വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • be പാഠം 42 പേ. 230-പേ. 233 ഖ. 4
  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • സമാനമായ വിവരം
  • വിജ്ഞാനപരമായ വിവരങ്ങൾ, വ്യക്തമായി അവതരിപ്പിക്കുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—2000
  • നിങ്ങളുടെ സദസ്സിനെ ബോധ്യപ്പെടുത്തുക, അവരുമായി ന്യായവാദംചെയ്യുക
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • താത്‌പര്യം ജനിപ്പിക്കുന്ന മുഖവുര
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
കൂടുതൽ കാണുക
ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
be പാഠം 42 പേ. 230-പേ. 233 ഖ. 4

പാഠം 42

നിങ്ങളുടെ സദസ്സിനു വിജ്ഞാനപ്രദം

നിങ്ങൾ എന്താണു ചെയ്യേണ്ടത്‌?

സദസ്യരുടെ ചിന്തയെ ഉണർത്തുകയും മൂല്യവത്തായ എന്തോ ഒന്ന്‌ പഠിച്ചു എന്ന തോന്നൽ അവരിൽ ഉളവാക്കുകയും ചെയ്യുന്ന വിധത്തിൽ അറിവു പകർന്നു കൊടുക്കുക.

അത്‌ എന്തുകൊണ്ട്‌ പ്രധാനം?

ആളുകൾക്ക്‌ ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളാണ്‌ നിങ്ങൾ അവരോടു പറയുന്നതെങ്കിൽ അവരുടെ ശ്രദ്ധ അധിക നേരം പിടിച്ചുനിറുത്താൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല.

നിങ്ങളുടെ പരിപാടി സദസ്സിനു വിജ്ഞാനപ്രദമാക്കാൻ നിങ്ങൾ മൂല്യവത്തായ ഒരു വിഷയത്തെ കുറിച്ചു സംസാരിക്കുന്നതിലുമധികം ചെയ്യേണ്ടതുണ്ട്‌. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ സദസ്സ്‌ ഈ വിഷയം കേൾക്കേണ്ടത്‌ എന്തുകൊണ്ട്‌? ചർച്ചയിൽനിന്നു ശരിക്കും പ്രയോജനം അനുഭവിച്ചു എന്ന്‌ സദസ്സിനു തോന്നത്തക്കവണ്ണം എനിക്ക്‌ എന്തു പറയാൻ കഴിയും?’

ആരോടെങ്കിലും സാക്ഷീകരിക്കുന്ന വിധം പ്രകടിപ്പിക്കാൻ നിങ്ങൾക്കു സ്‌കൂളിൽ നിയമനം ലഭിക്കുന്നെങ്കിൽ നിങ്ങളുടെ സദസ്സ്‌ വീട്ടുകാരിയായിരിക്കും. മറ്റു സന്ദർഭങ്ങളിൽ മുഴു സഭയോടുമായിരിക്കാം നിങ്ങൾ സംസാരിക്കുന്നത്‌.

നിങ്ങളുടെ സദസ്സിന്‌ എന്തറിയാം? നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഈ വിഷയത്തെ കുറിച്ചു സദസ്സിന്‌ എന്തറിയാം?’ അതിന്റെ അടിസ്ഥാനത്തിൽ വേണം നിങ്ങൾ പ്രസംഗം വികസിപ്പിക്കാൻ. പക്വതയുള്ള നിരവധി ക്രിസ്‌ത്യാനികൾ ഉള്ള ഒരു സഭയോടാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, അവരിൽ മിക്കവർക്കും അറിയാവുന്ന അടിസ്ഥാന സത്യങ്ങൾ വെറുതേ ആവർത്തിക്കരുത്‌. ആ അടിസ്ഥാന സത്യങ്ങളിൽ അധിഷ്‌ഠിതമാക്കി വിവരങ്ങൾ കൂടുതലായി വിശദീകരിക്കാൻ ശ്രമിക്കുക. എന്നാൽ സദസ്സിൽ അവരോടൊപ്പം നിരവധി പുതിയ താത്‌പര്യക്കാരും ഉണ്ടെങ്കിൽ ഇരുകൂട്ടരുടെയും ആവശ്യങ്ങൾ നിങ്ങൾ കണക്കിലെടുക്കണം.

