ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്ക് ആളുകളെ നയിക്കുക
1. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം തുടക്കത്തിൽത്തന്നെ എല്ലാവർക്കും അനുയോജ്യമാകുമോ? വിശദീകരിക്കുക.
1 യഹോവയുടെ ആരാധകനായിത്തീരുന്നതിന് ഒരു വ്യക്തി ബൈബിൾപഠിപ്പിക്കലുകൾ മനസ്സിലാക്കണം. എന്നാൽ ചില അക്രൈസ്തവർ ബൈബിളിനെ ദൈവവചനമായി കണക്കാക്കുന്നില്ല. മറ്റു ചിലർക്കു ദൈവത്തിൽപ്പോലും വിശ്വാസമില്ലാത്തതിനാൽ ബൈബിളിനെ ആദരിക്കുന്നില്ല. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സ്വീകരിക്കാൻ തുടക്കത്തിൽ ഇഷ്ടമില്ലാത്തവർക്ക് ഏതൊക്കെ ഉപകരണങ്ങളാണു ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നത്? 20 വ്യത്യസ്തരാജ്യങ്ങളിലെ പ്രസാധകരുടെ അഭിപ്രായങ്ങളെ ആധാരമാക്കിയുള്ള നിർദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
2. ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു നമ്മോട് ആരെങ്കിലും പറയുന്നെങ്കിൽ എന്തു മനസ്സിലാക്കാൻ നാം ശ്രമിക്കണം, എന്തുകൊണ്ട്?
2 ദൈവത്തിൽ വിശ്വാസമില്ലാത്തവർ: തനിക്കു ദൈവത്തിൽ വിശ്വാസമില്ലെന്ന് ഒരുവൻ പറയുന്നെങ്കിൽ അതിന്റെ കാരണം കണ്ടെത്തുന്നത് പ്രയോജനപ്രദമാണ്. അദ്ദേഹം പരിണാമത്തിൽ വിശ്വസിക്കുന്നതുകൊണ്ടാണോ? ലോകത്തിലെ അനീതിയോ മതങ്ങളിലെ കാപട്യമോ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടോ? ദൈവവിശ്വാസം അടിച്ചമർത്തപ്പെട്ട ഒരു ദേശത്തുനിന്നുള്ള ആളാണോ അദ്ദേഹം? ഒരുപക്ഷേ ദൈവത്തിന്റെ അസ്തിത്വം പാടേ നിഷേധിക്കുന്നില്ലായിരിക്കാം, എങ്കിലും ദൈവത്തിൽ വിശ്വസിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടുണ്ടായിരിക്കില്ല. വ്യക്തിയുടെ അഭിപ്രായം അറിയാനായി അനേകം പ്രസാധകരും, “എല്ലായ്പോഴും നിങ്ങൾക്ക് ഇങ്ങനെതന്നെയാണോ തോന്നിയിട്ടുള്ളത്?” എന്ന ചോദ്യം ചോദിക്കുന്നു. അദ്ദേഹത്തെ തടസ്സപ്പെടുത്താതെ പറയുന്നതു ശ്രദ്ധിക്കുക. എന്തുകൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു മനസ്സിലാക്കുന്നത് എങ്ങനെ മറുപടി കൊടുക്കണമെന്നും ഏതു പ്രസിദ്ധീകരണം സമർപ്പിക്കണമെന്നും തിരിച്ചറിയാൻ നമ്മെ സഹായിക്കും.—സദൃ. 18:13.
3. വ്യക്തിയോടും അദ്ദേഹത്തിന്റെ വിശ്വാസങ്ങളോടും നമുക്കെങ്ങനെ ആദരവു പ്രകടമാക്കാം?
