‘സമഗ്രസാക്ഷ്യം നൽകുക’—അപ്പാർട്ടുമെന്റ് സാക്ഷീകരണത്തിലൂടെ
1. ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുന്നതിൽ’ എന്തും ഉൾപ്പെടുന്നു?
1 പൗലോസ് അപ്പൊസ്തലനെപ്പോലെ ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക’ എന്നതാണ് നമ്മുടെയും ആഗ്രഹം. (പ്രവൃ. 20:24) അതുകൊണ്ട്, നമ്മുടെ പ്രദേശത്ത് കഴിയുന്നത്ര ആളുകളുടെ അടുക്കൽ രാജ്യസന്ദേശം എത്തിക്കാൻ നാം ശ്രമിക്കുന്നു. ബഹുനിലക്കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് സാക്ഷീകരിക്കുന്നതും ഇതിൽ ഉൾപ്പെടും. ഇത്തരം കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല എന്നതു ശരിയാണ്. എന്നിരുന്നാലും, ഇവിടങ്ങളിൽ ധാരാളം ആളുകൾ താമസിക്കുന്നതിനാൽ സുവാർത്ത വളരെയേറെ ആളുകളുടെ പക്കൽ എത്തിക്കാൻ പറ്റിയ പ്രദേശമാണ് ഇത്.
2. വിവേകത്തോടെയും ന്യായബോധത്തോടെയും ബഹുനിലക്കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
2 അക്രമസംഭവങ്ങൾ ഇന്ന് ധാരാളം ഉള്ളതിനാൽ സുരക്ഷയെപ്രതി ഇത്തരത്തിലുള്ള മിക്ക കെട്ടിടങ്ങളും പൂട്ടിയിട്ടിരിക്കും; കാവലിന് ആളുകളെ നിറുത്തുന്നതും നിരീക്ഷണക്യാമറകൾ വെക്കുന്നതും സാധാരണം. (2 തിമൊ. 3:1, 2) അപരിചിതർക്ക് പ്രവേശനമില്ലെന്ന വ്യവസ്ഥ ചിലപ്പോൾ അപ്പാർട്ടുമെന്റ് അധികാരികൾ വെച്ചിട്ടുണ്ടാകാം. ഒരുപക്ഷേ ഏതെങ്കിലും താമസക്കാരുടെ പരാതിയുടെ പേരിൽ കെട്ടിടം വിട്ടുപോകാൻ മാനേജരോ ചുമതലപ്പെട്ടവരോ നമ്മോട് ആവശ്യപ്പെട്ടെന്നുംവരാം. അതുകൊണ്ട് വിവേകത്തോടെയും നല്ല ന്യായബോധത്തോടെയും വേണം ബഹുനിലക്കെട്ടിടങ്ങളിൽ പ്രവർത്തിക്കാൻ.
3. അപ്പാർട്ടുമെന്റ് സാക്ഷീകരണത്തിനു പറ്റിയ സമയം എപ്പോഴാണ്, എന്തുകൊണ്ട്?
3 എപ്പോൾ സാക്ഷീകരിക്കണം? മറ്റ് പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്നതുപോലെ, ആളുകൾ അപ്പാർട്ടുമെന്റുകളിൽ കാണാൻ സാധ്യതയുള്ള സമയങ്ങളിൽ സാക്ഷീകരിക്കുന്നതാണ് ഏറ്റവും നല്ലത്. താമസക്കാർ മിക്കവരും സ്ഥലത്തില്ലാത്ത സമയത്ത് സാക്ഷീകരിക്കാൻ ചെല്ലുന്നത് സംശയങ്ങൾക്കു വഴിവെച്ചേക്കാം. വൈകുന്നേരങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ആളുകളെ കണ്ടുമുട്ടാൻ പല പ്രസാധകർക്കും കഴിഞ്ഞിരിക്കുന്നു. അപ്പാർട്ടുമെന്റുകളിൽ അതിരാവിലെ പ്രവർത്തിക്കുന്നത് അത്ര നല്ലതായിരിക്കില്ല, വിശേഷിച്ചും വാരാന്തങ്ങളിൽ. ചിലപ്പോൾ മേലധികാരികളുടെ അടുക്കൽ പരാതി ചെല്ലാൻ ഇടയുണ്ട്.
