നിങ്ങളുടെ സഹോദരങ്ങളെ അടുത്തറിയുക
1 സഹോദരനെക്കാൾ പറ്റുള്ള, എല്ലായ്പോഴും സ്നേഹിക്കുകയും വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന, അനർഥ ഘട്ടങ്ങളിൽ തന്റെ സുഹൃത്തിനെ സഹായിക്കുന്ന ഒരു വ്യക്തിയായിട്ടാണ് ബൈബിൾ യഥാർഥ സ്നേഹിതനെ വർണിക്കുന്നത്. (സദൃ. 17:17; 18:24) അടുത്തറിയാനും അന്യോന്യം സ്നേഹിക്കാനും ശ്രമിക്കുന്നപക്ഷം, ക്രിസ്തീയ സഭയിൽ അത്തരം നിരവധി സ്നേഹിതരെ നമുക്കു കണ്ടെത്താവുന്നതാണ്.—യോഹ. 13:35.
2 നമ്മുടെ സഹോദരങ്ങളുമായി പരിചിതരാകുന്നതിനുള്ള നല്ല അവസരങ്ങൾ യോഗങ്ങൾക്കു മുമ്പും അവയ്ക്കു ശേഷവും ലഭ്യമാണ്. ഊഷ്മളവും ജീവസ്സുറ്റതുമായ സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കത്തക്കവണ്ണം യോഗങ്ങൾക്കു നേരത്തേ എത്തുകയും യോഗശേഷം അൽപ്പ സമയം തങ്ങുകയും ചെയ്തുകൂടേ? അനുഭവ സമ്പത്തുള്ള പ്രായമായവർ, നാണംകുണുങ്ങികളായ ചെറുപ്പക്കാർ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള സഹോദരങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടുക.
3 സംഭാഷണത്തിന് തുടക്കമിടുക: നിങ്ങളുടെ സഹോദരങ്ങളെ കേവലം അഭിവാദ്യം ചെയ്യുന്നതിലും അധികം ആവശ്യമാണ്. വയൽ സേവനത്തിലെ ഒരു അനുഭവമോ അടുത്തകാലത്തെ ഒരു മാസികയിൽ വന്ന രസകരമായ ഒരു ആശയമോ നിങ്ങൾ ഇപ്പോൾ സംബന്ധിച്ചു കഴിഞ്ഞ യോഗത്തെക്കുറിച്ചുള്ള ഒരു അഭിപ്രായമോ പറഞ്ഞുകൊണ്ട് സംഭാഷണം ആരംഭിക്കാനാകും. ഒരു നല്ല ശ്രോതാവ് ആയിരുന്നുകൊണ്ടും അവരുടെ അനുഭവങ്ങളും അവർ പഠിക്കുന്ന കാര്യങ്ങളും വിവരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടും നിങ്ങൾക്ക് നിങ്ങളുടെ സഹോദരങ്ങളെ കൂടുതൽ അറിയാനാകും. യഹോവയെ അറിയാൻ ഇടയായത് എപ്രകാരമാണ് എന്നു ചോദിക്കുന്നതു തന്നെ വളരെ കാര്യങ്ങൾ വെളിപ്പെടുത്തിയേക്കാം. ചിലർക്ക് തങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. മറ്റു ചിലരാകട്ടെ, പലരുടെയും സങ്കൽപ്പത്തിന് അതീതമായ ദുഷ്കര സാഹചര്യങ്ങളെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഇതു മനസ്സിലാക്കുന്നത് യഥാർഥ സുഹൃത്തുക്കൾ എന്നനിലയിൽ, മറ്റുള്ളവരുടെ ആവശ്യങ്ങളോടു സംവേദകത്വവും പ്രതികരണ ശേഷിയും ഉള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.
4 പരസ്പരം സുഹൃത്തുക്കൾ ആയിരിക്കുക: ഒരു സഹോദരിക്ക് തന്റെ മകളുടെ മരണശേഷം, പുനരുത്ഥാനത്തെ കുറിച്ചുള്ള രാജ്യഗീതങ്ങൾ പാടുക വളരെ പ്രയാസകരമായിരുന്നു. അവർ അനുസ്മരിക്കുന്നു: “ഒരിക്കൽ എതിർവശത്തു നിന്നിരുന്ന ഒരു സഹോദരി ഞാൻ കരയുന്നതു കണ്ടു. അവർ എന്റെ അരികിൽ വന്ന് തോളത്തു കയ്യിട്ടുകൊണ്ട് ഗീതത്തിന്റെ ശേഷിച്ച ഭാഗം എന്നോടൊപ്പം പാടി. എനിക്കു സഹോദരങ്ങളോട് അകമഴിഞ്ഞ സ്നേഹവും യോഗങ്ങൾക്കു വന്നെത്താൻ കഴിഞ്ഞതിൽ സന്തോഷവും തോന്നി. കാരണം അവിടെ, രാജ്യഹാളിൽ നിന്നാണു നമുക്കു സഹായം ലഭിക്കുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു.” ആവശ്യമുള്ളപ്പോൾ സാന്ത്വനവും എല്ലായ്പോഴും പ്രോത്സാഹനവും പ്രദാനം ചെയ്തുകൊണ്ട് നാം നമ്മുടെ സഹോദരങ്ങളുടെ സ്നേഹിതർ ആയിരിക്കേണ്ടതുണ്ട്.—എബ്രാ. 10:24, 25.
5 ഈ പഴയ ലോകം പൂർവാധികം കുഴപ്പങ്ങൾ നിറഞ്ഞതായിത്തീരവേ, നമ്മുടെ സഹോദരങ്ങളെ കൂടുതൽ അടുത്തറിയാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. യഥാർഥ പ്രോത്സാഹനത്തിന്റെ ഈ കൈമാറ്റം സകലർക്കും ഒരു അനുഗ്രഹമാണെന്നു തെളിയും.—റോമ. 1:11, 12, NW.