നിങ്ങളെ സന്തുഷ്ടനാക്കാൻ കഴിയുന്ന പ്രവർത്തനം
“ഞാൻ യഥാർത്ഥത്തിൽ എന്റെ ജോലിയായ അച്ചടി ഇഷ്ടപ്പെട്ടിരുന്നു”വെന്ന് ഇററലി, ജനോവയിലെ അന്റോണിയോ പറയുന്നു. “എനിക്ക് നല്ല ശമ്പളമുണ്ടായിരുന്നു, ഇത് അനേകം മണിക്കൂർ ഓവർറൈറംജോലി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ ചെറു പ്രായം ഗണ്യമാക്കാതെ, ചുരുക്കംചില വർഷങ്ങൾകൊണ്ട് ഞാൻ എന്റെ മുതലാളിയുടെ വലങ്കൈയായിത്തീർന്നു.” അന്റോണിയോ അനേകരെയും കഠിനവേല ചെയ്യാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യങ്ങൾ പ്രാപിച്ചതായി തോന്നി: ധനം, അന്തസ്സ്, ആസ്വാദ്യമായ ഒരു രസകരമായ ജോലി എന്നിവതന്നെ.
അന്റോണിയോ ‘തന്റെ കഠിനവേലയെല്ലാം നിമിത്തം സുഖമനുഭവിക്കുക’യായിരുന്നോ? (സഭാപ്രസംഗി 3:13) അങ്ങനെയുള്ള പ്രവർത്തനം അയാളെ യഥാർത്ഥത്തിൽ സന്തുഷ്ടനാക്കുകയായിരുന്നോ? “ഞങ്ങളുടെ ഭ്രാന്തമായ ജീവിതശൈലിയാലുള്ള പിരിമുറുക്കം നിമിത്തം ഞങ്ങൾക്ക് ഒരു കുടുംബമെന്ന നിലയിൽ പ്രശ്നങ്ങളുണ്ടായിത്തുടങ്ങി. ഇതു ഞങ്ങളെ അസന്തുഷ്ടരാക്കി”യെന്ന് അദ്ദേഹം തുടരുന്നു. ഇരുവർക്കും തൃപ്തികരമായ ജോലിയുണ്ടായിരുന്നിട്ടും അന്റോണിയോയോ അയാളുടെ ഭാര്യയോ സന്തുഷ്ടിയനുഭവിച്ചില്ല. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ ‘നിങ്ങളുടെ കഠിനവേലയെല്ലാം നിമിത്തം സുഖമനുഭവിക്കുന്നു’ണ്ടോ? നിങ്ങളുടെ ജോലി യഥാർത്ഥത്തിൽ നിങ്ങളെ സന്തുഷ്ടനാക്കുന്നുവോ?
പ്രബലമായ പ്രേരകങ്ങളോ?
കഠിനവേല ചെയ്യുന്നതിനുള്ള ഒരു മുഖ്യകാരണം ഉപജീവനമാർഗ്ഗം തേടലാണ്. ചില രാജ്യങ്ങളിൽ, നിലനിൽപ്പിനുതന്നെ ആളുകൾ നീണ്ട മണിക്കൂറുകൾ ജോലിചെയ്യേണ്ടിയിരിക്കുന്നു. ചിലർ തങ്ങളുടെ മക്കൾക്ക് മെച്ചപ്പെട്ട ജീവിതം കിട്ടാൻ അഹോരാത്രം അടിമവേലചെയ്യുന്നു. ഇനിയും ചിലർ ധനം വാരിക്കൂട്ടാൻ നിർബന്ധപൂർവം ജോലിചെയ്യുന്നു.
ഫിലിപ്പീൻസിലെ ലിയോണിഡായിക്ക് രണ്ടു ജോലികളുണ്ടായിരുന്നു. അവൾ പകൽസമയത്ത് ഒരു ബാങ്കിൽ ജോലിനോക്കുകയും വൈകുന്നേരത്ത് ഒരു കോളജിൽ പഠിപ്പിക്കുകയുംചെയ്യുന്നു. കൂടുതലായ പണം മൂല്യവത്തായിരുന്നോ? “ഞാൻ എപ്പോഴും ക്ലോക്കിൽനോക്കുകയായിരുന്നു,” അവൾ വിശദീകരിക്കുന്നു. “എനിക്ക് വിരസത അനുഭവപ്പെടുകയായിരുന്നു. ഞാൻ സംതൃപ്തികൂടാതെയാണ് അതു ചെയ്തുകൊണ്ടിരുന്നത്.”
