പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 8: വിദ്യാർഥികളെ സംഘടനയിലേക്കു നയിക്കൽ
1 ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ പിന്നിലെ നമ്മുടെ ലക്ഷ്യം ഉപദേശപരമായ കാര്യങ്ങൾ പഠിപ്പിക്കുക എന്നതു മാത്രമല്ല, ക്രിസ്തീയ സഭയുടെ ഭാഗമായിത്തീരാൻ വിദ്യാർഥികളെ സഹായിക്കുക എന്നതും കൂടിയാണ്. (സെഖ. 8:23) യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക ഇതു ചെയ്യാൻ നമ്മെ സഹായിക്കും. പുതിയ ബൈബിൾ വിദ്യാർഥികൾക്ക് അതിന്റെ ഒരു പ്രതി നൽകുകയും അതു വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. കൂടാതെ, ഓരോ വാരത്തിലും അധ്യയനത്തോട് അനുബന്ധിച്ച്, യഹോവയുടെ സംഘടനയെക്കുറിച്ചുള്ള ഒരു ആശയം പങ്കുവെക്കാൻ ഏതാനും മിനിട്ടു ചെലവഴിക്കുക.
2 സഭായോഗങ്ങൾ: ബൈബിൾ വിദ്യാർഥികൾ ദൈവത്തിന്റെ സംഘടനയെ മനസ്സിലാക്കുന്നത് പ്രധാനമായും സഭായോഗങ്ങളിലെ സഹവാസത്തിലൂടെയാണ്. (1 കൊരി. 14:24, 25) ഇതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ, വാരംതോറുമുള്ള അഞ്ചു യോഗങ്ങളിൽ ഓരോന്നിനെയുംകുറിച്ച് പറഞ്ഞുകൊടുത്തുകൊണ്ട് വിദ്യാർഥികളെ അവയുമായി പരിചയപ്പെടുത്താവുന്നതാണ്. അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയം എന്താണെന്നു പറയുക. വീക്ഷാഗോപുര അധ്യയനത്തിലും സഭാ പുസ്തകാധ്യയനത്തിലും പരിചിന്തിക്കാൻ പോകുന്ന വിവരങ്ങൾ കാണിച്ചുകൊടുക്കുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെയും സേവനയോഗത്തെയും കുറിച്ചു വിവരിച്ചു കൊടുക്കുക. നിങ്ങൾക്ക് സ്കൂളിൽ ഒരു നിയമനമുള്ളപ്പോൾ ഒരുപക്ഷേ അവരുമായി അത് പരിശീലിച്ചുനോക്കാൻ കഴിഞ്ഞേക്കും. യോഗങ്ങളിൽ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ആശയങ്ങൾ പങ്കുവെക്കുക. നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് യോഗങ്ങളിൽ എന്താണു നടക്കുന്നതെന്നു വിഭാവന ചെയ്യാൻ അവരെ സഹായിക്കുക. ആദ്യത്തെ അധ്യയനംമുതൽത്തന്നെ അവരെ യോഗങ്ങൾക്കു ക്ഷണിക്കുക.
3 സ്മാരകം, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം എന്നിവ അടുത്തുവരുമ്പോൾ ഈ ക്രമീകരണങ്ങളെക്കുറിച്ചു വിശദീകരിക്കാനും അവയോടുള്ള താത്പര്യം വളർത്തിയെടുക്കാനും ഏതാനും മിനിട്ട് ഉപയോഗിക്കുക. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്ക് പടിപടിയായി ഉത്തരം നൽകുക: നാം യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നത് എന്തുകൊണ്ടാണ്? നാം നമ്മുടെ യോഗസ്ഥലങ്ങളെ കുറിക്കാൻ രാജ്യഹാളുകൾ എന്ന പദം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ചുമതലകൾ എന്തെല്ലാമാണ്? പ്രസംഗപ്രവർത്തനം സംഘടിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്? പ്രദേശം നിയമിച്ചുകൊടുക്കുന്നത് എങ്ങനെയാണ്? നമ്മുടെ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് എങ്ങനെയാണ്? സംഘടനയുടെ സാമ്പത്തിക ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നത് എങ്ങനെയാണ്? വേലയ്ക്കു മേൽനോട്ടം വഹിക്കുന്നതിൽ ബ്രാഞ്ച് ഓഫീസിന്റെയും ഭരണസംഘത്തിന്റെയും പങ്കെന്താണ്?
4 പ്രബോധനാത്മകമായ വീഡിയോകൾ: യഹോവയുടെ വിസ്മയാവഹമായ സംഘടനയെ മനസ്സിലാക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്ന മറ്റൊരു ഉപാധിയാണ് നമ്മുടെ വീഡിയോകൾ. ഇവയ്ക്ക് ഭൂമിയുടെ അറുതികളിലേക്ക് അവരെ കൊണ്ടുപോകാനും നമ്മുടെ മുഴു സഹോദരവർഗത്തെയും അവർക്കു പരിചയപ്പെടുത്താനും നാം ദിവ്യബോധനത്താൽ ഏകീകൃതർ ആയിരിക്കുന്നത് എങ്ങനെയെന്ന് അവർക്കു കാണിച്ചുകൊടുക്കാനും കഴിയും. യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന എന്ന വീഡിയോ കണ്ടപ്പോൾ, അഞ്ചുവർഷമായി നമ്മുടെ മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കാറുണ്ടായിരുന്ന ഒരു സ്ത്രീ കരഞ്ഞുപോയി. തന്നെ സന്ദർശിച്ചിരുന്ന സാക്ഷികൾ ആശ്രയയോഗ്യരാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ സംഘടനയിലും തനിക്ക് ആശ്രയിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കി. അവരുമായി ഒരു ഔപചാരിക ബൈബിളധ്യയനം ആരംഭിച്ചു. പിറ്റേയാഴ്ചതന്നെ അവർ രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തു.
5 നമ്മുടെ ബൈബിൾ വിദ്യാർഥികളുമായി ഓരോ ആഴ്ചയും ഏതാനും മിനിട്ടു ചെലവഴിക്കുകയും ലഭ്യമായിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ യഹോവ ഇന്ന് ഉപയോഗിക്കുന്ന ആ സംഘടനയിലേക്ക് അവരെ പടിപടിയായി നയിക്കാൻ നമുക്കു കഴിയും.
[അധ്യയന ചോദ്യങ്ങൾ]
1. ഓരോ വാരത്തിലും യഹോവയുടെ സംഘടനയെക്കുറിച്ചുള്ള ഒരു ആശയം ബൈബിൾ വിദ്യാർഥിയുമായി പങ്കുവെക്കുന്നത് പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
2. സഭായോഗങ്ങളിൽ സംബന്ധിക്കാൻ നിങ്ങൾക്ക് ബൈബിൾ വിദ്യാർഥികളെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
3. സംഘടനയുടെ ഏതെല്ലാം വശങ്ങളെക്കുറിച്ച് നമുക്കു ചർച്ചചെയ്യാവുന്നതാണ്?
4, 5. നമ്മുടെ വീഡിയോകൾ സംഘടനയോടുള്ള വിലമതിപ്പ് വളർത്തുന്നത് എങ്ങനെ?