4, 5. പൂട്ടിയിട്ട അപ്പാർട്ടുമെന്റുകളിൽ പ്രവേശിക്കാൻ എങ്ങനെ കഴിഞ്ഞേക്കാം?
4 പ്രവേശനാനുമതിക്ക്: ബഹുനിലക്കെട്ടിടത്തിന്റെ മാനേജർ, അധികാരികൾ, മറ്റേതെങ്കിലും ജീവനക്കാർ എന്നിവരോട് സാക്ഷീകരണത്തിനു മുമ്പ് അനുമതി തേടാൻ പ്രസാധകർ ശ്രമിക്കരുത്. അടച്ചിട്ടിരിക്കുന്ന ഇത്തരം വലിയ കെട്ടിടങ്ങളിൽ പ്രവേശിക്കാതെതന്നെ, താമസക്കാരുമായി സംസാരിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ അത് ഉപയോഗിക്കുക. താത്പര്യമുള്ളത് ആർക്കാണെന്നു മനസ്സിലാക്കാനും പ്രവേശനാനുമതി നേടാനും അങ്ങനെ കഴിയും. അനുവാദം തന്ന വീട്ടുകാരെ കണ്ട് സംസാരിച്ചുകഴിഞ്ഞാൽ ആ കെട്ടിടത്തിലുള്ള മറ്റു വീട്ടുകാരോടും സംസാരിക്കാൻ ചില ബഹുനിലക്കെട്ടിടങ്ങളിൽ സാധിച്ചേക്കാം. പക്ഷേ, ഇക്കാര്യം നിർണയിക്കുന്നതിൽ നല്ല വിവേകം പ്രകടമാക്കേണ്ടതുണ്ട്. ഇത് സാധ്യമല്ലെങ്കിൽ കെട്ടിടത്തിന്റെ പുറത്തുകടന്ന് വീണ്ടും മറ്റൊരു താമസക്കാരനുമായി ബന്ധപ്പെടുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ ഈ രീതിയിൽ ഒരു സന്ദർശനത്തിൽ എത്ര പേരോട് സാക്ഷീകരിക്കണമെന്ന് വിവേചനയോടെ തീരുമാനിക്കണം.
5 സന്ദർശനോദ്ദേശ്യം എന്താണെന്ന് നമ്മൾ ഫോണിലൂടെത്തന്നെ വ്യക്തമാക്കാൻ ചില താമസക്കാർ ആവശ്യപ്പെട്ടേക്കാം. എങ്കിൽ സൗഹൃദപരമായി നിങ്ങളെ പരിചയപ്പെടുത്തുക. വീട്ടുകാരന്റെ പേര് അറിയാൻ മാർഗമുണ്ടെങ്കിൽ പേരെടുത്ത് സംസാരിച്ചുകൊണ്ട് നമ്മുടെ സന്ദേശം ചുരുങ്ങിയ വാക്കുകളിൽ പറയാനാകും.
6. പ്രവേശനാനുമതി ലഭിക്കുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും?
6 താമസക്കാരോട് സാക്ഷീകരിക്കാൻ ചുമതലപ്പെട്ടവർ അനുവാദം തരുന്നില്ലെങ്കിൽ നമുക്ക് അവരോടുതന്നെ സാക്ഷീകരിക്കാൻ ഒരു ശ്രമം നടത്താം. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ താത്പര്യമുള്ളവരാണ് അവരിൽ മിക്കവരും; ഒരു ബൈബിളധ്യയനം ആരംഭിക്കാനും ചിലപ്പോൾ നമുക്ക് കഴിഞ്ഞെന്നുവരും. താത്പര്യം കാണിച്ച ഏതെങ്കിലും ഒരു താമസക്കാരനെ സന്ദർശിക്കാൻ അവർ ചിലപ്പോൾ അനുവാദം തന്നേക്കാം. എന്നാൽ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് അവിടെയുള്ള മറ്റുള്ളവരോടും സാക്ഷീകരിക്കുന്നത് ശരിയായിരിക്കില്ല.
