​യി വരുന്ന​യാ​ളും!

തോമസ്‌ മക്‌ലെയ്‌ൻ മാതാപിതാക്കളോടൊപ്പം 1940-കളിൽ

1940-ൽ വിച​റ്റോ​യി​ലെ കൺ​വെൻ​ഷനു മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം

എനിക്ക്‌ എട്ടു വയസ്സു​ള്ള​പ്പോൾ പപ്പയും അമ്മയും വീടും കടകളും വിറ്റിട്ട്‌ ചെറിയ ഒരു വാഹന​വീ​ടു പണിതു. എന്നിട്ട്‌ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കാ​നാ​യി ഞങ്ങൾ കൊള​റാ​ഡോ​യി​ലേക്കു പോയി ഗ്രാന്റ്‌ ജംഗ്‌ഷന്‌ അടുത്ത്‌ താമസ​മാ​ക്കി. അവിടെ പപ്പയും അമ്മയും മുൻനി​ര​സേ​വനം ചെയ്യാൻതു​ടങ്ങി. ഒപ്പം കൃഷി​യും കന്നുകാ​ലി​വ​ളർത്ത​ലും. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും തീക്ഷ്‌ണ​ത​യോ​ടെ​യുള്ള അവരുടെ സേവന​ത്തി​ന്റെ​യും ഫലമായി അവിടെ ഒരു സഭ രൂപീ​ക​രി​ച്ചു. അവി​ടെ​വെച്ച്‌ ബൈബിൾസ​ത്യം സ്വീക​രിച്ച പലരോ​ടു​മൊ​പ്പം 1948 ജൂൺ 20-ന്‌ പപ്പ എന്നെ മലയിലെ ഒരു അരുവി​യിൽ സ്‌നാ​ന​പ്പെ​ടു​ത്തി. അന്ന്‌ എന്റെകൂ​ടെ സ്‌നാ​ന​മേ​റ്റ​വ​രാ​യി​രു​ന്നു ബില്ലി നിക്കോൾസും ഭാര്യ​യും. ആ ദമ്പതികൾ പിന്നീടു സർക്കിട്ട്‌ വേല ആരംഭി​ച്ചു. അവരുടെ മകനും ഭാര്യ​യും അതേ പാത പിന്തു​ടർന്നു.

മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രുന്ന പലരു​മാ​യും ഞങ്ങൾ അടുത്ത്‌ സഹവസി​ക്കു​ക​യും കെട്ടു​പണി ചെയ്യുന്ന ആത്മീയ​ചർച്ചകൾ ആസ്വദി​ക്കു​ക​യും ചെയ്‌തി​രു​ന്നു. പ്രത്യേ​കിച്ച്‌ സ്റ്റീൽ കുടും​ബാം​ഗ​ങ്ങ​ളായ ഡോണും എർലി​നും, ഡേവും ജൂലി​യ​യും, സൈയും മാർത്ത​യും. എന്റെ ജീവി​തത്തെ വളരെ​യ​ധി​കം സ്വാധീ​നി​ച്ച​വ​രാണ്‌ അവർ. ദൈവ​രാ​ജ്യം ഒന്നാമതു വെക്കു​ന്നത്‌ ഒരാളു​ടെ ജീവി​ത​ത്തിന്‌ യഥാർഥ സന്തോ​ഷ​വും ആനന്ദവും പകരു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ അവർ കാണി​ച്ചു​തന്നു.

വീണ്ടും മാറി​ത്താ​മ​സി​ക്കു​ന്നു

എനിക്ക്‌ 19 വയസ്സു​ള്ള​പ്പോൾ ഞങ്ങളുടെ ഒരു കുടും​ബ​സു​ഹൃ​ത്തായ ബഡ്‌ ഹാസ്റ്റി ഐക്യ​നാ​ടു​ക​ളു​ടെ തെക്കു​ഭാ​ഗത്ത്‌ മുൻനി​ര​സേ​വനം ചെയ്യാൻ എന്നെ ക്ഷണിച്ചു. നിഷ്‌ക്രി​യ​രായ നിരവധി സഹോ​ദ​ര​ങ്ങ​ളു​ണ്ടാ​യി​രുന്ന ലൂയി​സി​യാ​ന​യി​ലെ റെസ്റ്റണിൽ സേവി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. മീറ്റി​ങ്ങി​നു വരുന്നവർ എത്ര കുറവാ​ണെ​ങ്കി​ലും എല്ലാ ആഴ്‌ച​യും മീറ്റിങ്ങ്‌ നടത്തണ​മെന്നു ഞങ്ങളോ​ടു പറഞ്ഞി​രു​ന്നു. ആദ്യം അതിനാ​യി ഞങ്ങൾ നല്ല ഒരു സ്ഥലം കണ്ടുപി​ടി​ച്ചു. പിന്നെ മീറ്റി​ങ്ങു​ക​ളെ​ല്ലാം നടത്താൻ തുടങ്ങി. പക്ഷേ ആദ്യത്തെ ചില ആഴ്‌ച​ക​ളിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഒരാൾ പരിപാ​ടി നടത്തു​മ്പോൾ മറ്റേയാൾ സദസ്സി​ലി​രുന്ന്‌ ചോദ്യ​ങ്ങൾക്കെ​ല്ലാം ഉത്തരം പറയും. അവതര​ണ​മു​ള്ള​പ്പോൾ ഞങ്ങൾ രണ്ടു പേരും സ്റ്റേജി​ലാ​യി​രി​ക്കും. സദസ്സാ​കട്ടെ കാലി​യും! ഒടുവിൽ പ്രായ​മുള്ള ഒരു സഹോ​ദരി വരാൻ തുടങ്ങി. കാല​ക്ര​മേണ ചില ബൈബിൾവി​ദ്യാർഥി​ക​ളും നിഷ്‌ക്രി​യ​രാ​യ​വ​രും. അധികം വൈകാ​തെ അതു തഴച്ചു​വ​ള​രുന്ന ഒരു സഭയായി മാറി.