ഇല്ല, പണത്തിനുവേണ്ടി മാത്രം ജോലിചെയ്യുന്നത് യഥാർത്ഥസംതൃപ്തിയിലും സന്തുഷ്ടിയിലും കലാശിക്കുന്നില്ല. ജ്ഞാനിയായ ശലോമോൻരാജാവ് ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ധനം സമ്പാദിക്കാൻ അദ്ധ്വാനിക്കരുത്, എന്തെന്നാൽ അതു കണിശമായും അതിനുവേണ്ടി കഴുകന്റേതുപോലെയുള്ള ചിറകുകളുണ്ടാക്കി ആകാശങ്ങളിലേക്കു പറന്നുപോകുന്നു.” (സദൃശവാക്യങ്ങൾ 23:4, 5) ചില കഴുകൻമാർ റിപ്പോർട്ടനുസരിച്ച് മണിക്കൂറിൽ 80വരെ മൈൽ വേഗത്തിൽ പറക്കുന്നു. ഇത് കഠിനാദ്ധ്വാനംചെയ്തുണ്ടാക്കിയ പണത്തിന് പറന്നുപോകാൻ കഴിയുന്ന വേഗത്തെ നന്നായി ചിത്രീകരിക്കുന്നു. ഒരു വ്യക്തി ധനം കൂട്ടിവെച്ചാൽപോലും അയാൾ മരിക്കുമ്പോൾ അയാൾക്ക് തന്നോടുകൂടെ യാതൊന്നും കൊണ്ടുപോകാൻ കഴിയുകയില്ല.—സഭാപ്രസംഗി 5:15; ലൂക്കോസ് 12:13-21.
ഉപജീവനം തേടുന്നതിൽ ലയിച്ചുപോകുന്നതും ചിലപ്പോൾ ഗുരുതരമായ അപകടങ്ങൾ വരുത്തിക്കൂട്ടുന്നു. അത് പണസ്നേഹത്തിലേക്കു നയിച്ചേക്കാം. ഒന്നാം നൂററാണ്ടിൽ പണസ്നേഹത്തിനു പ്രസിദ്ധരായിരുന്ന പരീശൻമാർ എന്നു വിളിക്കപ്പെട്ട ഒരു കൂട്ടം മതഭക്തരുണ്ടായിരുന്നു. (ലൂക്കോസ് 16:14) ഒരു മുൻ പരീശനെന്ന നിലയിൽ ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് അവരുടെ ജീവിതരീതി പൂർണ്ണമായും അറിവുള്ളവനായിരുന്നു. (ഫിലിപ്പിയർ 3:5) “ധനികരാകാൻ നിശ്ചയിച്ചിരിക്കുന്നവർ നാശത്തിലേക്കും കെടുതിയിലേക്കും നയിക്കുന്ന പ്രലോഭനത്തിലേക്കും കെണിയിലേക്കും നിരർത്ഥകവും ഹാനികരവുമായ അനേകം മോഹങ്ങളിലേക്കും വീണുപോകുന്നു. എന്തുകൊണ്ടെന്നാൽ പണസ്നേഹം ഹാനികരമായ സകലതരം കാര്യങ്ങളുടെയും മൂലമാകുന്നു, ഈ സ്നേഹം എത്തിപ്പിടിച്ചുകൊണ്ട് ചിലർ അനേകം വേദനകളോടെ തങ്ങളേത്തന്നെ ആസകലം കുത്തി മുറിവേൽപ്പിച്ചിരിക്കുന്നു”വെന്ന് പൗലോസ് മുന്നറിയിപ്പുനൽകുന്നു. (1 തിമൊഥെയോസ് 6:9, 10) അതെ, “പണസ്നേഹത്തിന്”, എല്ലാംതന്നെ അതിനുവേണ്ടി ചെയ്യുന്നത്, ഒരുവന്റെ ജീവിതത്തെ പാഴാക്കാൻകഴിയും. അങ്ങനെയുള്ള ഒരു ഗതി സന്തുഷ്ടിയിൽ കലാശിക്കുന്നില്ല.