3 മറുപടി കൊടുക്കുമ്പോൾ, അദ്ദേഹത്തിന്റെ വീക്ഷണത്തെ നിങ്ങൾ ചോദ്യംചെയ്യുന്നതായുള്ള തോന്നൽ ഉളവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു രാജ്യത്തുനിന്നുള്ള ശുപാർശ ഇതാണ്: “എന്തു വിശ്വസിക്കണം എന്നു തീരുമാനിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെ നാം മാനിക്കേണ്ടതു വളരെ പ്രധാനമാണ്. വാദിച്ചു ജയിക്കുന്നതിനു പകരം സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തമായി നിഗമനങ്ങളിലെത്താനും കഴിയുംവിധം ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.” വീട്ടുകാരനെ ശ്രദ്ധിച്ചു കേട്ടതിനുശേഷം ഒരു സഞ്ചാര മേൽവിചാരകൻ തന്റെ മറുപടിക്കുമുമ്പായി സാധാരണഗതിയിൽ ഇങ്ങനെ ചോദിക്കാറുണ്ട്, “നിങ്ങൾ എന്നെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ?”
4. ബുദ്ധമതക്കാരെ നമുക്ക് എങ്ങനെ സഹായിക്കാനാകും?
4 മിക്ക ബുദ്ധമതക്കാർക്കും ദൈവമെന്ന സങ്കല്പം അന്യമാണ്. ഇങ്ങനെയുള്ളവരോടു സാക്ഷീകരിക്കുമ്പോൾ ബ്രിട്ടനിലുള്ള ചില പ്രസാധകർ ലഘുപത്രികകൾ കൊടുക്കാൻ താത്പര്യപ്പെടുന്നു. പിന്നീടു ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം പരിചയപ്പെടുത്താനും വീട്ടുകാരനോട് ഇങ്ങനെ പറയാനും സാധിച്ചേക്കാം, “നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽപോലും ബൈബിൾ പഠിക്കുന്നതു പ്രയോജനകരമാണ്, കാരണം അതിൽ അനേകം പ്രായോഗികനിർദേശങ്ങൾ ഉണ്ട്.” ഐക്യനാടുകളിലെ ചൈനീസ് വയലിൽ പ്രവർത്തിക്കുന്ന ഒരു പയനിയർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രദേശത്തുള്ള അനേകരും വായന ആസ്വദിക്കുന്നു. ഞങ്ങൾ മടങ്ങിയെത്തുന്നതിനു മുമ്പുതന്നെ പലപ്പോഴും അവർ പ്രസിദ്ധീകരണം മുഴുവനും വായിച്ചു തീർത്തിരിക്കും. എന്നാൽ ബൈബിളധ്യയനം എന്ന ആശയം അവർക്ക് അന്യമാണ്. അതിനാൽ ആദ്യസന്ദർശനത്തിൽ ഞാൻ സുവാർത്താ ലഘുപത്രിക സമർപ്പിക്കാൻ ഇഷ്ടപ്പെടുന്നു, കാരണം ചർച്ച പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് അത് എഴുതിയിരിക്കുന്നത്.” ഐക്യനാടുകളിലെ ചൈനീസ് ഭാഷാ സർക്കിട്ടിൽ പ്രവർത്തിക്കുന്ന ഒരു സർക്കിട്ട് മേൽവിചാരകന്റെ അഭിപ്രായത്തിൽ ആദ്യസന്ദർശനത്തിൽതന്നെ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം അവതരിപ്പിക്കാനാകും. എന്നാൽ ദൈവത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒന്നാം അധ്യായത്തിനു പകരം രണ്ടാം അധ്യായത്തിൽ തുടങ്ങുന്നതായിരിക്കും മെച്ചം, കാരണം അത് ബൈബിളിനെ പരിചയപ്പെടുത്തുന്നു.
5. ക്ഷമാശീലം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ദൈവത്തിലുള്ള വിശ്വാസം പടുത്തുയർത്താൻ ഒരുവനു സമയം വേണ്ടതിനാൽ നമ്മുടെ ഭാഗത്തു ക്ഷമാശീലം അത്യന്താപേക്ഷിതമാണ്. ഒരു സ്രഷ്ടാവ് സ്ഥിതിചെയ്യുന്നു എന്നതിനോടു യോജിക്കാൻ നമ്മുടെ ആദ്യ സംഭാഷണങ്ങൾ ഒരുവനെ പ്രേരിപ്പിച്ചേക്കില്ല. എന്നാൽ കാലാന്തരത്തിൽ അതിന്റെ സാധ്യത അദ്ദേഹം അംഗീകരിച്ചേക്കാം, അല്ലെങ്കിൽ അങ്ങനെയുള്ള നിഗമനത്തിൽ മറ്റുള്ളവർ എത്തുന്നതിന്റെ കാരണം തനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞേക്കാം.
