കൂടുതലായ പുരോഗതിക്കായി ക്രിയാത്മകമായ പ്രവർത്തനം
1 ഇപ്പോഴേക്കും നമ്മിൽ മിക്കവരും വാർഷികപുസ്തകം 1992 വായിച്ചുകഴിഞ്ഞിരിക്കും. 211 ദേശങ്ങളിൽ നാൽപത്തിരണ്ടര ലക്ഷത്തിലധികം വരുന്ന രാജ്യപ്രഘോഷകരുടെ 1991-ലെ ലോകവ്യാപക അത്യുച്ചം—6.5 ശതമാനം വർദ്ധനവ്—സംബന്ധിച്ച് അറിഞ്ഞത് നമ്മുടെ ഹൃദയങ്ങളെ പുളകിതമാക്കി! തീർച്ചയായും, ഇപ്പോൾ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന രാജ്യവർദ്ധനവ് യെശയ്യാവ് 2:2-4-ന്റെയും മീഖാ 4:1-4-ന്റെയും നിവൃത്തിയുടെ ശ്രദ്ധേയമായ തെളിവു നൽകുന്നു.
2 ആയിരത്തിതൊളളായിരത്തി തൊണ്ണൂററിരണ്ട് സേവന വർഷത്തിലെ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെങ്കിലും മികച്ച വർദ്ധനവോടെ യഹോവ ഈ സേവനവർഷത്തെ മകുടമണിയിച്ചിരിക്കുന്നു എന്നതിന്റെ തെളിവ് സ്പഷ്ടമാണ്. നമ്മുടെ ബൃഹത്തായ സാഹോദര്യത്തിലേക്ക് കൂടിവരാനുളള ക്ഷണം പ്രസിദ്ധമാക്കിക്കൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിനാളുകൾ രാജ്യദൂതിന് ചെവികൊടുത്തുകൊണ്ടിരിക്കുന്നതായി സ്മാരകത്തിന്റെയും ഡിസ്ട്രിക്ററ് കൺവെൻഷന്റെയും ഹാജരുകൾ പ്രകടമാക്കുന്നു. എല്ലാ ജനതകളിൽനിന്നും അവർ ഈ നിശ്വസ്ത ക്ഷണത്തോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നു: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്ക് തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.”
3 പുരോഗമിക്കാൻ നിശ്ചയം ചെയ്യുക: യഹോവയുടെ സ്ഥാപനം മുന്നേറുകയാണ്. യഹോവയുടെ സത്യാരാധനയുടെ പർവ്വതത്തിലേക്ക് വളരെയധികം പുതിയവർ ഒഴുകിവരുന്നതുകൊണ്ട് ഓരോരുത്തരും കൂടുതലായ ആത്മീയപുരോഗതിക്ക് ക്രിയാത്മകമായ നടപടി സ്വീകരിക്കുന്നതും അതുതന്നെ ചെയ്യാൻ അതിലും പുതിയവരായവരെ സഹായിക്കുന്നതിന് എത്തിപ്പിടിക്കുന്നതും മർമ്മപ്രധാനമാണ്. യഹോവയുടെ പർവ്വതത്തിലേക്ക് വരാനുളള ക്ഷണത്തോട് പ്രതികരിക്കുന്നവർ മററുളളവരോട് “വരിക” എന്നു പറയുന്നു എന്ന പ്രസ്താവനയിൽ അത്തരം പുരോഗതിയുടെ ആവശ്യം സൂചിപ്പിച്ചിരിക്കുന്നു. അപ്പോസ്തലനായ യോഹന്നാൻ വെളിപ്പാട് 22:17-ൽ സമാനമായ ഒരു കാര്യം റിപ്പോർട്ടുചെയ്യുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ.”