ചിലരെ സംബന്ധിച്ചടത്തോളം കഠിനാദ്ധ്വാനംചെയ്യുന്നതിന്റെ ആന്തരം ഉദ്യോഗക്കയററം കിട്ടുകയെന്നതാണ്. എന്നിരുന്നാലും, അവർ ഒടുവിൽ ഒരു യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. ഫോർച്യൂൺമാസിക ഇങ്ങനെ പറയുന്നു: “മാനേജ്മെൻറ് എത്തിപ്പിടിക്കാൻ തങ്ങളുടെ 20കളിലും പ്രാരംഭ 30കളിലും ത്യാഗങ്ങൾസഹിച്ച ചെറുപ്പക്കാർ ടൺകണക്കിനു കഠിനവേലചെയ്താലും എല്ലാവരും മേൽത്തട്ടിലെത്തുകയില്ലെന്നുള്ള അനിഷ്ടമെങ്കിലും അനിവാര്യമായ ബോദ്ധ്യത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. കഠിനാദ്ധ്വാനത്താൽ ഇടറി അവർ ഇതൊക്കെയെന്താണെന്നു ചോദിക്കാൻ പ്രലോഭിതരാകുകയാണ്. ഇത്ര കഠിനമായി പോരാടുന്നതെന്തിന്? ആർ കൂട്ടാക്കുന്നു?”
അങ്ങനെയുള്ള ഒരു മനുഷ്യനായിരുന്ന മിസുമോറിയുടെ ജീവിതം ലോകത്തിൽ മുന്നേറുന്നതിൽ കേന്ദ്രീകരിച്ചിരുന്നു. ജപ്പാനിലെ ഏററവും വലിയ ബാങ്കുകളിലൊന്നിൽ മാനേജ്മെൻറ് സ്ഥാനങ്ങളിൽ ജീവിതവൃത്തി നോക്കിയിരുന്ന അയാൾക്ക് കുടുംബത്തിനുവേണ്ടി സമയമുണ്ടായിരുന്നില്ല. 30ൽപരം വർഷങ്ങളിൽ കഠിനവേല ചെയ്ത ശേഷം അയാളുടെ ആരോഗ്യം ക്ഷയിച്ചു, അയാൾ തീർച്ചയായും സന്തുഷ്ടനല്ലായിരുന്നു. അയാൾ പറയുന്നു: “പ്രമുഖരായി മുന്തിനിൽക്കാൻ ശ്രമിക്കുന്ന ആളുകളുടെ ഇടയിൽ സ്ഥാനങ്ങൾക്കുവേണ്ടിയുള്ള മൽസരം ‘മായയും കാററിനു പിന്നാലെയുള്ള ശ്രമവു’മാണെന്ന് ഞാൻ തിരിച്ചറിഞ്ഞു” .—സഭാപ്രസംഗി 4:4.
എന്നാൽ തങ്ങളുടെ വേല ആസ്വദിക്കുന്ന അന്റോണിയോയെപ്പോലെയുള്ളവരെ സംബന്ധിച്ചെന്ത്? തന്റെ ജോലിയിൽ ആകൃഷ്ടനായി അന്റോണിയോ ജോലിയുടെ ബലിപീഠത്തിൽ തന്റെ കുടുംബജീവിതത്തെ അർപ്പിച്ചു. പ്രമുഖരും അമിതജോലിചെയ്യുന്നവരുമായ ജാപ്പനീസ് കാര്യനിർവാഹകരുടെ പെട്ടെന്നുള്ള മരണത്താൽ സൂചിപ്പിക്കപ്പെടുന്നതുപോലെ മററു ചിലർ തങ്ങളുടെ ആരോഗ്യവും ജീവൻപോലും ബലിചെയ്യുന്നു. വിരഹദുഃഖമനുഭവിച്ച അവരുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള കൗൺസെലിംഗ്സേവനക്കാർക്ക് അതിശയിപ്പിക്കുമാറ് ഒരൊററ ദിവസംതന്നെ 135 ഫോൺവിളികൾ ലഭിച്ചു.