നിങ്ങളുടെ സദസ്സിന്‌ എന്തെല്ലാം കാര്യങ്ങൾ അറിയാം എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ അവതരണത്തിന്റെ വേഗം ക്രമപ്പെടുത്തുക. മിക്കവർക്കും പരിചിതമായ ചില വിശദാംശങ്ങൾ നിങ്ങൾ ഉൾപ്പെടുത്തുന്നെങ്കിൽ അവ സാമാന്യം വേഗത്തിൽ ചർച്ച ചെയ്യുക. എന്നാൽ നിങ്ങളുടെ ശ്രോതാക്കളിൽ ഭൂരിപക്ഷത്തിനും പുതുമയുള്ളതായ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ വേഗം കുറച്ചു വേണം പറയാൻ. അങ്ങനെയാകുമ്പോൾ അവർക്ക്‌ അവ വ്യക്തമായി ഗ്രഹിക്കാൻ കഴിയും.

വിജ്ഞാനപ്രദമായിരിക്കുന്നത്‌ എങ്ങനെയുള്ള വിവരങ്ങളാണ്‌? വിജ്ഞാനപ്രദമായിരിക്കുന്നതിന്‌ എല്ലായ്‌പോഴും പുതിയ എന്തെങ്കിലും അവതരിപ്പിക്കണമെന്നില്ല. ചില പ്രസംഗകർക്ക്‌ പരിചിതമായ ചില സത്യങ്ങൾ വളരെ ലളിതമായ ഒരു വിധത്തിൽ അവതരിപ്പിക്കാനറിയാം. അതിന്റെ ഫലമായി സദസ്സിലുള്ള പലർക്കും ആദ്യമായി അവ പൂർണ തോതിൽ മനസ്സിലാകുന്നു.

വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോൾ, നാം ജീവിക്കുന്നത്‌ അന്ത്യനാളുകളിലാണ്‌ എന്നു കാണിച്ചുകൊടുക്കാൻ ഒരു വാർത്താ റിപ്പോർട്ട്‌ കേവലം പരാമർശിച്ചാൽ പോരാ. ബൈബിൾ ഉപയോഗിച്ച്‌ പ്രസ്‌തുത സംഭവത്തിന്റെ അർഥം വ്യക്തമാക്കുക. ഇതു വീട്ടുകാരനു ശരിക്കും വിജ്ഞാനപ്രദം ആയിരിക്കും. അതുപോലെതന്നെ, പ്രകൃതി നിയമത്തെയോ സസ്യജന്തുജാലങ്ങളെയോ കുറിച്ചുള്ള ചില വിശദാംശങ്ങൾ പരാമർശിക്കുമ്പോൾ, വീട്ടുകാരൻ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത രസകരമായ ഒരു ശാസ്‌ത്രീയ വസ്‌തുത അവതരിപ്പിക്കുക എന്നതായിരിക്കരുത്‌ നിങ്ങളുടെ ലക്ഷ്യം. പകരം പ്രകൃതിയിൽ നിന്നുള്ള തെളിവുകളെ ബൈബിളിലെ പ്രസ്‌താവനകളുമായി കൂട്ടിയിണക്കി, നമ്മെ സ്‌നേഹിക്കുന്ന ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ കാണിച്ചുകൊടുക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. കാര്യങ്ങളെ ഒരു പുത്തൻ വീക്ഷണകോണിൽനിന്നു കാണാൻ ഇതു വീട്ടുകാരനെ സഹായിക്കും.

ഒരു വിഷയം പല തവണ കേട്ടിട്ടുള്ള ഒരു സദസ്സിന്റെ മുമ്പാകെ അതു വീണ്ടും അവതരിപ്പിക്കുന്നത്‌ ഒരു വെല്ലുവിളി ആയിരിക്കാം. എന്നാൽ, ഒരു മികച്ച അധ്യാപകൻ ആയിരിക്കുന്നതിന്‌ ഇതു ഫലകരമായി ചെയ്യേണ്ടത്‌ എങ്ങനെയെന്നു നിങ്ങൾ പഠിക്കേണ്ടതുണ്ട്‌. അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