4 ഈ ക്ഷണം എങ്ങനെ നൽകപ്പെടണമെന്ന് യേശു കാണിച്ചുകൊടുത്തു. ആളുകൾ അവന്റെ ഉപദേശത്തോട് പ്രതികരിച്ചപ്പോൾ, അവൻ അവരെ തന്റെ ശുശ്രൂഷയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും അത് എങ്ങനെ നിർവ്വഹിക്കണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു. (മത്താ. 4:19; 10:5-7, 11-14) അവന്റെ ശിഷ്യൻമാർ അവനോടുകൂടെ പോയിക്കൊണ്ടും അവൻ കാര്യങ്ങൾ എങ്ങനെ നിർവ്വഹിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടും അവൻ ഉപയോഗിച്ച ഫലകരമായ രീതികൾ പഠിച്ചു. അതിനുശേഷം അവർ തങ്ങളുടെ ശുശ്രൂഷ അവന്റേതുപോലെ രൂപപ്പെടുത്തി. അവരുടെ ധീരമായ സാക്ഷീകരണം, അവർ യേശുവിന്റെ ശിഷ്യൻമാരായിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ എതിരാളികളുടെ ശ്രദ്ധയാകർഷിക്കത്തക്കവണ്ണം അവർ അവന്റെ രീതികൾ അത്ര നന്നായി പഠിച്ചു. പ്രവൃത്തികൾ 4:13 റിപ്പോർട്ടുചെയ്യുന്നു: “അവർ പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും . . . അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.”
5 സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോകുന്നതിനു മുമ്പ്, തന്റെ ശിഷ്യൻമാർ പുതുശിഷ്യൻമാരെ ഉളവാക്കിക്കൊണ്ടും തങ്ങളെ പഠിപ്പിച്ചതുപോലെതന്നെ അവരെ പഠിപ്പിച്ചുകൊണ്ടും ക്രിസ്തീയ ശുശ്രൂഷ നിലനിർത്തണമെന്ന് യേശു കൽപന നൽകി. മത്തായി 28:19, 20-ൽ യേശു കല്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ട്, . . . ഞാൻ നിങ്ങളോടു കൽപിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ഇത് നമ്മുടെ നാൾവരെ തുടരാൻ അവൻ അർത്ഥമാക്കിയെന്ന് സൂചിപ്പിച്ചുകൊണ്ട്, കൂടുതലായ ഈ ഉറപ്പ് അവൻ നൽകി: “ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്.”
6 യേശുക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യൻമാർ, അവൻ കൽപിച്ച എല്ലാ കാര്യങ്ങളും പുതുശിഷ്യൻമാരെ പഠിപ്പിക്കാനുളള അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഭയിലെ വലിയ വളർച്ച പുതുതായി സ്നാപനമേററ സഭാംഗങ്ങളുടെയും സ്നാപനമേൽക്കാത്ത പ്രസാധകരുടെയും അതുപോലെതന്നെ നമ്മോടുകൂടെ ബൈബിൾ പഠിക്കുന്നവരും ഒരളവുവരെ ക്രമമായി സഭായോഗങ്ങൾക്കു വരാൻ തുടങ്ങിയിരിക്കുന്നവരും ആയ ആളുകളുടെയും പ്രത്യേക ആവശ്യങ്ങൾ നാം പരിഗണിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു.
7 ഇന്ത്യയിൽ, 1992 സേവനവർഷത്തിന്റെ തുടക്കത്തിൽ ഓരോ 9 പ്രസാധകരിലും ഒരാൾ ശുശ്രൂഷയിൽ ഏർപ്പെട്ടുതുടങ്ങിയിട്ട് ഒരു വർഷമേ ആയിരുന്നുളളു. അതിനു പുറമേ, നാലിൽ ഒരാൾ പ്രസംഗം തുടങ്ങിയിട്ട് മൂന്നു വർഷമോ അതിൽ താഴെയോ മാത്രമേ ആയിട്ടുളളു; മൂന്നിൽ ഒരാൾ ശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തിലധികം ആയിട്ടില്ല. സഭയുടെ അംഗങ്ങളായിത്തീർന്നശേഷം പുതിയവരായ അനേകർ നല്ല പുരോഗതി വരുത്തിയിട്ടുണ്ടെങ്കിലും ചില വശങ്ങളിലുളള കൂടുതലായ സഹായം അവരുടെ ആത്മീയ പുരോഗതി ത്വരിതമാക്കാൻ നിസംശയമായും സഹായിക്കും.