മററു ചിലർ മററുള്ളവരെ സഹായിക്കാൻ തങ്ങളുടെ ജീവിതത്തെ അർപ്പിക്കുന്നു. യേശു ഈ ആത്മാവിനെ പ്രോൽസാഹിപ്പിച്ചു. (മത്തായി 7:12; യോഹന്നാൻ 15:13) മററുള്ളവരെ സഹായിക്കുന്ന പ്രയോജനകരമായ വേലയിൽ തിരക്കോടെ ഏർപ്പെടുന്നത് സന്തുഷ്ടി കൈവരുത്തുകതന്നെ ചെയ്യുന്നു.—സദൃശവാക്യങ്ങൾ 11:25.
എന്നിരുന്നാലും, ശ്രേഷ്ഠമനസ്ഥിതിയിലുള്ള അങ്ങനെയുള്ള കർമ്മോൽസുകതയും കെണികളിൽനിന്നു വിമുക്തമല്ല. ഉദാഹരണത്തിന്, യഹൂദയിലെ ഉസ്സീയാരാജാവ് മരുഭൂമിയിൽ കിണറുകൾ കുഴിക്കുന്ന ഒരു ബൃഹത്തായ ആഭ്യന്തരവേലയിൽ ഏർപ്പെട്ടു. ആ കാലത്ത് ഉസ്സീയാരാജാവ് “യഹോവയെ അന്വേഷിക്കുകയും” തെളിവനുസരിച്ച് രാജാക്കൻമാർ നിസ്വാർത്ഥരായിരിക്കണമെന്നുള്ള ദിവ്യശാസന അനുസരിക്കുകയുമായിരുന്നതുകൊണ്ട് അവന് തന്റെ ജനങ്ങളുടെ പ്രയോജനം മനസ്സിലുണ്ടായിരുന്നിരിക്കണം. (2 ദിനവൃത്താന്തം 26:5, 10; ആവർത്തനം 17:14-20) ഇത് അവന്റെ സൈനികവിജയത്തെ വർദ്ധിപ്പിച്ചു, “അവന്റെ കീർത്തി ബഹുദൂരം എത്തി.” എന്നാൽ ശക്തനായ ശേഷം അവൻ അഹങ്കാരിയായിത്തീർന്നു, അത് അവന്റെ വീഴ്ചയിൽ കലാശിച്ചു. (2 ദിനവൃത്താന്തം 26:15-20; സദൃശവാക്യങ്ങൾ 16:18) മററുള്ളവരെ സഹായിക്കാൻ അർപ്പിതനും സ്വസംതൃപ്തിയാലും അഹങ്കാരത്താലും പ്രേരിതനുമായ ഒരുവനും തകർച്ചയിൽ കലാശിച്ചേക്കാം. അപ്പോൾ, ആരെങ്കിലും കഠിനവേല ചെയ്യാൻ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്?
ജോലിചെയ്യാൻവേണ്ടി മനുഷ്യൻ നിർമ്മിക്കപ്പെട്ടു
ഭൂമിയിൽ ജീവിച്ചിട്ടുള്ള ഏതു മനുഷ്യനെക്കാളും വളരെയേറെ നൻമ ചെയ്ത ഒരു മനുഷ്യനിൽനിന്ന് നമുക്ക് വേലയെക്കുറിച്ചു വളരെയധികം പഠിക്കാൻകഴിയും. അവൻ യേശുക്രിസ്തുവാണ്. (മത്തായി 20:28; യോഹന്നാൻ 21:25) അവൻ ദണ്ഡനസ്തംഭത്തിൽ മരിച്ചപ്പോൾ “നിവൃത്തിയായിരിക്കുന്നു!” എന്ന് അവൻ ഉദ്ഘോഷിച്ചു. (യോഹന്നാൻ 19:30) അവന്റെ 331⁄2വർഷത്തെ ജീവിതം സംതൃപ്തിദായകമായിരുന്നു.
“ഏതു വേലക്കു നിങ്ങളുടെ ജീവിതത്തെ സന്തുഷ്ടമാക്കാൻ കഴിയും?” എന്ന ചോദ്യത്തിന് ഉത്തരംപറയാൻ യേശുവിന്റെ ജീവിതം സഹായിക്കുന്നു. അവന്റെ സ്വർഗ്ഗീയപിതാവിന്റെ ഇഷ്ടം നിറവേററുന്നതായിരുന്നു അവന് അതുല്യമായ സന്തുഷ്ടി കൈവരുത്തിയത്. അതുപോലെതന്നെ, നമ്മുടെ സ്രഷ്ടാവിന്റെ ഇഷ്ടംചെയ്യലിന് നമുക്ക് നേട്ടത്തിന്റെ ഒരു ബോധം നൽകാനും നമ്മെ സന്തുഷ്ടരാക്കാനും കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവന് നമ്മെക്കാളധികമായി പോലും നമ്മുടെ ഘടനയും ആവശ്യങ്ങളും അറിയാം.