ഗവേഷണം ചെയ്യുന്നതു സഹായകമായിരിക്കും. നിങ്ങളുടെ മനസ്സിലേക്ക്‌ അനായാസം ഓടിയെത്തുന്ന വസ്‌തുതകൾ മാത്രം പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനു പകരം, 33 മുതൽ 38 വരെയുള്ള പേജുകളിൽ ചർച്ച ചെയ്‌തിരിക്കുന്ന ഗവേഷണ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുക. നിങ്ങൾ കൈവരിക്കാൻ ശ്രമിക്കേണ്ട ലക്ഷ്യങ്ങളെ കുറിച്ച്‌ അവിടെ നൽകിയിരിക്കുന്ന നിർദേശങ്ങൾ മനസ്സിൽപ്പിടിക്കുക. ഗവേഷണത്തിനിടയിൽ, കേട്ടുപരിചയമില്ലാത്ത ഒരു ചരിത്ര സംഭവത്തിനു നിങ്ങളുടെ വിഷയവുമായി നേരിട്ടു ബന്ധമുള്ളതായി നിങ്ങൾ കണ്ടെത്തിയേക്കാം. അല്ലെങ്കിൽ, നിങ്ങൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന പോയിന്റിനെ ദൃഷ്ടാന്തീകരിക്കുന്ന ഒരു സമീപകാല വാർത്താ റിപ്പോർട്ട്‌ നിങ്ങൾക്കു ലഭിച്ചേക്കാം.

വിവരങ്ങൾ സൂക്ഷ്‌മാവലോകനം ചെയ്യവേ എന്ത്‌? ഏത്‌? എന്തുകൊണ്ട്‌? എപ്പോൾ? എവിടെ? ആര്‌? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു നിങ്ങളുടെതന്നെ ചിന്തയെ ഉദ്ദീപിപ്പിക്കുക. ഉദാഹരണത്തിന്‌, ഇതു സത്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? എനിക്ക്‌ ഇത്‌ എങ്ങനെ തെളിയിക്കാൻ കഴിയും? പരക്കെയുള്ള ഏതു വിശ്വാസങ്ങൾ ഈ ബൈബിൾ സത്യം ഗ്രഹിക്കുന്നതു ചിലർക്കു ബുദ്ധിമുട്ടാക്കിത്തീർക്കുന്നു? അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഇത്‌ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം? ഏത്‌ ഉദാഹരണം അതു ബാധകമാക്കുന്നതിന്റെ പ്രയോജനം എടുത്തുകാട്ടുന്നു? ഈ ബൈബിൾ സത്യം യഹോവയുടെ വ്യക്തിത്വത്തെ കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? ചർച്ച ചെയ്യുന്ന വിവരങ്ങളെ ആസ്‌പദമാക്കി നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ഇതു സംഭവിച്ചത്‌ എപ്പോൾ? ഈ വിവരങ്ങൾ നമുക്ക്‌ ഇന്ന്‌ എങ്ങനെ ബാധകമാക്കാൻ കഴിയും? പ്രസംഗം നടത്തുന്ന സമയത്ത്‌ ആ ചോദ്യങ്ങളിൽ ചിലതു ചോദിക്കുകയും അവയ്‌ക്ക്‌ ഉത്തരം നൽകുകയും ചെയ്‌തുകൊണ്ട്‌ നിങ്ങളുടെ അവതരണം ജീവസ്സുറ്റതാക്കാൻ പോലും നിങ്ങൾക്കു കഴിയും.

പ്രസംഗത്തിൽ സദസ്സിനു പരിചിതമായ തിരുവെഴുത്തുകൾ നിങ്ങൾക്ക്‌ ഉപയോഗിക്കേണ്ടി വന്നേക്കാം. അവ വിജ്ഞാനപ്രദമായ വിധത്തിൽ ഉപയോഗിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? അവ കേവലം വായിക്കുന്നതിനു പകരം വിശദീകരിക്കുക.