7. അധികാരികളോട് എങ്ങനെ അനുമതി ചോദിക്കാം?
7 അപ്പാർട്ടുമെന്റ് അധികാരികളോട് അനുവാദം ചോദിക്കാൻ ചിലപ്പോൾ ജീവനക്കാർ ആവശ്യപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ ആ കെട്ടിടത്തിന്റെ പ്രതിനിധിയെ കണ്ട് ഇങ്ങനെ പറയാവുന്നതാണ്: “എന്റെ പേര് ____________________________ എന്നാണ്. യഹോവയുടെ സാക്ഷികൾ എന്ന പേരിലാണ് ഞങ്ങളെ ലോകവ്യാപകമായി അറിയുന്നത്. കുടുംബജീവിതം സന്തുഷ്ടമാക്കുക, കുട്ടികളെ ഉത്തരവാദിത്വമുള്ളവരായി വളർത്തിക്കൊണ്ടുവരുക, ജീവിതോത്കണ്ഠകളെ തരണം ചെയ്യുക, ഭാവിയെ ശുഭപ്രതീക്ഷയോടെ കാണുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആളുകളോട് സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. (അനുയോജ്യമായ മാസികകളോ മറ്റു പ്രസിദ്ധീകരണങ്ങളോ കാണിക്കുക.) വിരോധമില്ലെങ്കിൽ ഇവിടെയുള്ള താമസക്കാരോട് ഇക്കാര്യങ്ങൾ ചുരുക്കമായി സംസാരിക്കാനും അവർക്കു താത്പര്യമെങ്കിൽ പ്രസിദ്ധീകരണങ്ങൾ പണം ഈടാക്കാതെ നൽകാനും ഞങ്ങൾക്കു സന്തോഷമുണ്ട്. എന്നാൽ അവർ തിരക്കിലാണെങ്കിൽ അവരെ ശല്യപ്പെടുത്തുകയില്ല; ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കുകയുമില്ല.” സംഭാഷണം ഇങ്ങനെയും അവസാനിപ്പിക്കാവുന്നതാണ്: “ഈ വിവരങ്ങൾ ഇവിടെയുള്ള താമസക്കാരോടു പറയാൻ നിങ്ങൾ അനുവാദം നൽകിയാൽ ഞങ്ങൾക്ക് സന്തോഷമായിരിക്കും. അവർക്കു താത്പര്യമുണ്ടെങ്കിൽ വില ഈടാക്കാതെ ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളും നൽകുന്നതാണ്.”
8. സാക്ഷീകരണബാഗിന്റെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
8 എങ്ങനെയാണ് സാക്ഷീകരിക്കാൻ ചെല്ലേണ്ടത്? വലിയ ബാഗുകളുമായി സാക്ഷീകരണത്തിനു പോകുന്നത് അനാവശ്യശ്രദ്ധ ആകർഷിച്ചേക്കാം. അതുകൊണ്ട് ചെറിയ ബാഗ് കൊണ്ടുപോകുക. ബാഗില്ലാതെ പോകുന്നതിനും കുഴപ്പമില്ല. ചിലർ പ്രസിദ്ധീകരണങ്ങൾ ചെറിയൊരു ഫയലിൽ കൊണ്ടുപോകുന്നു, ബൈബിൾ പോക്കറ്റിലും.