6. എന്തുകൊണ്ടാണ് ചിലർക്കു ബൈബിളിൽ താത്പര്യമില്ലാത്തത്?
6 ബൈബിളിൽ താത്പര്യമോ വിശ്വാസമോ ഇല്ലാത്തവർ: ദൈവം സ്ഥിതിചെയ്യുന്നുണ്ടാകാം എന്ന് അംഗീകരിക്കുന്ന ഒരുവന് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളിൽ താത്പര്യമില്ലായിരിക്കാം, കാരണം അതു ദൈവത്തിന്റെ വചനമാണെന്ന ബോധ്യം അദ്ദേഹത്തിനില്ല. അക്രൈസ്തവദേശത്തു വസിക്കുന്നതിനാൽ ബൈബിളിനെ ക്രൈസ്തവലോകത്തിന്റെ പുസ്തകമായി അദ്ദേഹം വീക്ഷിച്ചേക്കാം. അല്ലെങ്കിൽ ക്രിസ്തീയമെന്ന് അവകാശപ്പെടുന്നതും എന്നാൽ അത്യന്തം മതേതരവുമായ ദേശത്തു വസിക്കുന്നതിനാൽ ബൈബിൾ തനിക്ക് ഉപകരിക്കില്ലെന്നു വിചാരിച്ചേക്കാം. ബൈബിളിൽ താത്പര്യം ഉണർത്തിക്കൊണ്ട് ക്രമേണ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിൽനിന്ന് അധ്യയനം സ്വീകരിക്കാൻ ഇങ്ങനെയുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാം?
7. ബൈബിളിൽ താത്പര്യം അങ്കുരിപ്പിക്കാൻ മെച്ചമായ ഒരു വഴി ഏതാണ്?
7 ഗ്രീസിലെ ബ്രാഞ്ചോഫീസ് എഴുതി: “ബൈബിളിൽ താത്പര്യക്കുറവുള്ളവരെ സഹായിക്കാനുള്ള ഏറ്റവും മെച്ചമായ വഴി, അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ കാണിക്കുന്നതാണ്. തങ്ങൾ വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിലും ശക്തമായി ബൈബിളിലെ സന്ദേശം ഒരുവന്റെ ഹൃദയത്തെ സ്വാധീനിക്കുമെന്ന് അനേകം പ്രസാധകരും തിരിച്ചറിഞ്ഞിരിക്കുന്നു. (എബ്രാ. 4:12) ദൈവനാമം ബൈബിളിൽ കണ്ടത് അനേകരേയും അതിലേക്ക് എത്തിനോക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ സഹായിച്ചിരിക്കുന്നു.” ഇന്ത്യയിലെ ബ്രാഞ്ചോഫീസ് എഴുതി: “ജീവൻ, മരണം എന്നിവയെക്കുറിച്ചുള്ള സത്യം അനേകം ഹിന്ദുക്കളെ യഥാർഥത്തിൽ ആകർഷിക്കുന്നു. ജാതി വിവേചനമില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനവും അങ്ങനെതന്നെ.” പ്രാദേശികമായി നിലവിലുള്ള പ്രശ്നങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നത് ബൈബിളിൽനിന്ന്, ദൈവരാജ്യം സകല പ്രശ്നങ്ങളും പരിഹരിക്കുന്നതിനെക്കുറിച്ചു കാണിച്ചുകൊടുക്കാൻ മിക്കപ്പോഴും പ്രസാധകർക്ക് അവസരം നൽകുന്നു.
8. ക്രൈസ്തവലോകത്തിന്റെ ചെയ്തികളാൽ ബൈബിളിനെക്കുറിച്ചു നിഷേധാത്മക വീക്ഷണമുള്ളവരോട് നമുക്കെന്തു പറയാം?
8 ക്രൈസ്തവലോകത്തിന്റെ ചെയ്തികളാൽ ബൈബിളിനെക്കുറിച്ചു നിഷേധാത്മക വീക്ഷണമുള്ളവരോട്, ബൈബിളും അതിന്റെ പഠിപ്പിക്കലുകളും അവർ വളച്ചൊടിച്ചിരിക്കുന്നു എന്നു പറയാം. ഇന്ത്യയിലെ ബ്രാഞ്ചോഫീസ് എഴുതി: “പള്ളിക്കാരല്ല ബൈബിളിന്റെ വക്താക്കളെന്നു തിരിച്ചറിയാൻ ചിലപ്പോഴെങ്കിലും വ്യക്തികളെ നാം സഹായിക്കേണ്ടതാണ്.” അവരുടെ അഭിപ്രായമനുസരിച്ച് ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? എന്ന ലഘുപത്രികയുടെ 4-ാം ഭാഗം ഹിന്ദുക്കളെ മിക്കപ്പോഴും ആകർഷിച്ചിരിക്കുന്നു, കാരണം ദൈവവചനത്തിൽ മായം ചേർക്കാനും അതിനെ നശിപ്പിക്കാനും ക്രൈസ്തവസഭകൾ എങ്ങനെ പ്രവർത്തിച്ചിരിക്കുന്നുവെന്ന് ആ ഭാഗം വിവരിക്കുന്നു. ബ്രസീലിലുള്ള ഒരു പയനിയർ ആളുകളോട് ഇപ്രകാരം പറയുന്നു: “ബൈബിളിന്റെ ഉള്ളടക്കം കൂടുതൽ പരിശോധിച്ചുനോക്കരുതോ? അനേകരും തുറന്ന മനസ്സോടെ, യാതൊരു മതപരമായ കടപ്പാടുമില്ലാതെ ഇതു ചെയ്യുന്നു. നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ അതിശയിച്ചുപോയേക്കാം.”
9. ബൈബിളിന്റെ പഠിപ്പിക്കലിൽ ചിലർക്ക് തുടക്കത്തിൽ താത്പര്യമില്ലെങ്കിലും മടുത്തു പിന്മാറരുതാത്തത് എന്തുകൊണ്ട്?
9 യഹോവ ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്കു നോക്കുന്നു. (1 ശമൂ. 16:7; സദൃ. 21:2) ശരിയായ ഹൃദയനിലയുള്ളവരെ സത്യാരാധനയിലേക്ക് അവൻ ആകർഷിക്കുന്നു. (യോഹ. 6:44) അത്തരത്തിലുള്ള അനേകരും ദൈവത്തെയോ ബൈബിളിനെയോ സംബന്ധിച്ചു തീർത്തും അജ്ഞരായിരുന്നു. നമ്മുടെ ശുശ്രൂഷ, ‘രക്ഷ പ്രാപിക്കാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താനുമുള്ള’ അവസരം അവർക്കു പ്രദാനം ചെയ്യുന്നു. (1 തിമൊ. 2:4) അതുകൊണ്ട് ബൈബിളിന്റെ പഠിപ്പിക്കലിൽ ചിലർക്ക് തുടക്കത്തിൽ താത്പര്യമില്ലെങ്കിലും മടുത്തു പിന്മാറരുത്! അവരുടെ താത്പര്യത്തെ ഉത്തേജിപ്പിക്കാനായി നിങ്ങളുടെ ഭാഷയിൽ ലഭ്യമായ മറ്റേതെങ്കിലും ഉപകരണം പരീക്ഷിച്ചു നോക്കുക. കാലക്രമത്തിൽ ബൈബിളധ്യയനത്തിനായുള്ള നമ്മുടെ പ്രഥമ ഉപകരണമായ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലേക്കു ചർച്ച മാറ്റാവുന്നതാണ്.