പരിചിതമായ ഒരു വാക്യം ചർച്ച ചെയ്യുമ്പോൾ, വാക്യത്തെ പല ഭാഗങ്ങളായി വിഭജിച്ചുകൊണ്ട്‌ പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയവുമായി ബന്ധമുള്ള ഭാഗങ്ങൾ ഒന്നൊന്നായി എടുത്തു വിശദീകരിക്കുന്നെങ്കിൽ ആ ചർച്ച കൂടുതൽ വിജ്ഞാനപ്രദം ആകാനിടയുണ്ട്‌. മീഖാ 6:8 പോലുള്ള ഒരു വാക്യം അപ്രകാരം ചർച്ച ചെയ്യുന്നതിനുള്ള സാധ്യതകൾ പരിചിന്തിക്കുക. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന “ന്യായം” എന്താണ്‌? ന്യായം സംബന്ധിച്ച ആരുടെ നിലവാരത്തെ കുറിച്ചാണു ചർച്ച ചെയ്യപ്പെടുന്നത്‌? ‘ന്യായം പ്രവർത്തിക്കുക’ എന്നതിന്റെയോ ‘ദയാതത്‌പരൻ ആയിരിക്കുക’ എന്നതിന്റെയോ അർഥം എന്താണെന്നു നിങ്ങൾ എങ്ങനെ ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കും? എന്താണ്‌ താഴ്‌മ [“എളിമ,” NW]? പ്രസ്‌തുത വിവരങ്ങൾ പ്രായംചെന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ നിങ്ങൾ എങ്ങനെ ബാധകമാക്കും? തീർച്ചയായും, നിങ്ങളുടെ പ്രതിപാദ്യവിഷയം, ലക്ഷ്യം, സദസ്സ്‌, ലഭ്യമായ സമയം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വേണം നിങ്ങൾ യഥാർഥത്തിൽ ഉപയോഗിക്കാൻ പോകുന്ന വിവരങ്ങൾ ഏതൊക്കെയെന്നു നിർണയിക്കാൻ.

പദങ്ങളെ ലളിതമായി നിർവചിക്കുന്നതു പലപ്പോഴും സഹായകമാണ്‌. മത്തായി 6:​10-ൽ പരാമർശിച്ചിരിക്കുന്ന “രാജ്യ”ത്തിന്റെ അർഥം മനസ്സിലാക്കുന്നത്‌ ചിലരുടെ കണ്ണു തുറപ്പിക്കുന്നു. ഒരു നിർവചനം ഓർമിക്കാൻ ഇടയാകുന്നത്‌, ഒരു വാക്യം യഥാർഥത്തിൽ എന്താണു പറയുന്നത്‌ എന്നു കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ഒരു ദീർഘകാല ക്രിസ്‌ത്യാനിയെ പോലും സഹായിച്ചേക്കാം. ഉദാഹരണത്തിന്‌ 2 പത്രൊസ്‌ 1:5-8 വായിച്ച്‌ വിശ്വാസം, വീര്യം [“സദ്‌ഗുണം,” NW], പരിജ്ഞാനം, ഇന്ദ്രിയജയം, സ്ഥിരത [“സഹിഷ്‌ണുത,” NW] ഭക്തി, സഹോദരപ്രീതി, സ്‌നേഹം എന്നിങ്ങനെ അവിടെ പരാമർശിച്ചിരിക്കുന്ന വ്യത്യസ്‌ത ഘടകങ്ങൾ നിർവചിക്കുമ്പോൾ ആ വാക്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം വർധിക്കുന്നു. സമാന അർഥമുള്ള പദങ്ങൾ ഒരേ സന്ദർഭത്തിൽ ഉപയോഗിക്കുമ്പോൾ അവ നിർവചിക്കുന്നത്‌ ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയാൻ സഹായിക്കും. സദൃശവാക്യങ്ങൾ 2:1-6-ൽ ഉപയോഗിച്ചിരിക്കുന്ന ജ്ഞാനം, പരിജ്ഞാനം, വിവേകം, ബോധം [“ഗ്രാഹ്യം,” NW] തുടങ്ങിയ പദങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണ്‌.

