പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 11: മടക്കസന്ദർശനങ്ങൾ നടത്താൻ വിദ്യാർഥികളെ സഹായിക്കൽ
1 ഒരു ബൈബിൾ വിദ്യാർഥി പ്രസംഗവേലയിൽ ഏർപ്പെട്ടു തുടങ്ങുമ്പോൾ സുവാർത്തയിൽ താത്പര്യമുള്ളവരെ അദ്ദേഹം കണ്ടുമുട്ടും. ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്താനും അത്തരം താത്പര്യം വളർത്തിക്കൊണ്ടുവരാനും പുതിയ പ്രസാധകനെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
2 മടക്കസന്ദർശനത്തിനുള്ള തയ്യാറെടുപ്പ് ആദ്യസന്ദർശനത്തിൽ ആരംഭിക്കുന്നു. ആരോടു സംസാരിക്കുന്നുവോ ആ വ്യക്തികളിൽ ആത്മാർഥ താത്പര്യമെടുക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. (ഫിലി. 2:4) അവരുടെ വീക്ഷണം ചോദിച്ചു മനസ്സിലാക്കാനും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും അവരെ ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങൾ തിരിച്ചറിയാനും വിദ്യാർഥിയെ പടിപടിയായി പരിശീലിപ്പിക്കുക. ആരെങ്കിലും താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ ആ സംഭാഷണത്തോടു ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ കുറിച്ചെടുക്കാൻ പുതിയ പ്രസാധകനോടു പറയുക. തുടർന്നുള്ള ചർച്ചകൾ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തെ സഹായിക്കാൻ ആ വിവരം ഉപയോഗിക്കുക.
3 മടക്കസന്ദർശനത്തിനു തയ്യാറാകൽ: ആദ്യസന്ദർശനം പുനരവലോകനം ചെയ്യുകയും വീട്ടുകാരന് ആകർഷകമായ ഒരു പോയിന്റ് തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുകയും ചെയ്യുക. (1 കൊരി. 9:19-23) ഒരു ബൈബിൾ വാക്യവും അധ്യയനം നടത്താൻ ഉപയോഗിക്കുന്ന ഒരു പ്രസിദ്ധീകരണത്തിൽനിന്നുള്ള ഒരു ഖണ്ഡികയും ഉൾപ്പെടുത്തിക്കൊണ്ട് ഹ്രസ്വമായ ഒരു അവതരണം ഒന്നിച്ചിരുന്നു തയ്യാറാകുക. കൂടാതെ, തുടർന്നുള്ള സന്ദർശനത്തിന് അടിത്തറയിടാൻ തക്കവണ്ണം ചർച്ചയ്ക്കൊടുവിൽ ചോദിക്കാൻ കഴിയുന്ന ഒരു ചോദ്യവും കണ്ടുപിടിക്കുക. ഓരോ സന്ദർശനത്തിലും ദൈവവചനം സംബന്ധിച്ചുള്ള വീട്ടുകാരന്റെ അറിവു വർധിപ്പിക്കുന്നത് എങ്ങനെയെന്നു പുതിയ പ്രസാധകനു കാണിച്ചുകൊടുക്കുക.
4 ലളിതമായ ഒരു മുഖവുര തയ്യാറാക്കിക്കൊടുക്കുന്നതും സഹായകമാണ്. വീട്ടുകാരനെ അഭിവാദനം ചെയ്തശേഷം വിദ്യാർഥിക്ക് ഇങ്ങനെ പറയാവുന്നതാണ്: “നമ്മുടെ മുൻ സംഭാഷണം എനിക്ക് ഇഷ്ടമായി. ബൈബിളിൽനിന്നു കൂടുതലായ വിവരങ്ങൾ [അവ ഏതു വിഷയത്തെക്കുറിച്ചുള്ളതാണ് എന്നതു വ്യക്തമാക്കണം] ചർച്ച ചെയ്യാനാണു ഞാൻ മടങ്ങിവന്നിരിക്കുന്നത്.” മറ്റൊരു വ്യക്തിയാണ് വാതിൽക്കൽ വരുന്നതെങ്കിൽ എന്തു പറയണം എന്നതു സംബന്ധിച്ചും പുതിയ പ്രസാധകനെ നിങ്ങൾ പരിശീലിപ്പിക്കേണ്ടതുണ്ടായിരിക്കാം.
5 ശുഷ്കാന്തിയോടെ മടങ്ങിച്ചെല്ലുക: താത്പര്യം കാണിക്കുന്ന എല്ലാവരുടെയും അടുക്കൽ താമസംവിനാ മടങ്ങിച്ചെല്ലുന്നതിൽ നല്ല മാതൃക വെക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ആളുകളെ വീട്ടിൽ കണ്ടെത്താൻ നാം തുടർച്ചയായി സന്ദർശിക്കേണ്ടത് ആവശ്യമായിരുന്നേക്കാം. തുടർന്നുള്ള സന്ദർശനത്തിന്റെ സമയം വീട്ടുകാരനുമായി ആലോചിച്ചു തീരുമാനിക്കുന്നത് എങ്ങനെയെന്നു വിദ്യാർഥിയെ പഠിപ്പിക്കുക. അതിൻപ്രകാരം മടങ്ങിച്ചെല്ലേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക. (മത്താ. 5:37) ചെമ്മരിയാടുതുല്യരെ കണ്ടെത്താനും അവരുടെ താത്പര്യം വളർത്തിയെടുക്കാനും ശ്രമിക്കവേ ദയയും പരിഗണനയും ആദരവും പ്രകടമാക്കാൻ പുതിയ പ്രസാധകനെ പരിശീലിപ്പിക്കുക.—തീത്തൊ. 3:2.