[4-ാം പേജിലെ ചതുരം]
ദൈവത്തിൽ തനിക്കു വിശ്വാസമില്ലെന്ന് വീട്ടുകാരൻ പറയുന്നെങ്കിൽ, ഇതു പരീക്ഷിച്ചുനോക്കുക:
• കാരണം അറിയാനായി ഇപ്രകാരം ചോദിക്കുക, “എല്ലായ്പോഴും നിങ്ങൾക്ക് ഇങ്ങനെതന്നെയാണോ തോന്നിയിട്ടുള്ളത്?”
• പരിണാമത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ താഴെ പറയുന്നവ സഹായകമായേക്കും:
“ആരുടെ കരവിരുത്?” എന്ന ഉണരുക!-യിലെ പരമ്പര
ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം? ഭാഗം 4; ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്); ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകൾ
• അനീതിയും കഷ്ടപ്പാടും കാരണം ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ആളാണെങ്കിൽ താഴെ പറയുന്നവ സഹായകമായേക്കും:
ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? എന്നീ ലഘുപത്രികകളുടെ ഭാഗം 6
• ദൈവം സ്ഥിതിചെയ്തേക്കാമെന്ന ആശയത്തോടു യോജിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കു ചർച്ച മാറ്റുക. 2-ാം അധ്യായത്തിൽ തുടങ്ങുന്നതായിരിക്കും നല്ലത്, അല്ലെങ്കിൽ വീട്ടുകാരന് അനുയോജ്യമായ മറ്റേതെങ്കിലും വിഷയം ചർച്ചചെയ്യുക.
[5-ാം പേജിലെ ചതുരം]
വീട്ടുകാരനു ബൈബിളിൽ വിശ്വാസമില്ലെങ്കിൽ ഇതു പരീക്ഷിച്ചു നോക്കുക:
• ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകത്തിന്റെ അധ്യായം 17, 18 കാണുക
• ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങൾ ചർച്ച ചെയ്യുക. ബൈബിൾതത്ത്വങ്ങളുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടാൻ ഉതകുന്ന ചില പ്രസിദ്ധീകരണങ്ങൾ താഴെ പറയുന്നവയാണ്:
“കുടുംബങ്ങൾക്കുവേണ്ടി” എന്ന ഉണരുക!-യിലെ പരമ്പര
ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രികയിലെ 9, 11 പാഠങ്ങൾ; സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, പേജ് 22-26; ഒരു സംതൃപ്ത ജീവിതം—അത് എങ്ങനെ നേടാം?, ഭാഗം 2
മുസ്ലീങ്ങൾക്കായി യഥാർഥ വിശ്വാസം—സന്തുഷ്ട ജീവിതത്തിന്റെ താക്കോൽ (ഇംഗ്ലീഷ്) എന്ന ലഘുപത്രിക, ഭാഗം 3 ഉപയോഗിക്കുക.
ബൈബിളിനെക്കുറിച്ചു മുൻവിധിയുള്ള പ്രദേശത്താണു നിങ്ങൾ പ്രസംഗിക്കുന്നതെങ്കിൽ, വീട്ടുകാരനുമായി പങ്കുവെക്കുന്ന ജ്ഞാനമൊഴികളുടെ ഉറവിടം ഏതാണെന്ന് പല സന്ദർശനങ്ങൾക്കുശേഷം വെളിപ്പെടുത്തുന്നതായിരിക്കും നല്ലത്.
• ബൈബിൾ പ്രവചനങ്ങൾ സത്യമായി തീർന്നിരിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. ഉപയോഗിക്കാവുന്ന പ്രസിദ്ധീകരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക, പേജ് 27-29
• വ്യത്യസ്ത വിഷയങ്ങളെപ്പറ്റി ബൈബിൾ പറയുന്നതെന്താണെന്നു വ്യക്തി ചോദിക്കുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കു ചർച്ച മാറ്റുക.