ഒരു വാക്യത്തെ കുറിച്ച്‌ വെറുതെ ന്യായവാദം ചെയ്യുന്നതു പോലും സദസ്സിനു വിജ്ഞാനം പകർന്നേക്കാം. അക്ഷരീയ ഭൂമിക്ക്‌ മോഹങ്ങൾ ഉണ്ടായിരിക്കുക സാധ്യമല്ലാത്തതുകൊണ്ടും സങ്കീർത്തനം 104:​5-ൽ ‘ഭൂമി ഒരിക്കലും ഇളകിപ്പോകയില്ല’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടും 1 യോഹന്നാൻ 2:17-ൽ “ഒഴിഞ്ഞുപോകു”മെന്നു പറഞ്ഞിരിക്കുന്ന ലോകം ഭക്തികെട്ട ആളുകളുടെ ലോകം ആണെന്ന്‌ ആദ്യമായി മനസ്സിലാക്കുമ്പോൾ പലയാളുകളും അതിശയിച്ചു പോകുന്നു. യേശു ഒരു സന്ദർഭത്തിൽ, സദൂക്യർ വിശ്വസിക്കുന്നതായി അവകാശപ്പെട്ടിരുന്ന പുറപ്പാടു 3:6 പരാമർശിക്കുകയും മരിച്ചവരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ അതു ബാധകമാകുന്നത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കുകയും ചെയ്‌തുകൊണ്ട്‌ സദൂക്യരെ അത്ഭുതപ്പെടുത്തി.​—ലൂക്കൊ. 20:​37, 38.

ഒരു തിരുവെഴുത്തിന്റെ സന്ദർഭവും എഴുത്തിനെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളും സംസാരിക്കുന്ന വ്യക്തിയോ ശ്രോതാവോ ആരെന്നും ചൂണ്ടിക്കാണിക്കുന്നത്‌ ചില സമയങ്ങളിൽ വിജ്ഞാനപ്രദമാണ്‌. 110-ാം സങ്കീർത്തനം പരീശന്മാർക്കു സുപരിചിതമായിരുന്നു. എന്നിട്ടും, ഒന്നാം വാക്യത്തിലെ ഒരു സുപ്രധാന വിശദാംശത്തിലേക്ക്‌ യേശു അവരുടെ ശ്രദ്ധ ക്ഷണിച്ചു. അവൻ അവരോട്‌ “ക്രിസ്‌തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ” എന്നു ചോദിച്ചു. “ദാവീദിന്റെ പുത്രൻ” എന്ന്‌ അവർ മറുപടി പറഞ്ഞു. അപ്പോൾ അവൻ അവരോടു: ‘എന്നാൽ ദാവീദ്‌ ആത്മാവിൽ അവനെ കർത്താവു എന്നു വിളിക്കുന്നതു എങ്ങനെ? “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്‌തു” എന്നു അവൻ പറയുന്നുവല്ലോ. ദാവീദ്‌ അവനെ കർത്താവു എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ’ എന്നു ചോദിച്ചു. (മത്തായി 22:41-44) യേശു ചെയ്‌തതുപോലെ, തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുമ്പോൾ ദൈവവചനം കൂടുതൽ ശ്രദ്ധാപൂർവം വായിക്കാൻ നിങ്ങൾ ആളുകളെ സഹായിക്കുന്നതായിരിക്കും.

പ്രസംഗകൻ ഒരു ബൈബിൾ പുസ്‌തകത്തിന്റെ എഴുത്തോ ഒരു പ്രത്യേക സംഭവമോ നടന്ന സമയം പ്രസ്‌താവിക്കുമ്പോൾ ആ സമയത്തു നിലവിലിരുന്ന അവസ്ഥകളും അദ്ദേഹം വിവരിക്കേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ ആ പുസ്‌തകത്തിന്റെയോ സംഭവത്തിന്റെയോ പ്രാധാന്യം സദസ്സ്‌ കൂടുതൽ വ്യക്തമായി ഗ്രഹിക്കുന്നതായിരിക്കും.

താരതമ്യം ചെയ്യുന്നതിലൂടെ നിങ്ങൾ പറയുന്ന കാര്യങ്ങളെ കൂടുതൽ വിജ്ഞാനപ്രദമാക്കാൻ കഴിയും. ജനസമ്മതിയുള്ള ഒരു വീക്ഷണത്തെ അതേ സംഗതിയെ കുറിച്ചു ബൈബിൾ പറയുന്നതുമായി നിങ്ങൾക്കു വിപരീത താരതമ്യം ചെയ്യാവുന്നതാണ്‌. അല്ലെങ്കിൽ നിങ്ങൾക്കു രണ്ടു സമാന്തര ബൈബിൾ വിവരണങ്ങളെ തമ്മിൽ താരതമ്യം ചെയ്യാവുന്നതാണ്‌. അവ തമ്മിൽ വ്യത്യാസങ്ങളുണ്ടോ? എന്തുകൊണ്ട്‌? അവയിൽനിന്ന്‌ എന്താണു നാം പഠിക്കുന്നത്‌? ഇപ്രകാരം ചെയ്യുന്നതു വിഷയത്തെ ഒരു പുത്തൻ വീക്ഷണകോണിലൂടെ കാണാൻ നിങ്ങളുടെ ശ്രോതാക്കളെ സഹായിക്കും.

