വ്യക്തിപരമായ പഠനം—താത്പര്യമെടുക്കേണ്ട ഒരു വിഷയം
1 ഗൗരവമായ പരിഗണന നൽകുന്നതിന് എന്തു കാരണങ്ങളാണുളളത്? യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നതും നിലനിർത്തുന്നതും സംബന്ധിച്ച് നാം അതിയായി തത്പരരായിരിക്കണം. അത്തരം ഉററ സൗഹൃദം വളർത്തിയെടുക്കുന്നതിൽ വ്യക്തിപരമായ പഠനം ഒരു പ്രമുഖ പങ്കുവഹിക്കുന്നു. ഇന്ന്, വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും ഏറെ സമയം ചെലവഴിക്കുന്നതിനുളള സാഹചര്യം നമ്മിൽ ഏറെപേർക്കൊന്നുമില്ല. എന്നിരുന്നാലും, നാം ക്രമമായി ദൈവവചനം വായിക്കുന്നില്ലെങ്കിൽ, ഈ ലോകത്തിന്റെ ആത്മാവിനെയും അതിന്റെ ജഡിക അഭിലാഷങ്ങളെയും ചെറുത്തുനിൽക്കാൻ അശക്തരാകുന്ന അളവോളം നാം ബലഹീനരായിത്തീർന്നേക്കാം.
2 വചനത്തിനായി ഒരു വാഞ്ഛ വളർത്തിയെടുക്കുക: ദൈവോദ്ദേശ്യത്തെക്കുറിച്ചു നാം ആദ്യം പഠിച്ചപ്പോൾ, സാധ്യതയനുസരിച്ചു കൂടുതൽ ജ്ഞാനം സമ്പാദിക്കാൻ നാം തത്പരരായിരുന്നു. എന്നിരുന്നാലും, കുറേക്കാലംകൊണ്ട് ആത്മീയപോഷണത്തിനുവേണ്ടിയുളള നമ്മുടെ വിശപ്പ് കുറഞ്ഞുപോയിരിക്കും. ആത്മീയാഹാരത്തിനുവേണ്ടി “ഒരു വാഞ്ഛ വളർത്തിയെടു”ക്കേണ്ടതുണ്ടായിരിക്കാം. (1 പത്രോ. 2:2, NW) അത്തരം ഒരു വാഞ്ഛ നമുക്കെങ്ങനെ വളർത്തിയെടുക്കാൻ കഴിയും?
3 നല്ല പരിചയമുളള ഇഷ്ടപ്പെട്ട ആഹാരത്തിന്റെ വാസന ഒന്നേററാൽ മതി നമ്മുടെ വിശപ്പു വർധിക്കാൻ. ഹ്രസ്വസമയത്തേക്കുളള വ്യക്തിപരമായ പഠനത്തിന് സമാനമായ വിധത്തിൽ ആത്മീയമായി നമ്മെ സ്വാധീനിക്കാൻ കഴിയും. രുചികരമായ ആത്മീയഭക്ഷണത്തിന്റെ ഏതാനും ഉരുളകൾ ആസ്വദിക്കുന്നത് ആഴമായ സത്യങ്ങൾക്കുവേണ്ടിയുളള നമ്മുടെ വിശപ്പിനെ വർധിപ്പിച്ചേക്കാം. പഠനത്തിൽ നിന്നുളവാകുന്ന സംതൃപ്തി യഹോവയുടെ വചനത്തിൽ ആഴത്തിൽ കുഴിക്കുന്നതിനു നമ്മെ പ്രോത്സാഹിപ്പിച്ചേക്കാം.
4 നിങ്ങൾക്ക് ഏററവും പററിയ ഒരു ദിനചര്യ വളർത്തിയെടുക്കുക: ചിലർ ഒരു മുഴു വൈകുന്നേരവും വ്യക്തിപരമായ പഠനത്തിനുവേണ്ടി നീക്കിവെക്കുന്നു. അതേസമയം മററുചിലർ ഹ്രസ്വവും കൂടെക്കൂടെയുളളതുമായ പഠനസമയങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു. അതിരാവിലെ നിങ്ങൾക്കു കൂടുതലായി ശ്രദ്ധപതിപ്പിക്കാൻ കഴിയുമെന്നു കണ്ടെത്തുന്നുവെങ്കിൽ, പ്രഭാതഭക്ഷണത്തിനു മുമ്പായി കുറച്ചു പഠിക്കുന്നതിനു നിങ്ങൾ തീരുമാനിച്ചേക്കാം. വൈകുന്നേരമാണു നിങ്ങൾക്കു കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നതെങ്കിൽ, രാത്രി ഉറങ്ങുന്നതിനു മുമ്പു പഠിക്കുന്നതിനു നിങ്ങൾ തിരഞ്ഞെടുത്തേക്കാം. സാഹചര്യം എന്തുതന്നെയായിരുന്നാലും ക്രമമുളളവരായിരിക്കുന്നതും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏററവും ഇണങ്ങിയ ദിനചര്യയോടു പററിനിൽക്കുന്നതും ആണ് പ്രധാന സംഗതി.