8 “പക്വതയിലേക്കു പുരോഗമിക്കാൻ” എബ്രായർ 6:1 എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തീയ പക്വത ഒരു സേവന റിപ്പോർട്ടിടുന്നതിനേക്കാൾ വളരെ കൂടിയതാണ്. അതിൽ വ്യക്തിപരമായ പഠനത്തിലും നിരന്തര യോഗഹാജരിലും അതുപോലെതന്നെ വയൽശുശ്രൂഷയിലെ തീക്ഷ്ണമായ പങ്കുപററലിലും പുരോഗതി പ്രാപിക്കുന്നത് ഉൾപ്പെടുന്നു. രക്ഷ പ്രാപിക്കാൻ സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരുന്നതിന് മററുളളവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. ‘തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യുന്നതിൽ’ നമ്മുടെ വൈദഗ്ദ്ധ്യങ്ങൾ മൂർച്ചയുളളതാക്കാൻ നാം ശ്രമിക്കണം. (പ്രവൃ. 17:2) പക്വതയിലേക്ക് വളരുന്നതിന് സമയം ആവശ്യമാണ്, അത് നമ്മുടെ ദൈവികഭക്തിയേയും വയലിൽ നാം പ്രായോഗിക അനുഭവം സമ്പാദിക്കുന്നതിനെയും വലിയ അളവോളം ആശ്രയിച്ചിരിക്കുന്നു. നമ്മുടെ സ്വന്തം ദൈവികഭക്തിയുടെ ആഴം സംബന്ധിച്ച് നമുക്കുതന്നെ നിയന്ത്രണമുണ്ടെങ്കിലും പ്രായോഗിക അനുഭവം സമ്പാദിക്കുന്നതിന് നമ്മെ സഹായിക്കാൻ പക്വതയുളള മററു സഹോദരീ സഹോദരൻമാരെ അനുവദിക്കുന്നത് ജ്ഞാനമാർഗ്ഗമാണ്. അവരുടെ അനുഭവത്തിൽനിന്ന്, വിശേഷിച്ചും വയൽശുശ്രൂഷയിലെ അനുഭവത്തിൽനിന്ന് നമുക്ക് പഠിക്കാൻ കഴിയും. നാം എല്ലാ കാര്യങ്ങളും സ്വന്ത നിലയിൽ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കേണ്ടതില്ല.
9 അനുഭവപരിചയം കുറഞ്ഞവർക്കുളള സഹായം: ക്രിസ്തീയ സഭയുടെ തുടക്കത്തിൽ സഹായം നൽകുന്നതിന്റെ മാതൃക സ്ഥാപിക്കപ്പെട്ടു. യേശു തന്റെ ശിഷ്യൻമാരെ പ്രബോധിപ്പിച്ചു. (മർക്കോ. 3:14; ലൂക്കോ. 9:1; 10:1) ക്രമത്തിൽ അവർ മററുളളവരെ പഠിപ്പിച്ചു. തിമൊഥെയോസിന് അപ്പോസ്തലനായ പൗലോസിൽനിന്ന് പ്രത്യേക പ്രോത്സാഹനവും സഹായവും ലഭിച്ചു, കൂടുതൽ പരിചയമുണ്ടായിരുന്ന അക്വില്ലായുടെയും പ്രിസ്കില്ലായുടെയും വ്യക്തിപരമായ സഹായത്തോടെ ശിഷ്യനായ അപ്പല്ലോസ് പുരോഗതി പ്രാപിച്ചു. (പ്രവൃ. 18:24-27;1 കൊരി. 4:17) അനുഭവപരിചയം കുറഞ്ഞവരെ, വിശേഷാൽ പുതിയവരെയും ചെറുപ്പക്കാരെയും പഠിപ്പിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും ഇന്ന് ക്രിസ്തീയ സഭയിലെ പക്വതയുളള അംഗങ്ങൾ ആ മാതൃകകൾ പിൻപററുന്നു. “എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കേണം,” എന്ന് റോമർ 15:1, 2 പറയുന്നു.