ക്രിസ്‌തീയ ശുശ്രൂഷയുടെ ഏതെങ്കിലും വശത്തെ കുറിച്ചു ചർച്ച ചെയ്യാൻ നിങ്ങൾക്കു നിയമനം ലഭിക്കുന്നെങ്കിൽ, അതിന്റെ ഒരു സംഗ്രഹം അവതരിപ്പിച്ചുകൊണ്ടു തുടങ്ങുന്നത്‌ നിങ്ങളുടെ അവതരണത്തെ സമ്പുഷ്ടമാക്കിത്തീർത്തേക്കാം. എന്തു ചെയ്യണമെന്നും എന്തുകൊണ്ടു ചെയ്യണമെന്നും യഹോവയുടെ സാക്ഷികൾ എന്ന നിലയിലുള്ള നമ്മുടെ ആകമാന ലക്ഷ്യങ്ങളുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചർച്ച ചെയ്യുക. തുടർന്ന്‌ അത്‌ എവിടെ, എപ്പോൾ, എങ്ങനെ ചെയ്യണമെന്നു വിശദീകരിക്കുക.

നിങ്ങളുടെ പ്രസംഗത്തിൽ ‘ദൈവത്തിന്റെ ആഴങ്ങളിൽ” ചിലതു ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ എന്ത്‌? (1 കൊരി. 2:10) നിങ്ങൾ വിഷയത്തിന്റെ മുഖ്യ ഘടകങ്ങളിൽ ചിലതു തിരിച്ചറിയിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടും തുടങ്ങുന്നെങ്കിൽ, വിശദാംശങ്ങൾ കൂടുതൽ എളുപ്പം മനസ്സിലാകുന്നതായിരിക്കും. വിവരങ്ങൾ മൊത്തത്തിൽ സംക്ഷേപിച്ചു പറഞ്ഞുകൊണ്ട്‌ നിങ്ങൾ ഉപസംഹരിക്കുന്നെങ്കിൽ തങ്ങൾ ശരിക്കും എന്തോ പഠിച്ചു എന്ന തൃപ്‌തികരമായ തോന്നൽ സദസ്സിന്‌ ഉണ്ടാകാനിടയുണ്ട്‌.

ക്രിസ്‌തീയ ജീവിതത്തെ സംബന്ധിച്ച ബുദ്ധിയുപദേശം. നിങ്ങളുടെ പ്രസംഗത്തിലെ വിവരങ്ങൾ ജീവിതത്തിൽ ബാധകമാകുന്നത്‌ എങ്ങനെയെന്നു കാണാൻ നിങ്ങൾ സദസ്യരെ സഹായിക്കുന്നെങ്കിൽ അവർ അതിൽനിന്നു വിശേഷാൽ പ്രയോജനം അനുഭവിക്കും. നിങ്ങൾക്കു നിയമിച്ചു തന്നിരിക്കുന്ന വിവരങ്ങളോടൊപ്പം കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ പരിചിന്തിക്കവേ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക, ‘ഈ വിവരങ്ങൾ തിരുവെഴുത്തുകളിൽ നമ്മുടെ നാൾ വരെ പരിരക്ഷിക്കപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?’ (റോമ. 15:4; 1 കൊരി. 10:11) സദസ്സിലുള്ളവർ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെ കുറിച്ചു ചിന്തിക്കുക. തിരുവെഴുത്തുകൾ നൽകുന്ന ബുദ്ധിയുപദേശത്തിന്റെയും തത്ത്വങ്ങളുടെയും വെളിച്ചത്തിൽ ആ സാഹചര്യങ്ങളെ കുറിച്ചു പരിചിന്തിക്കുക. അത്തരം സാഹചര്യങ്ങളെ ജ്ഞാനപൂർവം കൈകാര്യം ചെയ്യുന്നതിന്‌ തിരുവെഴുത്തുകൾക്ക്‌ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു കാണിച്ചു കൊടുക്കാൻ പ്രസംഗത്തിൽ അവയെ കുറിച്ചു നിങ്ങൾ ന്യായവാദം ചെയ്യുക. പൊതുവായ പ്രസ്‌താവനകൾ നടത്തുന്നത്‌ ഒഴിവാക്കുക. നിശ്ചിത മനോഭാവങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്യുക.