ദൈവം ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾ അവൻ അവന് കായികവും മാനസികവുമായ ജോലി കൊടുത്തു. (ഉല്പത്തി 2:15, 19) മററു ഭൗമികസൃഷ്ടികളെല്ലാം ‘അധീനത്തിലുണ്ടായിരുന്നതിനാൽ’ ആദാമിന് മേൽനോട്ട ജോലിയും ചെയ്യാനുണ്ടായിരുന്നു. (ഉല്പത്തി 1:28) ആദാം ഈ ക്രമീകരണപ്രകാരം ജീവിച്ചടത്തോളം കാലം, അവന്റെ ജോലി അർത്ഥവത്തും പ്രയോജനകരവുമായി തുടർന്നു. ഓരോ ചെറിയ ജോലിനിയമനവും അത്യുന്നതദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള മറെറാരു അവസരമായിരുന്നു.
എന്നിരുന്നാലും ആദാമിനെസംബന്ധിച്ച് ഇത് വാസ്തവമായി തുടർന്നില്ല. അവൻ ദൈവത്തിന്റെ ക്രമീകരണത്തിൽനിന്ന് കുതറിമാറാൻ തീരുമാനിച്ചു. ആദാം മേലാൽ ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നതിൽ പ്രസാദിച്ചില്ല, എന്നാൽ തനിക്കിഷ്ടമുള്ളതുചെയ്യാൻ അവൻ ആഗ്രഹിച്ചു. ആദാമിന്റെ തീരുമാനത്തിന്റെ ഫലമായി അവനും അവന്റെ ഭാര്യയും അവന്റെ സകല സന്തതികളും “നിഷ്പ്രയോജനത്വത്തിനു വിധേയമാക്കപ്പെട്ടു”. (റോമർ 5:12; 8:20) വേല സന്തുഷ്ടി കൈവരുത്തുന്നതിനു പകരം ഒരു മുഷിഞ്ഞ കഠിനജോലിയായിത്തീർന്നു. ആദാമിനെതിരായ ദൈവത്തിന്റെ ന്യായവിധിയിൽ ഈ വാക്കുകൾ ഉൾപ്പെട്ടിരുന്നു: “നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നീ വേദനയോടെ നിന്റെ ആയുസ്സിൻനാളുകളിലെല്ലാം അതിന്റെ ഉല്പന്നം തിന്നും. അതു നിനക്കുവേണ്ടി മുള്ളുകളും പറക്കാരയും മുളപ്പിക്കും, നീ വയലിലെ സസ്യങ്ങൾ തിന്നേണ്ടതാണ്. നീ നിലത്തേക്കു തിരികെ ചേരുന്നതുവരെ നീ നിന്റെ മുഖത്തെ വിയർപ്പോടെ അപ്പം ഭക്ഷിക്കും.” (ഉല്പത്തി 3:17-19) മമനുഷ്യന്റെ സ്രഷ്ഷടാവിനെ പ്രസാദിപ്പിക്കുകയെന്ന അന്തിമലക്ഷ്യമുണ്ടായിരുന്ന മാന്യമായിരിക്കേണ്ടിയിരുന്ന വേല ഇപ്പോൾ ഒരുവന്റെ സ്വന്തം ആഹാരം നേടാനുള്ള വേദനാജനകമായ അദ്ധ്വാനമായിത്തീർന്നു.
ഈ വസ്തുതയിൽനിന്ന് നമുക്ക് ഏതു നിഗമനത്തിലെത്തിച്ചേരാൻ കഴിയും? ഇത്: നാം നമ്മുടെ ജീവിതത്തെ ദിവ്യേഷ്ടംചെയ്യുന്നതിൽ കേന്ദ്രീകരിക്കുമ്പോൾ മാത്രമേ കഠിനവേല നിലനിൽക്കുന്ന സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തുന്നുള്ളു.
