പുതിയ സർക്കിട്ട് സമ്മേളന പരിപാടി
1 1997 ഫെബ്രുവരിയിൽ തുടങ്ങുന്ന പുതിയ സർക്കിട്ട് സമ്മേളന പരിപാടി “കൊടുക്കുന്നതിൽ വലിയ സന്തുഷ്ടി അനുഭവിക്കുക” എന്ന വിഷയം വികസിപ്പിക്കുന്നതായിരിക്കും. (പ്രവൃ. 20:35) “ക്ഷേമത്തിന്റെയും സംതൃപ്തിയുടെയും ഒരു അവസ്ഥ” എന്ന് സന്തുഷ്ടിയെ വർണിച്ചിരിക്കുന്നു. മിക്കയാളുകളും ജീവിതത്തിൽനിന്നു തങ്ങൾക്കു നേടാൻ കഴിയുന്ന സർവ സുഖവും നേടിയെടുക്കാൻ ശ്രമിക്കുന്നു, അവർ അങ്ങനെ ചെയ്യുമ്പോൾതന്നെ അതു താത്കാലികമാണ്. അതു യഥാർഥ സന്തുഷ്ടിയല്ല. എന്നാൽ, എന്നേക്കും പ്രയോജനം ചെയ്യുന്ന വിധം യഹോവ നമ്മെ പഠിപ്പിക്കുന്നു. (യെശ. 48:17; 1 യോഹ. 2:17) ആത്മീയമായ വിധത്തിൽ കൊടുക്കുന്നതിലെ വലിയ സന്തുഷ്ടി എങ്ങനെ നേടാം എന്നതിനായിരിക്കും പുതിയ സർക്കിട്ട് സമ്മേളന പരിപാടി ഊന്നൽ കൊടുക്കുന്നത്.
2 ശുശ്രൂഷയിൽ നമ്മെത്തന്നെ കൊടുക്കാൻ കഴിയുന്ന പ്രായോഗിക വിധങ്ങൾ നാം പഠിക്കും. സഞ്ചാരമേൽവിചാരകന്മാർ നടത്തുന്ന ചില പ്രസംഗങ്ങളുടെ ശീർഷകങ്ങൾ ഇവയാണ്: “നീതികെട്ട സമ്പത്തുകൊണ്ട് സുഹൃത്തുക്കളെ ഉണ്ടാക്കൽ,” “‘മനുഷ്യരാം ദാനങ്ങൾ’ എന്ന ദിവ്യ കരുതലിനോട് ആദരവു കാട്ടുക,” “യഥാർഥ സന്തുഷ്ടിയുടെ ബഹുവിധ വശങ്ങൾ അനുഭവിക്കുക.” ഈ സമ്മേളനത്തിൽ സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നവർ അധ്യക്ഷമേൽവിചാരകനോടു സംസാരിക്കേണ്ടതുണ്ട്. അപ്പോൾ, സ്നാപന ചോദ്യങ്ങൾ അവരുമായി അവലോകനം ചെയ്യാൻ മൂപ്പന്മാരെ ക്രമീകരിക്കുന്നതിന് അദ്ദേഹത്തിനു കഴിയും. യഹോവയെ ശുദ്ധമായ ഒരു ബന്ധത്തിൽ സേവിക്കുന്നതു സ്നാപനമേറ്റ പുതിയവർക്കു വലിയ സന്തുഷ്ടി കൈവരുത്തും.
3 യഹോവയുടെ അധികാരത്തെ ഉചിതമായി അംഗീകരിക്കുന്നതും യഥാർഥ സന്തുഷ്ടിയും സുരക്ഷിതത്വവും കൈവരുത്തും. എല്ലാ ആളുകളും അത് അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട്, സർക്കിട്ട് സമ്മേളനത്തിലെ പരസ്യപ്രസംഗം “ദൈവത്തിന്റെ സന്തുഷ്ട ജനത്തോടൊപ്പം ഒന്നുചേരുവിൻ” എന്ന വിഷയം വികസിപ്പിക്കും.” സത്യത്തിൽ താത്പര്യം കാട്ടിയ ഏവരെയും ഈ പ്രസംഗം കേൾക്കുന്നതിനു വരാൻ തീർച്ചയായും പ്രോത്സാഹിപ്പിക്കുക. സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ഈ ലോകത്തിലെ മാനുഷഭരണത്തിൻ കീഴിൽ അവർ യഥാർഥ സുരക്ഷിതത്വവും നിലനിൽക്കുന്ന സന്തുഷ്ടിയും കണ്ടെത്തിയിട്ടില്ല. (സഭാ. 8:9) എന്നാൽ, യഹോവയുടെ സന്തുഷ്ട ജനത്തോടൊത്തു സഹവസിക്കുന്നതിൽ അവർ എത്രയധികം സന്തോഷം കണ്ടെത്തും!—സങ്കീ. 144:15ബി.
4 ഈ വ്യവസ്ഥിതിയിലെ അവസ്ഥകൾ വഷളായിക്കൊണ്ടിരിക്കുകയാണെങ്കിലും, ആത്മീയമായി കൊടുക്കുന്നതിൽ വലിയ സന്തുഷ്ടി അനുഭവിക്കുന്നവരെ സന്തുഷ്ടനായ ദൈവം ഒരിക്കലും നിരാശപ്പെടുത്തുകയില്ല. (1 തിമൊ. 1:11) ഇതു സത്യമാണെന്നു പുതിയ സർക്കിട്ട് സമ്മേളന പരിപാടി പ്രകടമാക്കും. അതു നഷ്ടപ്പെടുത്തരുത്!