ഒരു ദിവസം ചർച്ച്‌ ഓഫ്‌ ക്രൈസ്റ്റ്‌ സഭാവി​ഭാ​ഗ​ത്തി​ന്റെ ഒരു ശുശ്രൂ​ഷ​കനെ ഞാനും ബഡും കണ്ടുമു​ട്ടി. എനിക്കു പരിച​യ​മി​ല്ലാത്ത ചില തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം സംസാ​രി​ച്ചു. ആ സംഭാ​ഷണം എന്നെ​യൊ​ന്നു പിടി​ച്ചു​കു​ലു​ക്കി. ഞാൻ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാൻ അത്‌ ഇടയാക്കി. അദ്ദേഹം ചോദിച്ച ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ഒരു ആഴ്‌ച മുഴുവൻ വിളക്കി​ന്റെ ചെറു​നാ​ള​ത്തിൽ രാത്രി വൈകി​യി​രു​ന്നും ഞാൻ പഠിച്ചു. സത്യം സ്വന്തമാ​ക്കാൻ അത്‌ എന്നെ ശരിക്കും സഹായി​ച്ചു. മറ്റൊരു മതശു​ശ്രൂ​ഷ​ക​നു​മാ​യി സംസാ​രി​ക്കാൻ ഞാൻ അതിയാ​യി വെമ്പൽകൊ​ണ്ടു.

കുറച്ച്‌ നാൾ കഴിഞ്ഞ്‌, അർക്കൻസാ​സി​ലെ എൽ ഡൊറാ​ഡോ​യി​ലേക്കു പോയി അവി​ടെ​യുള്ള സഭയെ സഹായി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ എന്നോടു പറഞ്ഞു. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ സൈനി​ക​ബോർഡി​നു മുമ്പാകെ ഹാജരാ​കാൻ കൂടെ​ക്കൂ​ടെ ഞാൻ കൊള​റാ​ഡോ​യി​ലേക്കു പോകു​മാ​യി​രു​ന്നു. അങ്ങനെ ഒരു യാത്ര​യിൽ ഞാനും കൂടെ​യു​ണ്ടാ​യി​രുന്ന മുൻനി​ര​സേ​വ​ക​രും സഞ്ചരിച്ച എന്റെ കാർ ടെക്‌സ​സിൽവെച്ച്‌ ഒരു അപകട​ത്തിൽപ്പെട്ടു. കാർ ഉപയോ​ഗി​ക്കാൻ കൊള്ളാ​താ​യി. ഞങ്ങൾ ഒരു സഹോ​ദ​രനെ ഫോൺ ചെയ്‌തു. അദ്ദേഹം വന്ന്‌ ഞങ്ങളെ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേ​ക്കും പിന്നെ മീറ്റി​ങ്ങി​നും കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌ ഞങ്ങൾക്കു​ണ്ടായ അപകട​ത്തെ​ക്കു​റിച്ച്‌ അവർ ഒരു അറിയി​പ്പു നടത്തി. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ ഞങ്ങളെ അകമഴിഞ്ഞ്‌ സഹായി​ച്ചു. എന്നെ കൂട്ടി​ക്കൊ​ണ്ടു​പോയ സഹോ​ദരൻ എന്റെ കാർ 25 ഡോള​റി​നു വിറ്റു​ത​രു​ക​യും ചെയ്‌തു.

