ചോദ്യപ്പെട്ടി
◼ വീട്ടുവാതിൽക്കൽവെച്ചു നടത്തുന്ന ബൈബിളധ്യയനത്തിനുമുമ്പോ ശേഷമോ പ്രാർഥിക്കേണ്ടതുണ്ടോ?
ബൈബിളധ്യയനത്തിനു മുമ്പും ശേഷവും പ്രാർഥിക്കുന്നതുകൊണ്ട് വളരെ പ്രയോജനങ്ങളുണ്ട്. പ്രാർഥനയിലൂടെ, ബൈബിൾ ചർച്ചയുടെമേൽ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി യഹോവയോട് അപേക്ഷിക്കുകയാണ് നാം. (ലൂക്കോ. 11:13) ബൈബിളധ്യയനത്തിന്റെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കാൻ പ്രാർഥന വിദ്യാർഥിയെ സഹായിക്കും. കൂടാതെ, പ്രാർഥിക്കേണ്ടത് എങ്ങനെയാണെന്നും വിദ്യാർഥി മനസ്സിലാക്കും. (ലൂക്കോ. 6:40) അതുകൊണ്ട്, ഒരധ്യയനം ആരംഭിക്കുമ്പോൾ എത്രയും പെട്ടെന്നുതന്നെ പ്രാർഥനയെപ്പറ്റി വിദ്യാർഥിയോട് പറയണം. എന്നിരുന്നാലും, വിവേകം കാണിക്കേണ്ടത് ആവശ്യമാണ്. വിട്ടുവാതിൽക്കൽവെച്ചു നടത്തുന്ന ഒരു ബൈബിളധ്യയനത്തിന്റെ കാര്യത്തിൽ സാഹചര്യം വിലയിരുത്തിവേണം പ്രാർഥിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കാൻ. എങ്ങനെ?
ആരും ശ്രദ്ധിക്കില്ലെന്ന് തോന്നുന്ന ഒരു ചുറ്റുപാടിൽ, അധ്യയനം ആരംഭിച്ച് കുറച്ച് ആഴ്ചകൾ ആയിട്ടുണ്ടെങ്കിൽ, അധ്യയനത്തിനു മുമ്പും ശേഷവും ഹ്രസ്വമായി പ്രാർഥിക്കാവുന്നതാണ്. എന്നാൽ വഴിപോക്കരുടെ ശ്രദ്ധയാകർഷിക്കുമെന്ന് തോന്നുന്നെങ്കിൽ അല്ലെങ്കിൽ വിദ്യാർഥിയെ അസ്വസ്ഥനാക്കുമെങ്കിൽ കൂടുതൽ സ്വകാര്യത നൽകുന്ന ഒരിടത്ത് അധ്യയനം നടത്താൻ സാധിക്കുന്നതുവരെ കാത്തിരിക്കുന്നത് നന്നായിരിക്കും. അധ്യയനം നടത്തുന്ന സാഹചര്യം ഏതായാലും, പ്രാർഥനയെപ്പറ്റി വിദ്യാർഥിയോട് പറയുന്നത് ഉചിതമായിരിക്കുന്നത് എപ്പോഴാണെന്ന് വിവേചനാപൂർവം തീരുമാനിക്കുക.—2005 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.