9. അകത്തേക്കു കയറുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 കെട്ടിടത്തിലേക്കു കയറുന്നതിനു മുമ്പ് ചെരിപ്പ് തുടച്ച് വൃത്തിയാക്കുക. നിങ്ങൾ കടന്നുപോന്നതിനു ശേഷം പ്രവേശനകവാടം അടച്ചെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ താമസക്കാരുടെ പരാതിക്കുള്ള കാരണം കുറച്ചൊക്കെ നമുക്ക് ഒഴിവാക്കാനാകും. അകത്തുകടന്നുകഴിഞ്ഞാൽ അലക്ഷ്യമായി നടക്കുന്നതിനുപകരം സാക്ഷീകരണം നടത്താൻ ഉദ്ദേശിക്കുന്ന നിലയിലേക്കു പോകുക. സംശയത്തിന് ഇടംകൊടുക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ അത് സഹായിക്കും.
10. ഇടനാഴിയിൽ അനാവശ്യശബ്ദം ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
10 പല അപ്പാർട്ടുമെന്റുകളിലും ഇടനാഴിയിൽ ശബ്ദം മുഴങ്ങിക്കേൾക്കും. അതുകൊണ്ട് വീട്ടുകാരന് കേൾക്കാൻ മതിയായ ശബ്ദത്തിൽ മാത്രം സംസാരിക്കുക. മറ്റു പ്രസാധകരോട് സംസാരിക്കുമ്പോഴും ശബ്ദം താഴ്ത്തി മൃദുവായി വേണം സംസാരിക്കാൻ. തീരെ ശബ്ദം കുറച്ച് സംസാരിച്ചാൽ അതും സംശയത്തിന് ഇടം കൊടുത്തേക്കാം. വീട്ടുകാർക്ക് ശല്യമാകാതിരിക്കാൻ ഇടനാഴിയിലുള്ള അടുത്തടുത്ത വീടുകൾ കയറാതിരിക്കാൻ ചില പ്രസാധകർ ശ്രദ്ധിക്കുന്നു; ഇടനാഴിയിലെ ഒരറ്റത്തുള്ള വീട്ടിൽ കയറിയാൽ, പിന്നെ അവർ കയറുന്നത് മറ്റേ അറ്റത്തുള്ള വീട്ടിലായിരിക്കും. വീട്ടുകാരെ ഭയപ്പെടുത്തുംവിധം വളരെ ശക്തിയായി അധികാരഭാവത്തിൽ വാതിലിൽ മുട്ടുന്നതും ഒഴിവാക്കുക.
11. കതകിൽ തട്ടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും?
11 പുറത്തു നിൽക്കുന്നവരെ കാണാൻവേണ്ടി കതകിന് സുഷിരമുണ്ടെങ്കിൽ നിങ്ങളെയും കൂടെയുള്ള ആളെയും കാണാവുന്ന വിധത്തിൽ അതിലേക്കു നോക്കിനിൽക്കുക. ആരെങ്കിലും പുറത്തേക്കു നോക്കുന്നത് കാണുന്നെങ്കിൽ സൗഹൃദസംഭാഷണത്തോടെ അവതരണം ആരംഭിക്കുക. ‘ആരാ?’ എന്ന് വീട്ടുകാരൻ ചോദിച്ചാൽ നിങ്ങളുടെ പേരും കൂടെയുള്ള ആളുടെ പേരും പറഞ്ഞ് അവതരണം തുടങ്ങുന്നത് നന്നായിരിക്കും. അപ്പോൾ വാതിൽ തുറക്കാൻ വീട്ടുകാരന് കുറച്ചുകൂടെ ധൈര്യം തോന്നാൻ സാധ്യതയുണ്ട്. വാതിൽ തുറന്നില്ലെങ്കിലും അവതരണം തുടരാനായേക്കും.
