മലമ്പനി—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2013-ൽ 19 കോടി 80 ലക്ഷത്തിലധികം ആളുകളെ മലമ്പനി (മലേറിയ) ബാധിച്ചു. അതിൽ 5,84,000 ആളുകൾ മരിച്ചു. മരിച്ചവരിൽ അഞ്ചിൽ നാലും അഞ്ച് വയസ്സിനു താഴെയുള്ളവരായിരുന്നു. ഈ രോഗം ഭൂമിയിലെമ്പാടും നൂറുകണക്കിനു ദേശങ്ങളിലുള്ള 320 കോടിയിൽപ്പരം ആളുകൾക്ക് ഒരു ഭീഷണിയായിരിക്കുകയാണ്.
1 എന്താണ് മലമ്പനി?
പാരസൈറ്റ് അഥവാ പരാദങ്ങൾ ഉണ്ടാക്കുന്ന രോഗമാണ് മലമ്പനി. പനി, വിറയൽ, വിയർക്കൽ, തലവേദന, ശരീരവേദന, ഓക്കാനം, ഛർദി മുതലായവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗം തുടങ്ങിയിട്ട് എത്ര സമയമായി, ഏതുതരം പരാദമാണ് ബാധിച്ചിരിക്കുന്നത് എന്നിവ അനുസരിച്ച് 48 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ ആവർത്തിച്ച് കണ്ടേക്കാം.
2 മലമ്പനി പകരുന്നത് എങ്ങനെയാണ്?
പ്ലാസ്മോഡിയം എന്ന പേരിൽ അറിയപ്പെടുന്ന ഏകകോശജീവിയാണ് മലമ്പനി പരത്തുന്നത്. അനോഫിലസ് ഇനത്തിൽപ്പെട്ട പെൺകൊതുക് കുത്തുന്നതിലൂടെ ഇത് മനുഷ്യരക്തത്തിൽ എത്തിച്ചേരുന്നു.
രക്തത്തിലൂടെ പരാദങ്ങൾ കരളിന്റെ കോശങ്ങളിൽ പ്രവേശിക്കുകയും അവിടെ അവ പെരുകുകയും ചെയ്യുന്നു.
കരളിന്റെ കോശം നശിക്കുമ്പോൾ അത് പരാദങ്ങളെ പുറത്തുവിടുന്നു. തുടർന്ന്, ഇവ വ്യക്തിയുടെ ചുവപ്പു രക്താണുക്കളെ ആക്രമിക്കാൻ തുടങ്ങുന്നു. പിന്നീട് അവിടെ പെരുകുന്നു.
ഒരു ചുവപ്പു രക്താണു നശിക്കുമ്പോൾ, വീണ്ടും അത് പരാദങ്ങളെ പുറത്തുവിടുകയും അത് കൂടുതൽ ചുവപ്പു രക്താണുക്കളെ ആക്രമിക്കുകയും ചെയ്യും.
ചുവപ്പു രക്താണുക്കളുടെ ആക്രമണവും അതിന്റെ നാശവും തുടർന്നുകൊണ്ടേയിരിക്കും. ഓരോ പ്രാവശ്യവും ചുവപ്പു രക്താണുക്കൾ നശിക്കുന്നതനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു.
3 നിങ്ങൾക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാം?
മലമ്പനി പതിവായി കണ്ടുവരാറുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ. . .
കൊതുകുവല ഉപയോഗിക്കുക. അത്
അണുനാശിനികൊണ്ട് പ്രതിരോധിച്ചതായിരിക്കണം.
തുളകൾ ഉള്ളതോ കീറിയതോ ആയിരിക്കരുത്.
കിടക്കയുടെ കീഴിൽ നന്നായി തിരുകിവെക്കുക.
മലമ്പനിക്കെതിരെ വീടിന് അകത്തു ഉപയോഗിക്കാവുന്ന അണുനാശിനികൾ ഉപയോഗിക്കുക.
സാധിക്കുമെങ്കിൽ, വാതിലുകൾക്കും ജനലുകൾക്കും നെറ്റ് അടിക്കുക. എയർ കണ്ടീഷനറുകളും ഫാനുകളും ഉപയോഗിക്കുന്നത് കൊതുകുകൾ വീട്ടിൽ തങ്ങാതിരിക്കാൻ സഹായിക്കും.
നിങ്ങളുടെ ശരീരത്തെ മുഴുവനായി മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കുക.
കുറ്റിക്കാടുകളും കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾ പെറ്റുപെരുകാൻ ഇടയാക്കുന്നതിനാൽ അവ ഒഴിവാക്കുക.
നിങ്ങൾക്ക് രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.
മലമ്പനി ബാധിച്ചിരിക്കുന്ന ഒരു പ്രദേശം സന്ദർശിക്കാൻ തീരുമാനിക്കുന്നെങ്കിൽ. . .
പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കുക. കാരണം, ഒരു പ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന മലമ്പനിയുടെ പരാദങ്ങളായിരിക്കില്ല മറ്റൊരിടത്ത്. അതനുസരിച്ച് ഉപയോഗിക്കേണ്ട മരുന്നും വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ, നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അറിയാൻ ഡോക്ടറുമായി സംസാരിക്കുന്നത് ഉചിതമായിരിക്കും.
‘മലമ്പനി പതിവായി കണ്ടുവരാറുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നതെങ്കിൽ’ എന്ന ഉപതലക്കെട്ടിൻ കീഴിലെ നിർദേശങ്ങൾ പിൻപറ്റുക.
നിങ്ങൾക്ക് രോഗം ബാധിച്ചാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.രോഗം ബാധിച്ച ശേഷം ഒന്ന് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടേക്കാം എന്ന കാര്യം മനസ്സിൽപിടിക്കുക. (g15-E 07)