സുവാർത്ത അവതരിപ്പിക്കുക—വിവേചനയോടെ
1 വിവിധതരം വിശ്വാസങ്ങളും പശ്ചാത്തലങ്ങളും ഉള്ളവരെ സുവാർത്ത അറിയിക്കുന്നതിൽ വിവേചന ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പൗലോസ് അപ്പൊസ്തലൻ ഊന്നിപ്പറഞ്ഞു. നമ്മുടെ നാളുകളിൽ ചിലർ മതവിശ്വാസികളെന്ന് അവകാശപ്പെടുന്നെങ്കിലും മറ്റു ചിലർ ആത്മീയചായ്വില്ലാത്തവരും ആത്മീയമൂല്യങ്ങളെ വിലമതിക്കാത്തവരുമാണ്. സുവാർത്തയുടെ പ്രസാധകരെന്ന നിലയിൽ രാജ്യസന്ദേശം ‘എല്ലാത്തരം മനുഷ്യർക്കും’ ആകർഷകമായ വിധത്തിൽ അവതരിപ്പിക്കാൻ നാം നല്ല വിവേചന ഉപയോഗിക്കണം.—1 കൊരി. 9:19-23.
2 വീട്ടുകാരനെ അടുത്ത് അറിയാൻ ശ്രമിക്കുക: വയൽസേവനത്തിൽ വിവേചന ഉപയോഗിക്കുന്നതിനുള്ള ഒരു പ്രായോഗികമാർഗം വീട്ടുകാരന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചു നമ്മുടെ അവതരണം പരുവപ്പെടുത്തുന്നതാണ്. ഇതിനു നല്ല തയ്യാറാകൽ ആവശ്യമാണ്. പുസ്തകങ്ങളിലും മാസികകളിലും വന്നിട്ടുള്ള വ്യത്യസ്തവിഷയങ്ങൾ നന്നായി പഠിച്ച് പരിചിതനായ ഒരു പ്രസാധകനു രാജ്യസന്ദേശം ഏതുതരത്തിലുള്ള ആളുകളോടും എളുപ്പം അവതരിപ്പിക്കാനാകും. പ്രായമേറിയവർ, യുവജനങ്ങൾ, കുടുംബനാഥന്മാർ, വീട്ടമ്മമാർ, ജോലിക്കാരായ സ്ത്രീകൾ തുടങ്ങിയവരോടു സംസാരിക്കുമ്പോൾ അവരവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിഷയം തിരഞ്ഞെടുക്കുന്നതിൽ വിവേചന ഉപയോഗിക്കണം.
3 വീട്ടുകാരനെ സമീപിക്കുമ്പോൾ ചുറ്റുപാടുകൾ നിരീക്ഷിക്കുക. അദ്ദേഹം ഒരു പിതാവാണോ, മതപശ്ചാത്തലം എന്താണ്, വീടു സംരക്ഷിക്കുന്നതിൽ അതീവതത്പരനാണോ തുടങ്ങിയ പല കാര്യങ്ങൾ നിങ്ങൾക്കു വിവേചിക്കാനാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുകാരന്റെ സാഹചര്യങ്ങൾക്കും താത്പര്യങ്ങൾക്കും ഇണങ്ങുംവിധം നിങ്ങളുടെ മുഖവുര പരുവപ്പെടുത്താനായേക്കും. നയപരവും വിവേകപൂർവവുമായ ചോദ്യങ്ങളാലും വീട്ടുകാരന്റെ അഭിപ്രായങ്ങൾ നന്നായി ശ്രദ്ധിക്കുന്നതിനാലും നിങ്ങൾക്ക് അദ്ദേഹത്തിന്റെ വിശ്വാസങ്ങളും വികാരങ്ങളും തിരിച്ചറിഞ്ഞ് അവതരണത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തി തുടരാനാകും.
4 നിങ്ങളുടെ അവതരണം അനുയോജ്യമാക്കുക: വീട്ടിലേക്കു ചെല്ലുമ്പോൾ കളിപ്പാട്ടങ്ങൾ കണ്ണിൽപ്പെടുകയോ കുട്ടികളെ കാണുകയോ ചെയ്യുന്നെങ്കിൽ സംഭാഷണവിഷയം മനസ്സിൽ പിടിച്ചുകൊണ്ട് ഇങ്ങനെ തുടങ്ങാവുന്നതാണ്: “ഈ പ്രദേശത്തെ മാതാപിതാക്കൾ കുട്ടികൾക്കു നൽകുന്ന മാർഗനിർദേശങ്ങളെക്കുറിച്ചു ഞങ്ങൾ സംസാരിച്ചുവരികയാണ്. കുട്ടികൾക്കു സ്കൂളിൽ ധാർമികനിലവാരങ്ങളെക്കുറിച്ചു മാർഗനിർദേശം ലഭിക്കാത്തതിൽ പല മാതാപിതാക്കളും ആകുലരാണ്. ഈ രീതിയിലുള്ള ഏതെങ്കിലും പ്രശ്നം താങ്കൾ നിരീക്ഷിച്ചിട്ടുണ്ടോ?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുക. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ഇങ്ങനെ തുടരുക: “നമുക്കും നമ്മുടെ കുട്ടികൾക്കും ജ്ഞാനപൂർവമായ നിർദേശങ്ങളുടെ ആവശ്യം സംബന്ധിച്ച് ബൈബിൾ പറയുന്നതു രസാവഹമാണ്. സദൃശവാക്യങ്ങൾ 14:12 പറയുന്നത് ശ്രദ്ധിക്കാമോ?” തിരുവെഴുത്തു വായിച്ചശേഷം ഇപ്രകാരം പറയുക: “ബൈബിൾബുദ്ധിയുപദേശം നമുക്ക് എത്രമാത്രം പ്രായോഗികമാണെന്ന് ഊന്നിപ്പറയുന്ന ചിലതൊക്കെ ഞാൻ ഈയിടെ വായിച്ചു.” ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 134-ാം പേജിലേക്കു മറിച്ച് ഉചിതമായ ഒരു ഖണ്ഡിക ചർച്ച ചെയ്യുക.
5 യഹോവയുടെ സേവനത്തിൽ നാം നന്നായി തയ്യാറാകുകയും വിവേചന കാണിക്കുകയും ചെയ്യുന്നെങ്കിൽ അപ്പൊസ്തലനായ പൗലോസിനെപ്പോലെ നമുക്കും ഇങ്ങനെ പറയാനാകും, “ഏതുവിധേനയും ചിലരെ നേടേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.”—1 കൊരി. 9:22; സദൃ. 19:8, NW.