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ ‘സുഖമനുഭവിക്കുക’
ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നത് യേശുക്രിസ്തുവിന് ആഹാരം പോലെയായിരുന്നു—ആസ്വാദ്യവും ആത്മീയജീവൻ നിലനിർത്തുന്നതുമായ ഒന്നുതന്നെ. (യോഹന്നാൻ 4:34) നിങ്ങൾക്ക് അങ്ങനെയുള്ള വേലയിലെ ആസ്വാദനം എങ്ങനെ നേടാൻ കഴിയും?
നിങ്ങൾ “യഹോവയുടെ ഇഷ്ടം എന്താണെന്ന്” ഗ്രഹിക്കേണ്ടിയിരിക്കുന്നു. (എഫേസ്യർ 5:17) അവന്റെ ഇഷ്ടം മനുഷ്യവർഗ്ഗം “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യ”ത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെടണമെന്നുള്ളതാണ്. (റോമർ 8:21; 2 പത്രോസ് 3:9) ഇതു സാക്ഷാത്ക്കരിക്കുന്നതിനുള്ള ലോകവ്യാപകമായ കൂട്ടിച്ചേർക്കൽവേല നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കും ഏററവും സംതൃപ്തികരമായ ഈ വേലയിൽ ഒരു പങ്കു ലഭിക്കാൻ കഴിയും. തീർച്ചയായും അങ്ങനെയുള്ള വേല നിങ്ങളെ സന്തുഷ്ടനാക്കും.
തുടക്കത്തിൽ പറഞ്ഞ അന്റോണിയോ പിന്നീട് സംതൃപ്തിയും സന്തുഷ്ടിയും കണ്ടെത്തി. അയാളും അയാളുടെ ഭാര്യയും തങ്ങളുടെ “വ്യർത്ഥമായ” ലൗകികജോലിയെ തങ്ങളുടെ ജീവിതത്തിൽ ഒന്നാമതു കരുതുകയും അവയിൽ ആഴത്തിൽ ഉൾപ്പെട്ടിരിക്കുകയും ചെയ്തപ്പോൾ അവരുടെ ആത്മീയജീവിതത്തിന് ക്ഷീണംതട്ടി. അപ്പോഴായിരുന്നു അവർക്ക് ഗാർഹികപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് അയാളുടെ ഭാര്യ തന്റെ ജോലി നിർത്താൻ തീരുമാനിക്കുകയും ദൈവരാജ്യത്തെക്കുറിച്ചു മുഴുസമയവും പ്രസംഗിക്കുന്ന വേല ചെയ്യുന്നതിൽ ‘തീവ്രയത്നംചെയ്യാൻ’ തുടങ്ങുകയുംചെയ്തു.—ലൂക്കോസ് 13:24.
അന്റോണിയോ പറയുന്നു: “പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തിൽ ഒരു വലിയ മാററം കണ്ടു. മേലാൽ നിരന്തരമായ വഴക്കില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് സമാധാനം മടങ്ങിവന്നു. അയാളുടെ ഭാര്യ “നിത്യജീവനെ” അർത്ഥമാക്കുന്ന അറിവു നേടാൻ മററുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം കൊയ്തു. (യോഹന്നാൻ 17:3) അവളുടെ സന്തുഷ്ടി എന്താണ് യഥാർത്ഥത്തിൽ പ്രയോജനകരമെന്ന് വീണ്ടും വിലയിരുത്താൻ അന്റോണിയോയെ പ്രേരിപ്പിച്ചു. ദൈവത്തെ മുഴുദേഹിയോടെ സേവിക്കാനുള്ള അയാളുടെ ആഗ്രഹം ജയിച്ചു. അയാൾ ഉദ്യോഗക്കയററത്തിനുള്ള ഒരു വാഗ്ദാനത്തെ നിരസിക്കുകയും ലൗകികജോലി രാജിവെക്കുകയുംചെയ്തു. ഈ മാററം അയാൾ കൂടുതൽ എളിയ ഒരു ജോലി സ്വീകരിക്കുന്നതിനെ അർത്ഥമാക്കിയെങ്കിലും അന്റോണിയോയും അയാളുടെ ഭാര്യയും ദൈവത്തിന്റെ ഇഷ്ടംചെയ്തുകൊണ്ട് തങ്ങളുടെ സമയത്തിൽ അധികഭാഗവും ക്രിസ്തീയശുശ്രൂഷയിൽ ചെലവഴിക്കുന്നതിൽ സന്തുഷ്ടരാണ്.