ഞങ്ങൾ അവി​ടെ​നിന്ന്‌ വിച​റ്റോ​യിൽ എത്തി. ഡോക്ക്‌ എന്നു വിളി​ച്ചി​രുന്ന ഞങ്ങളുടെ ഒരു കുടും​ബ​സു​ഹൃ​ത്തായ ഇ. എഫ്‌. മക്കാർട്ട്‌നി അവിടെ മുൻനി​ര​സേ​വനം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഇരട്ടക്കു​ട്ടി​ക​ളായ ഫ്രാങ്കും ഫ്രാൻസി​സും അന്നും ഇന്നും എന്റെ ഉറ്റസു​ഹൃ​ത്തു​ക്ക​ളാണ്‌. അവർക്ക്‌ ഒരു പഴയ കാറു​ണ്ടാ​യി​രു​ന്നു. അവർ അത്‌ എനിക്കു തന്നു, 25 ഡോള​റിന്‌. എന്റെ കേടായ കാർ വിറ്റ അതേ വിലയ്‌ക്കു​തന്നെ. രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെച്ചതു​കൊണ്ട്‌ യഹോവ എന്റെ ആവശ്യം നടത്തി​ത്ത​ന്നത്‌ അന്നു ഞാൻ ആദ്യമാ​യി കണ്ടു. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ മക്കാർട്ട്‌നി​യും കുടും​ബ​വും ബെഥേൽ ക്രെയിൻ എന്ന സുന്ദരി​യായ, ആത്മീയ​ത​യുള്ള ഒരു സഹോ​ദ​രി​യെ എനിക്കു പരിച​യ​പ്പെ​ടു​ത്തി. കാൻസ​സി​ലുള്ള വെലി​ങ്‌ട​ണി​ലെ രൂത്ത്‌ എന്ന സഹോ​ദ​രി​യാ​യി​രു​ന്നു ബെഥേ​ലി​ന്റെ അമ്മ. 90 വയസ്സു കഴിഞ്ഞി​ട്ടും അവർ തീക്ഷ്‌ണ​ത​യോ​ടെ മുൻനി​ര​സേ​വനം തുടർന്നു. ഞാനും ബെഥേ​ലും പരിച​യ​പ്പെട്ട്‌ ഒരു വർഷം തികയു​ന്ന​തി​നു മുമ്പ്‌ 1958-ൽ വിവാ​ഹി​ത​രാ​യി. ഞങ്ങൾ ഒരുമിച്ച്‌ എൽ ഡൊറാ​ഡോ​യിൽ മുൻനി​ര​സേ​വനം ചെയ്യാൻ തുടങ്ങി.

ആവേശം​കൊ​ള്ളിച്ച ക്ഷണങ്ങൾ

ഞങ്ങൾ കണ്ടുവ​ളർന്ന മാതൃ​കാ​യോ​ഗ്യ​രായ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ യഹോ​വ​യു​ടെ സംഘടന ആവശ്യ​പ്പെ​ടു​ന്നത്‌ എന്തും ചെയ്യാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. അർക്കൻസാ​സി​ലെ വാൾനട്ട്‌ റിഡ്‌ജിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി ഞങ്ങളെ നിയമി​ച്ചു. 1962-ൽ ഗിലെ​യാ​ദി​ന്റെ 37-ാമത്തെ ക്ലാസ്സി​ലേക്കു ക്ഷണം ലഭിച്ച​പ്പോൾ ഞങ്ങൾ ശരിക്കും ആവേശ​ഭ​രി​ത​രാ​യി. ഡോൺ സ്റ്റീൽ ഞങ്ങളുടെ ക്ലാസ്സി​ലു​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോൾ ഞങ്ങളുടെ സന്തോഷം വർധിച്ചു. ബിരുദം ലഭിച്ച​തി​നു ശേഷം ഞങ്ങളെ കെനി​യ​യി​ലെ നയ്‌റോ​ബി​യി​ലേക്കു നിയമി​ച്ചു. ന്യൂ​യോർക്കിൽനിന്ന്‌ പോന്ന​പ്പോൾ ഞങ്ങൾക്ക്‌ അതിയായ ദുഃഖം തോന്നി. പക്ഷേ, നയ്‌റോ​ബി​യി​ലെ വിമാ​ന​ത്താ​വ​ള​ത്തിൽവെച്ച്‌ സഹോ​ദ​ര​ങ്ങളെ കണ്ടപ്പോൾ ആ സങ്കടം സന്തോ​ഷ​ത്തി​നു വഴിമാ​റി.

തോമസ്‌ മക്‌ലെയ്‌നും ബെഥേൽ മക്‌ലെയ്‌നും കെനിയയിലെ നയ്‌റോബിയിൽ ക്രിസ്‌ കനിയയോടും മേരി കനിയയോടും ഒപ്പം