10 തങ്ങളുടെ മക്കൾ ആത്മീയമായി പുരോഗതി പ്രാപിക്കാൻ സഹായിക്കുന്നതിന് ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ മാതാപിതാക്കൾ ഉത്തരവാദിത്തമുളളവരാണ്. ഇതിൽ കുടുംബാദ്ധ്യയനവും, വ്യക്തിപരമായി എങ്ങനെ പഠിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കുന്നതും, നിരന്തരമായ യോഗഹാജരും പങ്കുപററലും, അവർ പഠിക്കുന്നത് ബാധകമാക്കുന്നതിലെ അനുഭവവും ഉൾപ്പെടുന്നു. (എഫേസ്യർ 6:4; 1 തിമൊ. 5:8) സഭാപുസ്തകാദ്ധ്യയന നിർവ്വാഹകർ വിശേഷിച്ചും തങ്ങളുടെ പുസ്തകാദ്ധ്യയന കൂട്ടത്തിലും വയൽസേവന കൂട്ടത്തിലും ഉളള എല്ലാവരെയും ഒരു ആത്മീയ വിധത്തിൽ പുരോഗമിക്കാൻ സഹായിക്കുന്നതിന് ക്രമീകരണങ്ങൾ ചെയ്യുന്നതിൽ നേതൃത്വം എടുക്കണം. സേവനമേൽവിചാരകനും മററു മൂപ്പൻമാർക്കും അതുപോലെതന്നെ ശുശ്രൂഷാദാസൻമാർക്കും സഭയിലെ മററംഗങ്ങൾക്കും സഹായിക്കാൻ കഴിയും.
11 ആവശ്യമായത് പ്രദാനം ചെയ്യുക: ആവശ്യമായിരിക്കുന്നത്, വ്യക്തിപരമായ പഠനം പോലെ ക്രിസ്തീയ പ്രവർത്തനങ്ങളുടെ ഏതെങ്കിലും ഒരു വശത്തുമാത്രം വേണ്ട സഹായമായിരിക്കാം. ഒരു വ്യക്തിക്ക് പ്രായോഗികമായ ഒരു പഠന പട്ടിക ഉണ്ടാക്കുന്നതിനുളള നിർദ്ദേശങ്ങൾ ആവശ്യമായിരിക്കാം. മറെറാരാൾക്ക് ആവശ്യമായിരിക്കുന്നത് അഭിപ്രായങ്ങളോ നിയമനങ്ങളോ തയ്യാറാക്കുന്നതിനുളള സഹായമായിരിക്കാം. മററുളളവർ ഒരുപക്ഷേ ബൈബിൾ വിഷയങ്ങൾ എങ്ങനെ ഗവേഷണം നടത്താമെന്ന് പഠിക്കേണ്ടതുണ്ടായിരിക്കാം.
