“വീട്ടുകാരന് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ പഴയ ലക്കം മാസികയോ സമർപ്പിക്കുക”
ചില മാസങ്ങളിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കാനും ആദ്യ സന്ദർശനത്തിൽത്തന്നെ ഒരു ബൈബിളധ്യയനം തുടങ്ങാനും നാം ലക്ഷ്യമിടുന്നുണ്ടല്ലോ. വീട്ടുകാരുടെ പക്കൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉണ്ടായിരിക്കുകയും എന്നാൽ അവർക്ക് ഒരു ബൈബിളധ്യയനത്തിന് താത്പര്യമില്ലാതിരിക്കുകയും ചെയ്താൽ അവർക്ക് താത്പര്യമുള്ള വിഷയം പ്രതിപാദിക്കുന്ന ഒരു ലഘുപത്രികയോ ഒരു മുൻലക്കം മാസികയോ സമർപ്പിക്കാവുന്നതാണ്. എന്തുകൊണ്ടാണ് അത്?
നമ്മുടെ ലഘുപത്രികകളിലും മാസികകളുടെ മുൻലക്കങ്ങളിലും വൈവിധ്യമാർന്ന അനേകം വിഷയങ്ങളുണ്ട്. ഈ പ്രസിദ്ധീകരണങ്ങളിലുള്ള ഏതെങ്കിലുമൊരു വിഷയം വീട്ടുകാരന്റെ ശ്രദ്ധപിടിച്ചുപറ്റാനുള്ള സാധ്യതയേറെയാണ്. അതുകൊണ്ട് വയൽസേവന ബാഗിൽ സാഹിത്യങ്ങൾ എടുത്തുവെക്കുമ്പോൾ ലഘുപത്രികകളും മാസികകളുടെ ഏതാനും പഴയ ലക്കങ്ങളും കൂടെ എടുത്തുവെക്കുക. നിങ്ങളുടെ കൈവശം പഴയ ലക്കങ്ങൾ ഇല്ലെങ്കിൽ മാസികാ കൗണ്ടറിൽ ചോദിക്കാവുന്നതാണ്. വയലിൽ, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം കൈവശമുള്ള ഒരാളെ കണ്ടുമുട്ടിയാൽ, അദ്ദേഹത്തിന് ബൈബിളധ്യയനത്തിനു താത്പര്യമില്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ള ലഘുപത്രികകളും മാസികകളും കാണിച്ച് താത്പര്യമുള്ള വിഷയം തെരഞ്ഞെടുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുക. ആ വിഷയം സംസാരിക്കാനായി മടങ്ങിച്ചെല്ലുക. കാലാന്തരത്തിൽ അത് ഒരു ബൈബിളധ്യയനമായി പരിണമിച്ചേക്കാം.