നയ്‌റോബിയിൽ മേരി​യോ​ടും ക്രിസി​നോ​ടും കൂടെ ശുശ്രൂ​ഷ​യിൽ

കെനി​യ​യും അവിടു​ത്തെ സന്തോ​ഷ​ക​ര​മായ ശുശ്രൂ​ഷ​യും പെട്ടെ​ന്നു​തന്നെ ഞങ്ങൾ ഇഷ്ടപ്പെ​ട്ടു​തു​ടങ്ങി. ഞങ്ങളുടെ ഫലകര​മായ ആദ്യത്തെ ബൈബിൾപ​ഠനം ക്രിസ്‌ കനിയ​യും മേരി കനിയ​യും ഒത്തുള്ള​താ​യി​രു​ന്നു. അവർ ഇപ്പോ​ഴും കെനി​യ​യിൽ മുഴു​സ​മയം സേവി​ക്കു​ന്നു. പിറ്റേ വർഷം യുഗാ​ണ്ട​യി​ലെ കമ്പാല​യി​ലേക്കു ഞങ്ങളെ നിയമി​ച്ചു. അവിടു​ത്തെ ആദ്യത്തെ മിഷന​റി​മാ​രാ​യി​രു​ന്നു ഞങ്ങൾ. ആവേശ​ക​ര​മായ സമയങ്ങ​ളാ​യി​രു​ന്നു പിന്നീട്‌. അവി​ടെ​യുള്ള അനേകർക്കും ബൈബിൾ പഠിക്കാൻ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അവരെ​ല്ലാം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്‌തു. അങ്ങനെ ആഫ്രി​ക്ക​യിൽ മൂന്നര വർഷം ഞങ്ങൾ ചെലവി​ട്ടു. അതിനു ശേഷം ഞങ്ങൾ മക്കളെ വളർത്തു​ന്ന​തി​ലെ സന്തോഷം ആസ്വദി​ക്കാൻ തീരു​മാ​നിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലേക്കു മടങ്ങി. ആഫ്രിക്ക വിട്ട ആ ദിവസം ഞങ്ങൾക്കു​ണ്ടായ ദുഃഖം, ന്യൂ​യോർക്കിൽനിന്ന്‌ പോന്ന​പ്പോൾ ഉണ്ടായ​തി​നെ​ക്കാൾ വളരെ വലുതാ​യി​രു​ന്നു. ആഫ്രി​ക്ക​യി​ലെ ആളുകളെ ഞങ്ങൾ അത്രയ്‌ക്കു സ്‌നേ​ഹി​ച്ചി​രു​ന്നു. എന്നെങ്കി​ലും ഒരിക്കൽ അവിടെ മടങ്ങി​യെ​ത്താ​മെ​ന്നും ഞങ്ങൾ ആശിച്ചു.

ഒരു പുതിയ നിയമനം

എന്റെ പപ്പയും അമ്മയും താമസിച്ച കൊള​റാ​ഡോ​യു​ടെ പടിഞ്ഞാ​റെ മലഞ്ചെ​രു​വിൽ ഞങ്ങൾ താമസ​മാ​ക്കി. അധികം വൈകാ​തെ ഞങ്ങളുടെ മൂത്ത മകൾ കിംബർലി​യും 17 മാസത്തി​നു ശേഷം രണ്ടാമത്തെ മകൾ സ്റ്റെഫാ​നി​യും ജനിച്ചു. മാതാ​പി​താ​ക്ക​ളെന്ന നിലയി​ലുള്ള ഉത്തരവാ​ദി​ത്വം ഞങ്ങൾ ഗൗരവ​മാ​യെ​ടു​ത്തു. പ്രിയ​പ്പെട്ട മക്കളിൽ ബൈബിൾസ​ത്യ​ങ്ങൾ നട്ടുവ​ളർത്താൻ ഞങ്ങൾ തീരു​മാ​നി​ച്ചു. ഞങ്ങൾക്കു ലഭിച്ച മാതൃക ഞങ്ങളുടെ കുട്ടി​കൾക്കും നൽകാൻ ഞങ്ങൾ ആഗ്രഹി​ച്ചു. കാരണം സ്വഭാവം രൂപ​പ്പെ​ടു​ത്തു​ന്ന​തിൽ നല്ല മാതൃ​ക​കൾക്കു ശക്തമായ സ്വാധീ​ന​മുണ്ട്‌. പക്ഷേ അവർ വളരു​മ്പോൾ യഹോ​വയെ സേവി​ക്കു​മെന്ന്‌ അത്‌ ഉറപ്പു നൽകു​ന്നില്ല. എന്റെ അനിയ​നും ഒരു അനിയ​ത്തി​യും സത്യം വിട്ടു​പോ​യി. കണ്ടുവ​ളർന്ന മാതൃ​കകൾ അവർ വീണ്ടും അനുക​രി​ക്കു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു.

കുട്ടി​ക​ളെ പരിപാ​ലി​ക്കു​ന്നതു ഞങ്ങൾക്കു ശരിക്കും സന്തോഷം നൽകി. ഞങ്ങൾ എപ്പോ​ഴും കുടും​ബം ഒരുമിച്ച്‌ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. ഞങ്ങൾ താമസി​ച്ചി​രു​ന്നതു കൊള​റാ​ഡോ​യി​ലെ ആസ്‌പെന്‌ അടുത്താ​യി​രു​ന്ന​തു​കൊണ്ട്‌ മിക്ക​പ്പോ​ഴും ഞങ്ങൾ മഞ്ഞിലൂ​ടെ തെന്നി​ന​ട​ക്കാൻ പോകു​മാ​യി​രു​ന്നു. ആ ഉല്ലാസ​വേ​ള​ക​ളിൽ മക്കളോ​ടു സംസാ​രി​ക്കാൻ ഞങ്ങൾ സമയം കണ്ടെത്തി. ചില​പ്പോ​ഴൊ​ക്കെ ഞങ്ങൾ ഒരുമിച്ച്‌ പുറത്തു​പോ​യി തങ്ങും. ആ സമയങ്ങ​ളിൽ തീകൂട്ടി അതിനു ചുറ്റും ഇരുന്നുള്ള സംഭാ​ഷ​ണങ്ങൾ വളരെ രസകര​മാ​യി​രു​ന്നു. ചെറു​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും മക്കൾ പല ചോദ്യ​ങ്ങ​ളും ചോദി​ച്ചി​രു​ന്നു. “വളർന്നു​വ​രു​മ്പോൾ ഞാൻ എന്തു ചെയ്യണം? ഞാൻ ആരെ വിവാഹം കഴിക്കണം?” എന്നൊക്കെ. അവരുടെ മനസ്സി​ലും ഹൃദയ​ത്തി​ലും ആത്മീയ​മൂ​ല്യ​ങ്ങൾ നട്ടുവ​ളർത്താൻ ഞങ്ങൾ ശ്രമിച്ചു. മുഴു​സ​മ​യ​സേ​വനം ലക്ഷ്യം വെക്കു​ന്ന​തി​നു ഞങ്ങൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതേ ലക്ഷ്യമുള്ള ആരെ​യെ​ങ്കി​ലും വിവാഹം കഴിക്കു​ന്ന​താ​ണു നല്ലതെ​ന്നും ഞങ്ങൾ പറയു​മാ​യി​രു​ന്നു. ചെറു​പ്പ​ത്തി​ലേ വിവാഹം കഴിക്കാ​തി​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജനം മനസ്സി​ലാ​ക്കാൻ ഞങ്ങൾ അവരെ സഹായി​ച്ചു. “23 വരെ കല്യാണം വേണ്ട” എന്ന ഒരു ചൊല്ലു​തന്നെ ഞങ്ങളു​ണ്ടാ​ക്കി​യെ​ടു​ത്തു.

ഞങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ ഞങ്ങളും മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കാ​നും കുടും​ബം ഒന്നിച്ച്‌ വയൽസേ​വ​ന​ത്തിൽ ക്രമമാ​യി ഏർപ്പെ​ടാ​നും നല്ല ശ്രമം ചെയ്‌തു. മുഴു​സ​മ​യ​സേ​വ​ന​ത്തി​ലുള്ള ചിലരെ ഞങ്ങളുടെ വീട്ടിൽ താമസി​പ്പി​ച്ചു. ഞങ്ങൾ മിഷന​റി​സേ​വ​ന​ത്തി​ലാ​യി​രുന്ന കാല​ത്തെ​ക്കു​റിച്ച്‌ വളരെ താത്‌പ​ര്യ​ത്തോ​ടെ മിക്ക​പ്പോ​ഴും സംസാ​രി​ച്ചി​രു​ന്നു. നാലു പേരും ഒരുമിച്ച്‌ ആഫ്രി​ക്ക​യി​ലേക്കു യാത്ര ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇടയ്‌ക്കി​ടെ പറയും. ഞങ്ങളുടെ മക്കൾ അവിടെ പോകാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു.

ഞങ്ങൾക്കു ക്രമമായ കുടും​ബാ​ധ്യ​യ​ന​മു​ണ്ടാ​യി​രു​ന്നു. സ്‌കൂ​ളിൽ ഉണ്ടാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങളെ ഞങ്ങൾ അഭിന​യി​ച്ചു​നോ​ക്കും. ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുന്ന ഒരു സാക്ഷി​യാ​യി മക്കൾ അഭിന​യി​ക്കും. ഈ വിധത്തിൽ പഠിക്കു​ന്നത്‌ അവർക്ക്‌ ഇഷ്ടമാ​യി​രു​ന്നു. അത്‌ അവർക്ക്‌ ആത്മവി​ശ്വാ​സം നേടി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു. അവർ മുതിർന്ന​പ്പോൾ ചില​പ്പോ​ഴൊ​ക്കെ കുടും​ബാ​ധ്യ​യ​ന​ത്തെ​ക്കു​റിച്ച്‌ പരാതി​പ്പെ​ടാൻ തുടങ്ങി. ഒരിക്കൽ നിരാ​ശ​പ്പെട്ട്‌ ഞാൻ അവരോട്‌, കുടും​ബാ​ധ്യ​യനം ഇല്ലെന്നും മുറി​യി​ലേക്കു പൊയ്‌ക്കൊ​ള്ളാ​നും പറഞ്ഞു. അവർക്കു വിഷമ​മാ​യി. പഠിക്ക​ണ​മെന്നു പറഞ്ഞ്‌ രണ്ടു പേരും കരയാൻ തുടങ്ങി. അവരുടെ ഹൃദയ​ങ്ങ​ളിൽ ആത്മീയ​കാ​ര്യ​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പു ഞങ്ങൾ നട്ടുവ​ളർത്തു​ന്നു​ണ്ടെന്നു ഞങ്ങൾക്കു ബോധ്യ​മാ​യി. അവർ പഠനം ഇഷ്ടപ്പെ​ടാൻ തുടങ്ങി. എല്ലാ കാര്യ​ങ്ങ​ളും തുറന്നു​പ​റ​യാ​നുള്ള സ്വാത​ന്ത്ര്യം ഞങ്ങൾ അവർക്കു കൊടു​ക്കു​ക​യും ചെയ്‌തു. നമ്മുടെ വിശ്വാ​സ​ത്തി​ലെ ചില കാര്യ​ങ്ങ​ളോ​ടു തങ്ങൾക്കു യോജി​ക്കാൻ കഴിയു​ന്നി​ല്ലെന്നു ചില​പ്പോ​ഴൊ​ക്കെ അവർ പറഞ്ഞതു ഞങ്ങളെ വളരെ​യ​ധി​കം വേദനി​പ്പി​ച്ചു. എങ്കിലും അവരുടെ ഹൃദയ​ത്തിൽ എന്താണു​ള്ള​തെന്നു ഞങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. അവരു​മാ​യി ന്യായ​വാ​ദം ചെയ്‌തു​ക​ഴി​യു​മ്പോൾ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ വീക്ഷണം ശരിയാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​കും.