12. ആളില്ലാത്ത വീടുകളിൽ പ്രസിദ്ധീകരണങ്ങൾ വെക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
12 വീട്ടിൽ ആളില്ലാത്തപ്പോൾ: പ്രസിദ്ധീകരണങ്ങൾ ഇടനാഴിയിൽനിന്നോ കെട്ടിടത്തിന്റെ പരിസരത്തുനിന്നോ പെറുക്കിയെടുക്കേണ്ടിവരുന്നു എന്നാണ് മേൽനോട്ടം വഹിക്കുന്നവർ കൂടെക്കൂടെ പറയുന്ന പരാതി. കതകിൽ വെക്കുന്ന പ്രസിദ്ധീകരണങ്ങൾ ഒരുപക്ഷേ താഴെവീണ് അങ്ങുമിങ്ങും ചിതറിക്കിടക്കാനിടയുണ്ട്. അതുകൊണ്ട് ആളില്ലാത്ത വീടുകളിൽ പ്രസിദ്ധീകരണങ്ങൾ വെക്കുമ്പോൾ മറ്റാർക്കും കാണാനാകാത്ത വിധത്തിൽ വെക്കുക.
13. വീട്ടുകാരൻ ക്ഷുഭിതനായാൽ എന്തു ചെയ്യാനാകും?
13 വീട്ടുകാരൻ ക്ഷുഭിതനായാൽ: കോപാകുലനായ ഒരു വീട്ടുകാരൻ ചുമതലപ്പെട്ടവരെ വിളിക്കാൻ സാധ്യതയുണ്ടെന്നു തോന്നിയാൽ ആ നില വിട്ട് മറ്റൊന്നിലേക്കു നീങ്ങുന്നതായിരിക്കും ബുദ്ധി. അവിടെയുള്ള മറ്റു ഭവനങ്ങൾ സന്ദർശിക്കാനായി പിന്നീടു മടങ്ങിച്ചെല്ലാനായേക്കും. ചിലപ്പോൾ കെട്ടിടംതന്നെ വിട്ടു പോരുന്നതായിരിക്കും ഉചിതം; കെട്ടിടത്തിന്റെ മേലധികാരികളും മറ്റു ജീവനക്കാരുമെല്ലാം പ്രശ്നത്തിൽ ഉൾപ്പെടുന്നത് ഒഴിവാക്കാൻ അതു സഹായിക്കും. തന്റെ വീട്ടിൽ ഇനി വന്നേക്കരുത് എന്ന് വീട്ടുകാരൻ പറഞ്ഞില്ലെങ്കിൽപ്പോലും വീടിന്റെ നമ്പർ അടക്കം ‘സന്ദർശിക്കരുത്’ എന്നു രേഖപ്പെടുത്തിയ ഒരു കുറിപ്പ് പ്രദേശരേഖാ കാർഡിനൊപ്പം വെക്കുക. ‘സന്ദർശിക്കരുത്’ എന്ന് രേഖപ്പെടുത്തിവെക്കുന്ന മറ്റു വീടുകളുടെ കാര്യത്തിലെന്നപോലെ, ഇവരെയും ഇടയ്ക്കിടെ സന്ദർശിക്കണം. ഒരുപക്ഷേ, ഇവരുടെ മനോഭാവത്തിന് മാറ്റം വന്നെന്നുവരാം.
14, 15. പ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടാൽ എന്തു ചെയ്യണം?
14 കെട്ടിടം വിട്ടുപോകാൻ ആവശ്യപ്പെട്ടാൽ: തുടർന്നു പ്രവർത്തിക്കരുതെന്ന് മേലധികാരികളോ ജീവനക്കാരോ പറഞ്ഞാൽ ഉടൻ സ്ഥലംവിടുന്നതാണ് നല്ലത്. അവരുമായി വാക്കുതർക്കം ഉണ്ടായാൽ ഒരുപക്ഷേ അവർ പോലീസിനെ വിളിക്കുമെന്നോ നിയമനടപടികൾ കൈക്കൊള്ളുമെന്നോ പറഞ്ഞേക്കാം. അത്തരം സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നു. അധികാരികൾക്കും ജീവനക്കാർക്കും യഹോവയുടെ സാക്ഷികളോട് വിരോധമൊന്നും കാണില്ല; അവർ അവരുടെ ജോലി ചെയ്യുന്നെന്നുമാത്രം.