തീർച്ചയായും, എല്ലാവരും അങ്ങനെയുള്ള വലിയ മാററം വരുത്താവുന്ന സ്ഥാനത്തല്ല. നേരത്തെ പറഞ്ഞ ജാപ്പനീസ്ബാങ്കറായ മിസുമോറി ഒരു ക്രിസ്തീയസഭയിലെ ഒരു മൂപ്പൻ എന്ന നിലയിൽ തന്റെ ശുശ്രൂഷ ആസ്വദിക്കുന്നു. ഇപ്പോഴും തന്റെ ലൗകികജോലിയാൽ തന്റെ കുടുംബത്തെ പോററുകയുംചെയ്യുന്നു, അയാൾക്ക് ഒരു മാനേജർസ്ഥാനമാണുള്ളത്. എന്നിരുന്നാലും, അയാളുടെ ജീവിതം മേലാൽ തന്റെ ലൗകികജോലിയിൽ കേന്ദ്രീകരിക്കാതെ, ദൈവേഷ്ടംചെയ്യുന്നതിൽ ചുററിത്തിരിയുന്നു. അയാളുടെ ലൗകികജോലി അയാളെ പോററാനും ആ ലക്ഷ്യം നിറവേററാൻ അയാളെ പ്രാപ്തനാക്കാനുമുള്ള ഉപാധിയാണ്. ഇപ്പോൾ ലൗകികജോലിയും അർത്ഥവത്താണ്.
നിങ്ങളുടെ തൊഴിലിനോട് നിങ്ങൾ ഈ വീക്ഷണം വെച്ചുപുലർത്തുമ്പോൾ, നിങ്ങൾ “മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ, ദൃഷ്ടിസേവയുടെ പ്രവൃത്തികളാലല്ല, പിന്നെയോ ഹൃദയത്തിന്റെ ആത്മാർത്ഥതയോടെ, യഹോവാഭയത്തോടെ,” തീവ്രയത്നം ചെയ്യുമെന്നുള്ളതിനു സംശയമില്ല. (കൊലോസ്യർ 3:22) ഈ മത്സരാത്മക സമുദായത്തിൽ അങ്ങനെയുള്ള ആത്മാർത്ഥത ബഹുദൂരം പോകുകയില്ലെന്നു തോന്നിയേക്കാം, എന്നാൽ മിസുമോറി സമ്മതിച്ചുപറയുന്നതുപോലെ, അങ്ങനെയുള്ള തത്വങ്ങൾ ബാധകമാക്കുന്നതിനാൽ നിങ്ങൾ വിശ്വസിക്കപ്പെടുകയും വിലമതിക്കപ്പെടുകയുംചെയ്യും. അയാൾ സ്ഥാനക്കയററത്തിനുവേണ്ടി ജോലിചെയ്യുന്നതു നിർത്തിയെങ്കിലും അത് അയാളെ തേടിയെത്തി.—സദൃശവാക്യങ്ങൾ 22:29.
അതെ, ദൈവേഷ്ടംചെയ്യുന്നതിൽ നിങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിക്കുന്നതാണ് കഠിനവേലയിൽ സന്തോഷം കണ്ടെത്തുന്നതിനുള്ള താക്കോൽ. അതുകൊണ്ടാണ് ജ്ഞാനിയായ ശലോമോൻരാജാവ് ഇങ്ങനെ നിഗമനംചെയ്തത്: “ഒരുവന്റെ ജീവിതത്തിൽ സന്തോഷിക്കുകയും നൻമചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായത് അവർക്കില്ല; കൂടാതെ ഓരോ മനുഷ്യനും തിന്നുകയും തീർച്ചയായും കുടിക്കുകയും തന്റെ കഠിനവേലയിലെല്ലാം സുഖമനുഭവിക്കുകയുംചെയ്യണം. അത് ദൈവത്തിന്റെ ദാനമാണ്.”—സഭാപ്രസംഗി 3:12, 13. (w89 7/15)
[7-ാം പേജിലെ ചിത്രം]
കഠിനവേലയുടെ ഫലം ആസ്വദിക്കുന്നതിനുള്ള താക്കോൽ നിങ്ങളുടെ കുടുംബജീവിതത്തെ ബൈബിൾ പഠനത്തിനു ചുററും കേന്ദ്രീകരിക്കുന്നതും ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നതുമാണ്