മാറ്റങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നു

മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രുന്ന പ്രോ​ജ​ക്‌ട്‌ ഞങ്ങൾ വിചാ​രി​ച്ച​തി​ലും വേഗം പൂർത്തി​യാ​യി. യഹോ​വയെ സ്‌നേ​ഹി​ക്കുന്ന മക്കളായി അവരെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ ഞങ്ങൾ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. അതിനു ദൈവ​ത്തി​ന്റെ സംഘട​ന​യു​ടെ സഹായ​വും വഴിന​ട​ത്തി​പ്പും ഉണ്ടായി​രു​ന്നു. ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​യ​ശേഷം അവർ രണ്ടു പേരും മുൻനി​ര​സേ​വനം തുടങ്ങി​യ​പ്പോൾ ഞങ്ങൾക്കു വളരെ​യ​ധി​കം സന്തോഷം തോന്നി. അതിന്‌ ആവശ്യ​മായ പണം കണ്ടെത്തു​ന്ന​തി​നു​വേണ്ടി ചില വൈദ​ഗ്‌ധ്യ​ങ്ങ​ളും അവർ വികസി​പ്പി​ച്ചെ​ടു​ത്തു. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കാ​നാ​യി അവർ വേറെ രണ്ടു സഹോ​ദ​രി​മാ​രോ​ടൊ​പ്പം ടെന്നസീ​യി​ലെ ക്ലിവ്‌ലാൻഡി​ലേക്കു പോയി. അവർ ഞങ്ങളുടെ അടുത്തു​നിന്ന്‌ പോയതു ഞങ്ങളെ വളരെ​യ​ധി​കം വിഷമി​പ്പി​ച്ചു. പക്ഷേ അവർ മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​ണ​ല്ലോ എന്നോർത്തതു ഞങ്ങളെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്‌തു. ബെഥേ​ലും ഞാനും വീണ്ടും മുൻനി​ര​സേ​വനം ചെയ്യാൻതു​ടങ്ങി. സന്തോ​ഷ​ക​ര​മായ മറ്റു പദവി​ക​ളി​ലേക്ക്‌ അതു വാതിൽ തുറന്നു. ഞങ്ങൾ പകരം സർക്കിട്ട്‌ വേലയും കൺ​വെൻ​ഷൻ നടത്തി​പ്പി​ന്റെ ചുമത​ല​യും നിർവ​ഹി​ച്ചു.

ടെന്നസീ​യി​ലേ​ക്കു മാറി​ത്താ​മ​സി​ക്കു​ന്ന​തി​നു മുമ്പ്‌ ഞങ്ങളുടെ മക്കൾ ലണ്ടനി​ലേക്ക്‌ ഒരു യാത്ര പോയി. ആ സമയത്ത്‌ അവി​ടെ​യുള്ള ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ച്ചു. അവി​ടെ​വെച്ച്‌ അന്ന്‌ 19 വയസ്സു​ണ്ടാ​യി​രുന്ന സ്റ്റെഫാനി ഒരു യുവ ബെഥേൽ അംഗമാ​യി​രുന്ന പോൾ നോർട്ടനെ കണ്ടുമു​ട്ടി. പിന്നീട്‌ അവിടെ വീണ്ടും സന്ദർശി​ച്ച​പ്പോൾ കിംബർലി പോളി​ന്റെ ഒരു സഹപ്ര​വർത്ത​ക​നായ ബ്രയാൻ ലെവ്‌ലി​നെ പരിച​യ​പ്പെട്ടു. പോളും സ്റ്റെഫാ​നി​യും ആദ്യം വിവാ​ഹി​ത​രാ​യി. സ്റ്റെഫാ​നിക്ക്‌ 23 വയസ്സാ​യ​തി​നു ശേഷം. അടുത്ത വർഷം ബ്രയാ​നും കിംബർലി​യും വിവാ​ഹി​ത​രാ​യി. കിംബർലിക്ക്‌ അപ്പോൾ പ്രായം 25. അങ്ങനെ 23 വയസ്സു​വരെ കുടും​ബ​ഭാ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സ്വത​ന്ത്ര​രാ​യി അവർ ദൈവത്തെ സേവിച്ചു. മക്കൾ ഉത്തമ വിവാ​ഹ​യി​ണ​കളെ തിര​ഞ്ഞെ​ടു​ത്തതു ഞങ്ങളെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു.