5 വ്യക്തിപരമായ പഠനം കൂടുതലായി ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ നമുക്ക് ഇപ്പോൾത്തന്നെ ഒരു മുഴുപട്ടിക ഉണ്ട് എന്നതായിരിക്കാം നമ്മുടെ പെട്ടെന്നുളള പ്രതികരണം. എന്നിരുന്നാലും, നമ്മുടെ സമയം എങ്ങനെ ചെലവഴിക്കുന്നു എന്നു വിലയിരുത്തുന്നതിൽ നാമെല്ലാവരും സത്യസന്ധരായിരിക്കേണ്ടതുണ്ട്. ടെലിവിഷൻ പരിപാടികൾ വീക്ഷിക്കുന്നതിനായി അനേകം മണിക്കൂറുകൾ ചെലവഴിക്കുന്നുണ്ടോ? വ്യക്തിപരമായ ചില താത്പര്യങ്ങൾ ത്യജിക്കാൻ നാം തയ്യാറാണോ? നാം നമ്മുടെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതു സംബന്ധിച്ച് ഒരു യഥാർഥ പരിശോധന നടത്തുന്നെങ്കിൽ വ്യക്തിപരമായ പഠനത്തിനുവേണ്ടി ഏറെ പ്രയോജനകരമായി ഉപയോഗിക്കാവുന്ന സമയങ്ങളുണ്ടെന്നു മിക്കവാറും വെളിപ്പെടും.—എഫെ. 5:15, 16.
6 ദൈവവചനത്തിന്റെ പഠനത്തിനു നമ്മുടെ മുഴുശ്രദ്ധയും നൽകേണ്ടതുണ്ട്. പഠനത്തിനിടയിൽത്തന്നെ മററു കാര്യങ്ങളിൽ വ്യാപൃതരാകുന്നതു പ്രയോജനങ്ങളെ പരിമിതപ്പെടുത്തുന്നു. ഭക്ഷിക്കുന്നതിനിടയിലോ, റേഡിയോ ശ്രദ്ധിക്കുന്നതിനിടയിലോ, അല്ലെങ്കിൽ ടെലിവിഷൻ കാണുന്നതിനിടയിലോ പഠിക്കുന്നതിനു നാം പ്രവണതയുളളവരാണെങ്കിൽ, പഠിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളിൽ മുഴുകുന്നതിനുളള സാധ്യതയില്ല. (1 തിമൊ. 4:15) അതുകൊണ്ട് ശ്രദ്ധാശൈഥില്യങ്ങളെ നാം തരണംചെയ്യേണ്ടതുണ്ട്.—കാണുക: സ്കൂൾ ഗൈഡ്ബുക്ക്, പേജുകൾ 33-4.
7 ബൈബിൾ ബുദ്ധ്യുപദേശങ്ങളുടെ ദൈനംദിന പഠനവും ബാധകമാക്കലും പ്രധാനമാണ്. കാരണം അതാണ് യഹോവയിൽ നിന്നുളള മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനുളള മാർഗം. അച്ചടിക്കപ്പെട്ട വിവരങ്ങൾ നിങ്ങളുടെ ഹൃദയത്തെ സ്വാധീനിക്കണം എന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. ആത്മീയകാര്യങ്ങൾ വായിക്കുന്നതിനോ പുനരവലോകനം ചെയ്യുന്നതിനോ ധ്യാനിക്കുന്നതിനോ ഉളള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക, അവ എത്രതന്നെ ഹ്രസ്വമാണെങ്കിൽത്തന്നെയും.—ആവ. 6:6-8; കൊലൊ. 1:9, 10.