ഫലകരമായ രീതി ഉപയോഗിക്കുക
1. ആദിമ ക്രിസ്ത്യാനികൾ കൈക്കൊണ്ട വ്യത്യസ്ത സമീപനങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
1 വിവിധ സംസ്കാരങ്ങളിലും മതങ്ങളിലും നിന്നുള്ള ആളുകളോട് ആദിമ ക്രിസ്ത്യാനികൾ ദൈവരാജ്യസുവാർത്ത ഘോഷിച്ചു. (കൊലോ. 1:23) അറിയിച്ചിരുന്ന സന്ദേശം ഒന്നുതന്നെയായിരുന്നെങ്കിലും അവർ കേൾവിക്കാരെ സമീപിച്ചിരുന്ന രീതിക്ക് വ്യത്യാസമുണ്ടായിരുന്നു. ഉദാഹരണത്തിന്, തിരുവെഴുത്തുകളോട് ആഴമായ ആദരവുണ്ടായിരുന്ന യഹൂദന്മാരോടു സംസാരിക്കവെ, യോവേൽ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ടാണ് പത്രോസ് തന്റെ പ്രസംഗം ആരംഭിച്ചത്. (പ്രവൃ. 2:14-17) എന്നാൽ പൗലോസാകട്ടെ ഗ്രീക്കുകാരോടു സംവദിക്കാൻ മറ്റൊരു രീതി അവലംബിച്ചു. പ്രവൃത്തികൾ 17:22-31 വാക്യങ്ങളിൽ അത് കാണാം. ഇന്ന്, ചില പ്രദേശങ്ങളിലെ ആളുകൾ തിരുവെഴുത്തുകളെ വിലമതിക്കുന്നവരാണ്. അങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുതോറുമുള്ള ശുശ്രൂഷയിൽ ഒട്ടും വൈമുഖ്യമില്ലാതെ നമുക്ക് ബൈബിൾ ഉപയോഗിക്കാനാകും. എന്നാൽ ബൈബിളിലോ മതത്തിലോ യാതൊരു താത്പര്യവുമില്ലാത്ത അല്ലെങ്കിൽ അക്രൈസ്തവരായ ആളുകളോട് സംസാരിക്കുമ്പോൾ നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
2. ബൈബിളിനെ ആദരിക്കുന്നവരും ആദരിക്കാത്തവരും ആയ ആളുകളെ സഹായിക്കാൻ നമുക്ക് എങ്ങനെ സമർപ്പണ പ്രസിദ്ധീകരണം ഉപയോഗിക്കാനാകും?
2 സമർപ്പണ പ്രസിദ്ധീകരണം ഫലകരമായി ഉപയോഗിക്കുക: ഈ സേവനവർഷത്തിൽ സമർപ്പിക്കേണ്ട പ്രസിദ്ധീകരണം ഈരണ്ടു മാസം കൂടുമ്പോൾ മാറുന്നതായിരിക്കും; മാസികകളും ലഘുലേഖകളും ലഘുപത്രികകളും നാം സമർപ്പിക്കും. നാം പ്രവർത്തിക്കുന്ന പ്രദേശത്തെ ആളുകൾക്ക് ബൈബിളിൽ താത്പര്യമില്ലെങ്കിൽപ്പോലും അവർക്ക് ഇഷ്ടപ്പെടുന്ന വിഷയങ്ങൾ അടങ്ങിയ ഏതെങ്കിലും പ്രസിദ്ധീകരണം നൽകാൻ നമുക്കു കഴിഞ്ഞേക്കും. ആദ്യസന്ദർശനത്തിൽ തിരുവെഴുത്തു വായിച്ചുകേൾപ്പിക്കാനോ ബൈബിളിനെക്കുറിച്ച് നേരിട്ടു പരാമർശം നടത്താനോ നമുക്ക് സാധിക്കില്ലായിരിക്കാം. എന്നിരുന്നാലും നമ്മുടെ സന്ദേശത്തോടു താത്പര്യം കാണിച്ച വ്യക്തിയുടെ അടുത്ത് നമുക്ക് മടങ്ങിച്ചെല്ലാനാകും—സ്രഷ്ടാവിലും അവന്റെ നിശ്വസ്ത വചനത്തിലും വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ. എന്നാൽ ബൈബിളിനെ ആദരിക്കുന്ന ആളുകളുള്ള ഒരു പ്രദേശത്താണ് നാം പ്രവർത്തിക്കുന്നതെങ്കിൽ അതിനനുസരിച്ചുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാനും സമീപനങ്ങൾ കൈക്കൊള്ളാനും നമുക്കു കഴിയും. സമർപ്പണത്തിനുള്ള പ്രസിദ്ധീകരണം ഏതായാലും, ഏത് അവസരത്തിലും നമുക്ക് ബൈബിൾ പഠിപ്പിക്കുന്നു എന്ന പുസ്തകമോ ദൈവം പറയുന്നതു കേൾക്കുവിൻ!, ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്നീ ലഘുപത്രികകളിൽ ഒന്നോ സമർപ്പിക്കാവുന്നതാണ്. അതെ, ഫലകരമായ സമീപനം കൈക്കൊള്ളുക എന്നതാണ് പ്രധാനം.
3. നമ്മുടെ പ്രദേശത്തെ ആളുകളുടെ ഹൃദയത്തെ മണ്ണിനോട് ഉപമിക്കാവുന്നത് എന്തുകൊണ്ട്?
3 ഹൃദയത്തെ ഒരുക്കുക: ആളുകളുടെ ഹൃദയത്തെ മണ്ണിനോട് ഉപമിക്കാവുന്നതാണ്. (ലൂക്കോ. 8:15) ചിലതരം മണ്ണ് സമയമെടുത്ത് ഒരുക്കേണ്ടതുണ്ടാകാം; എങ്കിൽ മാത്രമേ ബൈബിൾ സത്യത്തിന്റെ വിത്ത് വേരെടുത്ത് വളരുകയുള്ളൂ. എല്ലാത്തരം മണ്ണിലും സത്യത്തിന്റെ വിത്ത് പാകുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകർ വിജയിച്ചു; അത് അവർക്ക് സന്തോഷവും സംതൃപ്തിയും നൽകി. (പ്രവൃ. 13:48, 52) നാം കൈക്കൊള്ളുന്ന സമീപനത്തിനു ശ്രദ്ധ നൽകുന്നെങ്കിൽ അവരെപ്പോലെ നമുക്കും വിജയിക്കാനാകും.