12 അനേകം പുതിയവർക്കും വയൽശുശ്രൂഷയിൽ സഹായം ആവശ്യമാണ്. ഒരു പ്രസാധകൻ വീടുതോറുമുളള വേലയിലോ മടക്കസന്ദർശനങ്ങൾ നടത്തുന്നതിലോ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുകയും നടത്തുകയും ചെയ്യുന്നതിലോ കൂടുതൽ ഫലപ്രദനായിത്തീരാൻ ആഗ്രഹിച്ചേക്കാം. ന്യായവാദം പുസ്തകത്തിൽനിന്നോ നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നോ നിർദ്ദിഷ്ട മുഖവുരകളും അവതരണങ്ങളും ഉപയോഗിച്ചുളള ഏതാനും അഭ്യസനയോഗങ്ങൾ മതിയായേക്കാം. മററുസന്ദർഭങ്ങളിൽ വയൽസേവനത്തിനുളള പ്രായോഗികമായ ഒരു പട്ടികയുണ്ടായിരിക്കാനുളള നിർദ്ദേശങ്ങളും അതിനോടു പററിനിൽക്കാനുളള സഹായവും മാത്രമേ ആവശ്യമായിരിക്കുകയുളളു. സഹായം ആവശ്യമുളള ഒരു വ്യക്തിയോടുകൂടെ പ്രവർത്തിക്കാനുളള സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുന്നത് നിശ്ചിത ലാക്കുകളിലേക്ക് പുരോഗമിക്കാൻ അയാളെയോ അവളെയോ പ്രാപ്തമാക്കും.
13 നമ്മുടെ ആത്മീയ പുരോഗതി മററുളളവർക്ക് പ്രത്യക്ഷമാക്കാൻ ദൈവവചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. പൗലോസ് തന്റെ സഹവേലക്കാരനായ തിമൊഥെയോസിന് എഴുതിയ ബുദ്ധ്യുപദേശം അതായിരുന്നു. (1 തിമൊ. 4:15) ആ പ്രോത്സാഹനത്തോടു ചേർച്ചയിൽ അപ്പോസ്തലൻ, ഒരു കായിക മൽസരത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി എന്നപോലെ അഥവാ ആത്മീയ യുദ്ധത്തിൽ വിജയകരമായി ഏർപ്പെടുന്നതിനുവേണ്ടി നമ്മെത്തന്നെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യം ഊന്നിപറയുന്നു. (1 കൊരി. 9:24-27; 2 കൊരി. 10:5, 6) നാം ദൈവേഷ്ടത്തെക്കുറിച്ച് പഠിക്കുന്നതെല്ലാം ഉടൻ ബാധകമാക്കണം, അങ്ങനെ നിരീക്ഷകർ നമ്മിൽ സത്യക്രിസ്തീയ വിശ്വാസത്തിന്റെ ജീവിക്കുന്ന മാതൃകകൾ കാണും. അതുപോലെതന്നെ, യേശുക്രിസ്തുവിന്റെ സമർപ്പിത ശിഷ്യരായിത്തീരാൻ മററുളളവരെ പഠിപ്പിക്കുന്ന കലയിൽ നാം പുരോഗതി പ്രാപിക്കണം.—യാക്കോ. 1:22-25; 1 തിമൊ. 4:12-16.
14 പുരോഗതിയിൽ പരിശോധനകൾ സഹിക്കുന്നത് ഉൾപ്പെടുന്നു: യേശുക്രിസ്തുപോലും അവൻ അനുഭവിച്ച കാര്യങ്ങളിൽനിന്ന് വിലപ്പെട്ട പാഠം പഠിച്ചു. (എബ്രാ. 5:8) അതുകൊണ്ട് നമുക്കും കഴിയും. തദനുസരണം, നാം യാക്കോബ് 1:2, 3-ൽ ശുപാർശ ചെയ്തിരിക്കുന്ന ക്രിയാത്മക മനോഭാവം സ്വീകരിക്കുമ്പോൾ ആത്മീയ പുരോഗതി വർദ്ധിക്കുന്നു: “എന്റെ സഹോദരൻമാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത (സഹിഷ്ണുത, NW) ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ.” അതുകൊണ്ട്, മാറാരോഗത്തിന്റെയൊ സാമ്പത്തിക പ്രയാസങ്ങളുടെയൊ ഒരു ഭിന്നിച്ച കുടുംബത്തിൽ ജീവിക്കുന്നതിന്റെയൊ പ്രദേശത്തെ എതിർപ്പിന്റെയൊ അല്ലെങ്കിൽ മറേറതെങ്കിലും പ്രതികൂല സാഹചര്യങ്ങളുടെയൊ വെല്ലുവിളിയെ തരണം ചെയ്യേണ്ടതുണ്ടെങ്കിലും യഹോവയുടെ സഹായത്തോടെ നമുക്ക് അവ തരണംചെയ്യാൻ കഴിയുമെന്നും അവനുളള നമ്മുടെ ആരാധനയിൽ തുടർന്നും പുരോഗതി വരുത്താൻ കഴിയുമെന്നും നമുക്ക് യഹോവയുടെ ഉറപ്പുണ്ട്. (1 കൊരി. 10:13; 2 കൊരി. 12:9; 1 പത്രോ. 5:8-11) ‘എല്ലാററിലും ദൈവം യേശുക്രിസ്തു മുഖാന്തരം മഹത്വീകരിക്കപ്പെടേണ്ടതിന് ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ പ്രസ്താവിച്ചുകൊണ്ടും ദൈവം നൽകുന്ന പ്രാപ്തിക്കൊത്തവണ്ണം ശുശ്രൂഷിച്ചുകൊണ്ടും’ എല്ലാ സാഹചര്യങ്ങളിലും സ്ഥിരതയുളളവരായിരിക്കുന്നതിനാൽ വിജയം ലഭിക്കുന്നു.—1 പത്രോ. 4:11.
15 കൂടുതലായ പുരോഗതിക്ക് സഹായം സ്വീകരിക്കുക: നിങ്ങൾ കൂടുതൽ ആത്മീയ പുരോഗതി വരുത്തുന്നതിന് സഹായം ആവശ്യമുളള ഒരാളാണെങ്കിൽ സഭയിലെ കൂടുതൽ അനുഭവപരിചയമുളള ഒരാളിൽനിന്ന് സഹായം സ്വീകരിക്കാൻ മനസ്സൊരുക്കമുളളവനായിരിക്കുക. സഹായം വാഗ്ദാനം ചെയ്ത് നിങ്ങളെ ആരും സമീപിച്ചിട്ടില്ലെങ്കിൽ പോലും നിങ്ങൾ ലജ്ജിച്ച് സഹായം ലഭിക്കാനുളള നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തരുത്. സഹായം ആവശ്യപ്പെടുക. സഭയിൽ അനുഭവപരിചയമുളള ആരുടെയും സഹായം സ്വതന്ത്രമായി തേടുക. അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ സഭാപുസ്തകാദ്ധ്യയന നിർവ്വാഹകനോടോ സേവന മേൽവിചാരകനോടോ മററു മൂപ്പൻമാരിൽ ആരോടെങ്കിലുമോ ആവശ്യമുളള സഹായം ചോദിക്കാവുന്നതാണ്.—ഉൽപത്തി 32:26; മത്തായി 7:7, 8, താരതമ്യം ചെയ്യുക.
16 തീർച്ചയായും, യഹോവയുടെ സത്യാരാധനയുടെ പർവ്വതത്തിലേക്ക് ഒഴുകിവരുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാർവ്വദേശീയ “മഹാപുരുഷാര”ത്തിൽ ഉൾപ്പെടുന്നത് അത്ഭുതകരമായ ഒരു പദവിയാണ്. (വെളി. 7:9) മേലോട്ടുളള ഈ ഒഴുക്കിൽ നമ്മോടുകൂടെ പോരാൻ മററുളളവരെ ക്ഷണിക്കുന്നതും ഒരു പദവിയാണ്. ഹൃദയംഗമായ വിലമതിപ്പോടെ നമ്മിൽതന്നെ ആത്മീയത കെട്ടിപ്പടുത്തുകൊണ്ടും യഹോവയുടെ സേവനത്തിൽ നമ്മോടൊത്ത് പുരോഗമിക്കാൻ മററുളളവരെ സഹായിക്കുന്നതിന് കഴിവുളളത് ചെയ്തുകൊണ്ടും നമുക്ക് കൂടുതലായ പുരോഗതിക്കായി ക്രിയാത്മകമായ നടപടി സ്വീകരിക്കുന്നതിൽ തുടരാം.