നിങ്ങൾ തയ്യാറാകുന്ന ഒരു പ്രസംഗത്തിൽ മേൽക്കൊടുത്തിരിക്കുന്ന നിർദേശങ്ങളിൽ ഒന്നോ രണ്ടോ എണ്ണം ബാധകമാക്കിക്കൊണ്ട്‌ തുടക്കമിടുക. പരിചയ സമ്പത്ത്‌ ആർജിക്കവേ കൂടുതൽ എണ്ണം ബാധകമാക്കുക. നാളുകൾ കടന്നുപോകുന്നതോടെ, തങ്ങൾക്കു ശരിക്കും പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കേൾക്കാൻ കഴിയുമെന്ന ഉറപ്പോടെ സദസ്സ്‌ നിങ്ങളുടെ പ്രസംഗങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.

അത്‌ ചെയ്യാവുന്ന വിധം

  • നിങ്ങളുടെ വിഷയത്തെ കുറിച്ചു സദസ്സിന്‌ ഇപ്പോൾത്തന്നെ എന്തെല്ലാം അറിയാമെന്നു പരിചിന്തിക്കുക.

  • അവതരണത്തിന്റെ വേഗം ക്രമപ്പെടുത്തുക, നല്ലവണ്ണം അറിയാവുന്ന പോയിന്റുകൾ വേഗത്തിലും പുതിയ പോയിന്റുകൾ സാവധാനത്തിലും അവതരിപ്പിക്കുക.

  • വസ്‌തുതകൾ വെറുതെ പറഞ്ഞുപോകാതെ അവയുടെ അർഥം അല്ലെങ്കിൽ മൂല്യം ചർച്ച ചെയ്യുക.

  • എന്ത്‌? ഏത്‌? എന്തുകൊണ്ട്‌? എപ്പോൾ? എവിടെ? ആര്‌? എങ്ങനെ? എന്നീ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ നിങ്ങളുടെതന്നെ ചിന്തയെ ഉദ്ദീപിപ്പിക്കുക.

  • തിരുവെഴുത്തുകളെ കുറിച്ചു ന്യായവാദം ചെയ്യാൻ സമയം എടുക്കുക; അവയുടെ നിശ്ചിത ഭാഗങ്ങൾ വിപുലീകരിക്കുക.

  • താരതമ്യം ചെയ്യുക.

  • വിവരങ്ങൾ മൊത്തത്തിൽ സംക്ഷേപിച്ചു പറയുക.

  • പ്രശ്‌ന പരിഹാരത്തിനും തീരുമാനങ്ങൾ എടുക്കാനും പ്രസ്‌തുത വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു കാണിച്ചുകൊടുക്കുക.

അഭ്യാസങ്ങൾ: (1) മത്തായി 24:​14-ഓ യോഹന്നാൻ 17:​3-ഓ പോലുള്ള ഒരു പരിചിതമായ വാക്യത്തിന്റെ വിജ്ഞാനപ്രദമായ ഒരു വശം കണ്ടെത്താൻ ഗവേഷണം നടത്തുക. (2) സദൃശവാക്യങ്ങൾ 8:30, 31-ഉം യോഹന്നാൻ 5:​20-ഉം വായിക്കുക. യഹോവയാം ദൈവവും ക്രിസ്‌തുയേശുവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആ വാക്യങ്ങൾ പറയുന്നതിനെ കുറിച്ചു ധ്യാനിക്കുന്നത്‌, ഒരു കുടുംബത്തിനു പ്രയോജനം ചെയ്യുന്ന വിധത്തിൽ പ്രസ്‌തുത വാക്യങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ സഹായിച്ചേക്കാവുന്നത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക