മടിച്ചുനിൽക്കരുത്
1. എന്തിന് ധൈര്യം വേണം, എന്തുകൊണ്ട്?
1 കളിയാക്കും എന്നു ഭയന്ന് സ്കൂളിൽ സാക്ഷീകരിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും മടിച്ചിട്ടുണ്ടോ? സ്കൂളിൽ സാക്ഷീകരിക്കാൻ ധൈര്യം വേണമെന്നത് ശരിയാണ്, വിശേഷിച്ച് നിങ്ങൾ ലജ്ജാലുവാണെങ്കിൽ. അതിനു നിങ്ങളെ എന്തു സഹായിക്കും?
2. വിവേകപൂർവം സ്കൂളിൽ എങ്ങനെ സാക്ഷീകരിക്കാം?
2 വിവേചനയുള്ളവരായിരിക്കുക: സ്കൂളിനെ നിങ്ങളുടെ ‘വയലായി’ കാണാവുന്നതാണെങ്കിലും, വീടുതോറും സാക്ഷീകരിക്കുമ്പോൾ ചെയ്യുന്നതുപോലെ എല്ലാവരോടും ആത്മീയ വിഷയങ്ങൾ സംസാരിക്കണമെന്നില്ല. എപ്പോൾ സംസാരിക്കണമെന്ന് വിവേകപൂർവം തീരുമാനിക്കുക. (സഭാ. 3:1, 7) ഒരു പ്രത്യേക വിഷയം ക്ലാസ്സിൽ ചർച്ചചെയ്യുമ്പോൾ, അല്ലെങ്കിൽ ഒരു നിയമനം ലഭിക്കുമ്പോൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു പറയാനോ എഴുതാനോ അവസരം കിട്ടിയെന്നിരിക്കും. ഇനി, സ്കൂളിലെ ചില പരിപാടികളിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് ഒരു സഹപാഠി നിങ്ങളോടു ചോദിച്ചേക്കാം. തങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്ന് വർഷാരംഭത്തിൽത്തന്നെ ചിലർ അധ്യാപകരോടു പറയുകയും നമ്മുടെ വിശ്വാസങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ നൽകുകയും ചെയ്യാറുണ്ട്. സഹപാഠികളുടെ ആകാംക്ഷയുണർത്താനായി തങ്ങളുടെ ഡസ്ക്കിൽ പ്രസിദ്ധീകരണങ്ങൾ വെക്കുന്നവരുമുണ്ട്.
3. സ്കൂളിൽ സാക്ഷീകരിക്കാൻ നിങ്ങൾക്ക് എങ്ങനെ ഒരുങ്ങാം?
3 ഒരുങ്ങിയിരിക്കുക: ഒരുങ്ങിയിരുന്നാൽ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. (1 പത്രോ. 3:15) അതുകൊണ്ട്, മറ്റുള്ളവർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയാം എന്ന് മുന്നമേ ചിന്തിക്കുക. (സദൃ. 15:28) സാധിക്കുമെങ്കിൽ ബൈബിളും ന്യായവാദം പുസ്തകവും യുവജനങ്ങൾ ചോദിക്കുന്നു പുസ്തകങ്ങളും സൃഷ്ടിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും കൂടെക്കരുതുക; ആവശ്യമുള്ളപ്പോൾ നിങ്ങൾക്ക് അത് ഉപയോഗിക്കാവുന്നതാണ്. കുടുംബാരാധനയിൽ പരിശീലന സെഷനുകൾ ഉൾപ്പെടുത്താമോ എന്ന് മാതാപിതാക്കളോട് ചോദിക്കുക.
4. സ്കൂളിൽ സാക്ഷീകരിക്കുന്നത് നിങ്ങൾ നിറുത്തരുതാത്തത് എന്തുകൊണ്ട്?
4 ശുഭാപ്തിവിശ്വാസം ഉള്ളവരായിരിക്കുക: സത്യത്തെക്കുറിച്ചു സംസാരിക്കുമ്പോഴെല്ലാം സഹപാഠികൾ കളിയാക്കും എന്നു ചിന്തിക്കരുത്. ചിലർക്കെങ്കിലും നിങ്ങളുടെ ധൈര്യത്തിൽ മതിപ്പുതോന്നാനിടയുണ്ട്. അവരിൽ ചിലർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുകപോലും ചെയ്തേക്കാം. ആരും അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും നിരാശപ്പെടരുത്. നിങ്ങൾ ചെയ്ത ശ്രമത്തെപ്രതി യഹോവ സന്തോഷിക്കും. (എബ്രാ. 13:15, 16) “വചനം പൂർണ ധൈര്യത്തോടെ ഘോഷിച്ചുകൊണ്ടിരിക്കാൻ”വേണ്ട സഹായത്തിനായി അവനോടു യാചിച്ചുകൊണ്ടിരിക്കുക. (പ്രവൃ. 4:29, 30; 2 തിമൊ. 1:7, 8) ആരെങ്കിലും താത്പര്യംകാണിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം വിഭാവനചെയ്തുനോക്കൂ. അവർ യഹോവയുടെ ആരാധകരായിത്തീർന്നെന്നുംവരാം!