15 കെട്ടിടം വിട്ടുപോകാൻ ജീവനക്കാരോ അധികാരികളോ ആവശ്യപ്പെട്ടാലും സന്ദർശനോദ്ദേശ്യം എന്താണെന്ന് പറയാൻ ചിലപ്പോൾ അവസരം ലഭിച്ചേക്കാം. ദയയോടും ആദരവോടും കൂടെ അക്കാര്യം വിശദീകരിക്കുക. (1 പത്രോ. 3:15) എന്നാൽ താമസക്കാരുടെ സുസ്ഥിതിയും കെട്ടിടത്തിന്റെ സുരക്ഷയും ഉറപ്പാക്കാനുള്ള അവരുടെ ഉത്തരവാദിത്വം മാനിക്കുക. ഒരുപക്ഷേ സാക്ഷീകരണം തുടരാൻ അവർ അനുവദിച്ചേക്കാം. മറിച്ചാണ് സംഭവിക്കുന്നതെങ്കിലും മടികൂടാതെ സമാധാനത്തോടെ അവിടം വിട്ടുപോരുക. സാഹചര്യം അനുകൂലമാണെങ്കിൽ, താമസക്കാരുടെ തപാൽപെട്ടിയിൽ ക്രമമായി പ്രസിദ്ധീകരണങ്ങൾ വെക്കാനുള്ള അനുമതി ചോദിക്കാനാകും. (കൊലോ. 4:6) ഇത്തരം സംഭവങ്ങളെക്കുറിച്ച് സേവനമേൽവിചാരകനെ അറിയിച്ചിരിക്കണം.
16. സാക്ഷീകരിക്കാനുള്ള തടസ്സം നിലനിൽക്കുകയാണെങ്കിൽ എന്തു ചെയ്യണം?
16 ചിലപ്പോൾ കുറച്ചു നാളുകൾക്കു ശേഷം പ്രസാധകർക്ക് അത്തരം കെട്ടിടങ്ങളിൽ സാക്ഷീകരിക്കാൻ കഴിഞ്ഞെന്നുവരും, എന്നാൽ വിവേചനയോടെ വേണം പ്രവർത്തിക്കാൻ. നേരിട്ടുപോയി സാക്ഷീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ടെലിഫോണിലൂടെയോ കത്തിലൂടെയോ സാക്ഷീകരിക്കാവുന്നതാണ്. താമസക്കാരുടെ പേരും ഫോൺനമ്പരും അധികാരികളിൽനിന്ന് ഒരുപക്ഷേ ലഭിച്ചേക്കും. കത്തിലൂടെ സാക്ഷീകരിക്കുമ്പോൾ ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 71-73 പേജുകളിലെ നിർദേശങ്ങൾ പിൻപറ്റുക. കെട്ടിടസമുച്ചയത്തിന്റെ മുന്നിലോ തൊട്ടടുത്തോ രാവിലെയും വൈകുന്നേരവും തെരുവുസാക്ഷീകരണം നടത്താൻ ചില പ്രസാധകർ ശ്രമിക്കാറുണ്ട്. ആളുകൾ ജോലിക്ക് പോകുകയും വരുകയും ചെയ്യുന്ന സമയമാണല്ലോ അത്.
17. ബഹുനിലക്കെട്ടിടങ്ങളിൽ സാക്ഷീകരിക്കേണ്ടത് എന്തുകൊണ്ട്?
17 ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം അതിവേഗം അടുത്തുവരുന്നു. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ. “എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? തങ്ങൾ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസം അർപ്പിക്കും?” (റോമ. 10:13, 14) “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ള അനേകർ ബഹുനിലക്കെട്ടിടങ്ങളിൽ പാർക്കുന്നുണ്ട്. (പ്രവൃ. 13:48) വിവേകത്തോടെയും നല്ല ന്യായബോധത്തോടെയും പ്രവർത്തിക്കുന്നെങ്കിൽ അവരുടെ പക്കലും സുവാർത്ത എത്തിക്കാൻ നമുക്കാകും.