[6-ാം പേജിലെ ചതുരം]
“ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല” എന്നു വീട്ടുകാരൻ പറയുന്നെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാം:
• “ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന് എന്നെ പ്രേരിപ്പിച്ച സംഗതിയെക്കുറിച്ചു ചുരുക്കമായി ഞാനൊന്നു വിശദീകരിച്ചോട്ടേ?” അതിനുശേഷം ന്യായവാദം പുസ്തകത്തിലെ പേജ് 84-86-ലെ വിവരങ്ങൾ പങ്കുവെക്കുക, അല്ലെങ്കിൽ നിങ്ങൾ ആസ്വദിച്ചു വായിച്ച ഏതെങ്കിലും പ്രസിദ്ധീകരണം കൊടുക്കാനുള്ള ക്രമീകരണം ചെയ്യുക.
• “എന്നാൽ ഒരു ദൈവമുണ്ടെങ്കിൽ അവൻ എങ്ങനെയുള്ളവൻ ആയിരിക്കണമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നത്?” സ്നേഹം, നീതി, ദയ, എന്നീ ഗുണങ്ങളുള്ള പക്ഷപാദമില്ലാത്ത ദൈവത്തോടാണ് തങ്ങൾക്ക് അടുപ്പം തോന്നുക എന്നു മിക്ക വീട്ടുകാരും പറയും. അപ്പോൾ ദൈവത്തിന്റെ അത്തരം ഗുണങ്ങൾ ബൈബിളിൽനിന്നു കാണിച്ചു കൊടുക്കുക. (ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ അധ്യായം 1 ഖണ്ഡിക 6 മുതലുള്ള വിവരങ്ങളും ഉപയോഗിക്കാനായേക്കും.)
“ഞാൻ ബൈബിളിൽ വിശ്വസിക്കുന്നില്ല” എന്നു വീട്ടുകാരൻ പറയുന്നെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാം:
• “ആ അഭിപ്രായമുള്ള അനേകരുണ്ട്. ബൈബിൾ ശാസ്ത്രീയമല്ലെന്നോ അതിന്റെ നിലവാരങ്ങൾ പ്രായോഗികമല്ലെന്നോ ചിലർ ചിന്തിക്കുന്നു. ബൈബിൾ വായിക്കാനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക. സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക പേജ് 3-ലെ മുഖവുര കാണിച്ചുകൊണ്ട് അതു സമർപ്പിക്കുക.) മതങ്ങൾ അതിലെ പഠിപ്പിക്കലുകൾ തെറ്റായി അവതരിപ്പിച്ചിരിക്കുന്നതിനാൽ അനേകരും ബൈബിളിനെ വിലകുറച്ചു കാണുന്നു. അടുത്ത തവണ 4, 5 പേജുകളിലെ അത്തരത്തിലുള്ള ചില ഉദാഹരണങ്ങൾ ചർച്ച ചെയ്യാനാഗ്രഹിക്കുന്നു.”
• “നിങ്ങളുടെ വീക്ഷണമുള്ള അനേകരുണ്ട്. ബൈബിൾ സംബന്ധിച്ച് എന്നെ സ്വാധീനിച്ച ഒരു സംഗതി ഞാൻ നിങ്ങളെ കാണിച്ചുതരട്ടേ? (ബൈബിൾ ശാസ്ത്രീയമായി കൃത്യതയുള്ളതാണെന്നു കാണിക്കുന്ന ഇയ്യോബ് 26:7 അഥവാ യെശയ്യാവു 40:22 വായിക്കുക.) കുടുംബങ്ങളെ സഹായിക്കാനുതകുന്ന ജ്ഞാനമൊഴികളും ബൈബിളിലുണ്ട്. അടുത്ത തവണ അത്തരത്തിലുള്ള ഒരു ഉദാഹരണം കാണിച്ചുതരാം.”
• “അഭിപ്രായം തുറന്നുപറഞ്ഞതിനു നന്ദി. ദൈവം മനുഷ്യവർഗത്തിനുവേണ്ടി ഒരു പുസ്തകം യഥാർഥത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ, അതിൽ എന്തൊക്കെ അടങ്ങിയിരിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുക?” അതിനുശേഷം അദ്ദേഹത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്ന എന്തെങ്കിലും ബൈബിളിൽനിന്നു കാണിച്ചുകൊടുക്കുക.