തോമസ്‌ മക്‌ലെയ്‌നും ബെഥേൽ മക്‌ലെയ്‌നും മക്കളും മരുമക്കളും ഒന്നിച്ച്‌

2002-ൽ മലാവി ബ്രാ​ഞ്ചോ​ഫീ​സിൽ പോളി​നൊ​പ്പം സ്റ്റെഫാ​നി​യും ബ്രയാ​നും കിംബർലി​യും

ഞങ്ങളും ഞങ്ങളുടെ മാതാ​പി​താ​ക്ക​ളും വെച്ച മാതൃക സാമ്പത്തി​ക​മാ​യി ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും ‘ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കാ​നുള്ള’ യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കാൻ സഹായി​ച്ചെന്നു ഞങ്ങളുടെ മക്കൾ പറഞ്ഞി​ട്ടുണ്ട്‌. (മത്താ. 6:33) 1998 ഏപ്രി​ലിൽ പോളി​നെ​യും സ്റ്റെഫാ​നി​യെ​യും ഗിലെ​യാ​ദി​ന്റെ 105-ാമത്തെ ക്ലാസ്സി​ലേക്കു ക്ഷണിച്ചു. ബിരു​ദ​ദാ​ന​ത്തി​നു ശേഷം അവരെ ആഫ്രി​ക്ക​യി​ലെ മലാവി​യി​ലേക്കു നിയമി​ച്ചു. ആ സമയത്തു​തന്നെ ബ്രയാ​നെ​യും കിംബർലി​യെ​യും ലണ്ടൻ ബെഥേ​ലി​ലേ​ക്കും നിയമി​ച്ചു. പിന്നീട്‌ അവർക്കു മലാവി ബെഥേ​ലി​ലേക്കു നിയമനം കിട്ടി. ഇതെല്ലാം കണ്ടപ്പോൾ ഞങ്ങൾക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. കാരണം, യുവജ​ന​ങ്ങൾക്ക്‌ അവരുടെ ജീവിതം ചെലവ​ഴി​ക്കാൻ ഇതിലും മെച്ചമായ ഒരു വഴിയില്ല.

ആവേശ​ക​ര​മായ മറ്റൊരു ക്ഷണം

2001 ജനുവ​രി​യി​ലാ​ണു ഞാൻ നേരത്തെ പരാമർശിച്ച ഫോൺ എനിക്കു വന്നത്‌. പരിഭാ​ഷാ​വി​ഭാ​ഗ​ത്തി​ന്റെ മേൽവി​ചാ​ര​ക​നാ​യി​രുന്ന മറേ സഹോ​ദരൻ ലോക​മെ​മ്പാ​ടു​മുള്ള പരിഭാ​ഷ​കർക്ക്‌ ഇംഗ്ലീഷ്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു കോഴ്‌സ്‌ സംഘടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ എന്നോടു പറഞ്ഞു. അതിന്റെ ഒരു അധ്യാ​പ​ക​നാ​കാ​നുള്ള പരിശീ​ല​ന​ത്തിന്‌ എന്നെ പരിഗ​ണിച്ച കാര്യം പറയാ​നാണ്‌ എന്റെ 64-ാം വയസ്സിൽ അദ്ദേഹം എന്നെ വിളി​ച്ചത്‌. ബെഥേ​ലും ഞാനും അതെക്കു​റിച്ച്‌ പ്രാർഥി​ച്ചു. ഞങ്ങളുടെ പ്രായ​മായ അമ്മമാ​രു​ടെ അഭി​പ്രാ​യം ആരാഞ്ഞു. ഞങ്ങളുടെ സഹായം നഷ്ടപ്പെ​ടു​മെന്ന്‌ അറിഞ്ഞി​ട്ടും അവർക്കു രണ്ടു പേർക്കും ഞങ്ങൾ പോക​ണ​മെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു. ഞാൻ മറേ സഹോ​ദ​രനെ വിളിച്ച്‌ ഈ വലിയ പദവി ചെയ്യാൻ ഞങ്ങൾക്കു സന്തോ​ഷമേ ഉള്ളൂ എന്നു പറഞ്ഞു.

അങ്ങനെ​യി​രി​ക്കെ എന്റെ അമ്മയ്‌ക്കു കാൻസ​റാ​ണെന്നു പരി​ശോ​ധ​ന​യിൽ തെളിഞ്ഞു. ഞങ്ങൾ പോകു​ന്നി​ല്ലെ​ന്നും എന്റെ അനിയത്തി ലിൻഡ​യോ​ടൊ​പ്പം അമ്മയെ പരിച​രി​ക്കാൻ നിൽക്കാ​മെ​ന്നും ഞാൻ പറഞ്ഞു. എന്നാൽ അമ്മയുടെ മറുപടി ഇതായി​രു​ന്നു: “നീ അങ്ങനെ ചെയ്യരുത്‌. അത്‌ എന്നെ കൂടുതൽ വിഷമി​പ്പി​ക്കു​കയേ ഉള്ളൂ.” ലിൻഡ​യ്‌ക്കും അതുത​ന്നെ​യാ​ണു തോന്നി​യത്‌. അവരുടെ ആത്മത്യാ​ഗ​മ​നോ​ഭാ​വ​വും പ്രദേ​ശത്തെ മറ്റു സുഹൃ​ത്തു​ക്ക​ളു​ടെ സഹായ​വും ഞങ്ങൾ എത്ര വിലമ​തി​ച്ചെ​ന്നോ! ഞങ്ങൾ പാറ്റേർസ​ണി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലേക്കു പോയ​തി​ന്റെ പിറ്റേന്നു ലിൻഡ ഞങ്ങളെ വിളിച്ച്‌ അമ്മ മരിച്ചു​പോ​യെന്നു പറഞ്ഞു. ആ സമയത്ത്‌ എന്തു ചെയ്യാൻ അമ്മ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നോ അതുതന്നെ ഞങ്ങൾ ചെയ്‌തു; ഞങ്ങൾ ഞങ്ങളുടെ പുതിയ വേലയിൽ മുഴുകി.

