യാതൊന്നും ഒരു തടസ്സമാകരുത് —അപര്യാപ്തതാബോധം
1. ബൈബിളധ്യയനം വാഗ്ദാനം ചെയ്യുന്നതിൽനിന്ന് ചിലർ പിന്മാറി നിൽക്കുന്നത് എന്തുകൊണ്ട്?
1 ഒരു ബൈബിളധ്യയനം ഫലപ്രദമായി നടത്താൻ കഴിവില്ലെന്ന ചിന്ത നിമിത്തം നിങ്ങൾ അത് വാഗ്ദാനം ചെയ്യാതിരിക്കാറുണ്ടോ? ലഭിച്ച നിയമനം നിറവേറ്റാൻ തങ്ങൾ അയോഗ്യരാണെന്ന് മോശ, യിരെമ്യാവ് തുടങ്ങിയ പുരാതനകാല വിശ്വസ്ത ദാസന്മാർക്കു തോന്നി. (പുറ. 3:10, 11; 4:10; യിരെ. 1:4-6) പലർക്കും അങ്ങനെ തോന്നാറുണ്ട്. ഇത്തരം ചിന്തകളെ നമുക്ക് എങ്ങനെ മറികടക്കാം?
2. ബൈബിളധ്യയനം നടത്താനുള്ള ചുമതല മറ്റുള്ളവർക്കു വിട്ടുകൊടുത്തിട്ട് വീടുതോറുമുള്ള വേലകൊണ്ടുമാത്രം നാം തൃപ്തിപ്പെടാൻ പാടില്ലാത്തത് എന്തുകൊണ്ട്?
2 നമ്മുടെ കഴിവിന് അതീതമായ കാര്യങ്ങൾ ചെയ്യാൻ യഹോവ നമ്മോട് ഒരിക്കലും ആവശ്യപ്പെടില്ല. (സങ്കീ. 103:14) ‘ശിഷ്യരാക്കാനും’ ‘പഠിപ്പിക്കാനും’ ഉള്ള നമ്മുടെ നിയോഗം നിറവേറ്റാൻ നമുക്ക് കഴിയും എന്നല്ലേ അതിനർഥം? (മത്താ. 28:19, 20) അനുഭവസമ്പത്തും മികച്ച കഴിവുകളും ഉള്ളവർക്കു മാത്രമായി നീക്കിവെച്ചിരിക്കുന്ന ഒരു പദവിയല്ല അത്. (1 കൊരി. 1:26, 27) അതുകൊണ്ട്, ബൈബിളധ്യയനം നടത്താനുള്ള ചുമതല മറ്റുള്ളവർക്കു വിട്ടുകൊടുത്തിട്ട് നാം നമ്മുടെ ശുശ്രൂഷ വീടുതോറുമുള്ള വേലയിൽമാത്രം ഒതുക്കിനിറുത്തരുത്.
3. ആളുകളെ ബൈബിൾ പഠിപ്പിക്കാൻ യഹോവ നമ്മെ യോഗ്യരാക്കിയിരിക്കുന്നത് എങ്ങനെ?
3 യഹോവ നമ്മെ യോഗ്യരാക്കുന്നു: ശിഷ്യരെ ഉളവാക്കാനുള്ള യോഗ്യതകൾ നമുക്ക് നൽകുന്നത് യഹോവയാണ്. (2 കൊരി. 3:5) ഈ ലോകത്തിലെ വിദ്യാസമ്പന്നരായ ആളുകൾക്കുപോലും അജ്ഞമായ ബൈബിൾ സത്യങ്ങൾ യഹോവ തന്റെ സംഘടനയിലൂടെ നമ്മെ പഠിപ്പിച്ചിരിക്കുന്നു. (1 കൊരി. 2:7, 8) വലിയ അധ്യാപകനായ യേശുവിന്റെ പഠിപ്പിക്കൽരീതികൾ നമ്മുടെ പ്രയോജനത്തിനായി അവൻ സംരക്ഷിച്ചിരിക്കുന്നു; സഭയിലൂടെ തുടർച്ചയായി പരിശീലനവും നൽകുന്നു. ആളുകളെ ബൈബിൾ പഠിപ്പിക്കാൻ ആവശ്യമായ വിവരങ്ങളും അവൻ നമുക്കു നൽകിയിട്ടുണ്ട്. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പോലെയുള്ള പഠനോപാധികൾ ഉപയോഗിച്ചുകൊണ്ട് ബൈബിൾ സത്യം യുക്തിസഹവും എളുപ്പം മനസ്സിലാക്കാനാകുന്നതും ആയ വിധത്തിൽ പഠിപ്പിക്കാൻ നമുക്കു കഴിയും. ഒരുപക്ഷേ, ഒരു ബൈബിളധ്യയനം നടത്തുക എന്നത് നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.
4. യഹോവ നമ്മെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
4 യഹോവയുടെ സഹായത്താൽ തങ്ങളുടെ നിയമനങ്ങൾ നിറവേറ്റാൻ മോശയ്ക്കും യിരെമ്യാവിനും കഴിഞ്ഞു. (പുറ. 4:11, 12; യിരെ. 1:7, 8) സഹായത്തിനായി നമുക്കും യഹോവയോട് അപേക്ഷിക്കാവുന്നതാണ്. നാം ബൈബിളധ്യയനം നടത്തുമ്പോൾ യഹോവയ്ക്ക് പ്രസാദകരമായ ഒരു കാര്യം ചെയ്യുകയാണ്; അതായത് അവനെക്കുറിച്ചുള്ള സത്യം ആളുകളെ പഠിപ്പിക്കുകയാണ്. (1 യോഹ. 3:22) അതിനാൽ ബൈബിളധ്യയനങ്ങൾ നടത്താൻ ലക്ഷ്യം വെക്കുക; ശുശ്രൂഷയുടെ ഏറ്റവും ആസ്വാദ്യകരവും പ്രതിഫലദായകവും ആയ ഒരു സവിശേഷതയാണ് അത്.