ഞങ്ങളുടെ ആദ്യനി​യ​മനം മലാവി ബ്രാഞ്ചി​ലേ​ക്കാ​യി​രു​ന്നു. ഞങ്ങളുടെ മക്കളും അവരുടെ ഭർത്താ​ക്ക​ന്മാ​രും സേവി​ക്കുന്ന അതേ സ്ഥലത്തേക്ക്‌. ആ പുനഃ​സം​ഗമം ഞങ്ങളെ എത്ര സന്തോ​ഷി​പ്പി​ച്ചെ​ന്നോ! അതിനു ശേഷം ആ കോഴ്‌സ്‌ പഠിപ്പി​ക്കാ​നാ​യി ഞാൻ സിംബാ​ബ്‌വെ​യി​ലേ​ക്കും സാംബി​യ​യി​ലേ​ക്കും പോയി. മൂന്നര വർഷം പഠിപ്പി​ച്ച​തി​നു ശേഷം ഞങ്ങളോ​ടു മലാവി​യി​ലേക്കു തിരി​കെ​പ്പോ​കാൻ പറഞ്ഞു. അവിടെ ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ പീഡനം അനുഭ​വിച്ച സാക്ഷി​ക​ളു​ടെ അനുഭ​വങ്ങൾ രേഖ​പ്പെ​ടു​ത്തുക എന്നതാ​യി​രു​ന്നു ഞങ്ങളുടെ പുതിയ നിയമനം.b

തോമസ്‌ മക്‌ലെയ്‌നും ബെഥേൽ മക്‌ലെയ്‌നും പേരക്കുട്ടികളോടൊപ്പം ശുശ്രൂഷയിൽ

പേരക്കുട്ടികളോടൊപ്പം ശുശ്രൂ​ഷ​യിൽ

2005-ൽ ഞങ്ങൾ കൊള​റാ​ഡോ​യി​ലുള്ള ബെസാൾട്ടി​ലേക്കു മടങ്ങി. ദുഃഖം പേറുന്ന മനസ്സു​മാ​യി​ട്ടാ​യി​രു​ന്നു ആ മടങ്ങി​പ്പോക്ക്‌. ബെഥേ​ലും ഞാനും അവിടെ മുൻനി​ര​സേ​വനം തുടരു​ന്നു. 2006-ൽ ബ്രയാ​നും കിംബർലി​യും, അവരുടെ രണ്ടു പെൺമ​ക്ക​ളായ മാക്കെൻസീ​യെ​യും എലിസ​ബെ​ത്തി​നെ​യും വളർത്താ​നാ​യി ഞങ്ങളുടെ തൊട്ട​ടു​ത്തേക്കു താമസം മാറി. പോളും സ്റ്റെഫാ​നി​യും ഇപ്പോ​ഴും മലാവി​യിൽത്ത​ന്നെ​യാണ്‌. പോൾ അവിടു​ത്തെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ 80-നോട​ടുത്ത്‌ പ്രായ​മുണ്ട്‌. വർഷങ്ങ​ളാ​യി ഞാൻ വഹിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ എന്റെകൂ​ടെ പ്രവർത്തിച്ച ചെറു​പ്പ​ക്കാ​രായ ആളുകൾ ഇപ്പോൾ നിർവ​ഹി​ക്കു​ന്നതു കാണു​മ്പോൾ എനിക്കു വളരെ​യ​ധി​കം സന്തോഷം തോന്നു​ന്നു. ഈ സന്തോ​ഷ​ത്തി​നെ​ല്ലാം ഞാൻ കടപ്പെ​ട്ടി​രി​ക്കു​ന്നതു പ്രധാ​ന​മാ​യും ഞങ്ങൾക്കു മാതൃ​ക​വെച്ച വ്യക്തി​ക​ളോ​ടാണ്‌. മക്കളു​ടെ​യും പേരക്കു​ട്ടി​ക​ളു​ടെ​യും പ്രയോ​ജ​ന​ത്തി​നാ​യി ആ മാതൃക പ്രതി​ഫ​ലി​പ്പി​ക്കാൻ ഞങ്ങൾ കഠിന​ശ്രമം ചെയ്യുന്നു.

a 1956 മെയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 269-272 പേജു​ക​ളി​ലും 1971 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 186-190 പേജു​ക​ളി​ലും സ്റ്റീൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ മിഷനറി പ്രവർത്ത​ന​ത്തി​ന്റെ അനുഭ​വങ്ങൾ കാണാ​വു​ന്ന​താണ്‌.

b ഉദാഹരണത്തിന്‌, 2015 ഏപ്രിൽ 15 ലക്കം വീക്ഷാ​ഗോ​പു​രം 14-18 പേജു​ക​ളി​ലെ ട്രോ​ഫിം സോമ്പ സഹോ​ദ​രന്റെ ജീവി​തകഥ കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക